Flash News

അയിത്തം (നര്‍മ്മം): ജോണ്‍ ഇളമത

May 14, 2020

ayitham bannerകാലം മാറി, കോലം മാറി എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. കാര്യങ്ങളെല്ലാം വീണ്ടും പഴേപടിലോട്ട് വരുന്നോ എന്നൊരു തോന്നല്‍.

കാലത്ത് ഞാനും ഭാര്യയും കൂടെ നടക്കാനിറങ്ങിയതാണ്. ലോക്ഡൗണ്‍ കാലമല്ലേ! എങ്കിലും എത്ര നേരോന്നു വെച്ചാ വീട്ടിലെ “കരുതല്‍ തടങ്കലില്‍” കഴിയുന്നെ. കോറോണ ഇന്നുതീരും നാളെ തീരൂന്നൊക്കെ കരുതീട്ട് നീണ്ടു നിണ്ടു പോണു. ങാ, ആര്‍ക്കറിയാം എന്നാ ഇതിനൊരു വാക്‌സീനോ, മരുന്നോ കണ്ടുപിടിക്കുന്നേന്ന് ഈ ‘സ്‌റ്റേഹോം’ നീണ്ടുനീണ്ട് ഒരു ‘ഡിനയല്‍’ സ്‌റ്റേജിലെത്തീട്ടില്ലേന്നും ഇടക്കൊക്കെ ഒരു തോന്നല്‍, ചിലരുടെ ഒക്കെ നടപ്പും എടുപ്പും കണ്ടാല്‍.

ഓ, അതൊക്കെ പോയി എന്തോന്ന് കൊറോണാ! എന്നമട്ടില്‍. ഞങ്ങളും സര്‍ക്കാരു നിയമം പാലിക്കേണ്ടതു കൊണ്ടും, മറ്റുള്ളവരെ കരുതേണ്ടതു കൊണ്ടും, അതിലൊക്കെ ഉപരി സ്വന്തമായി പ്രിക്കോഷന്‍ എടുക്കേണ്ടതിന്റെ പേരിലും മാസ്ക് ധരിക്കാതെ പുറത്തേക്കിറങ്ങാറില്ല. എന്നാല്‍ ചിലരെടെ നോട്ടംകണ്ടാ, നമ്മളു നാട്ടിലെ ഓണത്തിന് പുലിവേഷം കെട്ടി കടുവാ കളിക്കിറങ്ങിയ പോലെ. എന്നിട്ടവരടെ മൊഖത്തോട്ട് നോക്കുമ്പം ഒരു പുച്ഛം! താണ്ട് വരുന്നു, ഇന്ത്യക്കാര് കപ്പിള്‍സ്, പേടി തൊണ്ടമ്മാര്! ങാ, ഞങ്ങളെ നോക്ക്, മാസ്ക്കും വേണ്ടാ, ഒരു മണ്ടും വേണ്ടാ, നോക്കടാ, നോക്കടാ, ഞങ്ങടെ ഒരു രോമത്തേലും ഒരു കൊറോണായും വന്ന് എത്തിനോക്കത്തുപോലുമില്ലന്നൊരു ചങ്കൂറ്റം! ങാ, വിദ്യാഭ്യാസം കൂടുതലുകൊണ്ടോ, കൊറവുകൊണ്ടോ! രംഗബോധമില്ലാത്ത, തീര്‍ത്തും വകതിരിവില്ലാത്ത ഒരു കോമാളിയാണീ കോറോണ എന്നുപോലും തോന്നിപോകും ഇതിന്റെ ഒരു ലൈന്‍ കണ്ടാല്‍. അതല്ലങ്കി, ഇംഗ്ലണ്ടിലെ ചാള്‍സ് രാജാവിനെ കേറിപിടിച്ച കൊറോണക്ക്, എന്ത് ബോധോം, പൊക്കണോമൊണ്ട്.

പക്ഷേ, കാര്യം ഗൗരവമായി, ഗുരുതരമായി. ഞങ്ങളു നടന്നോണ്ടിരുന്ന ഇടവഴി വീതി സ്വല്പം കൊറവാരുന്നെു വെച്ചോ. എങ്കിലും എതിരെ വരുന്നവര്‍ക്ക് ഏത് സൈസിനും കൂട്ടിമുട്ടാതെ പോകാനെടമൊണ്ടാരുന്നെന്നുള്ളത് തീര്‍ച്ചതന്നെ. അപ്പോ താണ്ടടാ വരുന്നു അമിട്ടു പോലാരു ചേടത്തി, ഒരു നൂറുനൂറ്റമ്പത് പൗണ്ട് തൂക്കം വരുന്ന ഒരു ചേടത്തി എതിരെ വരുന്നു. മാസ്കില്ലാ, ഒരു കോപ്പുമില്ലാതെ, കൈരണ്ടും വലിച്ചുവീശി. ഞങ്ങളും ഓര്‍ത്തു, എത്ര കൈവീശിയാലും കൂട്ടിമുട്ടാതെ തന്നെ കടന്നുപോകാമെല്ലോ എന്ന്.

പക്ഷേ, ഞങ്ങളു നോക്കുമ്പം, ചേടത്തി സ്പീടൊന്നു കൊറച്ചു, കൈവീശലിന്റെ സ്പാന്‍ വളരെക്കുറച്ചു. എന്നിട്ട് ഞങ്ങളെ നോക്കി നോക്കി അല്പം നടക്കും, സ്വല്പം നിക്കുമെന്ന മട്ടില്‍, തീരം അടുക്കാറായ ഒരു ബോട്ടിന്റെ ഗതിപോലെ. സംഗതി പിടുത്തം കിട്ടിയ എന്റെ ഭാര്യ റാഹേലുകുട്ടി പറഞ്ഞു…

“എന്റെച്ചായാ, ഒരു ഗുണ്ടു വരുന്നൊണ്ട്”, “മൊഹേറ” വല്ലാത്ത ബഹളി പിടിച്ച ഒരു കൊഴുത്ത പശൂനേപ്പോലെ, നമ്മുക്കല്പം വഴീന്ന് മാറി നിന്നാലോ!”

അവളുടെ നാനാര്‍ത്ഥ പ്രയോഗത്തിലുള്ള ഡയലോഗിന്റെ ഗുട്ടന്‍സെനിക്കു കിട്ടി.

“മൊഹേറ” എന്നത് മാസ്ക്, പിന്നെ ബഹളിപിടിച്ച് കൊഴുത്ത പശുക്കള്‍ക്കാണ് മൂക്കു കയറിട്ട് കഴുത്തോട് ചേര്‍ത്ത് കെട്ടുന്നത്. അപ്പോ അതിനര്‍ത്ഥം സൂക്ഷിക്കണം എന്നുതന്നെ. ദിശാബോധമില്ലാതെ എങ്ങോട്ടെങ്കിലും പാഞ്ഞങ്കി, നമ്മളെ തട്ടിതാഴെയിട്ടിട്ടു പോകുമെന്നര്‍ത്ഥം.

ഞാമ്പറഞ്ഞു…

“നമ്മുക്കീ വഴീന്ന് സ്വല്പം എറങ്ങി അങ്ങോട്ട് മാറി നിക്കാം, ആ ഗുണ്ട് കടന്നുപോകും വരെ.”

അങ്ങനെ ഞങ്ങളിറങ്ങി നിന്നു. മലയോര പ്രദേശത്തെ ചൊരത്തികൂടൊള്ള ട്രാഫിക്കില്‍ വണ്ടികള്‍, സൈഡില്‍ ഒതുക്കിയിട്ട് കടന്നുപോകും പോലെ. അപ്പോ ചേടത്തി സ്പീഡൊന്നു കൂട്ടി. കൈകള്‍ ആവുന്നത്ര ഉയര്‍ത്തി ആട്ടി, സ്പാനൊന്നു കൂട്ടി, മൂളി പറന്നുവരുന്ന പ്ലെയിന്‍ പോലെ. അതൊരു പോക്കായിരുന്നു, ഒന്നൊന്നര സ്പീഡില്‍. നീയൊക്കെ പോടാ, പുല്ലേ എന്ന മട്ടില്‍. ചേടത്തി പോയി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ട്രാക്കില്‍ പ്രവേശിക്കുവാനൊരുങ്ങുമ്പം ആയിരുന്നു ആ സംഭവത്തിന്റെ തുടക്കം! ഞങ്ങളെ ക്ഷിപ്രത്തില്‍ മറികടന്ന ചേടത്തിക്ക്, സ്പീഡിപോയ ആ പോക്കില്‍, സോദാം ഗോമാറാ വിട്ടോടിപ്പോയ ലോത്തിന്റെ ഭാര്യ റൂത്തിനു പറ്റിയ പോലൊരമളി. ഉപ്പുതൂണായില്ല, പകരം ഒന്നാംതരമൊരു വീഴ്ച്ച, ഒരു വലിയ കൂഴച്ചക്ക വീഴുംപോലെ.

കരണമെന്തോന്ന് ചോദിച്ചാ, ഞങ്ങളെ തിരിഞ്ഞു നോക്കിയതാ. പണ്ട് അയിത്തോണ്ടാരുന്ന കാലത്ത് ഒരു നമ്പൂതിരി, എതിരെ വന്ന കീഴാളത്തിയെ തീണ്ടാതിരിക്കാന്‍ വഴിമാറി തോട്ടിവീണ കഥപോലെ ഇക്കാര്യവും ഓര്‍ത്തു നിന്നപ്പം, ആ തടിച്ച വലിയ വായിലൊലര്‍ച്ച!

“രക്ഷിക്കണേ, രക്ഷിക്കണേ!” എന്നപേക്ഷിച്ച്. വല്ല ഹിപ്പോവല്ലോമൊടിഞ്ഞേക്കാവോ എന്നു കരുതി അവരെ പിടിച്ചേപ്പിക്കാന്‍ അങ്ങോട്ടേക്ക് ഞാനും, ഭാര്യയും പാഞ്ഞു ചെന്നപ്പം അവര് കൈകൊണ്ട് ഞങ്ങളെ തടഞ്ഞു നിര്‍ത്തുംപോലെ, ആങ്ഗ്യം കാട്ടി അടുക്കരുതെ, അടുക്കരുതെ എന്ന് ആക്രോശിച്ചതു കൂടാതെ, തുടര്‍ന്നൊരു പ്രസ്താവനേം കൂടെകാച്ചി…

“കൊറോണാ പിടിച്ച് ചാകുന്നതിഭേദം, ഹിപ്പൊടിഞ്ഞു ചാകുന്നതാ!”

ഞങ്ങള്‍ ഇതികര്‍ത്തവ്യാമൂഢരായി നിന്നപ്പം ചേടത്തി ഞങ്ങളെ വീണ്ടും ശ്വാസിച്ചു….

“നോക്കി നിക്കാതെ വിളിക്ക് ആംബുലന്‍സിനെ, ഞാനെന്റെ സെല്‍ ഫോണെടുക്കാന്‍ മറന്നുപോയേ! അയ്യോ, ഈ കൊറോണാകള് കാരണം എന്റെ ഹിപ്പെങ്ങാണം ഒടിഞ്ഞിട്ടൊണ്ടെ കാണിച്ചുതരാം നിന്നെയൊക്കെ ഞാം, സൂ ചെയ്യും!!”
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top