- Malayalam Daily News - https://www.malayalamdailynews.com -

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 26): അബൂതി

adhyayam 14 banner“ജീവിതത്തിന്റെ ഏറ്റവും വലിയ തമാശയെന്തറിയുമോ….?”

വിനോദിന്റെ ചോദ്യത്തിന്നവള്‍ അറിയില്ലെന്നു തലയാട്ടി.

“നമുക്കേറ്റവും പ്രിയപ്പെട്ടവരെ തട്ടിയെടുത്തിട്ടും… നമ്മെ മരിക്കാനനുവദിക്കാതെ… ജീവിക്കാന്‍ വിടുന്നത്. ജീവിച്ചേ പറ്റൂ എന്ന്… നമ്മളോട് വാശി പിടിക്കുന്നത്.”

ശരിയാണെന്നവള്‍ക്കും തോന്നി. മരിച്ചെങ്കിലെന്ന് ആശിക്കുമ്പോഴൊന്നും മരിക്കാതെ, ജീവിച്ചേ പറ്റൂ എന്നൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുക. എന്തിനീ ജീവിതമെന്ന് തോന്നുമ്പോള്‍, ജീവിക്കാനൊരു കാരണത്തെ ഇട്ടു തരിക.

“എനിക്കറിയാം. നിന്നോടിതൊക്കെ പറയുന്നത്… ഉരല് ചെന്ന് മദ്ദളത്തിനോട് സങ്കടം പറയുന്ന പോലെയാണ്. ജീവിതത്തിന്റെ വക്രതയില്‍ തട്ടി.. നമ്മളൊക്കെ അറിയാതെ വീണത്… വൈതരണിയിലേക്കാണ്. അല്ലെ…?”

പിന്നെ കുറെ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. എന്തെങ്കിലുമൊന്ന് പറയാനോ കേള്‍ക്കാനോ അടക്കാനാവാത്ത ആഗ്രഹത്തില്‍ ഇരുഹൃദയങ്ങള്‍ തുടിച്ചു തുള്ളി. പക്ഷെ, സ്വന്തം ചിന്തകളുടെ സ്വാപ്നാടനത്തിലെവിടെയോ ദിശ തെറ്റിപ്പോയ മനസ്സ് അവരിലേക്ക് തിരിച്ചു വരാന്‍ മടിച്ചിരിക്കുകയാണ്. ഹൃദയത്തില്‍ വരി നില്‍ക്കുന്ന വാക്കുകള്‍ക്ക് പുറത്തേക്ക് വരാന്‍ മടിയായിരുന്നു.

അവളുടെ സജല നേത്രങ്ങളില്‍ നിന്നും രണ്ടു രത്നങ്ങള്‍, കിടക്കയി വീണുകിടക്കുന്ന അവന്റെ കൈത്തണ്ടയിലേക്കു വീണ് ചിതറിത്തെറിച്ചു. പൊള്ളിയ പോലെ വിനോദ്, മെല്ലെ കൈ പിന്‍വലിച്ചു.

“കരയുന്നോ…? ഓരോന്ന് പറഞ്ഞു വെറുതെ സങ്കടാക്കി അല്ലെ…?”

“ച്ച്…” അവള്‍ പുഞ്ചിരിക്കാനൊരു വൃഥാശ്രമം നടത്തി. അവന്‍ പുഞ്ചിരിയോടെ തല വെട്ടിച്ചു.

“അതൊക്കെ വിട്. ഇതൊക്കെ പറഞ്ഞോണ്ടിരുന്നാല്‍… ആകെ ബോറാവും. ആവശ്യത്തിനിപ്പോള്‍ തന്നെ….. ഞാന്‍ ബോറാക്കിയിട്ടുണ്ട്…”

അവള്‍ മൗനം പൂണ്ടിരുന്നു. ആ വിഷമം നെഞ്ചില്‍ നിന്നങ്ങോട്ട് വിട്ടു മാറാത്ത പോലെ. അല്‍പനേരം കഴിഞ്ഞപ്പോ അവന്‍ ചോദിച്ചു.

“ഞാനൊരു കാര്യം ചോദിക്കട്ടെ….?”

അവന്റെ ശബ്ദം അങ്ങേയറ്റം തരളിതമായിരുന്നു? അവളുടെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി. ഒരു നോട്ടം. അതായിരുന്നു അവളുടെ സമ്മതം.

അവളുടെ മിഴികളുടെ ആഴങ്ങളിലേക്ക് നോക്കി, പതുക്കെ, ഒരു മന്ദമാരുതനൊഴുകുന്ന പോലെ, അവന്‍ പറഞ്ഞു.

“ഇപ്പോള്‍… ഈ സന്ദര്‍ഭത്തില്‍… ചോദിക്കാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല. ശരിയാണോ എന്നും. പക്ഷെ….”

ആകാംക്ഷാപൂര്‍വം അവളവന്റെ കണ്ണുകളിലേക്കു നോക്കി.

“ഒറ്റയ്ക്കൊരു പെണ്‍കുട്ടിയെ വളര്‍ത്താന്‍… ഇപ്പോള്‍ പേടിയാണെനിക്ക്. ഒറ്റയ്ക്കു ജീവിച്ചു മടുത്ത ഒരാളുടെ ചോദ്യമായി കാണണ്ട. മരുഭൂമി പോലെ വരണ്ട മനസ്സില്‍… പണ്ട് വീണൊരു വിത്തുണ്ട്. ഒരു ചാറ്റല്‍ മഴമതി… അതൊന്നു മുളയ്ക്കാന്‍. മഴയാവാനാവില്ലെങ്കിലും സാരമില്ല… ഏറ്റവും ചുരുങ്ങിയത്…. മോള്‍ക്കൊരമ്മയായിട്ടെങ്കിലും…. നീയാവുമ്പോള്‍… ഒരു ചൂതാട്ടത്തിന്റെ പേടി എനിക്കില്ലല്ലോ?”

അറിയാതെ അവളൊന്നു മന്ദഹസിച്ചു. അത്ഭുതമുള്ളൊരു മന്ദഹാസം. ഗായത്രിക്കു പകരം വേറെ ഒരാളെ ചിന്തിക്കാനാവില്ലെന്നാണ്, കുറച്ചു മുന്‍പാണ് വിനോദ് പറഞ്ഞത്. അതിത്ര വേഗം മറന്നോ? അവള്‍ക്കത് ചോദിക്കാതിരിക്കാനായില്ല..

“ഓ… ഗായത്രിക്ക് പകരം വേറൊരാളെ ചിന്തിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ട്? ഇപ്പൊ… ഞാന്‍ മതിയോ?”

ചോദിച്ചു വന്നപ്പോള്‍, അതിലൊരല്പം പരിഹാസം കലര്‍ന്നുപോയി. അവളറിയാതെ തന്നെ.

“ഗായത്രിക്കു പകരമോ…?”

വിനോദിന്റെ മുഖം ചുവന്നുപോയി. പരുഷമായിരുന്നു അവന്റെ നോട്ടം. കിതച്ചുകൊണ്ടവന്‍ ചോദിച്ചു…

“കഷ്ടം… ഇത്രയൊക്കെ ജീവിതം കണ്ടിട്ടും… നീ മനസ്സിലാക്കിയില്ലല്ലോ? ഒരാള്‍ക്ക് പകരം… വേറെ ഒരാള്‍. അങ്ങിനെയൊരു പൊട്ടത്തരം ഞാനെന്തായാലും വിശ്വസിക്കുന്നില്ല.”

ദേഷ്യത്തിടെയാണവന്‍ പറഞ്ഞു തുടങ്ങിയതെങ്കിലും, പെട്ടെന്ന് ശാന്തനായി.

“സോറി… ഞാനങ്ങിനെയൊന്നും കരുതീല.. ചോദിച്ചൂന്ന് മാത്രം. അതിനിത്ര ദേഷ്യം വേണോ?”

“ദേഷ്യപ്പെട്ടതല്ല… നിന്റെ അടുത്തൂന്നങ്ങിനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല.”

“ഉം… ആണധികാരത്തിന്റെ വല്ല്യ പ്രശ്നമതാണല്ലോ….? പെണ്ണുങ്ങള്‍ ചോദ്യം ചോദിക്കുക എന്നത്…” ചോദിച്ചു കഴിഞ്ഞാണ് അവളോര്‍ത്തത്. ഇതൊരു തര്‍ക്കമായി മാറുകയാണോ? ചോദ്യങ്ങളൊക്കെ അറിയാതെ ഉള്ളില്‍ നിന്നും വന്നു പോവുകയാണ്. വേണമെന്ന് വച്ചിട്ടല്ല..

അത്ഭുത രസം കലര്‍ന്നൊരു പുഞ്ചിരി വിടര്‍ന്നു, വിനോദിന്റെ മുഖത്ത്.

“ആണധികാരം…. ഒരു പുഴുവിനെ പോലെ കിടക്കുന്ന ഈ എനിക്കോ? അസ്സലായിരിക്കുന്നു കണ്ടുപിടുത്തം. നിനക്കെന്തു പറ്റി…? മനസ്സിലാവുന്നില്ലെനിക്ക്… തീരെ…”

“ഒന്നുമുണ്ടായിട്ടല്ല. പറഞ്ഞൂന്ന് മാത്രം.” അവളുടെ ശബ്ദത്തിനൊട്ടും മയം വന്നിട്ടില്ല.

“ഉം… ചിലരോടുള്ള വിരോധം കുമിഞ്ഞുകൂടി കത്തി… മനസ്സിലാകെ പുരുഷവിരോധത്തിന്റെ പുക പടര്‍ന്നിരിക്കുന്നെന്ന് തോന്നുന്നു…” വിനോദിന്റെ പുഞ്ചിരി മാഞ്ഞിട്ടില്ല. വല്ലാത്തൊരു കൗതുകം ആ കണ്ണുകളില്‍ തിളങ്ങുന്നുണ്ട്.

“ഞാനൊരു വിരോധിയും അല്ല….”

“എന്തിനിത്ര ക്ഷോഭം? നീ ഒരു നോ പറഞ്ഞത് കൊണ്ടില്ലാതാവുമോ… ഈ സൗഹൃദം? അങ്ങിനെയാണോ… നീയെന്നെ മനസ്സിലാക്കിയത്?”

“ഒരു പെണ്ണ് നോ എന്ന് പറഞ്ഞാലതിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങളാണുങ്ങള്‍ക്കറിയില്ല. പിന്നെയും പിന്നാലെ വരും. അല്ലെങ്കില്‍ പകയാവും. ഇപ്പൊ പിന്നെ പല രീതിയാണല്ലോ. ആസിഡ് വേണോ പെട്രോള് വേണോ എന്നേ തീരുമാനിക്കേണ്ടൂ…. ഏറ്റവും ചുരുങ്ങിയത് ദുര്‍മുഖം കാണിക്കുക.. മിണ്ടാതെ നടക്കുക… ഇതൊക്കെയല്ലേ..”

“അയ്യയ്യയ്യോ…. ഒന്ന്… നിര്‍ത്തിയേ. നീയിതെങ്ങോട്ടാ ഈ പോകുന്നത്..?” വിനോദും അസാരം ഗൗരവത്തിലായി.

“ഞാനൊരു കര്യം പറഞ്ഞു. ഇഷ്ടായില്ലാച്ചാ വേണ്ട. അതങ്ങട്ട് തുറന്നു പറയുക. അതിനിങ്ങനെ കണ്ഠക്ഷോഭം ചെയ്യണം എന്നില്ല. ദാ… നോക്ക്. എനിക്കിഷ്ടമല്ല എന്നൊരു സിംപിള്‍ വാക്ക് കൊണ്ട് തീര്‍ക്കാവുന്നതാണ്. ഇത് വെറുതെ… കാടടച്ചു വെടിവെക്കണോ?”

രണ്ടു പേരും ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം നിന്നു. അവള്‍ക്കും വേണ്ടായിരുന്നു എന്ന തോന്നലുണ്ടായി. എന്തു കൊണ്ടാണ് തനിക്ക് ദേഷ്യം വന്നതെന്ന് അവള്‍ക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. വിനോദിനും ആകെ വല്ലാതായി. ച്ചെ.. വേണ്ടായിരുന്നു എന്നൊരു ചേല്.

“സോറി… ഞാനത് ചോദിക്കാന്‍ പാടില്ലായിരുന്നു. ഇപ്പോഴെന്നല്ല… എപ്പോഴും. നീ ക്ഷമി…. നീയൊരു നോ പറഞ്ഞാല്‍ പാറിപ്പോകുന്നതൊന്നുമല്ല… നമ്മുടെ സൗഹൃദം…. അത്രയും ബോറനായി നീയെന്നെ കാണരുത്. പ്ലീസ്. ”

അവളവനെ നോക്കി. ആ മുഖത്ത് വിഷാദം മാത്രമേ അവള്‍ കണ്ടുള്ളൂ.

“രണ്ടുമൂന്നാഴ്ചയായി ഇത് മനസ്സില്‍ കിടന്നു കളിക്കുന്നു. കുറെ ആലോചിച്ചു. ഒരു പെണ്ണിന്റെ കൂടെ കിടക്കാന്‍ കൊതിയായിട്ടൊന്നുമല്ല. അതുണ്ടായിരുന്നെങ്കില്‍… പണ്ടേ ആവാമായിരുന്നു. നാലഞ്ചു കൊല്ലം കാത്തുകെട്ടിക്കിടക്കേണ്ടതില്ലായിരുന്നില്ലല്ലോ? സോറി… പറ്റിപ്പോയി. അതിപ്പോ ഇത്ര പ്രശ്‌നവുമെന്നൊന്നും കരുതിയില്ല.”

അവനങ്ങനെ പറഞ്ഞപ്പോള്‍, എന്തോ, അവള്‍ക്കു വല്ലാതായി. അവളെ നോക്കാതെ ചുവരിലേക്ക് വെറുതെ നോക്കിക്കൊണ്ട് അവന്‍ തുടർന്നു.

“നിന്നോട് ഇതൊന്ന് പറയാന്‍ വേണ്ടിയാണു ഒന്നു കാണണം എന്ന് പറഞ്ഞത്. അങ്ങോട്ട് വരുന്ന വഴിയാണ് ഏതോ ഒരു കുട്ടി ടിപ്പറിന്റെ മുന്‍പില്‍ നിന്ന് നേരെ എന്റെ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. അറിയാതെ വെട്ടിച്ചു… ആരോ ചെയ്ത പുണ്യം… വല്ലതും പറ്റിപ്പോയിരുന്നെങ്കില്‍… മോള്‍ക്കാരുണ്ടാവും…? അതാ പേടി. അല്ലാതെ… നീ കരുതിയ പോലെ……”

“വിനോദ്…..” അവനെ മുഴുവനാക്കാന്‍ സമ്മതിക്കാതെ അവള്‍ വിളിച്ചു. കസേരയില്‍ നിന്നെഴുന്നേറ്റു. അവന്റെ അരികില്‍ കട്ടിലിലിരുന്നു. അവന്റെ വലങ്കൈ തന്റെ രണ്ടു കൈകളും കൊണ്ടെടുത്തു. പിന്നെ പതിയെ, ആര്‍ദ്രതയോടെ പറഞ്ഞു..

“സോറി വിനോദ്… ഞാന്‍… ഞാനങ്ങിനെയൊന്നും കരുതീല…. നിനക്കറിയുമോ? ഒരു കാര്യം പറയാനുണ്ടെന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നിരുന്നു. നീയും… മറ്റുള്ളവരെ പോലെ ആവുമോ എന്നോര്‍ത്ത്. നിനക്ക് വേണ്ടതും എന്റെ… ഈ….”

മുഴുവനാക്കാനാവാതെ വിഷമിച്ചു അവള്‍.

“ഓ…. ഞാനും സെക്സ് മോഹിച്ചു വിളിച്ചതാണെന്നു കരുതി. കുറ്റം പറയുന്നില്ല. അത്തരം ആളുകളെ നീ ധാരാളം കണ്ടിരിക്കും. അപ്പോള്‍ പിന്നെ… അങ്ങിനെ കരുതിയാലും തെറ്റില്ല.”

ഒന്നും മിണ്ടിയില്ല അവള്‍.

“സാരമില്ല… ഇതിപ്പോള്‍ ഞാനങ്ങനെ ചോദിച്ചിട്ടില്ല. നീയതൊട്ടു കേട്ടിട്ടുമില്ല. അലോഹ്യമൊന്നും എനിക്കില്ല. തനിക്കും വേണ്ട.”

അവളെ നോക്കി അവനൊന്നു പുഞ്ചിരിച്ചു. ഉള്ളു നീറിപ്പുകയുന്ന വേദനയോടെ, നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിച്ചു കൊണ്ട് മന്ത്രിക്കും പോലെ പറഞ്ഞു.

“അതല്ല വിനോദ്… വിനോദ് കരുതുമ്പോലെ അല്ല. അത് ശരിയാവില്ല… അതോണ്ടാണ്….”

എന്ത് കൊണ്ട് എന്നവന്‍ ചോദിച്ചില്ല.

“ഉം. സാരമില്ല. നമുക്കത് മറക്കാം…. സൗകര്യപൂര്‍വ്വം.”

തന്റെ മുഖത്തേയ്ക്ക് പകച്ച് നോക്കുന്ന അവളുടെ കണ്ണുകളില്‍ നിന്നും തന്റെ കണ്ണുകളെ വേറൊരിടത്തേയ്ക്ക് പറിച്ചു നട്ട്, അവള്‍ക്ക് മുഖം കൊടുക്കാതെ അവന്‍ തുടര്‍ന്നു.

“സത്യം പറഞ്ഞാല്‍… നിങ്ങളൊക്കെ അവിടന്ന് പോയതില്‍ പിന്നെ… കുറേ കാലം കഴിഞ്ഞിട്ടും… ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ടായിരുന്നു. വല്ലപ്പോഴും. പഠിപ്പൊക്കെ കഴിഞ്ഞ് നിന്നെ ഒന്ന് അന്വേഷിച്ചു നോക്കുകയും ചെയ്തു. ഇവിടെ…. ഈ വലിയ സിറ്റിയില്‍ എവിടെയോ ഉണ്ടെന്നറിയാം. അത്ര മാത്രം. പിന്നെ ഗായത്രി വന്നപ്പോള്‍ നിന്നെ മറന്നു. അതാ സത്യം.”

ഒരു നെടുവീര്‍പ്പിട്ടു അവന്‍.

“ആ പുണ്യം അധികം നിന്നില്ല. യോഗമില്ല… അത്ര തന്നെ. ”

അവള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഗായത്രി എങ്ങിനെയാണ് മരിച്ചതാവോ? ആ ചോദ്യം അവനെ വിഷമിപ്പിച്ചാലോ? വേണ്ട. അത് ചോദിക്കണ്ട.

“പിന്നെ നീ വീണ്ടും മനസ്സിലേക്ക് കടന്നുവരുന്നത്.. ആ സിനിമ കണ്ട അന്ന് മുതലാണ്. മനസ്സില്‍ ഞാനാ പഴയ ചെക്കനായി. ശരിക്കും സുകുവിനോട് എനിക്കസൂയ തോന്നി. അവനിപ്പോഴും മനസ്സിലുണ്ടാവും, അല്ലെ? അല്ല… ഉണ്ട്. എനിക്കറിയാം…”

ഒരു പിടച്ചിലുണ്ടായി അവളുടെയുള്ളില്‍. കണ്ണുകള്‍ നിറഞ്ഞു വന്നപ്പോള്‍ തുടക്കാന്‍ മറന്നവളിരുന്നു.

“ഗായത്രിയെ മറക്കാന്‍ എനിക്കുമാവില്ല. അതുള്ളതാണ്. നമ്മുടെ ഹൃദയത്തില്‍ അറിഞ്ഞോ അറിയാതെയോ തൊട്ടവരെ മറക്കാനെങ്ങിനെയാ ആവുക.. അല്ലെ…?”
“വിനോദ്…” അവള്‍ ആര്‍ദ്രതയോടെ അവനെ വിളിച്ചു. പിന്നെ അവന്റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.

“എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ കൂട്ടത്തിലാണ്… നീയും. ഏറ്റവും നല്ല മനസ്സു കൊണ്ടാണ് ഞാന്‍… നിന്നെ സ്നേഹിക്കുന്നത്… പക്ഷെ….”

അവള്‍ക്ക് തുടരാനായില്ല.. അവളുടെ കയ്യില്‍ നിന്നും തന്റെ കൈ വലിച്ചൂരി അവനവളുടെ വായ പൊത്തി…

“മതി… ഇനി വേറൊന്നും പറയണ്ട… എനിക്കൊന്നും കേള്‍ക്കണ്ട… സത്യം.. ഇനിയെനിക്ക് വേറൊന്നും കേള്‍ക്കണ്ട…”

അവള്‍ ബലമായി അവന്റെ കൈകള്‍ പിടിച്ചു മാറ്റി..

“അല്ല.. നീ കേൾക്കണം… എനിക്കും നിനക്കും ഇടയില്‍ വേറെ പലതുമുണ്ട് വിനോദ്.. വേറെ പലരുമുണ്ട്… വേറെ…”

“ആയിക്കോട്ടെ…” വിനോദ് ഇടയ്ക്ക് കയറിപ്പറഞ്ഞു… “ഇപ്പോള്‍ അതൊന്നും പറയണ്ട. ഒരുമിച്ച് ജീവിക്കാന്‍ സമ്മതമല്ലെങ്കില്‍ വേണ്ട… ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.. ഇനി ഒന്നും പറയണ്ട… എല്ലാം ഒരു ദിവസം കൊണ്ട് ഒറ്റയടിക്ക് പറഞ്ഞു തീര്‍ക്കാതെ, നമുക്കൊരല്പം കാര്യങ്ങള്‍, പിന്നത്തേക്ക് മാറ്റിവെക്കാം… അല്ലെ..?”

പിന്നെ അവള്‍ക്കൊന്നും പറയാനായില്ല.. മൗനത്തിന്റെ നേര്‍ത്ത വിടവില്‍ കൂടി അവര്‍ കുറച്ചു നേരം തങ്ങളുടെ ചിന്തകളുമായി സഞ്ചരിച്ചു. വിനോദ് പതുക്കെ പതുക്കെ വിഷയങ്ങള്‍ മാറ്റി സംസാരിക്കാന്‍ തുടങ്ങി. അവളോര്‍ക്കുകയായിരുന്നു..

വിനോദ് ഒരുപാട് മാറിയിരിക്കുന്നു. പണ്ടൊക്കെ കാണുമ്പോള്‍ ഒന്ന് ചിരിച്ചാലായി. അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ഇന്നിപ്പോള്‍ അങ്ങിനെയല്ല. ഒരുപാട് സംസാരിക്കുന്നു. സരസമായി. അത് കേട്ടിരിക്കാന്‍ തന്നെ ഒരു സുഖമുണ്ട്….

വൈകുന്നേരം ബാബുവിന്റെ കൂടെ വന്ന വിനോദിന്റെ മോളെയും കൊണ്ടാണ് അവള്‍ വീട്ടിലേക്ക് വന്നത്. അമ്മയ്ക്ക് അസുഖം മാറിയിട്ടില്ല. വേണു അമ്മയെയും കൊണ്ട് ഡോക്ടറെ കാണാന്‍ പോകാന്‍ നില്‍ക്കുകയായിരുന്നു. മോള്‍ ഉണ്ടായിരുന്നത് കൊണ്ട് അവള്‍ കൂടെ പോയില്ല. സിദ്ധുവിന് മോളെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. ഹോംവര്‍ക്കൊക്കെ മാറ്റി വച്ച് അവന്‍ മോളോടൊത്ത് സമയം ചിലവഴിക്കുന്നത് അവള്‍ വെറുതെ നോക്കി നിന്നു. ഉള്ളിലെ സുഖമുള്ളൊരു നൊമ്പരത്തോട് കൂടി…

രാത്രി ഭക്ഷണമൊക്കെ കഴിച്ച് മോള്‍ കിടന്നത് അവളുടെ കൂടെയായിരുന്നു. അവളുടെ കൈകള്‍ മോളുടെ മുടികളില്‍ വാത്സല്യത്തോടെ ഒഴുകി നടക്കവേ, ആ കുഞ്ഞ് പെട്ടെന്ന് എനിക്കൊരു കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചു.

കഥയോ? എന്ത് കഥ? എനിക്കതിന് കഥകളൊന്നും അറിയില്ലല്ലോ? അവളങ്ങിനെയൊക്കെ ചിന്തിച്ചെങ്കിലും, ആ കുഞ്ഞിന്റെ നിഷ്കളങ്കമുഖം കണ്ടപ്പോള്‍, അറിയാതെ പറഞ്ഞു തുടങ്ങി..

“പണ്ടു പണ്ട്… ദൂരെ ഒരു ഗ്രാമത്തില്‍… ഒരു പെണ്‍പ്രാവുണ്ടായിരുന്നു. ഒരു കുഞ്ഞു പ്രാവ്. മഴയുള്ളൊരു ദിവസം…. അവള്‍ സ്വന്തം കൂട്ടിലേക്ക് തിരികെ പറക്കാനാവാതെ…. ഒരു കഴുകന്റെ കൂട്ടില്‍ അകപ്പെട്ടു. അന്നോളം പ്രാവിന്റെ രൂപമുണ്ടായിരുന്ന കഴുകന്‍… അവളുടെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുത്തു. അങ്ങിനെ തൂവലുകള്‍ നഷ്ടപ്പെട്ട പ്രാവിന്… പിന്നീടൊരിക്കലും പറക്കാനായില്ല. കഴുകന്മാര്‍ വേറെയും വന്നു. അതില്‍ ചിലര്‍ അവളുടെ തൊലി പൊളിച്ചെടുത്തു. ചിലരവളുടെ മാംസം തിന്നു. ചില്ലകളില്‍ നിന്ന് ചില്ലകളിലേക്കവള്‍ എടുത്തെറിയപ്പെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം പ്രാവൊരു മനുഷ്യനെ കണ്ടു. മാന്ത്രികനായോരാളെ. പാവം പ്രാവിന്റെ അവസ്ഥ കണ്ട്… ദയ തോന്നിയപ്പോള്‍… ആ മനുഷ്യന്‍… അന്നോളം കഴുകന്മാര്‍ തിന്ന മാംസവും…. തൊലിയും… അവര്‍ പറിച്ചെറിഞ്ഞ തൂവലുകളും… അവള്‍ക്കു തിരിച്ചു നല്‍കി. പറക്കാന്‍ പുതിയ ആകാശങ്ങള്‍ നല്‍കി. പക്ഷെ… കാവല്‍ മാലാഖയെ പോലെ വന്ന അയാളെ പിന്നെ അവള്‍ കണ്ടതേ ഇല്ല. അങ്ങിനെ അവള്‍ പതിയെ പതിയെ…. പുതിയ ആകാശത്തിലേക്ക് ചിറകുകള്‍ വിരിച്ചു പറക്കാന്‍ തുടങ്ങി. ഒരു ദിവസം… വേറെ ഒരു മനുഷ്യനെ അവള്‍ കണ്ടു. സ്വന്തം സ്വപ്‌നങ്ങള്‍ കൊണ്ട് വാടിയ പൂക്കള്‍ക്ക് നിറം കൊടുക്കുന്ന…. ഒരു പാവം മനുഷ്യനെ.. മോളെ നീ കേള്‍ക്കുന്നുണ്ടോ?”

അവള്‍ നോക്കുമ്പോള്‍ തള്ളവിരല്‍ വായിലിട്ട് കിടക്കുന്ന മോളെ കണ്ടു. ഉറങ്ങിയിരുന്നു അവള്‍. നനഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ ആ മോളെ തന്റെ നെഞ്ചിലേക്ക് ഇറുക്കെ ചേര്‍ത്തു. പിന്നെ കണ്ണുകളടച്ച് കിടന്നു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]