മതവും വൈറസും (സക്കറിയ)

mathavum virasum banner

4000 വര്‍ഷം പഴക്കമുള്ള ഹിന്ദുമതം, 2000 വയസ്സുള്ള ക്രിസ്തുമതം, 1400 വര്‍ഷത്തെ ഇസ്ലാം. ഈ മതങ്ങള്‍ പലവിധം സാമ്രാജ്യങ്ങളെ വളര്‍ത്തി. നിരവധി മഹായുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. രണ്ടാം ലോകമഹായുദ്ധം ക്രിസ്തുമതത്തെ ദുര്‍ബലമാക്കി. കമ്മ്യൂണിസ്റ്റ് റഷ്യയും ചൈനയും മതത്തെ നിര്‍ജീവമാക്കി. ”പക്ഷെ മതങ്ങള്‍ തുടരുന്നു. ഈ ഭക്തിഗാനമല്ലെങ്കില്‍ മറ്റൊന്ന്. ഈ ആചാരമല്ലെങ്കില്‍ മറ്റൊന്ന്. ഈ കെട്ടുകഥയല്ലെങ്കില്‍ അടുത്തത്. കോവിഡ് എന്റെ അഭിപ്രായത്തില്‍ മതങ്ങളുടെ അതിജീവന ചരിത്രത്തില്‍ മറ്റൊരു ചെറുസംഭവം മാത്രമാണ്. കോവിഡ് മതങ്ങളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയേയുള്ളൂ.” മെയ് 14ന് വ്യാഴാഴ്ച കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്മെന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെലികോണ്‍ഫറന്‍സില്‍ സക്കറിയ നടത്തിയ പ്രസംഗമാണിത്.

ഒട്ടനവധിയാളുകള്‍ അവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ ടി.വി ചാനലുകളെയും പത്രങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും മതമേധാവികളെയും ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു കാലത്താണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചിന്തകളുമായി മുന്നോട്ടു പോകുന്നത് എന്നതൊരു പ്രധാനപ്പെട്ട കാര്യമാണ്.

ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നത് ഒരെഴുത്തുകാരന്റെ ഒരുപക്ഷേ ഭാവനാപരം മാത്രമായ ആലോചനകള്‍ മാത്രമാണ്. അതിന് ആമുഖമായി, ഒരു പക്ഷേ നമ്മുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ മലയാളികള്‍ ഇന്ന് ഒരു പ്രത്യേക തരത്തിലുള്ള സമൂഹമായി നിലനില്‍ക്കുന്നതിന്റെ പിന്നിലെ ആധാരശിലകളില്‍ ഒന്നിനെപ്പറ്റി ഒരുവാക്ക് പറഞ്ഞുകൊള്ളട്ടെ.

നവോത്ഥാനത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. നവോത്ഥാനം പണ്ടെങ്ങോ കഴിഞ്ഞുപോയ ഒരു സംഭവമല്ല. അത് ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുറച്ചു വ്യക്തികളില്‍ ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. അവസാനിച്ചുപോയ ഒരു ഭൂതകാല ചരിത്രമായി കാണേണ്ട ഒന്നല്ല. അത് നടന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണ്. നാം ഇന്ന് ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കൂടിച്ചേര്‍ന്നിരിക്കുന്നത് നമ്മുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നവോത്ഥാനത്തിന്റെ ഒരുദാഹരണമാണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നവോത്ഥാനം എന്തായിരുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തേണ്ട ഒരവസ്ഥ ഇന്നുണ്ട് എന്നത് വാസ്തവമാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു, ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയ്ക്ക് ചരിത്ര പശ്ചാത്തലം എന്ന നിലയില്‍ നവോത്ഥാനത്തെ ഓര്‍മ്മിയ്ക്കുവാന്‍ ഞാന്‍ കുറച്ചു നിമിഷങ്ങള്‍ ഉപയോഗിക്കുകയാണ്. നിങ്ങളുടെ ഓര്‍മ്മ പുതുക്കാനും അതു സഹായിച്ചേക്കാം. ചരിത്രത്തിന്റെ യാദൃശ്ചികതകള്‍ മലയാളികളുടെ സംസ്‌കാരത്തിലേക്ക് കൊണ്ടുവന്ന ചില വഴിത്തിരിവുകളാണ് നവോത്ഥാനത്തെ സൃഷ്ടിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മഹാന്മാരായ വ്യക്തികളും ചരിത്രപ്രധാനങ്ങളായ പ്രസ്ഥാനങ്ങളും കേരളത്തില്‍ പുതിയ ബോധജ്ഞാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. ആ നാമങ്ങള്‍ നമുക്കെല്ലാം സുപരിചിതങ്ങളാണ്. ചിലവ മാത്രം ഉദാഹരണത്തിനായി ഞാനിവിടെ സ്മരിക്കുന്നു. നിങ്ങള്‍ക്കിതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ നിരവധി നാമങ്ങളുണ്ടാവും.

sreenarayanaശ്രീനാരായണനെയാണ് നവോത്ഥാന ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാം നാഴികക്കല്ലായി നാം കാണുന്നത്. എന്നാല്‍ മിഷണറിമാരിലൂടെയുള്ള ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ ആഗമനവും അച്ചടി വിദ്യയുടെ പ്രചാരവും പോലെയുള്ള സ്വാധീനങ്ങള്‍ അദ്ദേഹത്തിനും മുമ്പേ നവോത്ഥാനത്തിന്റെ പാത തെളിയിച്ചു തുടങ്ങിയിരുന്നു. ശ്രീനാരായണനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചുകൊണ്ടുവന്ന ഡോ. പല്‍പ്പു തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ തന്റെ ജീവിതത്തെ ഉയരങ്ങളിലേക്ക് നയിച്ച വ്യക്തിയായിരുന്നു. ശ്രീനാരായണന്‍ ആധുനിക മാനവികതയുടെ ആദ്യ പ്രസരണങ്ങളെയും മതാതീയമായ സ്വന്തം ആത്മീയ പ്രതിഭയെയും ചേര്‍ത്തിണക്കി നവോദ്ധാനത്തിന്റെ ആദ്യ പ്രഖ്യാപനം – ലളിതത്തില്‍ ലളിതമായ മലയാളത്തില്‍ -നടത്തി. നിധീരിക്കല്‍ മാണിക്കത്തനാര്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന പ്രമുഖര്‍ ഒരേസമയം ആദ്ധ്യാത്മിക മേഖലയിലും സാമൂഹിക മേഖലയിലും പ്രവര്‍ത്തിച്ചവരാണ്.

അയ്യങ്കാളിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും മന്നത്തു പത്മനാഭനും സഹോദരന്‍ അയ്യപ്പനും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. യോഗക്ഷേമസഭ നമ്പൂതിരി സമുദായത്തില്‍ അതിപ്രധാനമായ ആധുനികത ദൗത്യം വഹിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പത്രപ്രവര്‍ത്തന രംഗത്തും സാമൂഹിക പരിഷ്‌കരണ മേഖലയിലും വിപ്ലവകരമായ ആശയങ്ങള്‍ പ്രവേശിപ്പിച്ചു. കേസരി ബാലകൃഷ്ണപിള്ള കല-സാഹിത്യ-വിജ്ഞാന-പത്രപ്രവര്‍ത്തന രംഗങ്ങളില്‍ അഭൂത പൂര്‍വമായ മാറ്റത്തിന്റെ ശക്തിയായിരുന്നു.രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇടതുപക്ഷ ചിന്തയുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വരവ് ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. ജാതി ബന്ധങ്ങളുടെ പുനര്‍നിര്‍വചനത്തില്‍ വൈക്കം സത്യാഗ്രഹം ഒരു വലിയ പങ്കുവഹിച്ചു.

സാഹിത്യ- വിജ്ഞാന- ശാസ്ത്ര- കലാ രംഗങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം, യുക്തിവാദ പ്രസ്ഥാനം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കെ.പി.എ.സി നാടകവേദി, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അതിപ്രധാനങ്ങളായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ ആയിരക്കണക്കിന് നീക്കങ്ങളുടെ ആകെത്തുകയായിരുന്നു മലയാളികളുടെ നവോത്ഥാനം.

ഞാന്‍ ഇപ്പോള്‍ പറയുന്നത് നടപ്പുരീതികള്‍ക്ക് എതിരാണെങ്കിലും നവോത്ഥാനത്തെ ഒരു disruption, അതായത് അതുവരെ നടന്നുപോന്ന പരമ്പരാഗത സമ്പ്രദായങ്ങളുടെ തടസ്സപ്പെടുത്തലും മുറിക്കലും ആയി കണ്ടാല്‍, ആ disruption ന് ആവശ്യമായ ബൗദ്ധികവും വിജ്ഞാനപരവും സാങ്കേതികവുമായ കരുക്കള്‍ ലഭ്യമാക്കുന്നതില്‍ കൊളോണിയലിസം ഒരു പ്രധാനപങ്കുവഹിച്ചു എന്ന് പറയേണ്ടിവരും.

Ayyankali-Muhammad-Abdurahiman-Sahib-Mannath-Padmanabhan-Sahodaran-Ayyappan
അയ്യങ്കാളി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, മന്നത്ത് പത്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍

ചരിത്രത്തിന്റെ യാദൃശ്ചികതകള്‍ എന്ന് ഞാന്‍ ആദ്യം പറഞ്ഞത് അതുകൊണ്ടാണ്. കോളനിവാഴ്ച അത്തരമൊരു യാദൃശ്ചികതയായിരുന്നു. ഏതായാലും എല്ലാറ്റിന്റെയും ചുവട്ടില്‍ ഒറ്റ ചിന്തയാണുണ്ടായിരുന്നത്. മാറ്റം. പാരമ്പര്യങ്ങളില്‍ നിന്ന് മുന്നോട്ടു പോകണം. ജീവിതങ്ങള്‍ പരിഷ്‌ക്കരിക്കണം. പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കണം.

നവോത്ഥാനത്തിനു പിന്നില്‍ മറ്റൊരു ചരിത്ര ഘടകം കൂടിയുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് കൊല്ലങ്ങള്‍ പുറകോട്ടു പോകുന്ന ആഗോള വാണിജ്യ ബന്ധങ്ങള്‍ കേരളത്തെ നവോത്ഥാനത്തിനിണങ്ങിയ വളക്കൂറുളള ഒരു ഭൂമിയാക്കിത്തീര്‍ത്തിരുന്നു എന്നു വേണം കരുതാന്‍. സമീപകാലത്ത് പട്ടണത്ത് നടന്ന ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഉദ്ഖനനങ്ങളുടെ ഫലങ്ങള്‍ ആ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലേക്ക് നീണ്ടുപോയ നവോത്ഥാന കാലഘട്ടത്തില്‍ മലയാളികള്‍ ആദ്യമായി ഒരു ആധുനിക ബോധജ്ഞാനത്തിലേക്ക് പിച്ചവച്ചു. പക്ഷെ അധികം താമസിയാതെ മത-ജാതി-യാഥാസ്ഥിതിക ഫ്യൂഡല്‍ ശക്തികളുടെ ഒരു വമ്പിച്ച തിരിച്ചടി നവോത്ഥാനത്തിന്റെ മേല്‍ വന്നു പതിച്ചു. അവയുമായി കൈകോര്‍ത്തത് കേരളത്തില്‍ അപ്പോളേക്കും സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരവും പുതിയ മാധ്യമ സംസ്‌കാരവുമായിരുന്നു. മാധ്യമാദര്‍ശങ്ങള്‍ കൈവിട്ട ഒരു മാധ്യമ സംസ്‌കാരമായിരുന്നുവത്, രാഷ്ട്രീയാദര്‍ശങ്ങള്‍ കൈവിട്ട ഒരു രാഷ്ട്രീയ സംസ്‌കാരമായിരുന്നുവത്. അവരുടെ പടയോട്ടത്തിനും നവോത്ഥാന മൂല്യങ്ങള്‍ ഒരു തടസമായിരുന്നു.

വിമോചന സമരമായിരുന്നു നവോത്ഥാന ശത്രുക്കളുടെ ഈ അണിനിരക്കലിന്റെ ആദ്യത്തെ സൂചനകളിലൊന്ന്. എണ്‍പതുകളും തൊണ്ണൂറുകളുമായപ്പോഴേക്കും നവോത്ഥാന മൂല്യങ്ങളുടെ മേലുള്ള ആക്രമണം രൂക്ഷമായി. അവയുടെ സ്ഥാനത്ത് വര്‍ഗീയവും ജാതീയവും യാഥാസ്ഥിതികവുമായ മേല്‍ക്കോയ്മകള്‍ ഉയര്‍ന്നുവന്നു. വര്‍ഗീയത മാന്യവല്‍ക്കരിക്കപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ മാന്യവല്‍ക്കരിക്കപ്പെട്ടു. ആള്‍ദൈവങ്ങള്‍ വേരിറക്കി. എല്ലാ മതങ്ങളിലും പ്രതിലോമപരമായ പുനരുദ്ധാനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. ഈ ദുരന്തത്തിന് രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങള്‍ തന്നെയും കുഴലൂത്തുകാരായി മാറി.

അങ്ങനെ നവോത്ഥാനം സാഹിത്യ സദസ്സുകളിലും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പാഴ്വാക്കായി മാറി. സമീപകാലത്ത് നവോത്ഥാനത്തിനു നേരെയുണ്ടായ ഏറ്റവും വലിയ ആഞ്ഞടിയായിരുന്നു ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളത്തില്‍ അഴിച്ചുവിട്ട കാപാലികതകള്‍. സ്ത്രീ പ്രവേശനാനുമതിയുടെ ഭരണഘടനാപരമായ യുക്തിയെയും സമകാലികമായ സംസ്‌കാര സമ്പന്നതയെയും പിന്തുണച്ചവരുടെ എണ്ണം അതിനെ എതിര്‍ത്തവരുടെ പതിന്മടങ്ങായിരുന്നു എന്നാണ് ഒരു സാമൂഹിക നിരീക്ഷകന്‍ എന്ന നിലയില്‍ എന്റെ അനുഭവം. പക്ഷെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഭീകരതയില്‍ അവര്‍ പകച്ചുപോയി. ഒറ്റപ്പെട്ടു പോയി. അവര്‍ ഒരു നിശബ്ദഭൂരിപക്ഷമായി മാറി. പക്ഷെ സ്ഥിതപ്രജ്ഞരായ വ്യക്തികള്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. “നവോത്ഥാനത്തിന് അടിയേറ്റു. പക്ഷെ അടിച്ചവര്‍ക്ക് നവോത്ഥാനത്തെയാണ് അടിച്ചത് എന്ന് മനസിലായിട്ടില്ല. കാരണം നവോത്ഥാനം അവര്‍ക്ക് അപരിചിതമാണ്.’

കേരള സംസ്‌കാരത്തിന് സംഭവിച്ച ഈ അധ:പ്പതനത്തിന് ഒരു രജതരേഖയുണ്ടായി. ഇടതുപക്ഷം എത്ര മാത്രം ഉപരിപ്ലവമായാണെങ്കിലും നവോത്ഥാനം എന്ന വാക്ക് വീണ്ടും കണ്ടെത്തി. നവോത്ഥാനം മലയാളികളില്‍ അന്തര്‍ലീനമായിക്കഴിഞ്ഞു, ശബരിമല വിധിയെ നിശബ്ദമായി അനുകൂലിച്ചവരാണ് എതിര്‍ത്ത് ഓലിയിട്ടവരുടെ പതിന്മടങ്ങ് എന്നതിന്റെ കൃത്യമായ തെളിവായിരുന്നു തുടര്‍ന്നുവന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത കക്ഷിയ്ക്ക് 20 സീറ്റുകളില്‍ 13 എണ്ണത്തില്‍ കെട്ടിവച്ചതുക നഷ്ടപ്പെട്ടത്. ശബരിമലയുടെ സ്വന്തം നിയോജക മണ്ഡലത്തില്‍ അവര്‍ മൂന്നാം സ്ഥാനത്തുമാത്രം എത്തിയതും.

വളരെ ലളിതമായി പറഞ്ഞാല്‍ നവോത്ഥാനമൂല്യങ്ങളാണ് ഇങ്ങനെ ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. അവയുടെ അദൃശ്യവും ശക്തവുമായ സാന്നിധ്യം കൊണ്ടാണ്, മേല്‍പ്പറഞ്ഞതുപോലെയുള്ള വര്‍ഗീയതയുടെയും ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കുശേഷവും കേരളം ഇന്ത്യയിലെ താരതമ്യേന പുരോഗമനാത്മകമായ പ്രബുദ്ധമായ ഒരു സമൂഹമായി നിലകൊള്ളുന്നത്. കേരളം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെയും പോലെ വര്‍ഗീയ പൈശാചികതയിലേക്ക് കൂപ്പുകുത്താത്തത്. ഇന്നും പശുവിനെ വളര്‍ത്തുന്ന ഒരു മുസ്ലീമിനോ മറ്റാര്‍ക്കുമോ തല്ലിക്കൊല്ലപ്പെടാതെ ആ പശുവുമായി അടുത്ത ഗ്രാമത്തിലേക്ക് നടന്നു പോകാന്‍ കഴിയുന്നത്.

ഞാന്‍ ഈ നീണ്ട ചരിത്രം പറഞ്ഞത് മനപൂര്‍വ്വമാണ്. കാരണം ചരിത്രത്തിന്റെ പശ്ചാത്തലത്തിലല്ലാതെ മറ്റെങ്ങനെയാണ് ഒരു സമൂഹത്തെ അല്ലെങ്കിലൊരു പ്രസ്ഥാനത്തെ നോക്കിക്കാണുക? ചരിത്രബോധമില്ലാതെ എങ്ങനെ വര്‍ത്തമാനകാലത്തെ ചോദ്യം ചെയ്യാന്‍ കഴിയും? ചോദ്യം ചെയ്യലാണ് ബോധജ്ഞാനത്തിന്റെ കാതല്‍. എന്റെ എളിയ തോന്നലില്‍ ഒരൊറ്റ വ്യക്തി മാനസികമായ അസ്വാതന്ത്ര്യത്തില്‍ നിന്ന് പുറത്തുവന്നാല്‍ മനുഷ്യ സംസ്‌കാരം ഒരു പ്രകാശവര്‍ഷം കൂടി മുമ്പോട്ടു പായും.

കോവിഡില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് മതമല്ല. ശാസ്ത്രമാണ്. കോവിഡില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടിയാണെങ്കിലും മതേതരമായ ഒരു രാഷ്ട്രീയ പ്രബുദ്ധതയാണ്. ആരോഗ്യ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും പൊലീസിന്റേയും മതേതരമായ സേവന മനസ്ഥിതിയാണ്. ഇന്ത്യയൊട്ടാകെ മതമൗലികവാദികള്‍ കോവിഡിനെയുപയോഗിച്ച് മറ്റൊരു മതത്തിനെതിരെ വംശവെറിപരത്തി. കേരളത്തിലത് വിജയിച്ചില്ല. കേരളത്തിലെ വഷളന്മാരായ ജാതി പ്രമാണിത്തങ്ങള്‍ കൊറോണയില്‍ നിന്ന് മാറ്റരേയും പോലെ സാമൂഹിക അകലം പാലിച്ച് തടി തപ്പുകമാത്രം ചെയ്തു. സ്ഥലത്തെ പ്രധാന ആള്‍ദൈവം താനിത് മൂന്നുവര്‍ഷം മുമ്പ് പ്രവചിച്ചതാണ് എന്ന ബാലിശമായ പ്രസ്താവന നടത്തുകമാത്രം ചെയ്തു.

മതവും കോവൈറസും എന്ന ശീര്‍ഷകം ഒരുപക്ഷേ തെറ്റിദ്ധരിപ്പിച്ചേക്കാം. കാരണം മതവും കൊറോണ വൈറസും തമ്മില്‍ എടുത്തു പറയത്തക്ക യാതൊരു ബന്ധവുമില്ല. എന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കില്‍ അത് വൈറസ്സിന്റെ മുമ്പിലെ മതത്തിന്റെ നിഷ്‌ക്രിയത്വം എടുത്തു കാണിച്ചുവെന്നതാണ്.

ഒരുവിധത്തില്‍ പറഞ്ഞാല്‍ കൊറോണ വൈറസ് സൃഷ്ടിച്ച നശീകരണങ്ങളോട് താരതമ്യപ്പെടുത്താവുന്ന ഒരു പ്രതിഭാസമായിരുന്നു രണ്ടാം ലോകമഹായുദ്ധം. അതിന്റെ മുമ്പില്‍, ഇന്ന് കൊറോണ വൈറസിന്റെ മുമ്പിലെന്ന പോലെ മതം ഒരു നോക്കുകുത്തി മാത്രമായി മാറി. ക്രിസ്തുമതത്തിനുണ്ടായ ആ loss of credibility, വിശ്വാസ്യതാ നഷ്ടം ആയിരുന്നു ക്രിസ്തുമതത്തിന് യൂറോപ്പില്‍ സംഭവിച്ച അപനിര്‍മ്മാണത്തിലേക്കും സാമൂഹികമായ പിന്‍തള്ളലിലേക്കും നയിച്ച സുപ്രധാന ഘടകങ്ങളിലൊന്ന്.

കൊറോണ വൈറസില്‍ നിന്ന് അങ്ങനെയൊരു അപനിര്‍മ്മാണം കേരളത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം വൈറസ് മലയാളികളുടെ യാതൊരു സുഖസൗകര്യങ്ങള്‍ക്കും കുറവുവരുത്തിയിട്ടില്ല. ലോക്ക്ഡൗണ്‍ ഒരു താല്‍ക്കാലിക അസൗകര്യം മാത്രമാണ്. ബോംബുകളുടെയും ഷെല്ലുകളുടെയും ഒരു പെരുമഴ കേരളത്തിന്മേല്‍ പെയ്തില്ല. കല്ലിന്മേല്‍ കല്ലില്ലാതെ നഗരങ്ങള്‍ തകര്‍ന്നുവീണില്ല. മലയാളികള്‍ പഴയ ഹരിഹരന്‍ പിള്ളയെപ്പോലെ ഹാപ്പിയാണ്. മതം എന്ന സുഖഭോഗം വേണ്ടെന്നുവയ്ക്കാനോ അതിനെ ചോദ്യം ചെയ്യാനോ തക്കവണ്ണം യാതൊരു നാശനഷ്ടവും മലയാളികള്‍ക്ക് കൊറോണ വരുത്തി വച്ചിട്ടില്ല. പാവപ്പെട്ടവര്‍ക്കൊഴികെ. പക്ഷെ അവരെ ആര്‍ക്കുവേണം.

എന്നുമാത്രമല്ല, നവോത്ഥാനം തുടങ്ങിവെച്ച മതത്തിന്റെയും ജാതിയുടെയും ചോദ്യം ചെയ്യല്‍, യാഥാസ്ഥിതികത്വത്തിന്റെ ശക്തമായ പ്രതിരോധത്തിനു മുമ്പില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. യുക്തിവാദ പ്രസ്ഥാനം മാത്രമാണ് എന്റെയോര്‍മ്മയില്‍ ഉണ്ടായിട്ടുള്ള ഒരേയൊരു സംഘടിതശ്രമം. അത് മലയാളികള്‍ക്ക് സഹജമായ തൊഴുത്തില്‍ കുത്തുകള്‍ മൂലം ശിഥിലമായിപ്പോയി.

മാത്രമല്ല അന്ധവിശ്വാസങ്ങളെ തുറന്നുകാണിച്ചതുകൊണ്ടുമാത്രം മതത്തിന്റെയും ജാതിയുടെയും ചോദ്യം ചെയ്യല്‍ പൂര്‍ണമാവുന്നില്ല. ശ്രീനാരായണന്‍ തുടങ്ങിവെച്ചതാണ് ആ തുറന്നുകാണിക്കലും ചോദ്യം ചെയ്യലും. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്ഥാനം ഇന്ന് ആരുടെയൊക്കെ കൈകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ശ്രീനാരായണന്റെ ഭാവിയെപ്പറ്റി തന്നെ ഭയം തോന്നുന്നു. എനിക്ക് മനസിലായിട്ടുള്ളിടത്തോളം പാശ്ചാത്യ സമൂഹങ്ങളില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ തിരുത്തലുകളിലൂടെയാണ് മതവും സമൂഹവും തമ്മിലുള്ള അകലം സ്ഥാപിച്ചെടുത്തത്. കേരളത്തില്‍ അത് അചിന്ത്യവുമാണ്. മതമില്ലാത്ത ജീവന്‍ എന്ന വെറും ഒന്നരപേജുള്ള പാഠത്തെ കേരള സമൂഹത്തിനൊരു ഭീഷണിയായി കേരളമുഖ്യധാര ഉയര്‍ത്തിപ്പിടിച്ചിട്ട് അധികകാലമായില്ല.

ഞാന്‍ മനസിലാക്കിയിട്ടുള്ളത്, പാശ്ചാത്യസമൂഹങ്ങളില്‍ ബുദ്ധിജീവികള്‍, പണ്ഡിതര്‍, കലാപ്രവര്‍ത്തകര്‍ മുതലായവരടങ്ങിയ പൊതുമണ്ഡലങ്ങള്‍ മതേതരമായ നിലപാടുകള്‍ സ്വീകരിക്കുന്നവയാണ് എന്നാണ്. കേരളത്തില്‍ അവര്‍ പൊതുവില്‍ ജാതി-മതകാര്യങ്ങളില്‍ സുരക്ഷിതമായ മൗനം പാലിക്കുന്നവരാണ്. അല്ലെങ്കില്‍ സന്തോഷപൂര്‍വ്വം ജാതി-മതങ്ങളെയും വര്‍ഗീയതയുടെ തന്നെയും കാല്‍കഴുകിക്കുടിക്കുന്നവരാണ്.

എല്ലാറ്റിനുമേറെ പാശ്ചാത്യസമൂഹങ്ങളില്‍ ശാസ്ത്രം മതത്തിന് വെല്ലുവിളിയായിത്തീര്‍ന്നു. കേരളത്തില്‍ ശാസ്ത്രം എന്‍ട്രന്‍സ് പരീക്ഷകളിലെ വെല്ലുവിളി മാത്രമാണ്. ഒരു വര്‍ഷത്തെ പഠനവും ഒറ്റദിവസത്തെ വെല്ലുവിളിയും. മാത്രമല്ല കേരളത്തില്‍ മൂന്നുമതങ്ങളെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. അവയില്‍ രണ്ടെണ്ണത്തിന്റെയെങ്കിലും ജാതികളെയും ഉപജാതികളെയും കുറിച്ചും. ഹിന്ദുമതത്തെപ്പറ്റി മാത്രമല്ല നാം പറയുന്നത്, എന്റെ കണക്ക് ശരിയെങ്കില്‍ 149 ഹിന്ദു മുന്നാക്ക ജാതികളെപ്പറ്റിയും. ക്രിസ്തുമത്തെപ്പറ്റി മാത്രമല്ല പറയുന്നത് 19 ക്രിസ്ത്യന്‍ മുന്നാക്ക ജാതികളെപ്പറ്റിയും കൂടിയാണ് നാം സംസാരിക്കുന്നത്. കൂടാതെ 53പട്ടികജാതി കളെക്കുറിച്ചും 35 പട്ടികവര്‍ഗങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അവയില്‍ ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്. ഹിന്ദു പൂര്‍ണ്ണമായും ക്രിസ്ത്യാനി തന്റെ സൗകര്യം പോലെയും പങ്കിടുന്ന ജാതിയുടെ ഈ അദൃശ്യവും എന്നാല്‍ അതിശക്തവുമായ ഉരുക്കു കോട്ടയാണ് ആ മതങ്ങളെ സംരക്ഷിക്കുന്നത്.

ഇസ്ലാം വൈകിവന്ന മതമായതുകൊണ്ടായിരിക്കാം അതിന് ജാതി ലഭിച്ചില്ല. ചില ലാഞ്ചനകള്‍ മാത്രം അങ്ങുമിങ്ങുമുണ്ട്. യൂറോപ്പിലെ ക്രിസ്തുമതത്തിന് സ്വാഭാവികമായും ജാതിയുടെ പിന്‍ബലമില്ലായിരുന്നു. പകരം ആദ്യം സാമ്രാജ്യങ്ങളില്‍ നിന്നും പിന്നീട് Nation State കളില്‍ നിന്നുമാണ് അത് ശക്തി സംഭരിച്ചത്. യുദ്ധം അവയെ തുടച്ചുമാറ്റിയപ്പോള്‍ ക്രിസ്തുമതം നിലംപൊത്തി. ജാതിയില്ലാത്തതുകൊണ്ടുതന്നെ ഇസ്ലാമിന് വികേന്ദ്രീകരണമില്ല. സംഭവിക്കുന്ന വികേന്ദ്രീകരണങ്ങളാവട്ടെ ഭീകരവാദികള്‍ സൃഷ്ടിക്കുന്നവയാണ്. ഇത് ഇസ്ലാമിന് ഒരു അപകട സൂചനയാണ്. ക്രിസ്തുമതത്തിന്റെ ആസൂത്രിതവും അരക്കിട്ടുറപ്പിച്ചതുമായ വികേന്ദ്രീകരണമാണ് അതിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന്. ജാതിയെ നിലനിര്‍ത്തുന്നത് മതമാണ് എന്നു പറയാറുണ്ട്. ഞാന്‍ മറിച്ചാണ് പറയുന്നത്. മതത്തെ നിലനിര്‍ത്തുന്നത് ജാതിയാണ്. ഈഴവന്‍ കഴിഞ്ഞേ ഹിന്ദുവുള്ളൂ. സുറിയാനി ക്രിസ്ത്യാനി കഴിഞ്ഞേ ക്രൈസ്തവനുള്ളൂ.

DSC_0797ഇന്ത്യയൊട്ടാകെ ഹിന്ദുമതം എന്ന വടവൃക്ഷത്തെ താങ്ങിനിര്‍ത്തുന്നത് അതില്‍ നിന്ന് വളര്‍ന്നു തൂങ്ങുന്ന ജാതിയുടെ വേരുകളാണ്. അതേസമയം അതിലൊരു വൈരുധ്യമുണ്ട്. ജാതി ഹിന്ദുസമൂഹത്തെ പിളര്‍ത്തുകയും ചെയ്യുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയവുമായി പരിചയമുള്ളവര്‍ക്കെല്ലാം സുപരിചിതമാണ്. ഹിന്ദുമതത്തിന്റെ അമ്പരപ്പിക്കുന്ന ആയിരക്കണക്കിന് മുഖങ്ങള്‍ക്കു മുമ്പിലാണ്, ബി.ജെ.പി പോലെയുള്ള ഹിന്ദു മതാവലംബിയായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഏറ്റവും വിലപിടിച്ച സ്വപ്നം എല്ലാ ജാതികളെയും ഹിന്ദുത്വയുടെ നാമത്തില്‍ ഒന്നിപ്പിക്കുക എന്നതായിത്തീരുന്നത്. പക്ഷെ ജാതികളെ നിലനിര്‍ത്തിക്കൊണ്ടാണ് അവരതാഗ്രഹിക്കുന്നത്. അല്ലെങ്കില്‍ മതംനിലംപൊത്തും. മാത്രമല്ല രാഷ്ട്രീയമായി അതാണ് സൗകര്യം. ഒരു ജാതിയെ മറ്റൊന്നിനെതിരെ തിരിച്ചുകൊണ്ടുള്ള പകിടയുരുട്ടല്‍ രാഷ്ട്രീയത്തില്‍ അതിപ്രധാനമാണ്.

ഹിന്ദുമതത്തില്‍ അടിയുറച്ച ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇവിടെ നമ്മുടെ വിഷയവുമായി ബന്ധപ്പെടുത്തി ചോദിക്കാവുന്ന ഒരു ലളിതമായ ചോദ്യമുണ്ട്. കോവിഡിനെതിരെയുള്ള, ഇതുവരെ താരതമ്യേന വിജയകരമായ യുദ്ധം നടത്തുന്നത് ഹിന്ദുമതമോ ഭാരത സര്‍ക്കാരോ? ആ യുദ്ധം നടത്തുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഗോത്രദൈവ വിശ്വാസികളുമടങ്ങിയ ഒരു ഭരണകൂടമാണ്.

കേരളത്തിലത് ചെയ്യുന്നത് എല്ലാ മതസ്ഥരും എല്ലാ ജാതികളും ഉപജാതികളുമടങ്ങിയ സംസ്ഥാന ഭരണകൂടമാണ്. മതങ്ങളോ ജാതികളോ അല്ല. മതങ്ങള്‍ കൊറോണയ്ക്കു മുമ്പ് നടത്തിയിരുന്ന യാതൊരു അവകാശവാദവും കൊറോണയ്ക്കു മുമ്പില്‍ ഫലിച്ചില്ല. ഒരു miracle- ഉം മഹാത്ഭുതവും ഉണ്ടായില്ല. ഒരു അത്ഭുത രോഗശാന്തിയും സംഭവിച്ചില്ല. ഉണ്ടായെങ്കില്‍ ഇതുവരെ പുറത്തറിഞ്ഞിട്ടില്ല.

മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ വ്യാപകമായ ഒരു മഹാനാശം മനുഷ്യസംസ്‌കാരത്തെ നേരിടുമ്പോള്‍ മതങ്ങളും നമ്മെയൊക്കെപ്പോലെ തന്നെ അതിന് കീഴ്വഴങ്ങുകയാണ് ചെയ്യുന്നത്. എല്ലാം ഭംഗിയായിരിക്കുമ്പോളാണ് മതങ്ങള്‍ അവരുടെ പ്രസക്തി വീണ്ടെടുക്കുന്നത്. ഇംഗ്ലീഷില്‍ ഇതിന് fair weather friend എന്നു പറയും. പക്ഷേ ഒരു മതവും ആരുടെയും friend അല്ല. അവ വ്യക്തികളുമായി വിശ്വാസത്തിന്റെ ഒരു നേര്‍രേഖാബന്ധം സ്ഥാപിച്ച് അതിലൂടെ ഒരു അധികാരശൃംഖല സൃഷ്ടിച്ച് അവരുടെ മേലാളനായിത്തീരുകയാണ് ചെയ്യുന്നത്. അധികാരമാണ്, ഭരണകൂടങ്ങളുടെയും സ്വേച്ഛാധിപത്യങ്ങളുടെയുമെന്നപോലെ മതങ്ങളുടെയും മുഖമുദ്ര. അതിലൂടെ മതമേധാവികള്‍ക്ക് – വിശ്വാസികള്‍ക്കല്ല- കൈവരുന്നത് അളവില്ലാത്ത സമ്പത്തും സ്വാധീനവും അവയോടനുബന്ധിച്ച ഭൗതികസുഖങ്ങളുമാണ്. ഒരു മനുഷ്യായുസ്സില്‍ അവ നിസ്സാരകാര്യങ്ങളല്ല.

ഞാനതിനെ വിളിക്കുന്നത് അവരുടെ സാമര്‍ത്ഥ്യം എന്നുമാത്രമാണ്. കാരണം മതം, നൂറുശതമാനവും ഒരു വ്യക്തിയുടെ സ്വേച്ഛാനുസാരിയായ ഒരു കരാറാണ്. ക്രിസ്ത്യാനി ആയിരിക്കാനും ഹിന്ദുവായിരിക്കാനും മുസ്ലിം ആയിരിക്കാനും നമ്മെ ആരും നിര്‍ബന്ധിക്കുന്നില്ല. അല്ലാതായാല്‍ നാം ജയിലില്‍ പോകില്ല, ഇതുവരെയെങ്കിലും.

മതം വിശ്വാസിയുമായി ഉണ്ടാക്കുന്ന ആ നേര്‍രേഖാ ബന്ധമാണ് കുടുംബത്തില്‍ വേരിറക്കിയെടുത്ത് മത പഠനക്ലാസുകളിലൂടെ ഊട്ടിയുറപ്പിച്ച് ആരാധനാലയങ്ങളിലെ ചടങ്ങുകളിലൂടെ ആകര്‍ഷണീയമാക്കി, വിവിധ കുറ്റബോധങ്ങള്‍ ഉല്പാദിപ്പിച്ച്, മരണാനന്തര ജീവിതം എന്ന സങ്കല്‍പ്പം വിറ്റഴിച്ച് വിദ്യാഭ്യാസം, ആതുരശ്രുശ്രൂഷ, സാധുജന സഹായം തുടങ്ങിയ സേവനങ്ങള്‍ ചേര്‍ത്തുവെച്ച് ഒരിക്കലും മുറിയാത്ത ഒരു ചരടാക്കി മാറുന്നത്. വിശ്വാസി അവന്റെ ജീവിതകാലം മുഴുവന്‍ ആ ചരടിലാണ്. Strings attached. അവന്റെ ശവസംസ്‌കാരം വരെ. ഇസ്ലാമിന് നിലവിലുള്ള സംവിധാനം ഏതാണ്ടിങ്ങനെയാണ്. ഹിന്ദു തീവ്രവാദം ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വിശാലമനസ്‌കമായ മതമായ ഹിന്ദുമതത്തിലേക്ക് ഈ സംവിധാനം കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.

crossഎല്ലാവരുടേയും മാതൃക ക്രിസ്തുമതം തന്നെ. അതിശയകരമായ ഒരു പ്രതിഭാസമാണ് ക്രൈസ്തവ പൗരോഹിത്യം. ഏകദേശം 1800 ഓളം വര്‍ഷങ്ങളായി ഒരു പൗരോഹിത്യ സംവിധാനം ഒരു മതത്തെ നിലനിര്‍ത്തുകയും സ്വയം നിലനിര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 1800 ഓളം വര്‍ഷങ്ങളായി ഒരു പൗരോഹിത്യ സംവിധാനം അതിനെ തന്നെ perpetuate ചെയ്യുകയാണ്. അതിനെത്തന്നെ replicate ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്കു തോന്നുന്നത് ചരിത്രത്തില്‍ ഇങ്ങനെയുള്ള മറ്റൊരു self perpetuating bureaucracy ഉണ്ടായിട്ടില്ല എന്നാണ്.

കത്തോലിക്കാ സഭ ഒരു കറകളഞ്ഞ ഉദ്യോഗസ്ഥ സ്വയംഭരണ സംവിധാനമാണ്. അത് ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹൗസുകളിലൊന്നുമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. ഒരോറ്റ brand name മാത്രമേ അത് ഉപയോഗിക്കുന്നുള്ളൂ: യേശു. Jesus Christ. ആ ബ്രാന്‍ഡ് ആവട്ടെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നില്‍ – ബൈബിളില്‍ – സുവര്‍ണ്ണാക്ഷരങ്ങളില്‍ എന്നന്നേക്കുമായി മുദ്രണം ചെയ്തിരിക്കുകയുമാണ്.

ഹിന്ദുമതത്തിന്റെ പഴക്കം കുറഞ്ഞത് 4000 വര്‍ഷമാണ്. ക്രിസ്തുമതത്തിന്റേത് 2000. ഇസ്ലാമിന്റേത് 1400. ഇക്കാലഘട്ടത്തില്‍ എത്രയോ സാമ്രാജ്യങ്ങള്‍ വരികയും പോകുകയും ചെയ്തു. അവയില്‍ പലതും മതങ്ങള്‍ തന്നെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്തവയാണ്. എത്രയേറെ മഹായുദ്ധങ്ങള്‍ക്ക് മതങ്ങള്‍ നേതൃത്വം കൊടുത്തു. സോവിയറ്റ് യൂണിയനിലും ചൈനയിലും മതം നിര്‍ജീവമാക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം ക്രിസ്തുമതത്തിന്റെ സത്തയെത്തന്നെ ചോര്‍ത്തിക്കളഞ്ഞു. പക്ഷെ മതങ്ങള്‍ തുടരുന്നു. ഈ ഭക്തിഗാനമല്ലെങ്കില്‍ മറ്റൊന്ന്. ഈ ആചാരമല്ലെങ്കില്‍ മറ്റൊന്ന്. ഈ കെട്ടുകഥയല്ലെങ്കില്‍ അടുത്തത്. കോവിഡ് എന്റെ അഭിപ്രായത്തില്‍ മതങ്ങളുടെ അതിജീവന ചരിത്രത്തില്‍ മറ്റൊരു ചെറുസംഭവം മാത്രമാണ്. കോവിഡ് മതങ്ങളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയേയുള്ളൂ.

മനുഷ്യമനസ്സുകള്‍ക്കുള്ളില്‍ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയാലെന്ത്? മനസ്സിനെ ചങ്ങലക്കിട്ടാല്‍ പിന്നെ കാലില്‍ ചങ്ങലയിടണോ? കൊറോണയ്ക്കുശേഷം കേരളത്തില്‍ നാം കാണാന്‍ പോകുന്നത് മലയാള മാധ്യമങ്ങള്‍ നടത്താന്‍ പോകുന്ന, ഒരു പക്ഷേ ആഴ്ചകളോ, മാസങ്ങളോ നീണ്ടു നില്‍ക്കാന്‍ പോകുന്ന, മതങ്ങളുടെ മടങ്ങിവരവിന്റെ ആഘോഷമാണ്. ഒരു ചെറിയ തിറയെടുപ്പുപോലും പോലും ന്യൂസ് അവറിലും ഒന്നാം പേജിലും പ്രത്യക്ഷപ്പെടും. അതിനുശേഷം എല്ലാം പഴയതുപോലെയല്ല ആകുക. പഴയതിലും ശക്തമാകാനാണ് സാധ്യത.

അത്രമാത്രം മാധ്യമങ്ങള്‍ അവരുടെ പിടിച്ചുനില്‍പ്പിന്റെ പിടിവള്ളികളായ മതങ്ങള്‍ക്കും ജാതികള്‍ക്കും വേണ്ടി അധ്വാനിക്കും. രക്തം വിയര്‍ക്കും. ഇത് വിശ്വാസികള്‍ ആസ്വദിക്കും. ആദരിക്കും. ആഘോഷിക്കും. കാരണം അവരുടെ സ്വപ്നങ്ങളും ആശകളും മാത്രമല്ല അവരുടെ സാമൂഹിക പദവിയും അവര്‍ മതത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ആരാധനാലയത്തിന്റെ വലിപ്പവും ആഡംബരവും വിശ്വാസിയുടെ status symbol ആണ്. ക്രിസ്ത്യാനി ഇതിനൊരു നല്ല ഉദാഹരണമാണ്. അവന്റെ മാമോദീസയും കല്ല്യാണവും ശവസംസ്‌കാരവും നടക്കുന്ന പളളിയുടെ രാജകീയ പ്രൗഢി അവന്റെ ആഡംബരക്കാറും ആഡംബര ഭവനവും പോലെ തന്നെ അവന് പ്രധാനമാണ്. അതുപോലെ തന്നെ അമ്പലങ്ങളും. അതുപോലെ തന്നെ മോസ്‌ക്കുകളും.

സത്യമെന്തെന്നാല്‍ പുരോഹിതന് വിശ്വാസിയെ ആവശ്യമുള്ളതിനേക്കാളേറെ, വിശ്വാസിയ്ക്ക് പുരോഹിതനെയും ആരാധനാലയത്തെയും ആവശ്യമുണ്ട്. കാരണം മതം വിശ്വാസിയിലാണ് കുടികൊള്ളുന്നത്. പുരോഹിതനിലല്ല. ഇതാണ് മതത്തിന്റെ അത്ഭുതശക്തി. പൗരോഹിത്യങ്ങളുടെ മന്ത്രവാദം.

എനിക്ക് തോന്നിയിട്ടുള്ളത് മതം ഒരു multi-purpose software ആണ് എന്നാണ്. അല്ലെങ്കില്‍ ഒരു multi-purpose template. അതില്‍ നിന്ന് ദൈവത്തിനെയോ പിശാചിനെയോ കൊലയാളിയെയോ പുണ്യവാളനെയോ സംഗീതത്തെയോ സാഹിത്യത്തെയോ ടി.വി സീരിയലിനെയോ സിനിമയെയോ ഉല്‍പാദിപ്പിക്കാം. യൂറോപ്പില്‍ ചിത്രകലയും സംഗീതവും ജനിച്ചത് ക്രിസ്തുമതത്തില്‍ നിന്നാണെന്നോര്‍ക്കുക. ഇന്ത്യയില്‍ ചിത്രകലയും ശില്പവിദ്യയും ജൈന ബുദ്ധ മതങ്ങളില്‍ നിന്നുമാരംഭിച്ചു.

പഴയ നിയമം എന്ന template-ല്‍ നിന്നാണ് രണ്ട് മതങ്ങള്‍ ജനിച്ചത്; യഹൂദമതം, ക്രിസ്തുമതം. അതിന്റെ തന്നെ ഉപോല്പന്നമാണ് ഇസ്ലാം മതം എന്ന് എന്റെ വായനകള്‍ എന്നോട് പറയുന്നു. യഹോവയെന്ന template അതിനും പിന്നിലുള്ള ദൈവസങ്കല്പങ്ങളില്‍ നിന്നു വന്നതാണ്. അതിനും പിന്നിലെ template ആയിരിക്കാം മതത്തിന്റെ ഉത്ഭവകേന്ദ്രങ്ങളായ ആദിമ മനുഷ്യന്റെ പരിഭ്രമങ്ങളും പേടികളും അത്ഭുതങ്ങളും. അതിനും പിന്നിലോ? ദൈനോസറുകള്‍ക്കും മാമത്തുകള്‍ക്കും ദൈവത്തിന്റെ template ലഭ്യമായിരുന്നോ? ആയിരുന്നിരിക്കാം. ബിഗ് ബാങ്ങിന്റെ നിമിഷത്തിലോ? അതിനും മുമ്പിലോ? ആര്‍ക്കറിയാം.

DSC_0400ഞാന്‍ ആലോചിക്കുകയായിരുന്നു ചരിത്രത്തിലെ ഓരോ സംസ്‌കാരത്തിന്റെയും കാലത്ത് അതിന്റെ ദൈവങ്ങള്‍ക്കായിരുന്നു അപ്രമാദിത്വം. മെസപ്പൊട്ടേമിയാന്‍ ദൈവങ്ങള്‍. ഈജിപ്ഷ്യന്‍ ദൈവങ്ങള്‍. റോമന്‍ ദൈവങ്ങള്‍. ഗ്രീക്ക് ദൈവങ്ങള്‍. മയന്‍ ദൈവങ്ങള്‍. ആ സംസ്‌കാരങ്ങള്‍ക്കൊപ്പം ദൈവങ്ങളും അപ്രത്യക്ഷരായി. നാം ഇന്ന് ആരാധിക്കുന്ന ദൈവങ്ങളെപ്പോലെ തന്നെ ശക്തിയേറിയവര്‍ എന്ന് സങ്കല്‍പ്പിക്കപ്പെട്ടവരായിരുന്നു അവര്‍. നൂറുകണക്കിനും ആയിരക്കണക്കിനും വര്‍ഷങ്ങള്‍ നീളെ ലോകം അവരുടേതായിരുന്നു. ഇന്ദ്രനെ ഓര്‍ക്കുക. മൂന്ന് മതങ്ങളുടെ മുഖ്യ ദെെവമായിരുന്ന ഇന്ദ്രന്‍ ഇന്ന് ഒരു പുരാണ കഥാപാത്രം മാത്രമാണ്.

കഴിഞ്ഞ മൂവായിരത്തോളം വര്‍ഷങ്ങളിലൂടെ പ്രധാനമായി ബാക്കിനില്‍ക്കുന്നത് അഞ്ച് മതങ്ങളാണ്: ബുദ്ധമതം, ഹിന്ദുമതം, ക്രിസ്തുമതം, യഹൂദമതം, ഇസ്ലാം. ഞാന്‍ ആലോചിക്കുന്നത് ഇതാണ്. എന്തായിരിക്കാം അവയ്ക്കും അവയുടെ ദൈവങ്ങള്‍ക്കും ഭാവി സൂക്ഷിച്ചുവച്ചിരിക്കുന്നത്? മനുഷ്യന്‍ തന്നെ അപ്രത്യക്ഷരായാലോ? കുറേക്കൂടി കൊലകൊമ്പന്‍ ഒരു കൊറോണ വൈറസ് വിരുന്നുവന്നാലോ? അല്ലെങ്കില്‍ ഏതെങ്കിലും ഒരു മനോരോഗി പ്രസിഡന്റോ പ്രധാനമന്ത്രിയോ ന്യൂക്ലിയര്‍ ബട്ടണ്‍ അമര്‍ത്തിയാലോ?

ഞാന്‍ അവസാനിപ്പിക്കുകയാണ്. മതം ഒരു യാഥാര്‍ത്ഥ്യമാണ്. നന്മയുടെ ദര്‍ശനങ്ങളാണ് അവയുടെ കാതലെങ്കിലും പ്രയോഗത്തില്‍ തിന്മയുടെ മേല്‍ക്കൈ ശക്തമാണ്. അതുമായുള്ള മനുഷ്യന്റെ ഉടമ്പടി ഒരു ഉഭയസമ്മതമാണ്. മതത്തിന്റെ പക്കല്‍ നമ്മുടെ അടിമത്തം വാഗ്ദാനം ചെയ്യുന്നത് സ്വമനസാലെയാണ്. ദൈവസങ്കല്‍പ്പങ്ങളെ നിരന്തരം അണിയിച്ചൊരുക്കിയവതരിപ്പിക്കുന്നതാണ് മതങ്ങളുടെ സാമര്‍ത്ഥ്യം. അവരുടെ area of competence . അതിനവരെയെങ്ങനെ കുറ്റം പറയും? അവര്‍ അവരുടെ ജോലി ചെയ്യുന്നുവെന്നുമാത്രം. അതിന് ആവശ്യക്കാര്‍ ധാരാളവും. ഇംഗ്ലീഷില്‍ win -win situation എന്നു പറയുന്ന അവസ്ഥയാണിത്.

ഇവിടെ ഇതുവരെ പറയാത്ത ഒരു വാക്കുണ്ട്. ആദ്ധ്യാത്മികത:

അത് വ്യക്തിയുടെ യാഥാര്‍ത്ഥ്യാന്വേഷണമാണ്. അവളുടെ/ അവന്റെ സത്യാന്വേഷണമാണ്. അദ്ധ്യാത്മികതയ്ക്ക് മധ്യസ്ഥര്‍ വേണ്ട. മതംവേണ്ട, ദൈവം വേണ്ട, പുരോഹിതന്‍ വേണ്ട, പ്രവാചകന്‍ വേണ്ട. വിശുദ്ധഗ്രന്ഥം വേണ്ട. ഒരു വ്യക്തിയ്ക്ക് അവനവനിലേക്കുള്ള പാത തേടാന്‍ ഇവയൊന്നും ആവശ്യമില്ല. പ്രപഞ്ചത്തിലേക്ക് ചുഴിഞ്ഞുനോക്കാന്‍ ഇവയൊന്നും ആവശ്യമില്ല. പക്ഷെ സംസാരസാഗരത്തിലുഴലുന്ന ഒരു വ്യക്തിയ്ക്ക് അതിനവസരമില്ല. അവള്‍ക്ക്/ അവന് എളുപ്പത്തില്‍ വേണ്ടത് നിശ്ചിത അളവുകളില്‍ പകര്‍ന്നു ലഭിക്കുന്ന, ആടയാഭരണങ്ങള്‍ അണിഞ്ഞ ആത്മീയ സംതൃപ്തികളാണ്. അതാണ് എക്കാലത്തും മതങ്ങളുടെ മുഖത്ത് പുഞ്ചിരിപരത്തുന്നതെന്നതാണ് നഗ്‌ന സത്യം.


Print Friendly, PDF & Email

Related posts

Leave a Comment