ആത്മാവിലും സത്യത്തിലുമുള്ള യഥാര്‍ത്ഥ ആരാധന

atmavilum sathyathilum banner‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു മനസ്സു പങ്കുവെച്ചു’

കോവിഡ് 19 എന്ന കൊറോണവൈറസ് വ്യാപകമായതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കഴിയുന്ന എന്റെ മനസ്സില്‍ വന്ന ചിന്തയാണ് ‘അച്ഛനും ബാപ്പയും’ എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ എഴുതി യേശുദാസ് പാടിയ ഗാനത്തിന്റെ മേലുദ്ധരിച്ച വരികള്‍. നാം ഇന്നു കാണുന്ന ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ശക്തി, ആ ശക്തിയെയാണ് നാം ദൈവമെന്ന പേരില്‍ സങ്കല്‍പ്പിക്കുന്നത്. ആ ഏകദൈവ സങ്കല്പത്തെ മനുഷ്യന്‍ സൃഷ്ടിച്ച ഓരോ മതവും അവരവരുടേതായ രൂപഭാവങ്ങള്‍ നല്‍കി അവരവരുടേതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടാക്കി. ഇതിനായി അവരവരുടേതായ മതകര്‍മങ്ങൾ നടത്തുവാന്‍ അതിവിശാലമായ ആരാധനാലയങ്ങളാണ് പണിതുയര്‍ത്തിയിരിക്കുന്നത്. മനുഷ്യരുടെ ആകുലതകളെയും വേദനകളെയും മാറ്റി ആയുസ്സും ആരോഗ്യവും നല്‍കി സ്വര്‍ഗത്തിലേക്ക് എത്തിക്കുക എന്നതാണ് ഓരോ മതാചാര്യന്മാരുടെയും കര്‍മ്മം കൊണ്ടുള്ള ദൗത്യം. ഒട്ടനവധി രോഗശാന്തി ശുശ്രൂഷകരും ആള്‍ ദൈവങ്ങളും 365 ദിവസവും 24 മണിക്കൂറും പൂജകളും പ്രാര്‍ത്ഥനകളും കര്‍മങ്ങളും നടത്തിയിട്ടും കൊറോണ വൈറസ് കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടു ഇപ്പോള്‍ അവരെല്ലാം മാളങ്ങളില്‍ ഒളിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് അവരുടെ ശക്തി തെളിയിക്കേണ്ടത്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം ദൈവത്തിന് നിരക്കാത്തതും കാപട്യവുമായിരിക്കുന്നതുകൊണ്ട് അവയില്‍ ദൈവം പ്രസാദിച്ചില്ല. എന്നാല്‍ സ്നേഹസ്വരൂപനായ യേശു ക്രിസ്തു രോഗിയെ തൊട്ടപ്പോള്‍ തന്നെ സൗഖ്യം പ്രാപിച്ചു. അവന്‍ മരിച്ചവരെ സ്പര്‍ശിച്ചപ്പോഴും ആജ്ഞാപിച്ചപ്പോഴും ഉടന്‍തന്നെ ജീവന്‍ പ്രാപിച്ചവരായി. കാരണം അവന്റെ പ്രാര്‍ത്ഥനയില്‍ ദൈവം പ്രസാദിച്ചു.

കോവിഡ് 19 എന്ന കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒന്നും തന്നെ ദൈവശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഭാവിയില്‍ കഴിഞ്ഞേക്കാം. അതിനുവേണ്ടി പ്രാര്‍ത്ഥിക്കാം. ജനങ്ങള്‍ കൂട്ടം കൂടുന്നതിനാലാണ് വൈറസ് പടര്‍ന്ന് വ്യാപിക്കുന്നതെന്ന് മനസ്സിലാക്കി ലോകമെമ്പാടും നിരോധനാജ്ഞയും കര്‍ഫ്യുവും പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താല്‍ ആരാധനാലയങ്ങളും പൂട്ടപ്പെട്ടിരിക്കുന്നു. പിതാവിന്റെ മക്കളെന്ന നിലയില്‍ മനുഷ്യരെല്ലാവരും ഒന്നാണെന്ന് പരസ്യമായി പ്രഖ്യാപിച്ച യേശുനാഥന്‍, താന്‍ കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ടതു ഒരു പ്രത്യേക ജനവിഭാഗത്തിനുവേണ്ടി ആയിരുന്നില്ല. പ്രത്യുത, സകല ജനത്തിന്റേയും പാപപരിഹാരാര്‍ത്ഥമായിരുന്നു. എന്നാല്‍ പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി യേശു ഉത്ഥിതനായി.

ക്രിസ്തീയ വിശ്വാസികള്‍ ഏറ്റവും പ്രധാനമായി ആചരിക്കപ്പെടുന്ന ദിവസങ്ങളാണ് ദുഃഖവെള്ളിയും ഉയര്‍പ്പു ഞായറും. ഈ ദിവസങ്ങള്‍ ആചരിക്കാന്‍ വിശ്വാസികള്‍ കൂട്ടത്തോടെ പോയിരുന്നതു ദേവാലയങ്ങളിലായിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം പൂട്ടപ്പെട്ടിരിക്കുന്നു. ഇതു സംഭവിച്ചത് ദൈവഹിതപ്രകാരമായിരിക്കാം. അത്രമാത്രം നമ്മള്‍ ദൈവത്തെ അപകീര്‍ത്തിപ്പെടുത്തി. കാപട്യത്തോടെ നടത്തിയിരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ദൈവം പ്രസാദിച്ചില്ല. ധനലാഭമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടു ദൈവം അവരില്‍ നിന്ന് മുഖം തിരിച്ചു. ഇവിടെയാണ് യേശു ശമരിയാക്കാരിയോടു പറഞ്ഞ ആരാധനയെക്കുറിച്ചു നാം ചിന്തിക്കേണ്ടത്. “യേശു പറഞ്ഞു: സ്ത്രീയേ എന്നെ വിശ്വിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. …..എന്നാല്‍ യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ തന്നെയാണ് (യോഹ. 4: 21-23). ഈ വചനം ഇപ്പോള്‍ അര്‍ത്ഥവത്തായിരിക്കുന്നു. ഇന്നു നമ്മള്‍ അവരവരുടെ ഭവനങ്ങളില്‍ മാത്രമായി ദൈവത്തെ ആരാധിക്കുന്നു. അതാണ് യഥാര്‍ത്ഥ പ്രാർത്ഥന. അതായത് ഒരു വ്യക്തിയുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന ദൈവിക ചിന്തയുടെ മുറവിളിയാണ് പ്രാര്‍ത്ഥന. വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ദൈവസന്നിധിയിലേക്ക് ഹൃദയം തുറന്നുള്ള പ്രാര്‍ത്ഥനയായിരിക്കണം ഓരോ വ്യക്തിയും സായുക്തമാക്കേണ്ടത്. ഇതിന് മണികിലുക്കമോ കുന്തിരിക്കം പുകയ്ക്കലോ ആവശ്യമില്ല. ഒരു കാര്‍മികന്റേയും ആവശ്യമില്ലാതെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു കഴിയുമെന്ന് ഈ അവസരം ദൈവം നമുക്ക് ബോധ്യപ്പെടുത്തിതരുന്നു. എന്തിനേറെ പറയുന്നു, വൈറസ് ബാധയെത്തുടര്‍ന്ന് ഓരോ ദിവസവും മരണമടയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതുകൊണ്ട് സംസ്കരിക്കാന്‍ പോലും സ്ഥലമില്ലാതെ കൂട്ടത്തോടെ കുഴിച്ചിടുന്നു. ഈ കുഴികളില്‍ ജാതിയും മതവും കൂടാതെ, ഒരു മതാനുഷ്ഠാനങ്ങളും കൂടാതെ ഒരേ കുഴിയില്‍ അടക്കപ്പെടുന്നു. പുനരുത്ഥാനത്തില്‍ ഇവരുടെ സ്ഥിതി എന്തായിരിക്കും?

ആകയാല്‍ ആചാരാനുഷ്ഠാനങ്ങളില്‍ കാര്‍മികന്‍ നടത്തുന്ന കര്‍മങ്ങളില്‍ ദൈവം പ്രസാദിക്കുന്നില്ലെന്നും വീട്ടിലിരുന്നു ഹൃദയം തുറന്നുള്ള പ്രാര്‍ത്ഥനയും ആരാധനയുമാണ് ദൈവസന്നിധിയില്‍ പ്രീതിജനകമായിരിക്കുകയുള്ളൂ എന്ന അവബോധം ഇപ്പോള്‍ ഓരോരുത്തരും മനസ്സിലാക്കിയിരിക്കുന്നു. പ്രവാചകരുടെ മനസ്സില്‍ ഉണ്ടായിരുന്ന മനുഷ്യ സ്നേഹത്തിന്റെ മഹനീയതയും അതിന്റെ സംസ്കാരവുമാണ് നിലനില്‍ക്കേണ്ടത്; ആചാരങ്ങളും അനുഷ്ഠാനങ്ങളുമല്ല. ആകയാല്‍ നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരുമായിരിക്കുവിന്‍. സർവോപരി നിങ്ങള്‍ക്കുള്ള ഗാഢമായ പരസ്പര സ്നേഹത്തോടെ സമൂഹ സേവനത്തിലൂടെ വൈറസ് ബാധയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നതോടൊപ്പം രോഗാവസ്ഥയില്‍ നിന്ന് സൗഖ്യം പ്രാപിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

Print Friendly, PDF & Email

Related posts

Leave a Comment