Flash News

‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍

May 17, 2020 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Gabriel-Awardsചിക്കാഗോ: മാധ്യമാധിഷ്ഠിത ലോകസുവിശേഷവത്ക്കരണത്തില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തുന്ന ‘ശാലോം വേള്‍ഡിന്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ഗബ്രിയേല്‍ അവാര്‍ഡ്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ മികവുകള്‍ക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷന്‍ ഓഫ് യു.എസ്.എ ആന്‍ഡ് കാനഡ’ സമ്മാനിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ പുരസ്ക്കാരമാണ് ‘ഗബ്രിയേല്‍ അവാര്‍ഡ്.’

ഇ.ഡബ്ല്യു.ടി.എന്‍, ദ കാത്തലിക് ടി.വി നെറ്റ്‌വര്‍ക്ക്, സാള്‍ട്ട് ആന്‍ഡ് ലൈറ്റ് ടി.വി എന്നിവ ഉള്‍പ്പെടെയുള്ള മുന്‍നിര ചാനലുകളില്‍നിന്നാണ് ‘ടി.വി സ്റ്റേഷന്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡിന് ശാലോം വേള്‍ഡ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ.ഡബ്ല്യു.ടി.എിനാണ് രണ്ടാം സ്ഥാനം.

ഇതോടൊപ്പം, ശാലോം വേള്‍ഡ് സംപ്രേഷണം ചെയ്യുന്ന ‘ജേര്‍ണല്‍’ സീരീസിലെ ‘മാര്‍ട്ടയേഴ്സ് ഷ്രെെന്‍’ എപ്പിസോഡും ഗബ്രിയേല്‍ അവാര്‍ഡിന് അര്‍ഹമായി. ലോകപ്രശസ്ത ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള പരമ്പരയാണ് ‘ജേര്‍ണല്‍.’ കൂടാതെ, മികച്ച ടെലിവിഷന്‍ ചാനല്‍ വെബ്‌സൈറ്റ് വിഭാഗത്തില്‍ ശാലോം വേള്‍ഡ് വെബ്‌സൈറ്റും, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രോഗ്രാം വിഭാഗത്തില്‍ ‘ലിറ്റില്‍ ഡഗ്ലിംങ്സും’ പ്രത്യേക പരാമര്‍ശം നേടി. പ്രവീണ്‍ സോണിച്ചനാണ് ശാലോം മീഡിയ കാനഡ നിര്‍മിച്ച ‘മാര്‍ട്ടയേഴ്സ് ഷ്രെെന്‍’, ‘ലിറ്റില്‍ ഡഗ്ലിംങ്സ്’ എന്നിവയുടെ പ്രൊഡ്യൂസര്‍.

സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ഏറ്റവും മികച്ച ചാനലായി ശാലോം വേള്‍ഡ് തിരഞ്ഞെടുക്കപ്പെട്ടത് വലിയ നേട്ടമാണ്. ആഗോളസഭയുടെ അഭിമാനമായി ശാലോം മാറിയ ഈ അവസരത്തില്‍ ഇതിനു പിന്നില്‍ സമര്‍പ്പണം നടത്തുന്ന വിദേശനാടുകളിലെ മലയാളികളെ വിശിഷ്യാ, ശാലോമിന്‍റെ സഹകാരികളെ ശാലോം മീഡിയയുടെ രക്ഷാധികാരികളായ ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, നോര്‍ത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് എന്നിവര്‍ അഭിനന്ദിച്ചു.

കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ല്‍ രൂപീകൃതമായ ‘കാത്തലിക് പ്രസ് അസോസിയേഷന്‍’, സഭയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗബ്രിയേല്‍ അവാര്‍ഡ്.’ ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്‍റെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ജോണ്‍ 23ാമന്‍ പാപ്പ എന്നിവരെ വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തിയ തിരുക്കര്‍മങ്ങള്‍ വത്തിക്കാനില്‍നിന്ന് തല്‍സമയം ലഭ്യമാക്കി 2014 ഏപ്രില്‍ 27നാണ് ‘ശാലോം വേള്‍ഡ്’ പിറവിയെടുത്തത്. അദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലും മാത്രം ലഭ്യമായിരുന ‘ശാലോം വേള്‍ഡ്’ ആറ് വര്‍ഷം കൊണ്ട് കൈവരിച്ചത് വലിയ നേട്ടങ്ങളാണ്. ഒരു ചാനലില്‍ നിന്ന് മൂന്ന് ചാനലുകളായി വളര്‍ന്നു എന്നതുതന്നെ ഇതില്‍ പ്രധാനം. നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങള്‍ക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145ല്‍‌പരം രാജ്യങ്ങളിലെ 1.5 ബില്യണ്‍ ജനങ്ങളിലേക്കാണ് ‘ശാലോം വേള്‍ഡ്’ എത്തുന്നത്.

പാനമ ആതിഥേയത്വം വഹിച്ച ‘ലോക യുവജനസംഗമം 2019’, അയര്‍ലന്‍ഡ് ആതിഥേയത്വം വഹിച്ച ‘ലോക കുടുംബസംഗമം 2018’ എന്നിവ ഉള്‍പ്പെടെ ആഗോളസഭയുടെ ഔദ്യോഗിക സംരംഭങ്ങളുടെ മീഡിയാ പാര്‍ട്ണറാകാനും ശാലോം വേള്‍ഡിന് അവസരം ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടെലിവിഷന്‍ ചാനലായ ശാലോം ടി.വിയെപ്പോലെ പരസ്യങ്ങളില്ലാതെ, എസ്.പി.എഫ് (ശാലോം പീസ് ഫെല്ലോഷിപ്പ്) അംഗങ്ങളുടെ വിശ്വാസത്തിലൂിയുള്ള സാമ്പത്തിക പിന്തുണയില്‍ മാത്രം ആശ്രയിച്ചാണ് ചാനലിന്‍റെ പ്രവര്‍ത്തനം.

ലോക് ഡൗണിനെ തുടര്‍ന്ന് പൊതുവായ ദിവ്യബലികള്‍ ലോകവ്യാപകമായി റദ്ദാക്കിയ സാഹചര്യത്തില്‍, ദിവ്യബലി അര്‍പ്പണത്തിന്‍റെ തത്സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാന്‍ നാലാമത് ഒരു ചാനല്‍ തുടങ്ങിയതും ശ്രദ്ധേയമായി. ഫീച്ചേര്‍ഡ് പ്രോഗ്രാമുകള്‍ക്കൊപ്പം വാര്‍ത്തകള്‍ സം‌പ്രേഷണം ചെയ്യുന്നതിന്‍റെ ആദ്യപടിയായി ‘SW NEWS’ (ശാലോം വേള്‍ഡ് ന്യൂസ്) ബുള്ളറ്റിനുകള്‍ക്കും തുടക്കം കുറിച്ചുകഴിഞ്ഞു. കൂടാതെ കുട്ടികള്‍ക്കു വേണ്ടിയുള്ള ചാനല്‍ SW PALS’ (ശാലോം വേള്‍ഡ് പാല്‍സ്) ആരംഭിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ ഡിജിറ്റല്‍ മീഡിയാ പ്ലയറുകളായ ആപ്പിള്‍ ടി.വി, ആമസോണ്‍ ഫയര്‍, റോക്കു, എച്ച് ബോക്സ് തുടങ്ങിയവയ്ക്കൊപ്പം ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്ലാ സ്മാര്‍ട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേള്‍ഡ് തികച്ചും സൗജന്യമായി ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.shalomworld.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top