കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി സം‌വദിക്കുന്നു

downloadന്യൂജേഴ്സി: കോവിഡ് 19ന്‍റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്നു. മെയ് 23 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 നായിരിക്കും ആശ്വാസ വചനവുമായി സൂം (Zoom) മീറ്റിംഗില്‍ മുഖ്യമന്ത്രി പങ്കുചേരുക.

കേരളത്തില്‍ വ്യാപകമായിരുന്ന കൊറോണ വൈറസിനെ തുരത്തി പായിക്കുന്നതില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരെ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന കോവിഡ് മുന്നണിപോരാളി എന്ന പേരിന് അര്‍ഹനായിരിക്കുകയാണ്. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന, യുനൈറ്റഡ് നേഷന്‍സ്, തുടങ്ങിയ സംഘടനകളുടെ പ്രശംസക്ക് പാത്രമായിരുന്നു. ഇതിനകം തന്നെ അദ്ദേഹം യുറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുള്ള വിവിധ മാധ്യമങ്ങളില്‍ പലവട്ടം പ്രധാന വാര്‍ത്താപുരുഷനുമായി മാറി. ദി ഗാര്‍ഡിയന്‍ പത്രം അദ്ദേഹത്തെ ‘കോവിഡിനെ തോല്‍പ്പിച്ച അന്തര്‍ദേശീയ ഹീറോ’ എന്നായിരുന്നു വിശേഷിപ്പിച്ചത്.

തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ലോകം മുഴുവനുമുള്ള മലയാളികളുമായി കോവിഡ് ദുരന്തത്തെക്കുറിച്ചും അവരുടെ ആവലാതികളെക്കുറിച്ചും നേരിട്ടറിയാന്‍ നിരന്തരം സൂം മീറ്റിംഗുകള്‍ വഴി സംവാദം നടത്താറുണ്ട്. എന്നാല്‍ കോവിഡ് ഏറ്റവും വ്യാപകമായ നോര്‍ത്ത്അമേരിക്കയിലെ മലയാളികളുമായി ആദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി സംവദിക്കാനൊരുങ്ങുത്. തികച്ചും ഔദ്യോഗികമായിട്ടാണ് അദ്ദേഹം നോര്‍ത്ത് അമേരിക്കയിലെ കക്ഷിഭേദമില്ലാതെ ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, അസോസിയേഷണ്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ് (എ.കെ.എം. ജി.) നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക( നൈന) ലോക കേരള സഭ, നോര്‍ക്ക ഹെല്‍പ് ഡെസ്ക് ഓഫ് അമേരിക്ക,നോര്‍ക്ക ഹെല്‍പ് ഡെസ്ക്ക് ഓഫ് കാനഡ തുടങ്ങിയ മലയാളി സംഘടനാ നേതാക്കളുമായി അഭിസംബോധന ചെയ്യുന്നത്.

വിവിധ സംഘടനകളില്‍ നിന്നായി ഏതാനും പേര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയം ലഭിക്കും. ലഭിക്കുന്ന ചോദ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി ആവര്‍ത്തന വിരസത ഒഴിവാക്കി ഏറെ പ്രസക്തിയുള്ളവ തെരഞ്ഞെടുക്കും. വിവിധ ദേശീയ സംഘടനകളുടെ നേതാക്കന്മാര്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്‍ഗണന നല്‍കും. സമയ പരിമിതി മൂലമാണ് ചോദ്യോത്തരവേളയില്‍ ചോദ്യങ്ങളുടെ എണ്ണം ചുരുക്കുന്നത്. എന്നിരുന്നാലും സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു. ചോദ്യങ്ങള്‍ അയക്കാനുള്ള സമയ പരിധി മെയ് 20 ബുധനാഴ്ച രാത്രി 8 മണിവരെയാണ്. ചോദ്യങ്ങള്‍ മീറ്റിംഗ് കോഓര്‍ഡിനേറ്റര്‍ സജിമോന്‍ ആന്‍റണിക്ക് അയക്കേണ്ടതാണ് ഇമെയില്‍: :sajimonantony1@yahoo.com

കോവിഡ് കാലത്തു അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്. മരണമടഞ്ഞ എല്ലാ കുടുബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണ് തന്‍റെ സര്‍ക്കാരെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ പ്രശ്ങ്ങളും ആവശ്യങ്ങളും അവരുടെ പ്രതിനിധികളില്‍ നിന്നു തന്നെ നേരിട്ടറിയാന്‍ താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് അമേരിക്കന്‍ മലയാളികളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്നേഹവും താല്പര്യവും കണക്കിലെടുത്ത് എല്ലാ മലയാളി സംഘടനാ നേതാക്കളും സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ. എം. അനിരുദ്ധന്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പള്ളില്‍ 845 553 5671, സജിമോന്‍ ആന്‍റണി 862 438 2361, ജെസി റിന്‍സി 773 775 4059.


Print Friendly, PDF & Email

Related News

Leave a Comment