ഉഗ്രരൂപത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നു

Cyclones-in-India-seasഭുവനേശ്വര്‍:  ഉഗ്രരൂപത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ  ചുഴലിക്കാറ്റായ ആംഫാന്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപംകൊള്ളും. ഇന്നലെ വൈകിട്ട് ഇവിടെ ശക്തമായ ന്യൂനമര്‍ദ്ദം സൃഷ്ടിക്കപ്പെട്ടിരുന്നു. രാവിലെ കൊടുങ്കാറ്റായി ഉടലെടുക്കുന്ന ചുഴലിക്കാറ്റ് വൈകിട്ടോടെയാണ് ചുഴലിക്കാറ്റായി മാറുക. നിലവിലെ നിരീക്ഷണത്തില്‍ നിന്നും ശക്തമായ ചുഴലിക്കാറ്റാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് വ്യക്തമായതായി ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കെ നാഗരത്‌ന പറഞ്ഞു.

ഒഡീഷയിലും വെസ്റ്റ് ബംഗാളിലും ചുഴലിക്കാറ്റ് ആഞ്ഞ് വീശുമെന്നാണ് കരുതുന്നത്. ഒഡീഷയിലെ മത്സ്യത്തൊഴിലാളികളോട് ആഴക്കടലിലേക്ക് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനകളായ എന്‍ഡിആര്‍എഫും ഒഡിആര്‍എഎഫും ചുഴലിക്കാറ്റിനെ ചെറുക്കാന്‍ സജ്ജമായി.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് ആംഫാന്‍ ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് തീവ്രമാവുകയും നാളെ രാവിലെയാകുമ്പോഴേയ്ക്കും അതിതീവ്ര ചുഴലിക്കാറ്റായി പരിണമിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആംഫാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷ സര്‍ക്കാര്‍ തയ്യാറായിക്കഴിഞ്ഞു. ഉദ്യോഗസ്ഥരുടെയും ജില്ലാ അധികൃതരുടെയും മീറ്റിങ് മുഖ്യമന്ത്രി വിളിച്ചുകൂട്ടി. എന്‍ഡിആര്‍എഫിനോടും അഗ്നിശമന സേനയോടും സജ്ജരായിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങള്‍ തയ്യാറാക്കണം, ചുഴലിക്കാറ്റിന് ശേഷം റോഡുകള്‍ വൃത്തിയാക്കാനുള്ള ആള്‍ക്കാരെ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ തീരത്ത് കൂടി സഞ്ചരിക്കുന്ന ശ്രമിക് തീവണ്ടികള്‍ മൂന്ന് നാല് ദിവസത്തേയ്ക്ക് റദ്ദാക്കണമെന്ന് ഒഡീഷ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആന്ധ്രാപ്രദേശിലേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്നാണ് കരുതുന്നത്. എങ്കിലും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരങ്ങളില്‍ ചെറിയ മഴ പെയ്‌തേക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment