കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വൈറസുകളെ ഉല്പാദിപ്പിക്കുകയില്ല

corona-dead-body-reutersകൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളില്‍ നിന്ന് വൈറസുകള്‍ സ്വയം ഉല്പാദിപ്പിക്കപ്പെടുകയില്ല എന്ന് പഠനം. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി പിടിപെട്ട് ദിനം‌പ്രതി ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും, അവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ പോലും ചിലര്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ വ്യാപകമാകുകയാണ്.

കോവിഡ്-19 എങ്ങനെയാണ് പടരുന്നതെന്നും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും സര്‍ക്കാരുകളും ആരോഗ്യവകുപ്പും ബോധവത്ക്കരണം നടത്തിയിട്ടും ഓരോ ദിനവും രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. അതേസമയം തന്നെ കൊവിഡ് രോഗം പടരുന്നതിനെ പറ്റി നിരവധി തെറ്റിദ്ധാരണകളും ആളുകളുടെയിടയിലുണ്ട്. അതിനാല്‍ രോഗികളോട് മാത്രമല്ല, രോഗം വന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങളോട് പോലും ജനങ്ങള്‍ക്ക് ഭയമാണ്. ഈ ഭയം മാറാന്‍ നമ്മള്‍ സ്‌കൂളില്‍ പഠിച്ച ബയോളജി പാഠങ്ങള്‍ ഒന്ന് മനനം ചെയ്താല്‍ മതി.

വൈറസുകള്‍ എപ്പോഴും കോശങ്ങളുടെ ആന്തരിക സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. ശേഷം കൂടുതല്‍ വൈറസുകളെ ഉണ്ടാക്കാനുള്ള ജൈവതന്‍മാത്രകളെ മാത്രം ഉല്‍പ്പാദിപ്പിക്കാന്‍ വൈറസ് കോശങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. അവസാനം ഈ കോശം പൊട്ടിത്തെറിച്ച് കൂടുതല്‍ വൈറസുകളെ പുറത്തുവിടുന്നു. ഈ വൈറസുകള്‍ സമീപകോശങ്ങളെ ബാധിക്കുന്നു.

വൈറസിന്റെ നിര്‍ദേശത്തിന് അനുസരിച്ച് കൂടുതല്‍ വൈറസുകളെ ഉല്‍പ്പാദിപ്പിക്കാന്‍ ആക്രമിക്കപ്പെട്ട കോശത്തിന് ഊര്‍ജം ആവശ്യമാണ്. ഈ ഊര്‍ജം അവയ്ക്ക് കിട്ടുന്നത് അഡിനോസിന് ട്രൈഫോസ്‌ഫേറ്റില്‍ (ATP) നിന്നാണ്. എടിപിയാണ് കോശങ്ങളുടെ ഊര്‍ജ സ്രോതസ്സ്. വൈറസ് ഉല്‍പ്പാദനത്തിന് എടിപി ആവശ്യമാണ്. എന്നാല്‍ ഒരു വ്യക്തി മരിക്കുന്നതോടെ കോശങ്ങള്‍ എടിപി ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തും.

കോശങ്ങളിലുള്ള മൈറ്റോകോണ്‍ട്രിയയിലാണ് എടിപി ഉല്‍പ്പാദനം നടക്കുന്നത്. എടിപി ഉല്‍പ്പാദനത്തിന് രണ്ട് അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. ഒന്ന് ഗ്ലൂക്കോസും ഫാറ്റും രണ്ട് ഓക്‌സിജന്‍. ദഹിച്ച ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നാണ് ഗ്ലൂക്കോസും ഫാറ്റും കിട്ടുന്നത്. ഓക്‌സിജനാകട്ടെ ശ്വാസകോശത്തില്‍ നിന്നും. കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് രക്തത്തിലുള്ള ഹീമോഗ്ലോബിനാണ്. ഒരാള്‍ മരിക്കുന്നതോടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലച്ച് ഓക്‌സിജന്‍ ലഭിക്കാത്ത സ്ഥിതി വരുന്നു. ഓക്‌സിജന്റെ കിട്ടാതെ വരുന്നതോടെ കോശങ്ങള്‍ എടിപി ഉല്‍പ്പാദനവും നിര്‍ത്തുന്നു. നേരത്തെ കോശങ്ങളില്‍ എത്തിച്ച ഓക്‌സിജനില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് കുറച്ച് സമയത്തേയ്ക്ക് മാത്രമേ കാണൂ.

അതിനാല്‍ ഇത്രയും കാര്യങ്ങളില്‍ നിന്ന് ഒന്ന് മനസ്സിലാക്കാം. മൃതദേഹങ്ങള്‍ക്ക് വൈറസുകളെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുകയില്ല.

ഇനി ഒരാള്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈറുകളുടെ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. മൃതദേഹത്തിലുള്ള ശരീര ദ്രവങ്ങളായ തുപ്പല്‍, കഫം, ശ്ലേഷ്മം, രക്തം എന്നിവയിലെല്ലാം വൈറസുകളുണ്ടാകും. അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രം മൃതദേഹം സംസ്‌കരിക്കണമെന്ന് പറയുന്നത്. മരിച്ചയാളുടെ മൃതദേഹം യാതൊരു താമസവും കൂടാതെ കത്തിച്ചുകളയണം. 1000 ഡിഗ്രി സെല്‍ഷ്യസില്‍ വേണം ദഹിപ്പിക്കല്‍ നടത്തേണ്ടത്. ഈ താപനിലയില്‍ വൈറസുകളെല്ലാം തീര്‍ച്ചയായും ചത്തുപോകും.

Print Friendly, PDF & Email

Related News

Leave a Comment