ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യയ്ക്ക് സുപ്രധാന പദവി ലഭിക്കുന്നു

whoഇന്ത്യ അടുത്തയാഴ്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവി നേടാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, കൊറോണ വിഷയത്തില്‍ ചൈനയ്ക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ലോകം നിരീക്ഷിക്കും. ഈ പകര്‍ച്ചവ്യാധിയെക്കുറിച്ച് ചൈന ലോകത്തെ ഇരുട്ടിലാക്കിയിട്ടുണ്ടെന്ന് പല രാജ്യങ്ങളും ആരോപിക്കുന്നു. ചൈനയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നു കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ ജപ്പാന് പകരമായിരിക്കും. ഈ ആഗോള ബോഡിയുടെ സൗത്ത്ഈസ്റ്റ് ഏഷ്യ ഗ്രൂപ്പ് ഈ പദവിക്ക് ഇന്ത്യയുടെ പേര് ഏകകണ്ഠമായി നിര്‍ദ്ദേശിച്ചു. എക്സിക്യൂട്ടീവ് ബോര്‍ഡിന്‍റെ അടുത്ത യോഗത്തില്‍ ഇന്ത്യ ഈ സ്ഥാനം ഏറ്റെടുക്കും.  ഈ യോഗത്തില്‍ ലോകാരോഗ്യ സംഘടനയുടെ 194 അംഗ രാജ്യങ്ങളും നിരീക്ഷകരും പങ്കെടുക്കും. കൊറോണ വിഷയത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ പിരിമുറുക്കം നടക്കുന്ന സമയത്താണ് ഇന്ത്യയ്ക്ക് ഈ പദവി ലഭിക്കാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ഇപ്പോള്‍ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും പടര്‍ന്നു കഴിഞ്ഞു. ലോകമെമ്പാടുമുള്ള 4.5 ദശലക്ഷം ആളുകള്‍ ഇതിന്‍റെ പിടിയിലമരുകയും ചെയ്തു. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. യുഎസ്, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് ശക്തമായി വാദിക്കുന്നു. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്നാണ് ഈ രാജ്യങ്ങളിലെ നേതാക്കള്‍ വ്യക്തമായി പറയുന്നത്. വൈറസ് എവിടെ നിന്നാണ് വന്നതെന്ന് അവര്‍ക്ക് അറിയണം. ചൈന ആദ്യം അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചിരുന്നോ, വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതായി ലോകത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ചൈന കാലതാമസം വരുത്തിയോ എന്ന വിവരങ്ങള്‍ക്കാണ് ചൈന ഉത്തരം നല്‍കേണ്ടത്.

കൊറോണ വൈറസ് സ്വാഭാവികമല്ലെന്നും ലബോറട്ടറിയില്‍ തയ്യാറാക്കിയതാണെന്നും അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആരോപിച്ചിരുന്നു. കൊറോണ കേസില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്. ഇത്തരുണത്തിലാണ് ലോകാരോഗ്യ സംഘടനയില്‍ പരിഷ്കരണം വേണമെന്ന് ഇന്ത്യ വാദിച്ചത്.

കൊറോണ കേസില്‍ ലോകാരോഗ്യ സംഘടനയുടെ പങ്കും സംശയത്തിന്റെ നിഴലിലാണ്. വൈറസിനെ നേരിട്ട രീതിയെ ചൈനയെ ലോകാരോഗ്യ സംഘടന പ്രശംസിച്ചുവെന്നും ആരോപിക്കപ്പെടുന്നുണ്ട്. അതേസമയം, ചൈന ഇതിനെക്കുറിച്ച് ഉയര്‍ന്നുവന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും അതിനെക്കുറിച്ച് ലോകത്തെ അറിയിക്കുകയും ചെയ്തില്ല. ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഡോ. ടെഡ്രോസ് അഡെനോം ചൈനയുടെ കുറ്റകൃത്യങ്ങള്‍ മറച്ചുവെച്ചു എന്ന ആരോപണം നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ രാജിയും ലോക രാജ്യങ്ങള്‍ തേടുന്നു.

അതേസമയം, യുഎസും ചൈനയും തമ്മിലുള്ള വാക്കുതര്‍ക്കവും വര്‍ദ്ധിച്ചു. ചൈന മനഃപ്പൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെച്ചതായി തെളിഞ്ഞാല്‍ അതിന്‍റെ അനന്തരഫലങ്ങള്‍ വഹിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ പ്ലേഗ് ലോകത്തെ ആക്രമിച്ചുവെന്നാണ് ട്രം‌പിന്റെ നിലപാട്. വുഹാനിലെ ഒരു ലാബില്‍ നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്നും ട്രം‌പ് പറയുന്നു.

എന്നാല്‍, എല്ലാ ആരോപണങ്ങളും ചൈന നിഷേധിച്ചു. ലോകാരോഗ്യ സംഘടനയുടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, ഈ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ അന്വേഷണം അംഗീകരിക്കില്ലെന്നും ചൈന പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയനുസരിച്ച്, പരിഹരിക്കപ്പെടാത്ത തര്‍ക്ക കേസുകള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ റഫര്‍ ചെയ്യാന്‍ കഴിയും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News