വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ജന്മശതവാര്‍ഷികം മെയ് 18 നു: ജോസ് മാളേയ്ക്കല്‍

Saint Pope John Paul II26 വര്‍ഷവും, 7 മാസവും കത്തോലിക്കാസഭയെ ധീരമായി നയിച്ച്, ആദ്യത്തെ മാര്‍പ്പാപ്പയായ വിശുദ്ധ പത്രോസും, ഒമ്പതാം പീയൂസ് മാര്‍പ്പാപ്പയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം സഭയെ നയിച്ച മാര്‍പ്പാപ്പ എന്ന ബഹുമതിനേടിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നൂറാം ജന്മ      വാര്‍ഷികം മെയ് 18 തിങ്കളാഴ്ച്ച അദ്ദേഹത്തിന്‍റെ മാതൃസഭയായ പോളീഷ് സഭക്കൊപ്പം ലോകമെങ്ങും ആഘോഷിക്കുകയാണ്.

ഇതോടനുബന്ധിച്ച് അന്നേദിവസം രാവിലെ ഏഴു മണിക്ക് വിശുദ്ധന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്ന സെ. പീറ്റേഴ്സ് ബസിലിക്കയിലെ ചാപ്പലില്‍ ഫ്രാന്‍സിസ് പാപ്പ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. വത്തിക്കാന്‍ മീഡിയയുടെ ലൈവ് സ്ട്രീമിംഗിലൂടെ ഇതു ലോകം മുഴുവന്‍ കാണാന്‍ സാധിക്കും. മെയ് 18 നു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. കോവിഡ് 19 നെ തുടര്‍ന്ന് രണ്ടുമാസമായി അടഞ്ഞുകിടക്കുന്ന ഇറ്റലിയിലെ ദേവാലയങ്ങള്‍ അന്നുമുതല്‍ വിശ്വാസികള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കും. മാര്‍ച്ച് 9 മുതല്‍ കൊറോണാ വൈറസ് ബാധയില്‍നിന്നും ലോകജനതയെ സംരക്ഷിക്കുന്നതിനായി പരിശുദ്ധ കന്യാമറിയത്തിന്‍റെ മാധ്യസ്തം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ സാന്‍റാ മാര്‍ത്താ ദേവാലയത്തില്‍ എല്ലാ ദിവസവും രാവിലെ 7 നു അര്‍പ്പിച്ചുകൊണ്ടിരുന്ന ദിവ്യബലിയുടെ ലൈവ് സ്ട്രീമിംഗ് അവസാനിക്കുന്ന ദിവസവും കൂടിയാണു മെയ് 18.

പോളണ്ടിലെ മാതൃസഭ വിശുദ്ധന്‍റെ ജډശതവാര്‍ഷികം കൊറോണാ വൈറസ് വ്യാപനത്തിന്‍റെ പശ്ച്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ കൂടി വിപുലമായി ആഘോഷിക്കുന്നു. പോളീഷ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് സ്തനിസ്ലാവോസ് ഗഡെക്കിയുടെ ആഹ്വാനപ്രകാരം ജനങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ #ThankYouJohnPaulII  എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിശുദ്ധന്‍റെ ജീവിതമാതൃകയും, മാര്‍പാപ്പയായി അദേഹം ലോകത്തിനു നല്കിയ സംഭാവനകളും സ്മരിച്ചുകൊണ്ടുള്ള ലഘു വീഡിയോകളും, ഫോട്ടോകളും, നന്ദിപ്രകടനങ്ങളും പങ്കിടുന്നു. ലോക യുവതയെ വിശ്വാസത്തില്‍ നയിച്ച തങ്ങളുടെ ആരാധ്യപുരുഷന്‍റെ ജډവാര്‍ഷികത്തില്‍ യുവജനങ്ങളെ കൂടൂതലായി പങ്കെടുപ്പിക്കുക എന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ ഒരു ലക്ഷ്യമാണ്.

Pope Francis praying at JP II's tomb in Vatican1920 മെയ് 18 നു ക്രാക്കോവില്‍നിന്നും 35 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വാഡോവിക്കില്‍ ജനിച്ച കരോള്‍ ജോസഫ് വോജ്റ്റെയ്ലാ ഒമ്പതാം വയസില്‍ അമ്മ മരിച്ചതോടെ പിതാവിന്‍റെ സംരക്ഷണത്തില്‍ 21 വയസ് വരെ വളര്‍ന്നു. 21ാമത്തെ വയസില്‍ പിതാവൂം ഏകസഹോദരനും മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥത്വത്തില്‍ വളര്‍ന്ന യുവാവ് നാസി ഭരണത്തിന്‍ കീഴില്‍ കരിങ്കല്‍ ഖനിയിലും, കെമിക്കല്‍ ഫാക്ടറിയിലും വെറും സാധാരണ തൊഴിലാളിയായി ജോലിചെയ്ത് കഷ്ടപ്പാടിലൂടെ ജീവിതം തള്ളി നീക്കി.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ തന്‍റെ ജീവിതാഭിലാഷമായിരുന്ന വൈദിക പഠനം പൂര്‍ത്തിയാക്കി 1946 ല്‍ വൈദികനായി അഭിഷിക്തനായി. 1958 ജുലൈ 4 നു പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ സഹായ മെത്രാനായി നിയമിച്ചു. അന്നു പ്രായം 38. തുടര്‍ന്ന് അദ്ദേഹം ക്രാക്കോവിന്‍റെ ആര്‍ച്ചുബിഷപ്പും പിന്നീട് 1967 ല്‍ കര്‍ദ്ദിനാളുമായി. കമ്മ്യൂണിസ്റ്റ് തത്വസംഹിതകള്‍ പുലര്‍ത്തിയിരുന്ന കിഴക്കന്‍ യൂറോപ്പില്‍ ഒരു കത്തോലിക്കാ ബിഷപ്പും, കര്‍ദ്ദിനാളുമൊക്കെയായി സേവനം ചെയ്യുന്നതിനു അദ്ദേഹത്തിനു ഭരണാധികാരികളില്‍നിന്നും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. അതെല്ലാം സധൈര്യം നേരിട്ടുകൊണ്ട് അദ്ദേഹം സഭയുടെ വസന്തത്തിനു തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പ്രധാന പങ്കുവഹിച്ചു.

തന്‍റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ 34 ദിവസത്തെ ഭരണത്തെ തുടര്‍ന്ന് 1978 ല്‍ കാലം ചെയ്തപ്പോള്‍ 132 വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മാര്‍പാപ്പയായി 58ാമത്തെ വയസില്‍ കര്‍ദ്ദിനാള്‍ വോജ്റ്റെയ്ല ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന നാമം സ്വീകരിച്ചുകൊണ്ട് 264ാമത്തെ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

St. John Paul IIആയിരത്തിതൊള്ളായിരത്തി എഴുപതുകളിലും, എണ്‍പതുകളിലും ഏഷ്യയിലെയോ ആഫ്രിക്കയിലെയോ ഒരു ചെറിയ ഗ്രാമത്തില്‍ വസിച്ചിരുന്ന സാധാരണ കത്തോലിക്കാവിശ്വാസിക്ക് ആഗോളകത്തോലിക്കാസഭയുടെ തലവനായ മാര്‍പ്പാപ്പയെ നേരില്‍ കണ്ട് അനുഗ്രഹാശിസുകള്‍ വാങ്ങാമെന്ന് ഒരിക്കലും സ്വപ്നംകാണാന്‍കൂടി സാധിക്കുമായിരുന്നില്ല. വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയുടെ അധികാരസീമ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നതാണെങ്കിലും റോമിനു പുറത്തുപോകാത്ത മാര്‍പാപ്പമാര്‍ ധാരാളമുണ്ടായിരുന്ന അക്കാലത്ത് ഇറ്റലിക്കുവെളിയില്‍ യൂറോപ്പുവിട്ട് മാര്‍പ്പാപ്പമാര്‍ അധികം ഇടയസന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നില്ല. റോമില്‍ സന്ദര്‍ശനത്തിനോ ഉപരിപഠനത്തിനോ പോകുന്ന വൈദികര്‍, സന്യസ്തര്‍, വൈദികമേലദ്ധ്യക്ഷന്മാര്‍ എന്നിവരൊഴികെ സാധാരണ അല്‍മായനു ഒരു മാര്‍പ്പാപ്പയെ മുഖാമുഖം കാണാന്‍ സാധിക്കുക ആ കാലഘട്ടത്തില്‍ അത്ര എളുപ്പമായിരുന്നില്ല. ഇന്നത്തെപ്പോലെ ഏഴാംകടലിനക്കെരെക്കുള്ള വിമാനയാത്രാസൗകര്യങ്ങളും, ഹോളിലാന്‍ഡ്, വത്തിക്കാന്‍ തീര്‍ത്ഥാടനങ്ങളും, പ്രവാസികുടിയേറ്റവും വിരളമായിരുന്ന ഒരു കാലഘട്ടത്തില്‍ വിവിധ രാജ്യങ്ങളിലെ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന സാധാരണവിശ്വാസിക്ക് പത്രോസിന്‍റെ സിംഹാസനാരൂഡനായ വലിയഇടയനെ നേരില്‍ ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുക അസാധ്യമാണെന്നു സ്വയം മനസിലാക്കിയതു കൊണ്ടായിരിക്കാം തന്‍റെ പേപ്പസിയില്‍ 104 ലോക പര്യടനത്തിലൂടെ 129 രാഷ്ട്രങ്ങളും 700,000 മൈലുകളും താണ്ടി വിശ്വതീര്‍ത്ഥാടകനായിമാറിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഭൂഗോളത്തിന്‍റെ എല്ലാകോണുകളിലും എത്തി തന്‍റെ അനുഗ്രഹവര്‍ഷം സാധാരണക്കാരില്‍ ചൊരിഞ്ഞത്.

അമേരിക്കയിലെത്തുന്നതിനുമുന്‍പ് എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ കേരളത്തിന്‍റെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തില്‍ കുടുംബസമേതം താമസിച്ചു ജോലിചെയ്തിരുന്ന ഈ ലേഖകനു പത്രോസിന്‍റെ 264ാമത്തെ പിന്‍ഗാമിയെ തൊട്ടടുത്ത് കാണുന്നതിനും, ഭക്തിപാരവശ്യത്താല്‍ കൈകള്‍കൂപ്പി അനുഗ്രഹം സ്വീകരിക്കുന്നതിനും ലഭിച്ച അപൂര്‍വഭാഗ്യം ഒരിക്കലും മറക്കാവുന്നതല്ല.

1986 ഫെബ്രുവരി 8 ശനിയാഴ്ച്ച ഭാരതസഭയുടെ പ്രഥമവിശുദ്ധയായ അല്‍ഫോന്‍സാമ്മയെയും, സമര്‍പ്പിതജീവിതത്തിലൂടെ ധന്യത കൈവരിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ കോട്ടയം നാഗമ്പടം മൈതാനിയില്‍ ഒരുക്കിയ വിശേഷാല്‍ ബലിവേദിയിലേക്കണഞ്ഞ അവസരത്തിലായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ നേരില്‍ കാണുന്നതിനും, തിരുക്കര്‍മ്മങ്ങളില്‍ ആദ്യന്തം പങ്കെടുക്കുന്നതിനും ഈയുള്ളവനു ഭാഗ്യം കൈവന്നത്.

അന്നേദിവസം രാവിലെ കോട്ടയം മെഡിക്കല്‍ കോളജ്ഗ്രൗണ്ടില്‍ വിശേഷാല്‍ ഹെലിക്കോപ്റ്ററിലെത്തി ബുള്ളറ്റ്പ്രൂഫ് പാപ്പാമൊബീലില്‍ ഉപവിഷ്ടനായി ഗാന്ധിനഗര്‍ മുതല്‍ നാഗമ്പടം മൈതാനംവരെ എം. സി. റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനസമുദ്രങ്ങളെ നിറപുഞ്ചിരിയോടെ കൈവീശി അനുഗ്രഹിച്ചുകടന്നുപോയ വിശുദ്ധതീര്‍ത്ഥാടകനെ ആര്‍ക്കും ഒരിക്കലും മറക്കാവതല്ല.

തലേദിവസം മുതല്‍ തന്നെ ദൂരെനിന്നുമുള്ള ആള്‍ക്കാര്‍ ആയിരം കാതം അകലെയുള്ള വത്തിക്കാന്‍ കൊട്ടാരത്തില്‍നിന്നും എത്തുന്ന അതിവിശിഷ്ട അതിഥിയെ ഒരുനോക്കുകാണാന്‍ കോട്ടയത്തും പരിസരങ്ങളിലുമുള്ള ബന്ധുവീടുകളിലും ഹോട്ടലുകളിലുമായി തമ്പടിച്ചിരുന്നു. ڇഎല്ലാ റോഡുകളും കോട്ടയത്തിന്ڈ എന്നുള്ള സ്ഥിതിയായിരുന്നു എട്ടാം തിയതിയുടെ പ്രഭാതം കാഴ്ച്ചവച്ചത്. കോട്ടയം പട്ടണത്തില്‍ തന്നെ താമസിച്ചിരുന്ന ലേഖകന്‍ ഇന്ന് സ്വര്‍ഗത്തിലിരുന്ന് എല്ലാം കാണുന്ന തന്‍റെ അമ്മയോടൊപ്പമായിരുന്നു ആ യുഗപ്രഭാവനെ വണങ്ങി അനുഗ്രഹം വാങ്ങാനെത്തിയത്. സര്‍വത്ര റോഡുകളില്‍ക്കൂടിയും ഇടവഴികളില്‍ക്കൂടിയും ജനങ്ങള്‍ പാപ്പാവേദിയെ ലക്ഷ്യമാക്കി ഒഴുകുകയായിരുന്നു. കോട്ടയം പട്ടണം നാളിതുവരെ കണ്ടിട്ടില്ലാത്തത്ര ആള്‍ക്കൂട്ടം.

ജനസമുദ്രത്തിലൊരാളായിക്കൂടിയ ലേഖകന് സൂര്യതേജസോടെ തിളങ്ങിയ ആ തിരുമുഖം തൊട്ടടുത്ത് കാണുന്നതിനും, വണങ്ങുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും സാധിച്ചു. ആ സ്വര്‍ഗീയാനുഭൂതി 34 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും ഒളിമങ്ങാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നാഗമ്പടം മൈതാനത്ത് മാസങ്ങളെടുത്തു പടുത്തുയര്‍ത്തിയ പാപ്പാവേദിയാണു പിന്നീട് ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന്‍റെ കവാടമായി പ്രതിഷ്ടിച്ചിരിക്കുന്നത്.

ക്രിസ്തുശിഷ്യനായ വിശുദ്ധ തോമ്മാശ്ലീഹായുടെ പൂജ്യപാദസ്പര്‍ശമേറ്റു പവിത്രമായ മലയാളമണ്ണിലേക്ക് വിശുദ്ധ പത്രോസിന്‍റെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഒരു മാര്‍പ്പാപ്പ ആദ്യമായി കടന്നുവന്ന ദിനങ്ങള്‍ കേരളീയര്‍ ഒരിക്കലും മറക്കാനിടയില്ല. കേരളം ആധ്യാത്മികചൈതന്യത്താല്‍ ത്രസിച്ചുനിന്ന രണ്ടു ദിവസങ്ങള്‍ ഫെബ്രുവരി ഏഴും എട്ടും. ആ ദിവസങ്ങളിലാണ് കേരളം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും. കൊച്ചിയിലും തൃശൂരിലും കോട്ടയത്തും തിരുവനന്തപുരത്തും ജനസമുദ്രങ്ങളാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വണങ്ങാനെത്തിയത്. (1964 ല്‍ ബോംബെയില്‍നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഭാരതമണ്ണില്‍ കാലുകുത്തിയ ആദ്യത്തെ മാര്‍പ്പാപ്പ വിശുദ്ധ പോള്‍ ആറാമനായിരുന്നുവെങ്കിലും അദ്ദേഹം കേരളത്തില്‍ വന്നിരുന്നില്ല).

കേരളവുമായി വ്യക്തിപരമായ ആത്മബന്ധം പുലര്‍ത്തിയിരുന്ന മാര്‍പാപ്പയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. 1986-ലെ കേരള സന്ദര്‍ശനത്തെപ്പറ്റി ഒളിമങ്ങാത്ത ഓര്‍മ്മകളുണ്ടായിരുന്നു ആ മനസില്‍ മരണംവരെയും. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍നിന്നും ലഭിച്ച സ്നേഹോഷ്മള സ്വീകരണവും നാടിന്‍റെ സൗന്ദര്യവുമൊക്കെ അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ടാകാം. അതിനുമപ്പുറം കേരളത്തിലെ സഭാമക്കള്‍ പുലര്‍ത്തിവന്ന ദൃഢമായ വിശ്വാസപാരമ്പര്യം പൗരസ്ത്യസഭകളോട് പ്രത്യേകിച്ചൊരു മമതയുണ്ടായിരുന്ന പാപ്പായുടെ മനസില്‍ സവിശേഷമായ ശ്രദ്ധയ്ക്കിടനല്‍കിയിട്ടുണ്ട്.

തന്നെ സന്ദര്‍ശിക്കാനെത്തുന്ന ഇന്ത്യാക്കാരോട് നിങ്ങള്‍ കേരളത്തില്‍ നിന്നാണോയെന്ന് മിക്കപ്പോഴും പാപ്പാ ചോദിക്കുമായിരുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് ദിവംഗതനായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവു പറഞ്ഞു കേട്ടിട്ടുണ്ട്. കേരളത്തില്‍നിന്ന് ഇത്രയേറെ ദൈവവിളികളുണ്ടാകാനുള്ള കാരണമെന്താണ് എന്ന് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാര്‍പാപ്പയുമായി ആദ് ലിമിന കൂടിക്കാഴ്ച്ചക്ക് കേരളത്തില്‍നിന്നുമെത്തുന്ന മെത്രാന്മാരോട് പരിശുദ്ധപിതാവ് പലതവണ ചോദിച്ചിട്ടുണ്ട്. ലോകത്തില്‍ത്തന്നെ ഏറ്റവുമധികം ദൈവവിളികളുണ്ടാകുന്നത് കേരളത്തില്‍ നിന്നാണെന്നതില്‍ പരിശുദ്ധ പിതാവിന് ആഹ്ലാദവും അത്ഭുതവുമുണ്ടായിരുന്നു.

സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ക്ക് വലിയ കടപ്പാടാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ളത്. ഈ പൗരസ്ത്യകത്തോലിക്കാ സഭകള്‍ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി നല്‍കി സഭയുടെ വളര്‍ച്ചാ പാതയില്‍ വഴികാട്ടാന്‍ പാപ്പാ തികഞ്ഞ ഔല്‍സുക്യം കാണിച്ചിട്ടുണ്ട്. കേരളത്തിനു വെളിയിലുള്ള കല്യാണ്‍ ഉള്‍പ്പെടെയുള്ള സീറോമലബാര്‍ രൂപതകള്‍, ഭാരതത്തിനു വെളിയിലുള്ള ആദ്യത്തെ സീറോമലബാര്‍ രൂപതയായ ചിക്കാഗോ രൂപത, ബത്തേരി, മാര്‍ത്താണ്ഡം എന്നീ സീറോമലങ്കര രൂപതകള്‍ എന്നിവയ്ക്കു രൂപം നല്‍കിയതുള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങള്‍ സീറോ മലബാര്‍, സീറോമലങ്കര സഭകള്‍ക്കു ചെയ്തിട്ടുണ്ട്. ഇതൊക്കെ സഭാമക്കള്‍ കൃതജ്ഞതാ പൂര്‍വം അനുസ്മരിക്കുന്നു.

വിശുദ്ധ പത്രോസിന്‍റെ സിംഹാസനം അലങ്കരിച്ചിരുന്ന ജോണ്‍പോള്‍ പാപ്പാ തമാശ പറയാനും ആസ്വദിക്കാനും തക്കവിധം ഹൃദയവിശാലതയുള്ള ആളായിരുന്നു. ദിവംഗതനായ മുന്‍ സീറോമലബാര്‍ കര്‍ദ്ദിനാള്‍ അഭിവന്ദ്യ ആന്‍റണി പടിയറപ്പിതാവിന്‍റെ ഒരു തമാശകേട്ട് പരിശുദ്ധ പിതാവ് ചിരിച്ചു കുഴഞ്ഞ സംഭവം എവിടെയോ വായിച്ചിട്ടുണ്ട്. വേദപാഠക്ലാസില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോടു ചോദിച്ചു: പൂച്ചയുടെ വാല്‍ ആരെങ്കിലും മുറിച്ചുകളഞ്ഞാല്‍ ഏതു ദൈവപ്രമാണത്തിന്‍റെ ലംഘനമാകും? കുട്ടികള്‍ കുഴങ്ങി. പക്ഷേ ഒരാള്‍ക്കു മാത്രം ഉത്തരമുണ്ടായിരുന്നു: “വിശ്വാസവുമായി ബന്ധപ്പെട്ട പ്രമാണത്തിന്‍റെ ലംഘനം” “അതെന്തുകൊണ്ട്? “ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെയെന്ന് കര്‍ത്താവ് പറഞ്ഞിട്ടുള്ളതുകൊണ്ട്.” ഈ കഥകേട്ട് പരിശുദ്ധ പിതാവ് ചിരിച്ച ചിരിക്ക് കണക്കില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Jose Maleckal
ജോസ് മാളേയ്ക്കല്‍

പോളണ്ടിലെ പരുപരുത്ത കരിങ്കല്‍ ക്വാറികളില്‍നിന്ന് വത്തിക്കാന്‍ കൊട്ടാരത്തിലെ പത്രോസിന്‍റെ സിംഹാസനംവരെ ദൈവസ്നേഹത്തിലും പരിപാലനയിലും വളര്‍ന്ന പരിശുദ്ധ പിതാവിന് കന്യകാമറിയത്തോടുള്ള ഭക്തി പ്രസിദ്ധമാണ്. തന്‍റെ ജീവിതത്തിന്‍റെ ഓരോ നിമിഷവും കന്യകാമാതാവ് ഒപ്പമുണ്ടെന്ന് വിശ്വസിച്ചിരുന്ന പാപ്പാ 1981 മെയ് 13 നു അലി അഗ്കാ തന്‍റെ നേരെ ഉതിര്‍ത്ത വെടിയുണ്ട ഹൃദയവും കരളും ഉള്‍പ്പെടെ സുപ്രധാന ആന്തരാവയവങ്ങള്‍ക്കൊന്നും ഹാനി വരുത്താതെ അതിസൂക്ഷ്മമായി ഗതി തിരിച്ചുവിട്ടത് പരിശുദ്ധ ജനനിയാണെന്ന് കരുതുന്നു. നദിസൂചകമായി അദ്ദേഹം പിറ്റേവര്‍ഷം ഫാത്തിമാ മാതാവിന്‍റെ തിരുനാള്‍ദിനമായ മെയ് 13 നു പോര്‍ച്ചുഗലിലെ ഫാത്തിമായിലെത്തി മാതൃസമര്‍പ്പണം നടത്തി.

തന്‍റെ മുന്‍ഗാമികളുമായി ജോണ്‍ പോള്‍ പാപ്പയെ താരതമ്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്‍റെ ഇടയനെടുത്ത സ്നേഹവും, ദീപ്തമായ വിശ്വാഭിമുഖ്യവുമാണ്. റോമിനു പുറത്തുപോകാത്ത മാര്‍പാപ്പമാര്‍ വാണിരുന്ന കാലഘട്ടത്തില്‍ വിശ്വാസിസമൂഹങ്ങളെയും രാജ്യങ്ങളെയും അങ്ങോട്ടുചെന്നു പരിചയപ്പെടുന്നതില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വളരെ മുന്നിലായിരുന്നു. വിനയവും, ഉരുക്കിന്‍റെ കഠിനതയാര്‍ന്ന മനക്കരുത്തും സ്വന്തമായുള്ള പാപ്പാ തന്‍റെ അജഗണങ്ങളെ സ്നേഹവാല്‍സല്യങ്ങളാല്‍ കീഴടക്കി “വിശ്വസഞ്ചാരിയായ മാര്‍പാപ്പ (globe-trotting pope)” എന്ന അപരനാമം സ്വന്തമാക്കി. മറ്റുള്ളവരെ ആദരിക്കുന്നതില്‍ അദ്ദേഹം ഒരിക്കലും പിശുക്കു കാണിച്ചിരുന്നില്ല.

ആദ്യമായി കരുണയുടെ തിരുനാളിനു തുടക്കംകുറിച്ച് മൂന്നുപതിറ്റാണ്ടോളം സഭാനൗകയെ കാറ്റിലും, കോളിലും മുങ്ങാതെ മൂന്നാം സഹസ്രാബ്ദത്തിലേക്കു നയിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെയും, സഭയുടെ നവീകരണത്തിനു തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ രാജശില്‍പിയായ ജോണ്‍ 23ാമന്‍ മാര്‍പ്പാപ്പയെയും ചരിത്രത്തില്‍ അത്യപൂര്‍വമായ രീതിയില്‍ രണ്ടു മാര്‍പ്പാപ്പമാര്‍ ചേര്‍ന്ന് വിശുദ്ധപദവിയിലേക്കുയര്‍ത്തി. തന്‍റെ ഭരണകാലത്ത് ഏറ്റവും കൂടുതല്‍ വിശുദ്ധരെയും (482), വാഴ്ത്തപ്പെട്ടവരെയും (1327) നാമകരണംചെയ്ത് റെക്കോര്‍ഡിനുടമയായ ജോണ്‍ പോള്‍ പാപ്പ റെക്കോര്‍ഡ് വേഗത്തിലാണു വിശുദ്ധഗണനിരയില്‍ പേര്‍ചേര്‍ക്കപ്പെട്ടത്.

സ്കൂള്‍ കുട്ടിയായിരുന്ന കാലത്ത് ഈ ലേഖകനുള്‍പ്പെടെ പലരും സംശയിച്ചിട്ടുണ്ട് വിശുദ്ധരായവര്‍ യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ മറ്റുമനുഷ്യരോടൊപ്പം സാധാരണജീവിതം നയിച്ചു കടന്നുപോയവരാണോ എന്ന്. സഹനത്തിന്‍റെ റോസാപുഷ്പമായിരുന്ന വി. അല്‍ഫോന്‍സാമ്മയും, ലോകം മുഴുവന്‍ ചുറ്റി എല്ലാവര്‍ക്കും തന്‍റെ ശ്ലൈഹികാശീര്‍വാദം നല്‍കിയ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും, അശരണര്‍ക്കും തെരുവിലുപേക്ഷിക്കപ്പെട്ട അനാഥകുട്ടികള്‍ക്കും യേശുവിന്‍റെ കാരുണ്യത്തിന്‍റെ ദിവ്യപ്രഭചൊരിഞ്ഞ വി. മദര്‍ തെരേസായും എല്ലാം ഈ ഭൂമിയില്‍ സാധാരണക്കാരെപ്പോലെ സഹജീവികള്‍ക്കു നډചെയ്തും, സ്നേഹത്തിലൂടെയും, സഹനത്തിലൂടെയും, ത്യാഗത്തിലൂടെയും, എളിമയുടെ മൂര്‍ത്തീഭാവങ്ങളായി ദൈവത്തിനിഷ്ടപ്പെട്ടവരായി ജീവിതം നയിച്ചവരാണ്.
2005 ഏപ്രില്‍ 2 നു ദിവംഗതനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ശവസംസ്കാരച്ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിച്ച ലക്ഷക്കണക്കായ വിശ്വാസികളുരുവിട്ട ‘സാന്‍റോ സുബിതോ’ (അവനെ വിശുദ്ധനാക്കുക) എന്ന മുറവിളി അന്വര്‍ത്ഥമാക്കി ദിവംഗതനായി 10 വര്‍ഷം തികയുന്നതിനുമുന്‍പ് ഫാസ്റ്റ് ട്രാക്കിലൂടെ വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സഭയുടെ ആത്മീയവസന്തത്തിനു തുടക്കം കുറിച്ച വ്യക്തിയാണ്. യുവജനങ്ങള്‍ ഉള്‍പ്പെടെ ഇന്നു ജീവിച്ചിരിക്കുന്ന നല്ല ശതമാനം ആള്‍ക്കാരും ലോകസഞ്ചാരിയെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ തൊട്ടടുത്ത് കണ്ടിട്ടുണ്ടാവും. വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങളിലൂടെ യുവത്വത്തിന്‍റെ ഹരമായി മാറിയ വി. ജോണ്‍ പോള്‍ പാപ്പായെ നെഞ്ചോടുചേര്‍ത്തുകൊണ്ടു നടക്കാത്ത യുവാക്കള്‍ കുറവായിരിക്കും.

ഡിവൈന്‍ മേഴ്സി ഞായര്‍, വേള്‍ഡ് യൂത്ത് ഡേ, മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിങ്ങ് ഓഫ് ഫാമിലീസ്, വേള്‍ഡ് ഡേ ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് – ഫെബ്രുവരി 2, ഫെബ്രുവരി 11 നു ദി വേള്‍ഡ് ഡേ ഓഫ് ദി സിക്ക്, തിയോളജി ഓഫ് ദി ബോഡി ശരീരത്തിന്‍റെ ദൈവശാസ്ത്രം, ഈയര്‍ ഓഫ് ദി റോസറി, പ്രകാശത്തിന്‍റെ ജപമാല രഹസ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ സംഭാവനകളാണു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment