ദുരിതപ്പലായനങ്ങള്‍ തുടര്‍ചരിത്രമാവുന്നു; ജാഗ്രതയും ക്ഷമയും ഇനി ആയുധങ്ങളാക്കാം

durithapalayanangal bannerജീവിതത്തില്‍ പലായനം ചെയ്യാത്തവര്‍ വിരളമായിരിക്കും. അതേസമയം മനുഷ്യ ചരിത്രത്തിലുടനീളം സംഘര്‍ഷഭരിതവും സഹനം നിറഞ്ഞതുമായ പലായനത്തിന്റെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള ഇച്ഛാശക്തിയുടെ യാത്രയാണ് ഓരോ പലായനവും. നമ്മുടെ ജന്മഭൂമിയായ മലയാളക്കരയ്ക്കുള്ളിലും ഒരു മഹാപലായനത്തിന്റെ ചരിത്രമുറങ്ങുന്നുണ്ട്. അത് മധ്യകേരളത്തില്‍ നിന്ന് 1920നും മുമ്പേ മലബാറിലേക്കുള്ള പലായനമായിരുന്നു.

കോവിഡിന്റെ ഈ കടുത്ത വ്യാധിക്കാലത്തും രാജ്യം അനവധി പലായനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. അത് ഇതുവരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ്. അതിജീവനത്തിനുവേണ്ടിയുള്ള ആ യാത്രകള്‍ അത്യന്തം വേദനാജനകമാണ്. അന്യദേശത്തുനിന്ന് വീടണയാനുള്ള വെമ്പലില്‍ നിരവധി ജീവനുകളാണ് നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ദുരിത നടത്തത്തില്‍ പൊലിഞ്ഞത്.

james
ജെയിംസ് കൂടല്‍

ഇന്ത്യ ലോക്ക് ഡൗണ്‍ ആയ ശേഷം ഇതുവരെ ഉണ്ടായ അപകടങ്ങളില്‍ റോഡിലും റെയില്‍വേ ട്രാക്കിലുമൊക്കെയായി മരിച്ചു വീണത് 321 പേരാണ്. ഇതില്‍ 111 പേരും സ്വന്തം നാടുകളിലേക്ക് നടന്നു തളര്‍ന്നും ട്രക്കുകളിലും മറ്റും തിരുകിക്കയറി പോയ സാധാരണ തൊഴിലാളികളാണ്. മെയ് 8-ാം തീയതി മധ്യപ്രദേശിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്ത് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 16 കുടിയേറ്റത്തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ചു. പിറ്റെ ദിവസം മധ്യപ്രദേശിലെ നര്‍സിങ്പൂര്‍ ജില്ലയില്‍ അഞ്ച് തൊഴിലാളികള്‍ ട്രക്ക് മറിഞ്ഞ് മരിച്ചു. മെയ് 13ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബല്‍രാംപൂരിലേക്ക് പോയ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഇതേ ദിവസം തന്നെ മധ്യപ്രദേശിലെ ചിത്രകൂടില്‍ സൈക്കിള്‍ യാത്ര ചെയ്യുകയായിരുന്ന ഒരാളും ട്രക്കിടിച്ചു മരിച്ചു.

പഞ്ചാബില്‍ നിന്ന് ബീഹാറിലേക്ക് നടന്നു പോവുകയായിരുന്ന ആറ് കുടിയേറ്റ തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ദേശീയ പാതയില്‍ ബസ് പാഞ്ഞു കയറി മരിച്ചത് മെയ് 14നാണ്. മെയ് 15ന് ഉത്തര്‍പ്രദേശിലെ നാല് ജില്ലകളിലായി നടന്ന അപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. മെയ് 16ന് ഉത്തര്‍ പ്രദേശിലെ ഔരയ്യ ജില്ലയില്‍ 40 കുടിയേറ്റത്തൊഴിലാളികളും കുടുംബങ്ങളുമായി യാത്ര ചെയ്ത ട്രക്കില്‍ മറ്റൊരു ട്രക്കിടിച്ച് 26 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതേ ദിവസം മധ്യപ്രദേശില്‍ വീടുകളിലെത്താനുള്ള യാത്രയില്‍ ഉണ്ടായ വിവിധ റോഡപകടങ്ങളില്‍ 10 കുടിയേറ്റത്തൊഴിലാളികളും മരിച്ചു.

ഇത്തരത്തിലുള്ള മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട് കൈയില്‍ പണമില്ലാതെ വിശന്നു വലഞ്ഞ് എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്താനുള്ള നെട്ടോട്ടത്തിലാണ് പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികള്‍ വഴി മദ്ധ്യേ മരിച്ചു വീഴുന്നത്. തികച്ചും അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തകളാണ് ദിനം പ്രതി നാം കേള്‍ക്കുന്നത്. ഇങ്ങനെ അനിശ്ചിതത്വത്തിലേക്കുള്ള പലായനങ്ങള്‍ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും വക വയ്ക്കാതെ ഊടുവഴികളിലൂടെയും മറ്റുമുള്ള യാത്രകള്‍ തുടരുകയാണ്. നിസ്സഹായരായ മനുഷ്യര്‍ നടന്നു നീങ്ങുന്ന വഴികളിലങ്ങനെ മായാത്ത് ചോരപ്പാടുകള്‍ വീഴുന്നു. ഇങ്ങനെയുള്ള യാത്രകളില്‍ വീടെത്തുന്നവരുടെയെണ്ണം തീര്‍ത്തും കുറവാണെന്നുള്ളതും ഖേദകരമാണ്.

ലോകചരിത്രത്തില്‍ എണ്ണമറ്റ പലായനങ്ങളുടെ ഏടുകള്‍ കാണാം. ആ യാത്രകളില്‍ പൊലിഞ്ഞു പോയ ജീവനുകളുടെ എണ്ണമെടുക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ്. എന്നാല്‍ സുരക്ഷിതമായ ജീവിതം തേടിയുള്ള പലായനങ്ങള്‍ക്ക് ഇന്നും അവസാനമില്ല. ഭൂമിയില്‍ മനുഷ്യരാശി ജീവനോടെ ഉള്ള കാലത്തോളം യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ലോകചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന് 1947 സാക്ഷ്യം വഹിക്കുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും ഇന്ത്യ-പാകിസ്ഥാന്‍ രൂപം കൊള്ളുകയും ചെയ്ത ചരിത്ര സന്ധിയില്‍ ഇരു രാജ്യത്തു നിന്നും അങ്ങോട്ടും ഇങ്ങോട്ടും ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. ഇന്ത്യയില്‍ നിന്ന് ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്കും അവിടെ നിന്നും ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്കും ഒഴുകുകയായിരുന്നു. ഈ മഹാപലായനത്തിനിടെ കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും മറ്റ് കൊടും ക്രൂരതകളും അരങ്ങേറി.

മറ്റൊന്ന് ടിബറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പലായനമായിരുന്നു. 1959 മാര്‍ച്ച് 31ന് ടിബറ്റുകാരുടെ ആത്മീയ നേതാവ് ഇന്ത്യയില്‍ രാഷട്രീയാഭയം തേടിയെത്തി. ഒപ്പം ഒരു ലക്ഷം അനുയായികളും. അവര്‍ക്ക് ഇന്ത്യ പാര്‍പ്പിടമൊരുക്കിയപ്പോള്‍ ആ നടപടി ഇന്ത്യ-ചൈന യുദ്ധത്തിലാണ് കലാശിച്ചത്. 1971ല്‍ പാകിസ്ഥാനിലെ സൈനിക നടപടിയെയും ബംഗ്ലാദേശികള്‍ക്കെതിരെ നടന്ന വംശ ഹത്യയെയും തുടര്‍ന്ന് ഒരു കോടിയോളം ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി പലായനം ചെയ്തതും ചരിത്രം. 1979ല്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് അവിടെ നിന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലഭയം തേടി. ഇന്ന് രണ്ടു ലക്ഷത്തിലേറെ അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ട്.

ശ്രീലങ്കന്‍ തമിഴരുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റവും എടുത്തുപറയേണ്ടതാണ്. ശ്രീലങ്കയില്‍ തമിഴര്‍ക്കു നേരെയുണ്ടായ വംശീയ ഹത്യയും ആഭ്യന്തര കലാപവും മൂലം 1983-87 കാലഘട്ടത്തിലായിരുന്നു ഇന്ത്യയിലേക്കുള്ള ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ഥി പ്രവാഹം. ശ്രീലങ്കന്‍ കലാപത്തില്‍ ഇന്ത്യ ഇടപെട്ടതിന് ആരാധ്യനായ രാജീവ് ഗാന്ധിയുടെ ജീവനാണ് ബലി കൊടുക്കേണ്ടി വന്നത്. പലായനത്തില്‍ ഏറ്റവും പുതിയത് മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ഇന്ത്യയിലേക്കുള്ള പ്രവാഹമാണ്. 1996 മുതല്‍ മ്യാന്‍മറില്‍ അരങ്ങേറുന്ന കലാപങ്ങളും 2012ലെ വംശഹത്യയും ആണ് സ്വന്തം മണ്ണില്‍ നിന്ന് രോഹിംഗ്യക്കാരെ പറിച്ചെറിഞ്ഞത്. രോഹിംഗ്യക്കാര്‍ ഇന്ത്യയില്‍ ഇന്നും അനധികൃത കുടിയേറ്റക്കാര്‍ തന്നെയാണ്.

യുദ്ധം, മഹാമാരി, പ്രകൃതിക്ഷോഭം, പട്ടിണി തൊഴിലില്ലായ്മ തുടിയവയ്ക്കാണ് ലോക ചരിത്രത്തില്‍ പലായനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. എന്നാല്‍ കോവിഡ് കാലത്ത് ഒരാളും ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് അഭയാര്‍ഥിയായി പോകുന്നില്ല. കാരണം ഈ രോഗം സര്‍വ വ്യാപിയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മാതൃരാജ്യത്തേക്ക് മടങ്ങാനായി വലിയ കഷ്ട നഷ്ടങ്ങള്‍ സഹിക്കുന്നു. ഇത്തരത്തില്‍ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ‘വന്ദേ ഭാരത്, ‘സമുദ്ര സേതു’ ഓപ്പറേഷനുകള്‍ തുടരുകയാണ്. എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങളാണ് ചരിത്രപരമായ ഈ രക്ഷാദൗത്യത്തിനായി ചിറകു വിരിച്ചു പറക്കുന്നത്. ഗള്‍ഫ് യുദ്ധകാലത്ത് ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാരെ രണ്ടു മാസം കൊണ്ട് നാട്ടിലെത്തിച്ച വിജയകരമായ ദൗത്യത്തിന്റെ പാഠവും നമ്മുടെ മുമ്പിലുണ്ട്.

എന്നാല്‍ ഗള്‍ഫ് യുദ്ധകാലത്ത് മലയാളികളുള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിച്ചതോടു കൂടി ആ വലിയ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പക്ഷേ, കോവിഡ് വ്യാപനകാലത്ത് പ്രവാസികളെ നാട്ടിലെത്തിച്ചു കഴിഞ്ഞാല്‍ പ്രശ്‌നം അവസാനിക്കുന്നില്ല. മരണങ്ങളേറെയും, രോഗബാധിതര്‍ അനേകവും ഉള്ള ദേശങ്ങളില്‍ നിന്നാണ് മലയാളികള്‍ ജന്‍മനാട്ടിലെത്തുന്നത്. അതിനാല്‍ അവരെ കര്‍ശനമായ ക്വാറന്റൈനില്‍ ആക്കിയില്ലെങ്കില്‍ മറ്റുള്ളവരിലേക്ക് ശരവേഗത്തില്‍ തന്നെ വൈറസ് പരക്കും. ഇതിനോടകം എത്തിയ നിരവധി മലയാളികള്‍ക്ക് അനുദിനമെന്നോണം വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നവര്‍ക്കും കോവിഡ് പോസിറ്റീവ് ആകുവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളെ കേരളത്തിലേയ്ക്ക് കടത്തിവിടുന്നത്.

ഒരു നിമിഷത്തെ അശ്രദ്ധ മൂലം അനേകരിലേക്ക് രോഗം വ്യാപിക്കപ്പെടുമെന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. അതേ സമയം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളും ആശങ്ക സൃഷ്ടിക്കുന്നു. ഹേര്‍ഡ് ഇമ്മ്യൂണിറ്റിയോട് യോജിപ്പില്ലെന്നും മരണം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നുമാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. കോവിഡ് ബാധിച്ച് മരിക്കേണ്ടവര്‍ മരിച്ച്, അല്ലാത്തവര്‍ അതിനെ അതിജീവിച്ച്, രോഗം വന്നാല്‍ ചികിത്സിച്ച് ഭേദമാക്കുന്നതാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റി.

പലായനത്തിന്റെ ചരിത്രവും അതിന്റെ ദുരന്തങ്ങളുമാണ് പറഞ്ഞുവന്നത്. ഇവിടെ നമുക്ക് കാണാന്‍ സാധിക്കാത്ത കോവിഡ്-19 എന്ന സൂക്ഷ്മാണുവിന്റെ ദ്രുതഗതിയിലുള്ള പലായനമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക്, രാജ്യത്തു നിന്ന് രാജ്യങ്ങളിലേക്ക്, വ്യക്തികളില്‍ നിന്ന് സമൂഹത്തിലേക്ക് ചെന്നെത്തുന്ന വൈറസിനെതിരെ നിതാന്തമായ ജാഗ്രതയും ക്ഷമയും അച്ചടക്കവുമാണ് ആയുധങ്ങളായി കരുതിവയ്‌ക്കേണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment