Flash News

കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും റബര്‍ കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു: വി.സി. സെബാസ്റ്റ്യന്‍

May 18, 2020

Titleകൊച്ചി: കേന്ദ്രസര്‍ക്കാര്‍ അഞ്ചു ഘട്ടമായി പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയില്‍ റബര്‍ മേഖലയുടെയും റബര്‍ കര്‍ഷകരുടെയും പ്രതീക്ഷകള്‍ അട്ടിമറിച്ചുവെന്നും കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് വന്‍ പരാജയമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ 20000 കോടിയുടെയും ഉത്തേജക പ്രഖ്യാപനങ്ങളിലൊരിടത്തും വിലത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന റബര്‍ മേഖലയ്ക്ക് പ്രതീക്ഷകളൊന്നും നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലൂടെ വിദേശ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള കവാടം തുറന്നുകൊടുത്തിരിക്കുന്നതുമൂലം ആഭ്യന്തര കാര്‍ഷിക വിപണിയെ തകര്‍ക്കുന്ന അനിയന്ത്രിത ഇറക്കുമതിക്ക് അവസരമുണ്ടാകും. റബറുള്‍പ്പെടെ നാണ്യവിളകളുടെ വിലത്തകര്‍ത്ത തുടരുവാനുള്ള സാധ്യതയേറും. രാജ്യാന്തര റബര്‍വിലയും ആഭ്യന്തര വിപണി വിലയും വ്യത്യാസമില്ലാത്ത സാഹചര്യമായിരിക്കും പുത്തന്‍ പ്രഖ്യാപനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ഏറ്റവും കുറഞ്ഞ വിലയ്ക്ക് വ്യവസായികള്‍ക്ക് അസംസ്‌കൃത റബര്‍ എത്തിക്കുക എന്ന ദൗത്യമാണ് റബര്‍ബോര്‍ഡിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഉല്പാദനം കൂട്ടണമെന്നും അല്ലെങ്കില്‍ ഇറക്കുമതി ഉയരുമെന്നും റബര്‍ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, വിപണി വില ഉയര്‍ത്താനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്നും നടത്തുന്നില്ല. രാജ്യാന്തര വിപണിവില ഇന്ത്യന്‍ വിപണിയിലും നല്‍കി ആഭ്യന്തര ഉല്പാദനം ഉയര്‍ത്തിക്കാണിക്കേണ്ടത് റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിലനില്‍പ്പിന് ആവശ്യമാണ്. ഒരു കിലോഗ്രാം റബറിന് 172 രൂപ ഉല്പാദന ചെലവ് നിര്‍ണയിച്ചത് റബര്‍ബോര്‍ഡാണ്. കേന്ദ്ര വാണിജ്യ മന്ത്രി ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനച്ചിലവിന്റെ 50 ശതമാനം നല്‍കി ന്യായവില പ്രഖ്യാപിച്ച് സംഭരണം നടത്തുവാനുള്ള നടപടികള്‍ നടത്താതെയും കേന്ദ്ര പദ്ധതികളിലൊന്നും റബര്‍ കര്‍ഷക വിഷയങ്ങള്‍ ഉള്‍പ്പെടുത്താതെയും അട്ടിമറിച്ചതിനു പിന്നില്‍ റബര്‍ബോര്‍ഡിന്റെ നിഷ്‌ക്രിയത്വമാണ് വെളിപ്പെടുന്നത്.

റബര്‍ കര്‍ഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ എന്നതിലും വ്യക്തതയില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രകൃതിദത്ത റബറിന്റെ ഉപഭോഗം 12 ലക്ഷം ടണ്ണില്‍ നിന്ന് എട്ടു ലക്ഷം ടണ്ണിലേക്കു കുറയുമെന്ന് വ്യവസായികള്‍ മുന്നറിയിപ്പു നല്‍കുന്നത് കര്‍ഷകര്‍ ഗൗരവമായി കാണണം. 3.5 ലക്ഷം ടണ്‍ സ്‌റ്റോക്ക് വ്യവസായികളുടെ കൈയില്‍ നിലവിലുണ്ട്. ഏതാണ്ട് അത്രയും തന്നെ സ്‌റ്റോക്ക് വന്‍കിട ചെറുകിട വ്യാപാരികളുടെ പക്കലുണ്ട്. ഇതിനാല്‍തന്നെ ഉല്പാദനം വര്‍ദ്ധിക്കുമ്പോള്‍ വീണ്ടും വിലയിടിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. ഇതിനെ അതിജീവിക്കാന്‍ കര്‍ഷകനെ സംരക്ഷിച്ച് ഇറക്കുമതി ചുങ്കത്തിലൂടെ ലഭിക്കുന്ന വന്‍ വരുമാനത്തിന്റെ ഒരു ഭാഗമെങ്കിലും എടുത്ത് വിലസ്ഥിരതാ പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കാതെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതും റബര്‍ബോര്‍ഡ് കൈ മലര്‍ത്തുന്നതും റബര്‍ പ്രതിസന്ധി വരുംനാളുകളില്‍ രൂക്ഷമാക്കുമെന്ന് വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top