അഹമ്മദാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് പുറപ്പെട്ട കുടിയേറ്റ തൊഴിലാളി യുവാവിന്റെ ദാരുണാന്ത്യം

yaqoob-amritലോക്ക്ഡൗണിനെത്തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ തന്റെ സ്വന്തം ഗ്രാമത്തിലേക്ക് പുറപ്പെട്ട കുടിയേറ്റത്തൊഴിലാളിയായ യുവാവിനെ യാത്രാമദ്ധ്യേ ദാരുണമായ അന്ത്യം. മെയ് 14-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് അമൃത് കുമാറും മൊഹമ്മദ് സായൂബും സ്വന്തം ഗ്രാമത്തിലേക്ക് പോകാനുള്ള പ്രതീക്ഷയില്‍ കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങുകയാണ്.

ഗുജറാത്തിലെ സൂറത്തില്‍ തങ്ങള്‍ പണിയെടുത്തുകൊണ്ടിരുന്ന നെയ്ത്ത് ശാല ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചൂപൂട്ടിയിരിക്കുകയാണ്. ഇതോടെ തിരിച്ച് ഉത്തര്‍പ്രദേശിലെ വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലുള്ള ദിയോറി ഗ്രാമത്തില്‍ നിന്നാണ് അമൃത് കുമാറും മൊഹമ്മദ് സായൂബും സൂറത്തിലെത്തിപ്പെടുന്നത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ വരുമാനം ഇവരാണ് ഉണ്ടാക്കി നല്‍കുന്നത്. ദിവസവും കിട്ടുന്ന 480 രൂപ അപ്പപ്പോള്‍ വീട്ടിലേക്ക് അയച്ചു കൊടുക്കും. അതിനാല്‍ രണ്ട് മാസത്തോളം പണിയില്ലാതായതോടെ ഇരുവരുടെയും കയ്യില്‍ പണവുമില്ലാതായി.

ഏറെ കാത്തിരിപ്പിന് ശേഷം അവര്‍ക്ക് പോകാനുള്ള ട്രക്ക് വന്നെത്തി. ഇരുവരും 4000 രൂപ വീതമാണ് ട്രക്ക് ഡ്രൈവര്‍ക്ക് കൈമാറിയത്. ദിവസങ്ങളോളം പണിയെടുത്ത് കിട്ടിയ ആ തുക ഡ്രൈവര്‍ക്ക് കൈമാറിയപ്പോള്‍ ഉള്ളൊന്ന് കാളിയെങ്കിലും വീട്ടുകാരെ കാണാനാകുമല്ലോയെന്നോര്‍ത്തപ്പോള്‍ ആ വിങ്ങല്‍ സാരമില്ലെന്ന് വെച്ചു.

സൂറത്തില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലേക്കാണ് ട്രക്ക് പോകുന്നത്. ഇപ്പോള്‍ ഇവരടക്കം 60 തൊഴിലാളികള്‍ അതില്‍ കയറിപ്പറ്റിയിട്ടുണ്ട്. എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയും സന്തോഷവും കളിയാടുന്നുണ്ടായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയായി. അമൃത് കുമാറിന് ചെറുതായി ശ്വാസം മുട്ടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യമൊന്നും അദ്ദേഹം അത് അത്ര കാര്യമായിട്ടെടുത്തില്ല. എന്നാല്‍ സമയം കഴിയും തോറും ശ്വാസമെടുക്കാന്‍ അമൃത് കുമാര്‍ നന്നേ പാടുപെട്ടു. ഇതോടെ കൂടെയുണ്ടായിരുന്നവര്‍ക്ക് ആധി കയറി. അമൃത് കുമാറിന് കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയം അവരുടെയിടയില്‍ ഭീകരരൂപം പൂണ്ടു. പിന്നെ അദ്ദേഹത്തെ ട്രക്കില്‍ നിന്നും ഇറക്കി വിടാനായി ഏവരുടെയും ശ്രമം. ഒടുവില്‍ ആ ശ്രമം വിജയിച്ചു. അവര്‍ അദ്ദേഹത്തെ നടുറോഡില്‍ ഇറക്കി വിട്ടു.

എന്നാല്‍ അമൃത് കുമാറിനെ ഒറ്റയ്ക്ക് റോഡില്‍ ഉപേക്ഷിക്കാന്‍ സുഹൃത്ത് സായൂബിന് കഴിയുമായിരുന്നില്ല. ശ്വാസതടസ്സം മൂലം ബുദ്ധിമുട്ടിയിരുന്ന കുമാറുമായി അദ്ദേഹം അടുത്തുള്ള ശിവപുരി ജില്ലാ ആശുപത്രിയിലേക്ക് പോയി. പക്ഷേ, സുഹൃത്തിന്റെ പരിചരണങ്ങള്‍ക്കോ സാന്ത്വനങ്ങള്‍ക്കോ ഡോക്ടര്‍മാര്‍ നല്‍കിയ മരുന്നുകള്‍ക്കോ അമൃത് കുമാറിനെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അമൃത് കുമാര്‍ തന്റെ ജീവിതത്തോട് വിട പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News