- Malayalam Daily News - https://www.malayalamdailynews.com -

നവജാതശിശുവിനെ കൊലപ്പെടുത്തി നദിയിലൊഴുക്കി, പിതാവിനേയും മുത്തശ്ശിയേയും അറസ്റ്റു ചെയ്തു

femaleinfanticideമധുരൈ: നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍‌കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ ഒഴുക്കിയ പിതാവിനേയും മുത്തശ്ശിയേയും പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ മധുരൈയിലാണ് ക്രൂരമായ സംഭവം നടന്നത്.

ഇക്കഴിഞ്ഞ ശിയാഴ്ച മധുരൈയിലൂടെ ഒഴുകുന്ന വൈഗ നദിയില്‍ ഒരു കുഞ്ഞിന്റെ ശവം ഒഴുകി നടക്കുന്നുവെന്ന വിവരമറിഞ്ഞ പൊലീസ് ശവം നദിയില്‍ നിന്നും കരയ്‌ക്കെത്തിക്കുകയായിരുന്നു. നാല് ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ ശവശരീരമായിരുന്നു അത്. മധുരൈയിലെ ഷോളവനം പഞ്ചായത്തിലെ ചിത്ര-താവമണി ദമ്പതികള്‍ക്ക് നാലാമതായി ജനിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് അതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കുഞ്ഞിന്റെ തിരോധാനത്തില്‍ സംശയം തോന്നിയ പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം വൈഗ നദിയില്‍ പൊങ്ങിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെല്ലാം കുഞ്ഞിന്റെ വീട്ടുകാര്‍ തങ്ങളോട് സഹകരിച്ചിരുന്നതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് എസ് വനിത പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം കിട്ടിയതോടെ വീട്ടുകാരുടെ മട്ടുമാറി. കുഞ്ഞ് ഉറക്കത്തില്‍ മരിച്ചുപോയെന്നും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തങ്ങള്‍ ആംബുലന്‍സ് വരെ വിളിച്ചെന്നും കുഞ്ഞിന്റെ അച്ഛനും മുത്തശ്ശിയും പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സത്യം തെളിഞ്ഞു. കുഞ്ഞിന്റെ തലയോട്ടിയില്‍ ചതവുണ്ടായിരുന്നു. ഇതോടെ കുഞ്ഞിന്റെ മരണം സാധാരണ മരണമല്ലെന്ന് വ്യക്തമായി. വീണ്ടും പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ കുഞ്ഞിന്റെ അച്ഛന്‍ താവമണിയും (33) മുത്തശ്ശി പാണ്ടിയമ്മാളും (57) കുറ്റം സമ്മതിച്ചു.

താവമണിയുടെയും ചിത്രയും നാലാമത്തെ കുഞ്ഞും പെണ്‍കുഞ്ഞായതോടെയാണ് താവമണിയും അമ്മയും കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനായി ഇവര്‍ കുഞ്ഞിന് ആദ്യം എരിക്കിന്‍പാല്‍ കൊടുത്തു. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന രീതിയാണിത്. എന്നാല്‍ നാല് ദിവസം പ്രായമുള്ള ആ കുഞ്ഞ് എരിക്കിന്‍പാല്‍ എന്ന വിഷത്തെ അതിജീവിച്ചു. കരുത്തയായ ആ പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊല്ലാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ വീട്ടിലില്ലാതിരുന്നപ്പോഴാണ് ഇരുവരും ഈ കുറ്റകൃത്യം നടപ്പിലാക്കിയത്.

താവമണിയെയും പാണ്ടിയമ്മാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 302, 201, വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി എഎസ്പി വനിത പറഞ്ഞു.

മധുരൈയില്‍ മൂന്ന് മാസത്തിനിടയിലുള്ള രണ്ടാമത്തെ പെണ്‍ശിശുഹത്യയാണിത്. മാര്‍ച്ച് മാസത്തില്‍ ഉസിലാംപട്ടിയില്‍ ഒരു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ സമാന രീതിയില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തിയിരുന്നു.




Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]