ഞാന്‍ കണ്ട ഒരു ടെലിവിഷന്‍ ചര്‍ച്ച. കൊവിഡ് കാര്യത്തില്‍ ഇതുവരെ നടന്ന നല്ല കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മാത്രം നേട്ടമാണെന്ന് ബി.ജെ.പി. നേതാവ് ശക്തിയുക്തം പറയുന്നു. കേരളം ഇന്ത്യയില്‍ ആയതിനാല്‍ കേരളത്തിന്റെ നേട്ടവും കുറച്ചെടുത്ത് അദ്ദേഹം പോക്കറ്റില്‍ ഇടുന്നുണ്ട്. ആരും കാണാതെ. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും പരാജയങ്ങള്‍ സംഭവിച്ചെങ്കില്‍ പതിവുപോലെ അവയ്ക്ക് കാരണമുണ്ട്. മന്മോഹന് സിംഗ് മുതല്‍ നെഹ്റു വരെ നീളുന്ന കാരണങ്ങള്‍.
റെയില്‍വേയൊക്കെ ഇപ്പോള്‍ കേന്ദ്രഗവണ്മെന്റാണോ സംസ്ഥാന ഗവണ്മെന്റാണോ ഓടിക്കുന്നത് എന്ന് ഇടയ്ക്ക് ബി.ജെ.പി. നേതാവിന് തന്നെ സംശയം. ആ സംശയം മാറ്റാന്‍ അദ്ദേഹം ചര്‍ച്ചയ്ക്കിടെ പാര്‍ട്ടി ഓഫീസിലേക്ക് ഫോണില്‍ മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു. ഉത്തരം കിട്ടിക്കാണണം. പിന്നീട് അദ്ദേഹം റെയില്‍വേയെപ്പറ്റി ഒന്നും പറഞ്ഞില്ല.
ചര്‍ച്ചയില്‍ സംസ്ഥാന മന്ത്രി പറയുന്നത് ഇതുവരെ ഉണ്ടായ എല്ലാ നല്ല കാര്യങ്ങളും ശ്രീ. പിണറായി വിജയന് മുഖ്യമന്ത്രി ആയിരുന്നതുകൊണ്ടാണ് എന്നാണ്. 1957-ല്‍ ഇ.എം.എസ് അല്ലാതെ ആര് ഭരണത്തില്‍ വന്നിരുന്നെങ്കിലും കേരളം തിരികെ വീണ്ടും കടലില്‍ താഴ്ന്നേനെ എന്നാണ്. ഒരു ഡോക്ടറോ നഴ്സോ ആശുപത്രിയോ കേരളത്തില്‍ ഉണ്ടാകില്ലായിരുന്നെന്ന്. പറയുന്നതിന്റെ ആത്മാര്‍ഥത കണ്ടപ്പോള്‍ ഞാനും അത് വിശ്വസിച്ചുപോകുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് വാര്‍ത്ത നിര്‍ത്താതെ എഴുന്നേറ്റു പോയി ഒരു കട്ടന്‍ ചായ കുടിച്ചു. വട ഇല്ലായിരുന്നു. കേരളത്തിന് കൊവിഡ് കാര്യത്തില്‍ എന്തെങ്കിലും പരാജയം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് യു.ഡി.എഫ്. കാര്‍ തുടക്കത്തിലേ സര്‍ക്കാരിനെ അറപ്പിച്ചതുകൊണ്ടാണെന്ന് മന്ത്രി തുടര്‍ന്നു പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണപക്ഷവും തീരെ ശരിയല്ലെന്ന് കാറല്‍ മാര്ക്സിസിനെക്കൊണ്ട് മന്ത്രി ആണയിട്ടു.
യു.ഡി.എഫ്. പ്രതിനിധി രണ്ടിനും ഇടയില്‍പെട്ട് ആകെ വിഷമിക്കുകയാണ്. രണ്ടിടത്തും ഭരണമില്ലാത്തതിനാല്‍ കൊവിഡിന്റെ കുറ്റമെല്ലാം അദ്ദേഹം പൂര്‍ണമായും ഏറ്റുവാങ്ങുകയാണ്. ലേലു അല്ലു മൂഡിലാണ് അദ്ദേഹം. നെഹ്രുവിനോ രമേശ് ചെിത്തലയ്ക്കോ ഇക്കാര്യത്തില്‍ തെറ്റ് വല്ലതും പറ്റിയിട്ടുണ്ടോ എന്നറിയാന്‍ അദ്ദേഹവും ആര്‍ക്കോ മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു. മറുപടി വന്നപ്പോള്‍ അദ്ദേഹം സന്തോഷവാനായി. മിറ്റിഗേഷന്‍ ഒരു തെറിയല്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അതുകേട്ട് മന്ത്രി ഞെട്ടി. ‘ഒരു അമേരിക്കന്‍ തെറി മന്ത്രിയ്ക്ക് മുന്നില്‍ ആവര്ത്തിക്കാമോ?’ മന്ത്രി കോപിച്ചു. ‘ബഹുമാനപ്പെട്ട പിണറായി വിജയനും ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണനും അസുഖം വപ്പോള്‍ മിറ്റിഗേഷന്‍ നടത്താന്‍ അമേരിക്കയില്‍ പോയതോ?’ യു.ഡി.എഫ്. പ്രതിനിധി മന്ത്രിയെ വെട്ടിലാക്കി. അമേരിക്ക വെറും വാളയാറല്ലെന്ന് മന്ത്രി തിരിച്ചടിച്ചു. ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത് ശരിയാണെന്ന് അവതാരകനും പറഞ്ഞു. ഈയിടെയായി ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഈ ബഹുമാനപ്പെടല് ഇത്തിരി കൂടുതലാണ്. രണ്ട് ചീത്ത പറയണമെങ്കില്‍ അതിനു മുമ്പ് ഒന്ന് ശക്തിയായി ബഹുമാനപ്പെടുത്തും.
ചര്‍ച്ചയില്‍ പങ്കെടുത്ത പാവം ഡോക്ടര്‍ എന്തോ റാപ്പിഡ് ടെസ്റ്റിംഗ്, ആര്.ടി.പി.സി.ആര്, ദ്രുത പരിശോധന എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഇയാള്‍ക്ക് ഇതിലെന്തു കാര്യം എന്ന നിലയില്‍ അവതാരകനും മറ്റുള്ളവരും ഡോക്ടറെ തുറിച്ചുനോക്കി. ഡോക്ടര്‍ നിശബ്ദനായി. ചര്‍ച്ചയില്‍ തുടര്‍ന്നും എല്ലാവരും ഡോക്ടറില്‍ നിന്നും സാമൂഹ്യ അകലം പാലിച്ചു.
കൊവിഡിനേപ്പറ്റി ഒരക്ഷരം പറയരുത് എന്ന നിലയില്‍ ആയിട്ടുണ്ട് കാര്യങ്ങള്‍. അത്രയ്ക്കാണ് നമ്മള് ആ വിഷയത്തില്‍ അനാവശ്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. ഞാനും രണ്ടു മാസത്തിലധികം സ്ഥിരമായി ടെലിവിഷന്‍ ചര്‍ച്ചകളില്‍ വന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ചില ചര്‍ച്ചകള്‍ കേള്‍ക്കുന്നത് എനിക്കും ബോറായിത്തുടങ്ങിയിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുടെ ആവര്‍ത്തന വിരസത. ചിലപ്പോള്‍ അവതാരകരുടെയും കൈവിട്ടുപോകുന്ന കാര്യങ്ങള്‍.
രാഷ്ട്രീയം ആരോഗ്യരംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. തിരിച്ചും. ആരോഗ്യ രംഗത്തെ നല്ല പ്രവര്‍ത്തനങ്ങള്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. പക്ഷേ, കൊറോണക്കാലത്ത് ടെലിവിഷനില്‍ വന്നിരുന്ന് എന്റെ പാര്‍ട്ടി, നിങ്ങളുടെ പാര്‍ട്ടി, ഭരണപക്ഷം, പ്രതിപക്ഷം എന്നൊക്കെ പറയുമ്പോള്‍ നമുക്ക് ചിരി വന്നില്ലെങ്കിലും വൈറസിന് വരും. ചമ്മല് തോന്നി വൈറസ് തിരികെപ്പോകാനും സാദ്ധ്യതയുണ്ട്. വാക്സിന് വേണ്ടിവന്നേക്കില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply