കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ ഉല്പാദിപ്പിച്ച് യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി, ആദ്യ പരീക്ഷണം വിജയമെന്ന്

200429122451-biontech-vaccine-trial-exlarge-169ന്യൂയോര്‍ക്ക്: 2019-ല്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെ എല്ലാ രാജ്യങ്ങളിലും മാരകമായി പടര്‍ന്നു പിടിച്ച് ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും അതിലേറെ പേര്‍ക്ക് രോഗബാധ വരുത്തി വെക്കുകയും ചെയ്ത കോവിഡ്-19 അഥവാ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിരവധി രാജ്യങ്ങളാണ് വാക്സിന്‍ ഉല്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസിനെ കൊന്നൊടുക്കാനോ പ്രതിരോധിക്കാനോ കഴിയാതെ നിസ്സഹായരായി നില്‍ക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. നിലവില്‍ 48,94,278 കൊവിഡ് രോഗികള്‍ ലോകമെമ്പാടുമായി ഉണ്ട്. ഇതുവരെ ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 3,20,189 പേരാണ്. ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേരാണ് ഇന്ത്യയില്‍ രോഗബാധിതരായി മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3163 ആയി ഉയര്‍ന്നു.

ഈ സ്ഥിതിയിലും കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ലോകത്തെവിടെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്. നിരവധി മരുന്ന് കമ്പനികള്‍ കൊവിഡിനെതിരെയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ്. ഏഴ്-എട്ട് മികച്ച വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തില്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.

അതിനിടെ കൊവിഡ്-19 നെതിരെ ആദ്യം വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു. ഒന്നാംഘട്ട പരീക്ഷണം വിജയകരമാണെന്നും വാക്‌സിന്‍ നിര്‍മ്മാതാക്കളായ അമേരിക്കന്‍ കമ്പനി ‘മൊഡേണ’ അവകാശപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ എട്ട് പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെട്ടുവെന്നാണ്.

കൊവിഡ് രോഗം ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടത്. അതിനാല്‍ ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന് കമ്പനിയായ മൊഡേണ അവകാശപ്പെടുന്നു. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ പരീക്ഷിക്കും. ഇതിന് എഫ്ഡിഎ കമ്പനിക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കുമെന്നും മൊഡേണ പറയുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ പ്രയോജനപ്പെടുമെന്ന് കണ്ടാല്‍ 2021ല്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഉണ്ടാകുമെന്ന് കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ താല്‍ സാക്‌സ് പറഞ്ഞു. ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News