ജനീവ: ദരിദ്ര രാജ്യങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന ബുധനാഴ്ച ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 106,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികം താമസിയാതെ കൊവിഡ്-9 കേസുകള്‍ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം മേധാവി ഡോ. മൈക്ക് റയാന് പറഞ്ഞു.
വൈറസിന്റെ വ്യാപനം തെറ്റായി കൈകാര്യം ചെയ്തതായും കഴിഞ്ഞ വര്‍ഷം അവസാനം വൈറസ് ഉണ്ടായതായി കരുതപ്പെടുന്ന ചൈനയെ ലോകാരോഗ്യ സംഘടന അനുകൂലിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. തന്നെയുമല്ല, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്നും ധനസഹായം എന്നന്നേക്കുമായി നിര്‍ത്തലാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപില്‍ നിന്ന് ഒരു കത്ത് ലഭിച്ചതായി ടെഡ്രോസ് സമ്മതിച്ചെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഉത്തരവാദിത്തത്തില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണത്തെക്കുറിച്ച് അവലോകനം നടത്തുമെന്നും ടെഡ്രോസ് പറഞ്ഞു. അത്തരമൊരു അവലോകനം അംഗരാജ്യങ്ങള്‍ ഈ ആഴ്ച ഒരു പ്രമേയത്തില്‍ സമവായത്തിലൂടെ പാസാക്കിയിരുന്നു.
അടിയന്തിര പ്രതികരണത്തിന്റെ ഭാഗമായി പ്രവര്‍ത്തനം, പകര്‍ച്ചവ്യാധി നിയന്ത്രണം, വാക്സിനുകള്‍ വികസിപ്പിക്കല്‍, വിതരണം, നിരീക്ഷണം മെച്ചപ്പെടുത്തല്‍, ജീവന് രക്ഷിക്കുക, തൊഴിലാളികള്‍ക്ക് അവശ്യ പിപിഇ വിതരണം, മെഡിക്കല്‍ ഓക്സിജന്‍ എന്നിവ കണ്ടെത്തുതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബല വിഭാഗത്തില്‍ പെട്ടവര്‍ക്കും, അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ഈ രോഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും വേണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടെ ധനസഹായത്തിനുള്ള മറ്റ് സ്രോതസ്സുകള്‍ക്കായി താന്‍ മുന്‍പു മുതലേ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെഡ്രോസ് പറഞ്ഞു. 2.3 ബില്യണ്‍ ഡോളറിന്റെ ബജറ്റ് ഒരു ആഗോള ഏജന്‍സിയെ സംബന്ധിച്ചിടത്തോളം വളരെ ചെറുതാണ്.
കൊറോണ വൈറസ് അണുബാധയെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ ആളുകള്‍ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ട്രംപിനെ ഉദ്ധരിച്ച് ഡോ. മൈക്ക് റയാന് പറഞ്ഞു. കൊറോണ വൈറസ് അണുബാധ തടയാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ താന്‍ എടുക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.
‘ഈ ഘട്ടത്തില്‍, കോവിഡ്-19ന്റെ ചികിത്സക്കോ അല്ലെങ്കില്‍ രോഗപ്രതിരോധത്തിനോ ഹൈഡ്രോക്സിക്ലോറോക്വിന്‍ അല്ലെങ്കില്‍ ക്ലോറോക്വിന് ഇതുവരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഡോ. റയാന് പറഞ്ഞു. വാസ്തവത്തില്‍, ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പല അധികാരികളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply