Flash News

പ്രവാസികള്‍ അവഗണിക്കപ്പെടേണ്ടവരല്ല

May 21, 2020 , കാരൂര്‍ സോമന്‍, ലണ്ടന്‍

pravasikal avaganikkappeduka bannerഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങള്‍ കാണാതെ കേരള സര്‍ക്കാര്‍ കേരളത്തില്‍ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റെ പ്രധാനം കാരണം പ്രവാസികള്‍ മടങ്ങി വരുന്നതാണ്. അവരുടെ ജന്മനാട്ടില്‍ വരുന്നതിന് ആരുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. സര്‍ക്കാര്‍ ഉദേശിക്കുന്നത് അവരില്‍ പലരും കോവിഡ് രോഗികള്‍ എന്നാണ്. ആയിരകണക്കിന് ആരോഗ്യരംഗത്തുള്ളവരെ സര്‍ക്കാര്‍ തീറ്റിപോറ്റുന്നത് രോഗിയെ ചികില്‍സിച്ചു സുഖപ്പെടുത്താനാണ്. അതിനുള്ള അടിസ്ഥാന മാര്‍ഗ്ഗങ്ങളല്ലേ സര്‍ക്കാര്‍ നോക്കേണ്ടത്? ഗള്‍ഫ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ജന്മദേശത്തേക്ക് വരാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ അപകടകാരികള്‍, രോഗമുള്ളവര്‍ എന്നൊക്കെ പറഞ്ഞാല്‍ അവരെ നൊന്ത് പ്രസവിച്ച അമ്മമാര്‍ സഹിക്കുമോ? മനുഷ്യമനസ്സിലെ വെറുപ്പും, അസഹിഷ്ണതയും, അസംതൃപ്തിയുമാണ് ഇത് വെളിപ്പെടുത്തുന്നത്.

WRITING-PHOTO-reducedകേരളത്തിന്‍റ ചികിത്സാചരിത്രം നമ്മുടെ ഭരണാധികാരികള്‍ക്ക് അറിയില്ലേ? പോര്‍ച്ചുഗീസുകാര്‍ 1482 ല്‍ വന്ന നാളുമുതല്‍ മുതല്‍ ചികില്‍സാരംഗത്തു ഇന്ത്യയില്‍ കേരളം വളരെ മുന്നിലാണ്. അറിവിലും ആരോഗ്യ രംഗത്തും പാശ്ചാത്യരുടെ വരവ് കേരളത്തിന് ഏറെ ഗുണം ചെയ്തു. 1813 ല്‍ റാണി ഗൗരിലക്ഷിമിഭായിയുടെ ഭരണകാലത്ത് കൊട്ടാരത്തില്‍ മാത്രം തങ്ങി നിന്ന പാശ്ചാത്യ ചികിത്സ പാവങ്ങളിലേക്ക് ബ്രിട്ടീഷ്കാരുടെ നിര്‍ബ്ബന്ധ പ്രകാരം മാരകമായ വസൂരിക്കുള്ള മരുന്നുമായി കടന്നു വന്നു. ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ തുറന്നു പറഞ്ഞു രോഗത്തിന് പാവപെട്ടവനോ പണക്കാരനോ എന്നൊന്നില്ലെന്ന്. ഇതിനായി തൈക്കാട്ട് 1816 ല്‍ ഒരു ഔഷധശാല തുടങ്ങി. മരുന്ന് എല്ലാവര്‍ക്കും സൗജന്യമാണ്. മരണം കണ്ടുകൊണ്ടിരുന്ന മനുഷ്യര്‍ മതത്തിന്‍റ ചങ്ങലകളെ അന്ധവിശ്വാസങ്ങളെ പൊട്ടിച്ചുകളഞ്ഞു. ഇന്ന് കൊറോണ ദൈവം മനുഷ്യനെ ചങ്ങലയില്‍ തളച്ചു. തടവറയിലാക്കി. ദേവാലയങ്ങള്‍ അടപ്പിച്ചിട്ടും പ്രബുദ്ധ കേരളം ദൈവത്തെ കണ്ടില്ല. സത്യം അറിഞ്ഞിട്ടില്ല. ചരിത്രപാഠമറിയാത്ത സിനിമാ പ്രേമികള്‍ക്ക് ഇതിനൊക്കെ എവിടെയാണ് നേരം?

കേരള സര്‍ക്കാര്‍ പറയുന്ന ജാഗ്രത എല്ലാവര്‍ക്കും വേണ്ടതാണ്. അതിന് ആര്‍ക്കാണ് എതിര്‍പ്പുള്ളത്? ഇന്ത്യയില്‍ 500 ലധികം വിമാനങ്ങള്‍ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്ക് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി വിമാനം ഇന്നുവരെ വിട്ടില്ല? ലോകത്തിന്‍റ എല്ലാം കോണുകളില്‍ നിന്നും അവര്‍ കണ്ണീരൊഴുക്കുന്നു. ഇന്ത്യയുടെ അഭിമാനമായ എയര്‍ ഇന്ത്യ പോലും അതില്‍ ശരിക്കൊന്നു ഇരിക്കാന്‍ പറ്റിയ സീറ്റുപോലും ഇല്ലാഞ്ഞിട്ടും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല? പ്രവാസികളെ ജോലിയും കൂലിയും കൊടുക്കാതെ നാടുകടത്തി അതാണ് ഇന്ത്യന്‍ ജനാധിപത്യം ചെയ്ത ആദ്യത്തെ അപരാധം അല്ലെങ്കില്‍ കുറ്റകൃത്യം. ആ വകയില്‍ നല്ലൊരു തുകയും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കി. ഇന്ന് ആ കണക്ക് നോക്കിയാല്‍ കോടികള്‍, മില്യനാണ്. എയര്‍ ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്ത പാവങ്ങള്‍ക്ക് അതില്‍ നിന്ന് ഒരു ചില്ലികാശ് ഈ വെള്ളാനകള്‍ കൊടുത്തില്ല. ഇറാക്ക് യുദ്ധകാലത്തു് നാട്ടില്‍ വന്നവര്‍ ടിക്കറ്റിന് പണം കൊടുത്തില്ല. സര്‍ക്കാരുകള്‍ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് തുക കൊടുക്കുന്നതാണ് മാന്യത. കാരണം കൊറോണ അവര്‍ സൃഷ്ഠിച്ചതല്ല. ദേശീയ ദുരന്തമായി കണ്ട് പ്രവാസികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പ് വിദേശ രാജ്യങ്ങളില്‍ പൗരത്വം സീകരിച്ചവര്‍ക്ക് പോലും അവര്‍ കൊടുത്ത പണം മടക്കികൊടുത്തിട്ടില്ല. ഇതൊക്കെ അനീതിയാണ്. ഇതിനെയാണ് പകല്‍ കൊള്ള എന്ന് പറയുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പൗരന്മാരെ, വിദേശ ഇന്ത്യന്‍ പൗരന്മാരെ ഈ ദുര്‍ഘട വേളയില്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരേണ്ടത് ആരുടെ ചുമതലയാണ്? ഇവരാണോ നിസ്വാര്‍ത്ഥ സേവകരായ ഭരണാധിപന്മാര്‍? ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍പ്പെടുത്തിയെങ്കിലും പ്രവാസികളെ ജന്മനാട്ടിലെത്തിക്കണം.

പുറത്തു നിന്ന് രോഗികള്‍ വന്നതുകൊണ്ട് രോഗം വര്‍ധിച്ചുവെന്ന കേരള സര്‍ക്കാര്‍ സമീപനം പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ഒരു നാടിനെ പട്ടിണിയില്‍ നിന്ന് കരകയറ്റിയ പ്രവാസികള്‍ അവര്‍ ഇന്ത്യയില്‍, ഗള്‍ഫില്‍, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരെങ്കിലും അവസരവാദ രാഷ്ട്രിയക്കാരെപോലെ അപമാനിക്കുന്നത് നല്ലൊരു സര്‍ക്കാരിന് ചേര്‍ന്നതല്ല. അവര്‍ സ്വന്തം വീട്ടില്‍ നിന്ന് ഉത്പാദിപ്പിച്ച രോഗമല്ല കൊറോണ കോവിഡ്. വികസിത രാജ്യങ്ങളെ താറുമാറാക്കാന്‍ ചൈന വികസിപ്പിച്ചെടുത്ത ജൈവ ആയുധം ആര്‍ക്കാണ് മനസ്സിലാകാത്തത്? എന്‍റെ ഇറ്റലി യാത്രയില്‍ ധാരാളം ചൈനക്കരെ കണ്ടിരുന്നു. അന്ന് കരുതിയത് ഇവര്‍ ടൂറിസ്റ്റുകളായി വന്ന കൊറിയ, ജപ്പാന്‍, തായ്‌ലാന്‍ഡ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കുമെന്നാണ്. ഇറ്റലിക്കാര്‍ ചത്തൊടുങ്ങിയപ്പോള്‍ ഞാന്‍ കണ്ടവര്‍ ചൈനയില്‍ നിന്നുള്ളവരാണെന്ന് സുഹൃത്തുക്കള്‍ വഴി അറിയാന്‍ കഴിഞ്ഞു. ഇറാക്ക് യുദ്ധകാലത്ത് സൗദിയില്‍ മാസ്ക് അണിഞ്ഞു നടന്നത് സദ്ദാം ഹുസ്സൈന്‍ മിസൈല്‍ വഴി കെമിക്കല്‍ വാതകങ്ങള്‍ കയറ്റിവിടുമോ എന്ന് ഭയമായിരുന്നു. ലോകമെങ്ങും ഭീതി വളര്‍ത്തി നിരപരാധികളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയെ വിവരമുള്ളവര്‍ വിലയിരുത്തട്ടെ. അമേരിക്കയുമായി വാതപ്രതിവാദങ്ങള്‍ നടക്കുകയാണല്ലോ.

ഒരു ഭാഗത്ത് കേരള സര്‍ക്കാര്‍ പറയുന്നു പ്രവാസികള്‍ മടങ്ങിവരട്ടെ. അങ്ങനെയെങ്കില്‍ ഇന്നുവരെ കേരളത്തിലേക്ക് എന്തുകൊണ്ട് ട്രെയിന്‍ സംവിധാനം നടന്നില്ല? വിദ്യാഭാസ യോഗ്യതകള്‍ അധികമില്ലാത്ത ബംഗാളി, ഒറീസ്സ, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലേക്ക് അവിടുത്തുകാര്‍ കടന്നു പോയി? ഇന്ത്യക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് എന്തുകൊണ്ടാണ് വിമാന, ട്രെയിന്‍ സര്‍‌വീസ് ആവശ്യത്തിന് നല്കതിരിക്കുത്? മറ്റുള്ളവരുടെ കണ്ണില്‍പൊടിയിടാന്‍ ഏതാനും വിമാനങ്ങള്‍ വന്നാല്‍ മതിയോ? ജോലിയില്ലാത്ത, ആഹാരം കഴിക്കാന്‍ മറ്റുള്ളവരുടെ ഔദാര്യത്തിനായി കൈനീട്ടേണ്ട ഒരവസ്ഥ പ്രവാസിക്ക് എന്തുകൊണ്ടുണ്ടായി? രോഗികള്‍, ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വാടക കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്തവര്‍ ഇങ്ങനെ പലവിധ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ വിമാനത്തില്‍ കയറ്റാതെ മറ്റുള്ളവരുടെ സ്വാധിനം ചെലുത്തി എന്തുകൊണ്ടാണ് വിമാനത്തില്‍ കൊണ്ടുവന്നത്? എന്തുകൊണ്ടാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാത്തത്? അന്ന് കാണുവരെ അപ്പ എന്ന് വിളിക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അവസാനിപ്പിക്കുക. ജാതിമതങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഭരണ സംവിധാനങ്ങള്‍ അറിയേണ്ടത് ഭാവിയില്‍ എന്ത് സംഭവിക്കും എന്നല്ല. അതിനേക്കാള്‍ ഇന്നുള്ള മുറിവും ചികിത്സയുമാണ് വേണ്ടത്. പ്രവാസിക്ക് ഇന്നുണ്ടായ ഈ മുറിവ് ഒരിക്കലും മറക്കില്ല. അധികാര പദവികള്‍ വാരിക്കോരി ആസ്വദിക്കുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പാവം പ്രവാസിയെ അവന്‍റെ ദുരിത നാളുകളില്‍ അംഗീകരിക്കാന്‍ മുന്നോട്ടു വരാഞ്ഞത് അവരില്‍ എന്തെന്നില്ലാത്ത ഏകാന്തത, അരക്ഷിതത്വബോധം വളര്‍ത്തിയിട്ടുണ്ട്. ഇതുപോലുള്ള സന്ദര്‍ഭങ്ങളിലാണ് അനുകമ്പ സഹജീവികളോട് കാട്ടേണ്ടത്. പ്രവാസികള്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ കളിപ്പാവകളോ, പരിഹാസ കഥാപാത്രങ്ങളോ അല്ല എന്നത് ഓര്‍ക്കുക. അവര്‍ ശ്രമിച്ചാലും സര്‍ക്കാരുകളെ മാറ്റിമറിക്കാന്‍ സാധിക്കും.

പ്രവാസികള്‍ കേരളത്തിന്‍റ സ്വന്തം എന്ന് വീമ്പിളക്കുവര്‍ അവരനുഭവിക്കുന്ന ഇന്നത്തെ ദുര്‍വിധി എന്തുകൊണ്ട് കാണുന്നില്ല? പലരുടേയും കദന കഥകള്‍ കേള്‍ക്കുന്നത് ചാനലുകള്‍ വഴിയാണ്. കേരള സര്‍ക്കാര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവെന്ന് പറയുമ്പോള്‍ അതില്‍ കൊടുക്കുന്നത് പ്രവാസികളെയാണ്. പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയ സര്‍ക്കാര്‍ ഈ നാടകം എന്തിനാണ് കളിക്കുന്നത്? അവര്‍ വരട്ടെ എന്നല്ലേ പറയേണ്ടത്? സ്തുതിപാഠകരായ എഴുത്തുകാരെപോലെ കേരളത്തിലെ ആരോഗ്യ രംഗവും സ്തുതിപാഠകരായി മാറിയോ? ലോകെമെങ്ങും ആരോഗ്യ രംഗം ലോകാത്ഭുതമായി പ്രകീര്‍ത്തിക്കുമ്പോള്‍ കരുത്തുള്ള ഒരു ആരോഗ്യ രംഗം പ്രവാസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കയല്ലേ വേണ്ടത്? പ്രവാസികള്‍ വിദേശത്തു് പൗരത്വം കിട്ടിയവരായാലും ജന്മനാട് രാഷ്ട്രീയ അധികാരമോഹികളെപോലെ മറക്കാന്‍ പറ്റുമോ? മാതൃദേശത്തേക്കല്ലാതെ അവര്‍ എവിടെ പോകാനാണ്?

ഗോവയില്‍ ഒരാള്‍ പോലും കോവിഡ് പിടിച്ചു് മരണപെട്ടതായി അറിഞ്ഞില്ല. കേരളത്തേക്കാള്‍ മികച്ച ആരോഗ്യരംഗം കാഴ്ചവെച്ച പല സംസ്ഥാനങ്ങളുമുണ്ട്. കേരളത്തെപ്പറ്റി ഇത്രമാത്രം വീമ്പ് പറയാന്‍ എന്തെന്ന് വിദേശത്തുള്ള പലര്‍ക്കും മനസ്സിലാകുന്നില്ല. ചില മന്ത്രിമാരടക്കം ഇറ്റലിയെപ്പറ്റി പറഞ്ഞത് വയോധികരെ നോക്കേണ്ടതില്ല ചെറുപ്പക്കാരെ നോക്കിയാല്‍ മതിയെന്നാണ്. ഈ കൂട്ടര്‍ മൊത്തം പാശ്ചാത്യ രാജ്യങ്ങളെ അതില്‍പ്പെടുത്തി പരിഹസിച്ചു. ഏതാനും ലക്ഷങ്ങള്‍ പ്രവാസികളുള്ള സംസ്ഥാനത്ത് അവര്‍ തല്‍ക്കാലം വരേണ്ടതില്ല എന്ന് പറഞ്ഞതിനേക്കാള്‍ കുറ്റകരമാണോ ആശുപത്രിയില്‍ ബെഡുകള്‍ ഇല്ലെന്ന് പറഞ്ഞത്? കേരളത്തില്‍ ഇതുപോലെ ആയിരങ്ങള്‍ മരണപ്പെട്ടാല്‍ എന്ത് സമീപനമാണ് സ്വീകരിക്കുക? പുതിയ ആശുപത്രികള്‍ പണിയുമോ? പാശ്ചാത്യ നാടുകള്‍ വേണ്ടുന്ന ശ്രദ്ധ ആദ്യനാളുകളില്‍ കൊടുക്കാത്തതാണ് ഇവര്‍ അനുഭവിക്കുന്ന ദുരിതം. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തികൊണ്ടുള്ള ഈ ദുഷ്പ്രചാര വേലകള്‍ നിര്‍ത്തുക. വോട്ടു കിട്ടാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് ജാതി മത പ്രമാണിമാരുണ്ടല്ലോ. മറുനാട്ടില്‍ കഷ്ടപ്പെടുന്ന സ്വന്തം ജനതയെ കൊണ്ടുവന്നിട്ട് നല്ല പിള്ള ചമയുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്നില്ല എന്നൊരു പരാതിയുണ്ട്. ഇതില്‍ കേരളവും മാറ്റിവെച്ചിട്ടുണ്ടോ?

ജനങ്ങള്‍ ചെകുത്താനും കടലിനുമിടയില്‍ ദുരിതമനുഭവിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് സൈബര്‍ ഗുണ്ടകളെ ഇറക്കി വിടാതിരിക്കുക. ഒരു പനിപോലെ വന്നു പോകുന്ന കോവിഡിനെ എന്തോ വലിയ സംഭവമായി സമൂഹത്തില്‍ ഭീതി പടര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാതിരിക്കുക. ഈ കൂട്ടര്‍ അറിയേണ്ടത് ഇന്ത്യന്‍ സംസ്ഥാനളെപോലെ വിദേശ രാജ്യങ്ങളായ സ്വീഡന്‍, വിയറ്റ്നാം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആഗോള തലത്തില്‍ കോവിടിലില്‍ നിന്ന് രക്ഷപ്പെട്ടു കഴിയുന്നവരാണ്. അവരാരും പൊങ്ങച്ചം പറഞ്ഞു കേട്ടില്ല. ഏത് രോഗമായാലും ശരിയായ ചികിത്സ നടത്തിയാല്‍ രോഗ സൗഖ്യം നേടും. അതിന് പരിചയ സമ്പന്നരായ ആരോഗ്യ രംഗത്തുള്ളവര്‍ നമുക്കുണ്ട്. അവര്‍ പൊങ്ങച്ചം പറഞ്ഞാലും ആരും അംഗീകരിക്കില്ല. കാരണം കേരളം വളര്‍ത്തിയെടുത്ത ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം മലയാളിക്കുണ്ട്. കേരള സര്‍ക്കാര്‍ ഒരു കാര്യമറിയുക. വേണ്ടുന്ന പരിരക്ഷ കിട്ടാതെ പ്രവാസികള്‍ ലോകമെമ്പാടും മരണപ്പെടുന്നു. സ്വന്തം വിടും നാടും പ്രിയപ്പെട്ടവരെ പിരിഞ്ഞു കൊറോണക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവരാണവര്‍. അവരുടെ ഏക ആശ്രയം ജന്മനാടാണ്. അവര്‍ക്ക് വേണ്ടുന്ന താങ്ങും തണലുമൊരുക്കുക. എത്രയോ എം.പിമാര്‍ ലോകസഭയിലുണ്ട്. അവര്‍ വഴിപോലും സ്വന്തം സഹോദരി സഹോദരങ്ങളെ നാട്ടില്‍ എത്തിക്കാത്ത സര്‍ക്കാര്‍ സമീപനങ്ങളോട് ഒരിക്കലും യോജിക്കാനാവില്ല. രാഷ്ട്രീയ പോരുകള്‍ക്കിടയില്‍ ഇവിടെ വേട്ടയാടപ്പെടുത് പാവം പ്രവാസികള്‍. സ്വാര്‍ത്ഥ ലാഭത്തിന്‍റെ സാഫല്യത്തിനായി പ്രവാസികളെ ഇരയാക്കാതിരിക്കുക.
(www.karoorsoman.net )Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top