തിരുവനന്തപുരം: കുടിവെള്ളത്തിനുള്ള പുതിയ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനുള്ള അധികാരം കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നല്കി ഉത്തരവായതായി ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് വ്യക്തമാക്കി. ഗാര്‍ഹിക കണക്ഷനുകള്‍ കൂടുതലായി നല്‍കുന്നതിന്റെ ഭാഗമായും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനുമാണിത്.
സംസ്ഥാനത്തൊട്ടാകെ 14.50 ലക്ഷം വാട്ടര്‍ കണക്ഷനുകളാണ് വാട്ടര്‍ അതോറിറ്റിയ്ക്കുള്ളത്. 2.04 ലക്ഷം പൊതു ടാപ്പുകളും ഉണ്ട്. വലുതും ചെറുതുമായ 388 കുടിവെള്ള പദ്ധതികളുടെ നിര്‍മാണം സംസ്ഥാനത്തു വിവിധ ഘട്ടങ്ങളിലായി നടന്നു വരികയാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ പകുതിയിലധികം വീടുകളിലും പൈപ്പു വഴി കുടിവെള്ളം എത്തിക്കാനാകും. കേന്ദ്ര സഹായത്തോടെ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയിലുള്‍പ്പെടുത്തി 223 പദ്ധതികളും, നബാര്‍ഡില്‍ 101 പദ്ധതികളും, സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 64 പദ്ധതികളും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സ്റ്റേറ്റ് ലെവല്‍ സ്കീം സാംഗ്ഷനിംഗ് കമ്മിറ്റി (എസ്.എല്‍.എസ്.എസ്.സി) യില്‍ ഉള്‍പ്പെടുത്തിയ 59 കുടിവെള്ള പദ്ധതികള്‍ക്ക് 597.21 കോടി രൂപയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്.
യൂഡിസ്മാറ്റില് ഉള്‍പ്പെടുത്തി എട്ടു മുനിസിപ്പാലിറ്റികള്‍ക്ക് 594.65 കോടി രൂപ ചെലവില്‍ വിപുലമായൊരു കുടിവെള്ള പദ്ധതിയും ആവിഷ്ക്കരിച്ചു വരികയാണ്. കോട്ടയം (159.50 കോടി), തൃശൂര്‍ കോര്പ്പറേഷന് (66.00 കോടി), തൊടുപുഴ (65 കോടി), മട്ടന്നൂര്‍ (71 കോടി), കാസര്‍കോട് (61 കോടി), പൊന്നാനി (57.90 കോടി), നിലമ്പൂര്‍ (23.25 കോടി), മഞ്ചേരി (91 കോടി) എന്നീ മുനിസിപ്പാലിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു കൂടാതെ 13 മുനിസിപ്പാലിറ്റികളില്‍ പദ്ധതി അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തെ എല്ലാ മുനിസിപ്പല്‍ പ്രദേശങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള വിതരണം മെച്ചപ്പെടുത്താന്‍ പദ്ധതി ആവിഷ്ക്കരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply