ദേവഹൂതിയുടെ മകള്‍ അരുന്ധതി (കഥ): രമ പ്രസന്ന പിഷാരടി

devahoodi bannerപ്രകൃതിയില്‍ വസന്തത്തിന്റെ ആരംഭമാണ്. പൂമരങ്ങള്‍ മന്ദഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജമല്ലിപ്പൂവുകള്‍ അഗ്നിതൂവി ആരൂഢനോവിന്‍റെ മേച്ചിലോടുടഞ്ഞ നാലുകെട്ടിന്‍റെ പടിപ്പുരയ്ക്കരികില്‍ കൊഴിഞ്ഞു കിടന്നിരുന്നു.

അടുക്കളയില്‍ വസന്തമില്ല. ഒരു ഋതുവും അവിടേയ്ക്ക് കടന്നു വരില്ല. അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്..

ശാസനകളുടെ, അറിയിപ്പുകളുടെ, ആജ്ഞകളുടെ, അധികാരഭാവത്തിന്‍റെ അധികഭാരം അടുക്കളയിലെ ചിമ്മിനിപ്പുകയിലൂടെ ആരും കാണാതെ മേഘങ്ങളോട് സ്വകാര്യമോതി മഴയായ് പെയ്തു തോരും.

അമ്മൂ നിനക്കറിയോ കുട്ടീ.. ആ പോകുന്നത് സ്വര്‍ണ്ണജയന്തി എക്സ്പ്രസാണ്. ഡല്‍ഹിയില്‍ നിന്ന് വരുന്ന വണ്ടിയാണ്. ലക്കിടി കഴിഞ്ഞിട്ടുണ്ടാകും ഇപ്പോള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ്ണമുദ്രയുമായി സ്വര്‍ണ്ണജയന്തി വരുമ്പോള്‍ അമ്മൂ നമുക്കെഴുതാന്‍ ഏത് സ്വാതന്ത്ര്യം?

അതിന്‍റെ ചക്രങ്ങള്‍ ‘വരൂ, വരൂ’ സങ്കടങ്ങളില്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക് ചക്രങ്ങളിലൂടെ ശരവേഗത്തില്‍ തീര്‍ഥയാത്ര ചെയ്യാം എന്നോട് പറയാറുണ്ട്. നോക്കൂ കുട്ടീ, നിന്നെയോര്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗയാത്ര വേണ്ടെന്ന് ചക്രങ്ങളോട് പറയാനേ എനിക്കാവൂ.

ഒന്നാം ക്ലാസില്‍ നിന്ന് അമ്മു ബാല്യത്തിന്‍റെ ഒതുക്കു കല്ലുകള്‍ കയറി പത്താം തരത്തിലെത്തിയപ്പേഴേയ്ക്കും അമ്മയെ മനസ്സിലാക്കുന്ന കുട്ടിയായി വളര്‍ന്നിരുന്നു.

അമ്മേ, ഋതുഭേദവര്‍ണ്ണങ്ങളില്ലാത്ത ഈ അടുക്കളയുപേക്ഷിച്ച് നമുക്കെവിടേയ്ക്കെങ്കിലും ഓടിപ്പോകാം.

ഒളിച്ചോട്ടത്തിനീച്ചുമരുകളുടെ ഉറപ്പുണ്ടാവില്ലമ്മൂ. ഒടുവില്‍ സങ്കടങ്ങളുടയ്ക്കുന്ന ചക്രങ്ങളെ സ്വീകരിക്കേണ്ടി വന്നേക്കോം.

അതിനാല്‍ നീ പാഠപുസ്ത്കങ്ങളെ സ്നേഹിക്കുക. പ്രണയിക്കുക. ചിമ്മിനിപ്പുകയിലൂടെ സങ്കടങ്ങള്‍ മേഘത്തിലേറ്റി മഴയായി പെയ്ത് നീ മായരുത്.

കണ്ണുമിഴിച്ച് അന്ന് അമ്മയെ നോക്കിയ ആ കുട്ടി ഇന്ന് വസന്തവും, ഗ്രീഷ്മവും, വര്‍ഷവും, ഹേമന്തവും, ശൈത്യവുമൊന്നുമില്ലാത്ത അടുക്കളയെ ലോകത്തെയറിയുകയാണ്.

അമ്മ ശരിയായിരുന്നുവോ? അമ്മയ്ക്കങ്ങനെ തോന്നിയിരിക്കാം.

ശരിതെറ്റുകളുടെ നിയന്ത്രണം ആരോ കൈയേറിയിരിക്കുന്നു.

അച്ഛന്‍റെ ഗര്‍ജ്ജനം ദുഃസ്വപ്നമായി വരിഞ്ഞുകെട്ടിയ ദിനങ്ങളില്‍ അമ്മയുടെ മുന്നില്‍ ലഹരിച്ചുടലയില്‍ വീണുടഞ്ഞ പാത്രങ്ങള്‍ ചിതറിക്കിടിരുന്നു.

അഴുക്ക് പുരണ്ട നേരിയതിന്‍റെ ഒരറ്റം കൈയില്‍ ചുറ്റി അടുത്ത പാത്രം ചിതറിത്തെറിക്കുന്ന മുറ്റത്ത് ‘പൗര്‍ണ്ണമിനിലാവിന്‍റെ പാട്ട് കേള്‍ക്കുന്നില്ലേ അമ്മൂ നീയുറങ്ങ്’ എന്ന് നെറ്റിയില്‍ കൈവച്ച് അമ്മ പറഞ്ഞത്.

ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ട മുത്തശ്ശി അകത്ത് സ്വര്‍ണ്ണജയന്തി എക്സ്പ്രസിന്‍റെ ശബ്ദത്തെക്കാളുച്ചത്തില്‍ രാമായണം വായിച്ചത്.

രാമായണത്തില്‍ മുഴുവന്‍ യുദ്ധം തന്നെ. ഈ വീട്ടിലും.

ഒരിക്കല്‍ ഞാനും പോകും. അഗ്നിപരീക്ഷണം മതിയായിരിക്കുന്നു. ഭൂമി രണ്ടായി മെല്ലെ അടര്‍ന്നു നീങ്ങും. അതില്‍ നിന്നും കുളിര്‍സ്പര്‍ശവുമായി ഭൂമിദേവി എന്നെ കൈപിടിച്ച് കൊണ്ട് പോകും.

അമ്മ പോകുമ്പോള്‍ ഞാനും കൂടെ വരാം.

വേണ്ട അമ്മൂ, നീ പുസ്തകങ്ങളോടൊപ്പം യാത്ര ചെയ്യണം.

അവിടെ നിന്ന് പ്രപഞ്ചത്തിലേയ്ക്കും.

ഒരുപാടൊരുപാട് അറിവുകള്‍ ദൈവം നിനക്കായി ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. നീലാകാശവും കടന്ന് ഗ്രഹതാരകങ്ങളിലൂടെ നിന്‍റെ ചിന്തകള്‍ യാത്ര ചെയ്യണം.

എത്രയോ പുസ്തകങ്ങള്‍ ഞാനും വായിച്ചിരിക്കുന്നമ്മൂ..

ഈ നരക കാലത്തിലേക്ക് വലത് കാല്‍ വെച്ച് നിലവിളക്കും പിടിച്ച് വരുന്നതിനു മുന്‍പേ..

കുഗ്രാമത്തിലുമുണ്ടായിരുന്നു വായനശാല.

മിത്രന്‍ മാഷിന്‍റെ അലമാരയിലെ എല്ലാ പുസ്തകവും എനിക്ക് വായിക്കാന്‍ തന്നിരുന്നു. ആമ്പല്‍ക്കുളത്തിന്‍റെ കല്‍പ്പടവിലിരുന്ന് ഞാനാദ്യമെഴുതിയത് അരുന്ധതി നക്ഷത്രത്തെക്കുറിച്ചായിരുന്നു.

‘ദേവഹൂതിയുടെ മകളെ! നിന്നെലെ എനിക്കുമൊരു നക്ഷത്രമാകണം. ആകാശത്തില്‍ തിളങ്ങി ലോക ചരിത്രത്തോളം ഭൂമിയെ കണ്ടുകൊണ്ടിരിക്കണം. ഈ ആമ്പല്‍ക്കുളങ്ങളും മഴത്തുള്ളികളും, മാമ്പൂ സുഗന്ധവുമെല്ലാമെനിക്കിഷ്ടം.’

ഇത് വായിച്ചിട്ടാണ് മിത്രന്‍ മാഷ് എനിക്ക് കാളിദാസനെ പറഞ്ഞ് തന്നത്. ഉജ്ജയനിയും, ശ്യാമള ദന്ധികയുമെല്ലാം ഞാനറിഞ്ഞത്.

അമ്മൂ ഈയടുക്കളയിലേക്കെത്തും വരെയും എനിക്ക് ചുറ്റും ഋതുക്കള്‍ നൃത്തം ചെയ്തിരുന്നു. ശകുന്തളയെ തേടി ദുഷ്യന്ത്യന്‍ വരുംപോലെ, മാളവികാഗ്നിമിത്രം പോലെ, അപ്സരലോകം ലോകം പോലൊരു സ്വപ്നമുണ്ടായിരുന്നു കൂട്ടിന്.

സ്വപ്നങ്ങള്‍ക്കും യാഥാര്‍ഥ്യത്തിനും തമ്മിലുള്ള അകലം പ്രകാശവര്‍ഷങ്ങള്‍ പോലെ നീണ്ടതാണമ്മൂ. നോക്കൂ ഈയടുക്കളയുടെ പുകച്ചുമരുകളില്‍ എന്‍റെ ചിന്തകളും പുകഞ്ഞു തീരുന്നു.

അമ്മൂ എന്‍റെ ജീവിതമാണ് നിന്‍റെ ആദ്യപാഠം!

ഇവിടെയുള്ളവര്‍ നീയൊരാണ്‍കുട്ടിയായി ജനിക്കാത്തതില്‍ വിഷമിക്കുന്നു.

മുത്തശ്ശി ശാപവാക്കുകളുരുവിടുന്നത് കേട്ടിട്ടില്ലേ?

പ്രജനനത്തിന് കാലം തെറ്റിച്ചവള്‍. വായിച്ച പുസ്തകങ്ങളിലെ വിപ്ലവവീര്യത്തില്‍ അറിഞ്ഞുകൊണ്ട് മകളെയുണര്‍ത്തിയവള്‍.

അമ്മൂ നിനക്കറിയുമോ മനസ്സറിവില്ലാത്ത കാര്യത്തിനാണ് ഈ ഉണ്ണിമോഹികള്‍ എന്നെ തേജോവധം ചെയ്തത്.

ആണ്‍കുട്ടിയുണ്ടാകാനായി തീണ്ടാര്‍ന്നു കുളിച്ച പെണ്ണിനരികിലെന്ന് പോകണമെന്ന് മകനെയുപദേശിച്ച നിന്‍റെ മുത്തശ്ശന്‍.

ഇതേത് നൂറ്റാണ്ടാണെന്ന് നിനക്ക് സംശയം തോുന്നുവോ അമ്മൂ.

സ്ഥാനം തെറ്റി പിറന്നവളാണ് നീ..

ഞാനിപ്പോള്‍ കാലമുടച്ച ഒരു വസ്തുവും

നീയങ്ങനെയാവരുത്.

അമ്മയുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നത് ഹൃദയത്തിലാണ്.

അതെ, അമ്മയുടെ അമ്മുവും ഋതുക്കളില്ലാത്ത അടുക്കളയിലെത്തിയിരിക്കുന്നു.

ചിമ്മിനിപ്പുകയില്‍ നിന്നും മാവിന്‍പുകയില്‍ അമ്മ അവസാനിക്കുമ്പോള്‍ അമ്മു മറ്റൊരടുക്കളയിലായിരുന്നു. ഇന്ധന വ്യത്യാസത്തില്‍ കരിപ്പുകയില്ലെങ്കിലും മനസ്സു പുകയ്ക്കുന്നൊരടുക്കളയില്‍.

അവിടെയുമുണ്ട് വേറൊരമ്മ. നാളികേരത്തിന്‍ കണക്കെടുക്കുന്നു, പത്തായത്തില്‍ നിറയ്ക്കേണ്ട നെല്ലളവ് തേടുന്ന, ചെമ്പകപ്പൂമണമുള്ള കാല്‍പ്പെട്ടിയില്‍ നാഗപടത്താലിയും, മാങ്ങാമാലയും സൂക്ഷിക്കുന്ന ഒരമ്മ.

വാസന സോപ്പിന്‍റെ, വാസനപ്പുകയിലയുടെ, ചാന്തിന്‍റെ ഗന്ധമുള്ള അമ്മ. ആ അമ്മ ഒരിക്കലും ‘ലെസ് മിസറബള്‍സി’നെപ്പറ്റിയോ, ‘സെക്കന്‍ഡ് സെക്സി’നെപ്പറ്റിയോ സംസാരിച്ചില്ല. മുറാസാക്കി ഷിക്കിബുവിന്‍റെ ടെയില്‍ ഓഫ്
ഗെഞ്ചി, ഒലിവിലകളുടെ ഗന്ധമുള്ള പാര്‍ത്തിനോണ്‍ എന്നിവയൊന്നും മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കാത്തൊരാള്‍. നെരൂദയുടെ മാച്ചുപിച്ചുവിന്‍റെ കാന്‍റോ വായിക്കാത്തൊരാള്‍. വില്യം ഫോക്നറുടെ ലൈറ്റ് ഇന്‍ ഓഗസ്റ്റ്, ‘സൗണ്ട് ആന്‍ഡ് ഫ്യൂറി’ ഇവയൊന്നും അടുക്കളയലമാരിയില്‍ല്‍ ഉണ്ടാവില്ല.

ഉണ്ട ശര്‍ക്കരയും, ഉപ്പുമാങ്ങയും നിറഞ്ഞ നിലവറയില്‍ നിന്നും നിഗൂഢതയിലേക്കുള്ള ഇരുണ്ട വഴി. തടി ഗോവണിയിലൂടെ തട്ടിന്‍പുരയില്‍ പഴയ മദ്ദളത്തിന്‍റെ തടിക്കൂടും, കുറെ കാല്‍ പോയ പെട്ടികളും.

മഹാപുരാണങ്ങള്‍ മാത്രമേ ഇവിടുള്ളൂ. അതൊക്കെ നമ്പൂതിരിമാര്‍ വന്ന് കാലാകാലങ്ങളില്‍ വായിക്കും. കടല്‍ കടക്കും യാത്രകള്‍ നിഷിദ്ധമെന്ന പോല്‍ കടലിനക്കരെ നിന്നെത്തും സാഹിത്യവും ഇവിടെ നിഷിദ്ധം.

അരുന്ധതി, കുട്ടിയിനി ജോലിയ്ക്കൊന്നും പോവേണ്ട, ഇത്ര ദൂരെയുള്ള സ്കൂളിലേക്ക് പോയി വരുമ്പോള്‍ പലപ്പോഴും സന്ധ്യ കഴിയുന്നു. രഘുരാമനത്താഴം വിളമ്പാന്‍ പോലും നീയുണ്ടാവില്ല.

രഘുരാമനത്താഴം വിളമ്പേണ്ട വസ്തു.

രഘുരാമന്‍ വരുമ്പോള്‍ സന്തോഷത്തോടെ അല്പം സാന്ത്വനം കൊടുക്കേണ്ട വസ്തു എന്നാരും പറയില്ല.

അത്താഴം വിളമ്പേണ്ടവള്‍, തുണിയിസ്തിരിയിടേണ്ടവള്‍, നിലം മിനുപ്പാക്കേണ്ടവള്‍, പാത്രം കഴുകേണ്ടവള്‍.

ഭഗവതിയുടെ വാളുമായ് അമ്മ മുന്നിലുറയുന്നത് പോലെ…

അമ്മൂ നീയരുന്ധതിയാണ് തിളങ്ങേണ്ടവള്‍.. ദേവഹൂതിയുടെ മകള്‍!

ഈ പ്രപത്തിലൊരടയാളം ബാക്കിവയ്ക്കേണ്ടവള്‍..

രഘുരാമനത്താഴം വിളമ്പേണ്ടവളെ, ഈ ജന്മം ഋതുക്കളെ അടുക്കളച്ചുമരിലൊളിപ്പിച്ച്, ചിമ്മിനിപ്പുകയിലൂടെ മേഘമായ്, മഴയായ് പെയ്തു തോരുമ്പോള്‍ നീ കടലില്‍ ഒരിത്തിരി ഉപ്പുനീറ്റലായി മാഞ്ഞു പോയിട്ടുണ്ടാവും.

അരുന്ധതി മേശവലിപ്പില്‍ നിന്നും പഴയ പഴയ നോട്ട് ബുക്ക് വലിച്ചെടുത്ത് അതിന്‍റെ ബാക്കി വന്ന താളുകളില്‍ വാശിയോടെ എഴുതി..

രഘുരാമന്,

‘രഘുരാമനത്താഴം വിളമ്പേണ്ടതിനാല്‍ ജോലി രാജിവയ്ക്കണമെന്ന് ഇവിടുത്തെ അമ്മ പറയുന്നു. അത്താഴം വിളമ്പുവാനാണോ എന്നെ ഇവിടേയ്ക്ക് കൊണ്ടു വന്നത്. സങ്കടങ്ങളെ സ്വര്‍ണ്ണജയന്തി എക്സ്പ്രസിന്‍റെ ചക്രങ്ങളിലൊതുക്കാതെ അമ്മ എന്നെ കാത്തുസൂക്ഷിച്ചത് അത്താഴം വിളമ്പേണ്ട വസ്തുവാക്കാനല്ല. ആമ്പല്‍ക്കുളത്തിനരികിലിരുന്ന് എനിക്ക് അരുന്ധതി നക്ഷത്രത്തെ കാണണം. അമ്മ എനിക്ക് അരുന്ധതി എന്ന പേരിട്ടത് നക്ഷത്രം പോലെ തിളങ്ങണമെന്നാഗ്രഹത്തോടെയാണ്. പ്രപത്തിന്‍റെ മാസ്മര ലോകത്തിലൂടെ, ചിന്തകളിലൂടെ എനിക്ക് സഞ്ചരിക്കണം. നഗരഗ്രാമങ്ങളുടെ അകലമളന്ന് അതിനിടയിലെ ഹൃദയത്തിന്‍റെ ഭാഷ കേള്‍ക്കണം. മിത്രന്‍ മാഷിന്‍റെ വായനശാല പോലൊരു ഗ്രന്ഥശാലയിലിരുന്ന് ലോകത്തെയറിയണം.

അടുക്കളയിലൂടെ മുഴുവന്‍ ജീവിതത്തെയും ചിമ്മിനിപ്പുകയായി ആകാശമേഘത്തിലേറ്റി മഴയായ് പെയ്ത് കടലിലൊരു
തിരയായ് മായരുതെന്ന് അമ്മ പറഞ്ഞിരുന്നു. അമ്മയോടുള്ള പ്രോമിസ് ആണ്. രഘുരാമനത്താഴം വിളമ്പാനായി ഞാന്‍ ജോലി രാജിവയ്ക്കണമോ?

നഗരം ദൂരെയിടങ്ങളില്‍ വളര്‍ന്നെങ്കിലും ഈ ഗ്രാമത്തിനിപ്പോഴും ചെമ്മണ്‍ പാതകളുണ്ട്. ബസ് രണ്ട് കിലോമീറ്ററോളം നടന്നാല്‍ കിട്ടുന്ന ആഡംബരമാണ്. അതിനാല്‍ രഘുരാമനത്താഴം വിളമ്പാനായി വേഗത്തിലെത്താനായ് ഒരു വാഹനം നാലുകെട്ടിന്‍റെ പടിപ്പുരവരെയും ഏര്‍പ്പാടാക്കിയാല്‍ ഇവിടുത്തെ അമ്മയുടെ മനോവേദന കുറയ്ക്കാനാവും.

ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് പോലൊരു കഥ എന്‍റെ ജീവിതത്തിനുണ്ടാവരുത്. ഇന്‍ഹെറിറ്റന്‍സ് ഓഫ് കറേജ് എന്നെഴുതാന്‍ ഇന്ന് ശ്രമിക്കുകയാണ്. എന്‍റെ വസന്തവും, വര്‍ഷവും പൂവുകളും അടുക്കളയില്‍ കൊഴിഞ്ഞു വീണു മായുന്നത് പോലെ തോന്നിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ അത്താഴം വിളമ്പേണ്ടുന്നവള്‍ മാത്രമാണോ?’

ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ നിശബ്ദത ഭേദിക്കുന്നത് പോല്‍ അരുന്ധതിയ്ക്കനുഭവപ്പെട്ടു. അത്താഴം വിളമ്പേണ്ടവളെ പദവിയില്‍ സന്തോഷിക്കണമോ സങ്കടപ്പെടണമോ എന്നറിയാതെ അരുന്ധതിയുടെ മനസ്സ് തൂക്കുപാലത്തിലെന്ന പോല്‍ ആടിയുലഞ്ഞു. ഒരു കൈ ബുക്കിലും മറുകൈയില്‍ എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത എന്തൊക്കെയോ തുള്ളിത്തുളുമ്പുന്ന പേനയുമായി അടഞ്ഞു പോകുന്ന കണ്ണുകളെ ഉറക്കത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ അരുന്ധതി പരിശ്രമിച്ചുകൊണ്ടേയിരുന്നു.

സ്വപ്ന ജാഗ്രത്തിന്‍റെ ഏതൊക്കെയോ തലങ്ങളില്‍ സഞ്ചരിക്കുന്നൊരിടത്ത് അരുന്ധതിയുടെ പേന നിശ്ചലമായി.

അമ്മൂ….

ആരോ കൈതട്ടി വിളിക്കുന്നു..

ഉറക്കത്തിന്‍റെ മൗനകാലത്തില്‍ നിന്ന്, സ്ഥലകാലങ്ങള്‍ അസ്ഥിരമായ അവസ്ഥയില്‍ നിന്ന് മിഴികളടര്‍ത്തി അരുന്ധതി മെല്ലെ ശിരസ്സുയര്‍ത്തി.

മുന്നില്‍ രഘുരാമന്‍

എഴുന്നേല്‍ക്ക്

അമ്മു അത്താഴം കഴിച്ചുവോ?

ഇല്ല

വന്നോളൂ..

നാലുകെട്ടിന്‍റെ അടുക്കളയിലെ പഴയ മഹാഗണി ബഞ്ചില്‍ അരുന്ധതി ഇരുന്നു

സ്റ്റൗവില്‍ ദോശക്കല്ലേറ്റി രഘുരാമന്‍ ദോശയുണ്ടാക്കി.

സ്റ്റീല്‍ പ്ലേറ്റില്‍ വെളുത്ത പഞ്ഞി പോലെ ദോശ..

കഴിച്ചോളൂ..

അരുന്ധതി കണ്ണു മിഴിച്ച് രഘുരാമനെ നോക്കി..

എന്താ അമ്മൂ

ഒന്നൂല്ല്യ..

വര്‍ണ്ണങ്ങള്‍ തട്ടിത്തൂവുന്ന ഋതുക്കള്‍ നൃത്തം ചെയ്യുന്ന അടുക്കള!

അമ്മു എന്തെങ്കിലും പറഞ്ഞുവോ?

ഇല്ല..

ഹൃദയം കൊണ്ട് സംസാരിക്കുന്ന ഭാഷ അമ്മു പഠിച്ചത് അമ്മയില്‍ നിന്നായിരുന്നു.

അമ്മുവിന്‍റെ കൈയിലിരുന്ന് പഞ്ഞി പോലെ മൃദുവായ ദോശക്കഷണങ്ങള്‍ നിഷ്ക്കളങ്കരായ കുട്ടികളെ പോലെ ചിരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment