Flash News

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ മലയാളികളുമായുള്ള സൂം സംവാദം ഇന്ന് രാവിലെ10.30 ന്

May 23, 2020 , ഫ്രാന്‍സിസ് തടത്തില്‍

ZOOMന്യൂജേഴ്‌സി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായുള്ള സൂം (Zoom) മീറ്റിംഗ് മെയ് 23 നു ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് സമയം 10.30 നു നടക്കും. കോവിഡ്19ന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി സംവദിക്കുന്ന മുഖ്യമന്ത്രി, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് കോവിഡ് കാലത്തുണ്ടായ ദുഃഖ നഷ്‌ടങ്ങളില്‍ പങ്കു ചേരുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും.. ഇന്ത്യന്‍ സമയം കൃത്യം വൈകുന്നേരം 8 മണിക്ക് മുഖ്യമന്ത്രി മീറ്റിംഗില്‍ പ്രവേശിക്കും. ഏതാണ്ട് ഒന്നര മണിക്കൂറോളം അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം സൂം മീറ്റിംഗില്‍ ചെലവഴിക്കും.

ലോകം മുഴുവന്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ അതിസമര്‍ത്ഥമായി നേരിടുക വഴി കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തില്‍ വരെ എത്തിച്ച പിണറായി വിജയന്‍ ലോക മാധ്യമങ്ങളിലൂടെ വാര്‍ത്താ പുരുഷനായി മാറിയിരുന്നു. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന, യുനൈറ്റഡ്‌ നേഷന്‍സ്, തുടങ്ങിയ അന്തര്‍ദേശീയ സംഘടനകളുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സൂം മീറ്റിംഗ് ഏറെ പ്രാധാന്യത്തോടെയാണ് അമേരിക്കയിലെ മലയാളി സമൂഹം കാണുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം കോവിഡ് കാലത്ത് മരണമടഞ്ഞ അമേരിക്കന്‍ മലയാളികളെ അനുസ്‌മരിക്കുകയും കോവിഡ്ക്കാലത്തെ ഹീറോകളായ ഹെല്‍ത്ത് കെയര്‍ വർക്കേഴ്‌സിനെ അനുമോദിക്കുകയും ചെയ്യും.

അമേരിക്കയിലെ വിവിധ മലയാളി ദേശീയ സംഘടനകള്‍ക്കു പുറമെ അമേരിക്കന്‍ മലയാളി നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. 500 ല്‍പ്പരം പേര് പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന സൂം മീറ്റിംഗില്‍ അമേരിക്കയിലെ നിരവധിപ്പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവാദം നടത്താന്‍ അവസരമുണ്ടാകും. ഏതാണ്ട് 16 പേര്‍ക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങള്‍ മുന്‍കൂട്ടി അയച്ചു നല്‍കാന്‍ സമയപരിധി ലഭിച്ചിരുന്നു. 80 ല്‍ അധികം ചോദ്യങ്ങളാണ് ലഭിച്ചത്. ചോദ്യകര്‍ത്താക്കള്‍ ആരെന്ന് ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പായിരിക്കും തീരുമാനിക്കുക. ചോദ്യങ്ങള്‍ ചോദിക്കാനായി പേരു വിളിക്കുമ്പോള്‍ പ്രതികരിക്കാന്‍ വൈകിയാല്‍ അടുത്തയാള്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കും. അതിനാലാണ് കൂടുതല്‍ ചോദ്യകര്‍ത്താക്കളെ ഉള്‍പ്പെടുത്തിയതെന്ന് കോഓര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. സമയ പരിമിതി മൂലമാണ് ചോദ്യോത്തരവേളയില്‍ ചോദ്യങ്ങളുടെ എണ്ണം ചുരുക്കുന്നത്. എന്നിരുന്നാലും സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ചോദ്യങ്ങള്‍ ഉൾക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.

കോവിഡ് കാലത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്. മരണമടഞ്ഞ എല്ലാ കുടുബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ പ്രതിനിധികളില്‍ നിന്നു തന്നെ നേരിട്ടറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്കന്‍ മലയാളികളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹവും താല്പര്യവും കണക്കിലെടുത്ത് എല്ലാ മലയാളി സംഘടനാ നേതാക്കളും സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം. അനിരുദ്ധന്‍ അഭ്യര്‍ത്ഥിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top