ലോക പര്യടനത്തിനിറങ്ങിയ ഫ്രഞ്ച് കുടുംബം രണ്ടു മാസമായി യുപിയിലെ ഗ്രാമത്തില്‍ കുടുങ്ങി

French-Family-In-UP-Photo-Karunanidhi-Mishraന്യൂഡല്‍ഹി: കൊറോണ അണുബാധ തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോക പര്യടനത്തിനിറങ്ങിയ ഫ്രഞ്ച് ദമ്പതികളും അവരുടെ രണ്ട് പെണ്‍മക്കളും ഒരു മകനും രണ്ട് മാസമായി യു.പി.യിലെ മഹാരാജ് ഗഞ്ച് ജില്ലയില്‍ ഒരു ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

വനം ഭാഗത്തുള്ള ഒരു ഗ്രാമത്തിലാണ് ദമ്പതികള്‍ തമ്പടിച്ചിട്ടുള്ളത്. ഗ്രാമീണര്‍ ഈ കുടുംബത്തെ വളരെയധികം കാര്യമായിത്തന്നെ സം‌രക്ഷിക്കുന്നു.

ഫ്രഞ്ച് നിവാസിയായ പാട്രിസ് ജോസഫ് പാലാരിസും വിര്‍ജനി കരോലിനും അവരുടെ മൂന്ന് മക്കളായ അഫ്‌ലോ മാര്‍ഗിറ്റി പാലാരിസ്, ലോല ജെന്നിഫര്‍, ടോം മാറ്റി എന്നിവരുമായി കഴിഞ്ഞ ജൂലൈ മുതലാണ് ലോക പര്യടനത്തിനിറങ്ങിയത്. കൂട്ടത്തില്‍ അവരുടെ വളര്‍ത്തു നായയുമുണ്ട്.

എല്ലാ സജ്ജീകരണങ്ങളോടെയും അവരുടെ വാഹനവും അനുബന്ധ ട്രോളിയുമായി പാക്കിസ്താന്‍ വഴി വാഗ അതിര്‍ത്തി കടന്നാണ് മാര്‍ച്ചില്‍ ഈ കുടുംബം ഇന്ത്യയിലെത്തിയത്. ഏകദേശം ഒരു മാസത്തോളം പാക്കിസ്താനില്‍ താമസിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്.

രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും പല നഗരങ്ങളിലൂടെ യാത്ര ചെയ്ത് മാര്‍ച്ച് 22 ന് മഹാരാജ് ഗഞ്ചിലെത്തി ഗോരഖ്പൂര്‍ വഴി നേപ്പാളിലേക്ക് പുറപ്പെട്ടെങ്കിലും ഇന്തോ നേപ്പാള്‍ അതിര്‍ത്തി അടച്ചതിനാല്‍ അവര്‍ക്ക് നേപ്പാളിലേക്ക് പോകാന്‍ കഴിഞ്ഞില്ല.

പാട്രിസ് രണ്ടുതവണ അതിര്‍ത്തിയില്‍ പോയെങ്കിലും നേപ്പാളിലേക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. കൊറോണ പകര്‍ച്ചവ്യാധി മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മാര്‍ച്ച് 24 ന് നേപ്പാള്‍ അതിര്‍ത്തി അടച്ചിരുന്നു. ഇന്ത്യയിലും മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കി.

അതിനുശേഷം ഇരു രാജ്യങ്ങളും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകുകയാണ്. മെയ് 31 വരെ ഇന്ത്യ ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടത്തിലേക്ക് കടന്നു. നേപ്പാള്‍ ലോക്ക്ഡൗണ്‍ കാലയളവ് ജൂണ്‍ 2 വരെ നീട്ടി.

നേപ്പാള്‍ അതിര്‍ത്തി അടച്ചതിനാല്‍ അവര്‍ മടങ്ങി ഗോരഖ്പൂരിലേക്ക് പോകാന്‍ ശ്രമിച്ചുവെങ്കിലും ഗോരഖ്പൂരിന്‍റെ അതിര്‍ത്തിയും അടച്ചിരുന്നു. തുടര്‍ന്ന് കുടുംബം ഒരു രാത്രി കാമ്പിയര്‍ഗിനടുത്തുള്ള വനത്തില്‍ ചെലവഴിച്ചു.

രണ്ടാം ദിവസം അവര്‍ സോഹിഗര്‍വാന്‍ ഗ്രാമത്തിലേക്ക് പോയി. പ്രവേശന കവാടത്തിനടുത്തുള്ള ലാല്‍പൂര്‍ കല്യാണ്‍പൂര്‍ ഗ്രാമസഭയിലെ അചല്‍ഗഡ് ഗ്രാമമാണ് അവരെ സ്വീകരിച്ചത്. ഗ്രാമത്തിലെ ക്ഷേത്ര സമുച്ചയത്തില്‍ അവര്‍ തമ്പടിച്ചു.

ഗ്രാമത്തലവന്‍ യോഗേന്ദ്ര സാഹ്‌നി, ക്ഷേത്ര പുരോഹിതന്‍ ബാബ ഉദയ് രാജ് എന്നിവര്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു. അന്നു മുതല്‍ ഈ കുടുംബം ഇവിടെ താമസിക്കുന്നു. നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് അവര്‍ക്ക് യാത്ര ചെയ്യേണ്ടതുണ്ട്.

ഫ്രഞ്ച് കുടുംബത്തിന്‍റെ താമസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ പൊലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും വന്ന് ഒരു ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ താമസിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ദമ്പതികള്‍ ഗ്രാമത്തില്‍ താമസിക്കാനാണ് ആഗ്രഹിച്ചത്. അധികൃതര്‍ അത് സ്വീകരിക്കുകയും ചെയ്തു.

ഈ കാലയളവില്‍ ഈ കുടുംബത്തിന്‍റെ വിസ കാലയളവും അവസാനിച്ചു. വിസ പുതുക്കാന്‍ അവര്‍ അപേക്ഷിച്ചിട്ടുണ്ട്. ലക്ഷ്മിപൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍മാരും ഇവിടെയെത്തി ഈ കുടുംബത്തെ പരിശോധിച്ചു.

ഒരു വലിയ വാഹനവും ട്രോളിയും ആണ് ഈ കുടുംബത്തിന്റെ വീട്. വാഹനത്തില്‍ തന്നെയാണ് ഇവരുടെ ഉറക്കവും. ഇതിനിടെ പാട്രിസും വിര്‍ജനിയും ഭോജ്പുരി, ഹിന്ദി എന്നീ ഭാഷകളിലെ ഏതാനും വാക്കുകളും പഠിച്ചു. ഗ്രാമീണരെ ഭോജ്പുരിയില്‍ അഭിവാദ്യം ചെയ്യുമ്പോള്‍ ഗ്രാമീണര്‍ക്കും സന്തോഷം.

ഈ കുടുംബത്തെ ഗ്രാമവാസികള്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് ലക്ഷ്മിപൂരിലെ ഗ്രാമത്തലവന്‍ യോഗേന്ദ്ര സാഹ്‌നി പറഞ്ഞു. ഗ്രാമവാസികള്‍ അവര്‍ക്ക് പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവ നല്‍കുന്നു. അവരും റൊട്ടികള്‍ ഉണ്ടാക്കി ഗ്രാമീണര്‍ക്ക് നല്‍കുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ അവര്‍ക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നു.

ക്ഷേത്രത്തിനടുത്തായി ഒരു ഗ്രാമീണ വിദ്യാലയമുണ്ട്. അവിടെ ടോയ്‌ലറ്റും ബാത്ത്റൂം സൗകര്യവുമുണ്ട്. ഇത് വിദേശ അതിഥികള്‍ക്കായി തുറന്നു കൊടുത്തു. അവര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു എന്ന് ഗ്രാമത്തലവന്‍ യോഗേന്ദ്ര സാഹ്‌നി പറഞ്ഞു.

ക്ഷേത്രത്തിലും സ്കൂള്‍ പരിസരത്തും ഗ്രാമവാസികള്‍ രാവിലെയും വൈകുന്നേരേവും ഈ കുടുംബത്തെ കാണാന്‍ വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാട്രിസും വിര്‍ജീനിയും അവരുടെ കുട്ടികളും ഗ്രാമത്തിലെ കുട്ടികളുമായി കളിക്കുന്നു. പകല്‍ സമയത്ത്, അവര്‍ പലപ്പോഴും എന്തെങ്കിലും വായിക്കും അല്ലെങ്കില്‍ മൊബൈലുകളിലും ലാപ്ടോപ്പുകളിലും തിരക്കിലായിരിക്കും.

ഈ കുടുംബം മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും അവരുടെ താമസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ചില പ്രാദേശിക ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വിര്‍ജിനി പറഞ്ഞു, ‘ഞങ്ങള്‍ പത്തു മാസമായി യാത്ര ചെയ്യുന്നു. ലോകം ചുറ്റിക്കാണാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു, ഇപ്പോള്‍ നേപ്പാള്‍ അതിര്‍ത്തി തുറക്കുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.’

ഗ്രാമീണരെ പ്രശംസിക്കുന്നതിനിടെ അവര്‍ പറഞ്ഞു. ‘ഗ്രാമത്തിലെ ആളുകള്‍ വളരെ നല്ലവരാണ്, ഞങ്ങളെ വളരെയധികം സഹായിക്കുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നു, കൊറോണ എത്രയും പെട്ടെന്ന് അവസാനിക്കാന്‍ ഞങ്ങള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.’

നേപ്പാള്‍ അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. സോഹ്ഗിരവന്‍ സ്യൂചാരിയുടെ ലക്ഷ്മിപൂര്‍ റേഞ്ച് ഓഫീസിന് സമീപം. 212 കുടുംബങ്ങള്‍ താമസിക്കുന്ന വന്താംഗിയ ടൗണ്‍ഷിപ്പാണ് അചല്‍ഗഡ്. ഗ്രാമത്തലവന്‍ യോഗേന്ദ്ര സാഹ്‌നിയും ഈ വന്താംഗിയ സമൂഹത്തില്‍ നിന്നുള്ളതാണ്.

2015 ല്‍ രാജ്യ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഗോരഖ്പൂര്‍ മഹാരാജ്ഗഞ്ചിലെ 23 വന്താംഗിയ ഗ്രാമത്തിലെ ജനങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അതേസമയം അചല്‍ഗഡ്, ടിങ്കോണിയ വന്താംഗിയ ബസ്തി എന്നിവയെ ലാല്‍പൂര്‍ കല്യാണ്‍ ഗ്രാമസഭയില്‍ ഉള്‍പ്പെടുത്തുകയും യുവ യോഗേന്ദ്ര സാഹ്നിയെ പ്രധാനായി തിരഞ്ഞെടുക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment