Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ, അദ്ധ്യായം 27)

May 24, 2020 , അബൂതി

adhyayam 27 bannerഅതിരാവിലെ അവളെഴുനേറ്റു. അടുക്കളയില്‍ കയറി. ദോശ ചുട്ടു. കടുംചായ ഊതിക്കുടിക്കുന്ന നേരത്താണ് കണ്ണുതിരുമ്മി മോള്‍ വന്നത്. അവള്‍ മോളെ പല്ലു തേപ്പിച്ചു. കുളിപ്പിച്ചു. കണ്ണെഴുതി. കവിളത്തൊരു കറുത്ത പുള്ളി കുത്തി. നന്നായി ഒരുക്കി. ദോശ പിച്ചിയെടുത്ത്, ചമ്മന്തിയില്‍ മുക്കി മോള്‍ക്ക് കൊടുക്കവെ സിദ്ധു വന്നു. അവന്‍ മോളുടെ കൂടെയിരുന്ന് വായ പൊളിച്ചു. മോള്‍ക്ക് ചിരിയടക്കാനായില്ല. രണ്ടുപേര്‍ക്കും അവള്‍ ദോശക്കഷ്ണങ്ങൾ മാറി മാറി കൊടുക്കുന്നത് നോക്കിയിരുന്നു അമ്മ. ആ കാഴ്ച അവരുടെ ഹൃദയത്തെ തണുപ്പിച്ചു.

ആശുപത്രിയിലെത്തിയപ്പോള്‍ എട്ടൊന്‍പത് മണിയായിരുന്നു. കൂടെ മോളുണ്ട്. പുതിയ ഡിസൈനിലുള്ള ചുവന്നൊരു പുത്തന്‍ ഉടുപ്പാണ് മോളെ ധരിപ്പിച്ചിരുന്നത്. ആ ഉടുപ്പില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു.

അവളോര്‍ത്തു, ഗായത്രി തീര്‍ച്ചയായും സുന്ദരിയായിരിക്കും. അവള്‍ മനസ്സിലൊന്നു സങ്കല്‍പ്പിച്ചു നോക്കി. അവിടെ കുറച്ചു തടിയുള്ള, നല്ല ഉയരമുള്ള, ഹൃദ്യമായി പുഞ്ചിരിക്കുന്ന, ധാരാളം കേശഭാരമുള്ള ഒരു ശാലീന യുവതിയുടെ രൂപം തെളിഞ്ഞു. മിക്കവാറും, അവളൊരുപാട് സംസാരിക്കുന്നവളായിരിക്കും. എപ്പോഴും ചിരിക്കുന്നവളായിരിക്കും. പെട്ടെന്ന് പിണങ്ങുകയും, അതേ പോലെ ഇണങ്ങുകയും ചെയ്യുന്നവളായിരിക്കും.

മോളെ കണ്ടപ്പോള്‍ വിനോദിന്റെ മുഖത്ത് പൂനിലാവുദിച്ചു. മോള്‍ സന്തോഷവതിയായിരുന്നു. ആ മുഖത്തെ പ്രകാശം കണ്ടപ്പോള്‍ വിനോദ് സ്വയം പറഞ്ഞു.

“അച്ഛന് നല്‍കാനാവാത്തത്… അമ്മയെ കൊണ്ടേ പറ്റൂ….” പിന്നെ ബാബുവിനെ നോക്കി. “നീ മോളെ രാധേച്ചിയുടെ അവിടെ കൊണ്ടാക്കിക്കോ. വെറുതെ പഠിപ്പ് മുടക്കണ്ട. രാത്രി നാട്ടീന്ന് പിള്ളാര് വരും. അവര് നിന്നോളും. ഇനിയെത്ര ദിവസാണാവോ ഈ നശിച്ച ജയിലില്‍…..” അവസാനിക്കുമ്പോള്‍ അവന്റെ ശബ്ദത്തില്‍ നിരാശയുടെ ഉപ്പുരസമുണ്ടായിരുന്നു.

അവളുടെ മുഖം മ്ലാനമായി. കുറച്ചു കഴിഞ്ഞ്, ബാബു മോളെയും കൊണ്ടു പോയപ്പോള്‍ ചോദിച്ചു..

“മോളെയെന്തേ പെട്ടെന്ന് തിരിച്ചയച്ചൂ… കാണാന്‍ പൂതിയാണെന്ന് പറഞ്ഞിട്ട്.. ഞാന്‍ കരുതി മോളിവിടെ എന്റെ കൂടെ നാലഞ്ചു ദിവസം കാണൂന്ന്…”

വിനോദ് ഒരല്പം നേരം മിണ്ടാതിരുന്നു…

“ഒന്നൂല്ല.. നീ അവളുടെ സന്തോഷം കണ്ടോ? ആശ കൊണ്ടും…. സ്നേഹം കൊണ്ടും വഞ്ചിതയാകാതിരിക്കട്ടെ… അവള്‍.”

അവളുടെ നെറ്റി ചുളിഞ്ഞു.. മുഖഭാവം ആകെ മാറി. അവിടം നീരസം തളം കെട്ടി.

“ഇതെന്താ, ഇങ്ങിനെയൊക്കെ പറയുന്നത്.. ഞാന്‍ മോളെ എന്ത് ചെയ്യുമെന്നാ? മനുഷ്യര്‍ക്ക് മനസ്സിലാവുന്ന പോലെ പറഞ്ഞാല്‍ ഉപകാരമായിരുന്നു…”

അവനവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ആ നീരസം നോക്കി നില്‍ക്കെ അവനിലൊരു പുഞ്ചിരി വിടര്‍ന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. ആ ചിരിക്കിടയില്‍ അവന്‍ പറഞ്ഞു…

“വാ… വന്നിവിടെ ഇരിക്ക്.. പറയട്ടെ…”

അവളുടെ മുഖത്തൊരു പരിഭവക്കടലുണ്ട്. എന്നിട്ടും അവള്‍ കട്ടിലിന്റെ അരികിലെ ഇരുമ്പ് കസേരയില്‍ ഇരിക്കാന്‍ തുടങ്ങി. അപ്പോള്‍ കിടക്കയില്‍ കൈകൊണ്ട് തട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.

“അവിടെയല്ലെടീ..വെള്ളക്കൊക്കെ… ഇവിടെ.. ഇവിടെയിരിക്ക്….”

അവളവിടെ മുഖം കുനിച്ചിരുന്നു. അവന്റെ ചിരി അടങ്ങിയിരുന്നില്ല. അവള്‍ പരിഭവത്തില്‍ തന്നെയാണ്. കിടക്കയില്‍ നോക്കിയിരുന്നു മടുത്തപ്പോള്‍ മെല്ലെ അവനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി. അവന്‍ തന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ പരിഭവത്തോടെ പിന്നെയും താഴേക്ക് നോക്കിയിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അത് തന്നെ ആവര്‍ത്തിച്ചു. രണ്ടു മൂന്നു വട്ടം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അവളുടെ ചുണ്ടിലും ഒരു ചെറു ചിരിയൂറിവന്നു. പരസ്പരം കണ്ണില്‍ നോക്കി നില്‍ക്കെ തെല്ല് കൊഞ്ചലോടെ ചോദിച്ചു.

“എന്താ….?”

“ഒന്നൂല….”

“പിന്നെന്താ… ഇങ്ങിനെ നോക്കുന്നത്…?”

“ചുമ്മാ….”

“എന്തിനാ മോളെ പറഞ്ഞയച്ചത്.. ഞാനവളെ എന്ത് ചെയ്യൂന്നാ പറഞ്ഞത്..”

അവളുടെ മുഖത്ത് പിന്നെയും പരിഭവം….

“അതല്ലെടാ.. അവളമ്മയില്ലാതെ വളര്‍ന്ന കുട്ടിയല്ലേ… നീയിങ്ങനെ അടുത്തു പെരുമാറിയാല്‍…. പിന്നെ നിനക്കും അവള്‍ക്കും ഒക്കെ… അതൊരു ബുദ്ധിമുട്ടാവും. അതാ ഞാന്‍.. വെറുതെ അവളാശിച്ച്… പിന്നെ സങ്കടാവണ്ടല്ലോ… കൊച്ചു കുട്ടിയല്ലേ… അല്ലെങ്കില്‍ പിന്നെ…”

അവനൊന്നു നിര്‍ത്തി. ഒരു നിശ്വാസമുതിര്‍ത്തു.

“നീ ഞങ്ങളുടെ കൊച്ചു ജീവിതത്തിലേക്കു വരണം… നിനക്കിപ്പോളതിന് സമ്മതവുമല്ല….. അപ്പോള്‍ പിന്നെ…”

അവളവനെ ദയനീയമായി നോക്കി. ആ മുഖത്തു നിന്നും പരിഭവം പടിയിറങ്ങിപ്പോയിരുന്നു. വിഷാദം നിഴലിട്ടു നില്‍ക്കെ, ജീവനില്ലാത്ത ഒരു പുഞ്ചിരി മാത്രം ബാക്കിയായി. അവളുടെ ശബ്ദം പതറിയിരുന്നു..

“അതങ്ങനെയല്ല വിനോദെ.. ഞാന്‍ പറഞ്ഞില്ലേ… അത്.. അത് ശരിയാവില്ല.. നീ കരുതിയ പോലെ അല്ല…”

അവള്‍ പറയാന്‍ പ്രയാസപ്പെടവേ, തല കുലുക്കിക്കൊണ്ടവന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു.

“ഞാനൊരു കാര്യം ചോദിക്കട്ടെ…?”

അവളവനെ നോക്കി… “ഉം” എന്നൊരു ചോദ്യം ആ കണ്ണിലുണ്ടായിരുന്നു..

“ഇന്നലെ പറഞ്ഞല്ലോ…. ഇടയിലുള്ളവര്‍? ഒന്നുമുണ്ടായിട്ടല്ല… വെറുതെ ഒന്നറിയാന്‍… ഒരു ക്യൂരിയോസിറ്റി…. ”

അവളവനെ തുറിച്ച് നോക്കി.. അവളുടെ മുഖം ചുവന്നു.. അവിടെ ദേഷ്യമോ സങ്കടമോ ഒക്കെ ഉരുണ്ടു കൂടി. വിനോദ് അമ്പരന്നു. ശെടാ.. കുരു പൊട്ടിയോ? ഇന്നലത്തെ തര്‍ക്കം അവനോര്‍ത്തു. ശങ്കയോടെ നോക്കിനിന്നു. അവന്റെ അമ്പരന്ന നോട്ടം കാണെ, അവളുടെ ഭാവം പതുക്കെ പതുക്കെ മാറി വന്നു. അവിടെ ഒരു കുസൃതീ ഭാവമുണര്‍ന്നു..

“പൊട്ടനാ… അല്ലെ? പരമ പൊട്ടന്‍… സ്‌കൂള്‍ മാഷണത്രെ… സ്‌കൂള്‍ മാഷ്…”

വിനോദിനൊന്നും മനസ്സിലായില്ല. കഥയറിയാതെ ആട്ടം കാണുന്നവനെ പോലെ അവനവളെ നോക്കി നിന്നു.

“വെറുതെയല്ല പണ്ടെല്ലാരും അപ്പക്കള എന്ന് വിളിച്ചീരുന്നത്… ഞാനാ പറഞ്ഞതിന്റെ അർത്ഥം…. എനിക്ക് വേറെ ആളുണ്ടെന്നാണോ…..? ഏ…. ആണോ?”

ചോദിച്ചത് അബദ്ധമായി എന്നവന് മനസ്സിലായി. ഒരു ഇളിഭ്യച്ചിരിയുമായി അവനവളെ നോക്കിയിരുന്നു.

“എന്റെ പൊന്നെ….. ഞാന്‍ സിദ്ധുന്റെ കാര്യമാണ് പറഞ്ഞത്. പെട്ടെന്നോരിസം ഞങ്ങള്‍ക്കിടയിലേക്ക് നീ കടന്നു വന്നാ… എനിക്കറിയില്ല…. അവനെങ്ങിനെയാ അതെടുക്കുകാന്ന്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല… എന്നാലും… നീ… ഛെ.. ഛെ…”

തന്റെ ജാള്യത, ചമ്മിയ പുഞ്ചരിയില്‍ ഒളിപ്പിക്കാനുള്ള അവന്റെ വിഫല ശ്രമം, അത്ര കണ്ടു വിജയിച്ചില്ല. മെല്ലെ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

“ഓ… സോറി.. ഞാന്‍ അത്രയ്ക്കങ്ങ് ഓര്‍ത്തില്ല…”

“എനിക്കോര്‍ക്കാതെ പറ്റുമോ? ഞാന്‍ അമ്മയല്ലേ?”

അവളുടെ ആ ചോദ്യത്തിന്റെ മുന്‍പില്‍ അവന്‍ പതറി. ശരിയല്ലേ? സിദ്ധു ഈ ഒരു കാര്യം എങ്ങിനെയാണ് എടുക്കുക എന്ന് പറയാനാവില്ല. മോള്‍ കൊച്ചു കുഞ്ഞായത് കൊണ്ട് അഡ്ജസ്റ്റബിള്‍ ആണ്. പക്ഷെ സിദ്ധു കൗമാരത്തിലേക്ക് കടന്ന ഒരാളാണ്. വ്യക്തിത്വം രൂപപ്പെട്ട് വരുന്ന ഒരാള്‍. ഇപ്പോള്‍ അവനുണ്ടാവുന്ന ചെറിയ ഷോക്ക് പോലും അവനിലെ മനുഷ്യനെ മോശമായി സ്വാധീനിക്കാം. അവനങ്ങനെ ഓരോന്നാലോചിച്ചിരിക്കെ അവള്‍ തുടർന്നു….

“അത് മാത്രമല്ല.. വേറെയും കാര്യമുണ്ട്…”

എന്താത് എന്നര്‍ത്ഥത്തില്‍ അവനവളുടെ മുഖത്തു നോക്കിയപ്പോള്‍ അവൾ മുഖം തിരിച്ചു… ചുമരിലേക്ക് നോക്കി പതുക്കെ പറഞ്ഞു…

“ആ നാട്ടില്‍ അല്ലെ ജീവിക്കേണ്ടത്? ആ നാട്ടുകാര്‍ക്കിടയില്‍? പേടി തോന്നുന്നില്ലേ നിനക്ക്? എനിക്കുണ്ട്. മക്കളെ ഓര്‍ത്ത്. നിന്റെ സല്‍പ്പേരിന് വന്നു വീഴുന്ന കളങ്കമോര്‍ത്ത്..”

അവളൊന്നു നിര്‍ത്തി… വിനോദ് എന്തെങ്കിലും പറയുന്നുണ്ടോ എന്നവള്‍ കാതോര്‍ത്തു. നീയിനി ഒന്നും പറയണ്ട എന്നവന്‍ പറഞ്ഞെങ്കില്‍ എന്നവളാഗ്രഹിച്ചെങ്കിലും അവന്‍ അങ്ങിനെ പറഞ്ഞില്ല… ശ്വാസമടക്കിപ്പിടിച്ച് അവനവളെ കേള്‍ക്കുകയായിരുന്നു.. ഒരു ചെറിയ കാത്തിരിപ്പിന്റെ ശേഷം അവള്‍ നിരാശയോടെ തുടര്‍ന്നു…

“ഇപ്പോഴുള്ള ഇഷ്ടമൊക്കെ… നാട്ടുകാരുടെ നാലു പരദൂഷണം കേള്‍ക്കുമ്പോൾ പോണ വഴികാണില്ല. വേണ്ടായിരുന്നു എന്ന് തോന്നിയാല്‍…. അതൊരുപാട് മനസ്സുകളെ വേദനിപ്പിക്കും.. എന്നെയും കൊണ്ട്… ഒന്ന് അങ്ങാടിയില്‍ പോകാന്‍ പോലും നിനക്കൊരു സ്വൈര്യം കിട്ടില്ല. വൃത്തികെട്ട നോട്ടവും… കളിയാക്കുന്ന വഷളന്‍ ചിറി കോട്ടലും കണ്ട്… നിനക്ക് വേഗം മടുക്കും. ഞാനത് കൊറേ അനുഭവിച്ചതാണ്. കണാരേട്ടന്റേയും… രാജേട്ടന്റേയും…. സുകുവിന്റേയും കഥകൾ കേട്ട് മടുക്കുമ്പോള്‍…. നിനക്കെന്നോടിപ്പോളുള്ള സ്നേഹമില്ലാതാവും. അതൊന്നും വേണ്ട വിനോദ്… എനിക്കതൊന്നും വിധിച്ചിട്ടില്ല… അല്ലെങ്കിലും വിനോദിനെ പോലൊരാള്‍ക്ക് എന്നെ പോലൊരുത്തി ശരിയാവൂല… ഒരിക്കലും… ശരിയാവൂല…”

അവള്‍ നിര്‍ത്തിയത് ഒരു ഗദ്ഗദത്തോടെയാണ്… അവനു മുഖം കൊടുക്കാതെ തിരിഞ്ഞിരിക്കുകയാണവള്‍. ഒരല്പ നേരം അനുകമ്പയോടെ അവളെ നോക്കികൊണ്ട് അവനിരുന്നു. പിന്നെ മെല്ലെ അവളുടെ ചുമലില്‍ പിടിച്ചപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. അവളുടെ കലങ്ങിച്ചുവന്ന കണ്ണുകളിലേക്ക് നോക്ക് അവന്‍ ചോദിച്ചു…

“കഴിഞ്ഞോ? ഭാഗ്യം കേട്ട ചില നേരങ്ങളിലെ വീഴ്ച….. അത് എല്ലാവരുടെ ജീവിതത്തിലും ഇല്ലേ? അത് കൊണ്ട്…. അത് വിട്ടേക്ക്. അത്തരം നശിച്ച ഓര്‍മകളെ നമുക്ക് മനഃപൂര്‍വ്വം മറക്കാം. മറക്കണം. പിന്നെ നാട്ടുകാര്.. പോകാമ്പറയെടോ… നമ്മള്‍ കണ്ടില്ല കേട്ടില്ല എന്ന് വച്ചാല്‍ അവര്‍ താനേ നിറുത്തും… അല്ലെങ്കിലും താനിപ്പോള്‍ നാട്ടുകാര്‍ക്ക് പഴേ പോലെയൊന്നുമല്ല. വേറെ ലെവലാണ്.. വാസ്വേട്ടന്റെ മോളിപ്പോള്‍ ഹീറോയിനാണ്… ഹീറോയിന്‍..”

അവനൊന്നു ചിരിച്ചു.

“കാലം മാറിയില്ലേ… ആളുകളുടെ കാഴ്ചപ്പാടുകളും മാറി.. അതുകൊണ്ട്… അതൊന്നുമോര്‍ത്ത് നീ ബേജാറാവണ്ട… സിദ്ധുവിന്റെ കാര്യം… അത് ഉള്ളതാണ്.. അവന്‍ എന്നെ എങ്ങിനെ സ്വീകരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഭൂമിയില്‍ അമ്മ മാത്രമുള്ള കുഞ്ഞിന് അമ്മയാണ് ലോകം. ആ ലോകത്തേക്ക് ഒരീച്ചയെ പോലും അവര്‍ അടുപ്പിക്കില്ല… ഒരീച്ചയെ പോലും…

അവന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി. അവളുടെ മിഴികള്‍ ചോരുന്നുണ്ടായിരുന്നു. അവന്‍ മെല്ലെ കൈനീട്ടി ആ കണ്ണുനീര്‍ ധാര മുറിക്കവേ പറഞ്ഞു.

“നിര്‍ത്താനായില്ലേ നിനക്ക് നിന്റെ ഈ കണ്ണീര്‍ വര്‍ഷം? നോക്കൂ, നമുക്ക് കാത്തിരിക്കാം. നമ്മുടെ മക്കളൊക്കെ അവരവുടെ ചില്ലകളിലേക്ക് പറന്നു പോകുന്ന സമയം വരില്ലേ? വയസ്സാവില്ലേ നമുക്ക്. താങ്ങായും തണലായും… ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്നേറെ കൊതിക്കുന്ന സമയം… അപ്പോള്‍ നീയെന്റെ കുടിലിലേക്ക് വരണം. അത് വരെ കാത്തിരിക്കാന്‍ എന്നെ നീ സമ്മതിക്കുമോ?”

പെട്ടെന്ന് അവളവന്റെ കൈ സ്വന്തം കൈക്കുള്ളിലാക്കി. പിന്നെ സ്വന്തം കണ്ണീര്‍ നനഞ്ഞ മുഖം ആ പുറങ്കയ്യില്‍ ചേര്‍ത്തു വച്ചു. മന്ത്രിക്കും പോലെ പറഞ്ഞു.

“എന്തൊരു വിധിയാണ് വിനോദ് എന്റേത്? ഞാന്‍ നിന്നെ ഇന്നോളം കണ്ടതേയില്ലല്ലോ? അറിഞ്ഞതേയില്ലല്ലോ? നിനക്ക് തരാന്‍ എൻറെ കയ്യിലൊന്നുമില്ലല്ലോ വിനോദ്.. ഒന്നും…. നിനക്കറിയുമോ ഞാനെങ്ങിനെയാണ് ജീവിച്ചതെന്ന്… ഞാന്‍….”

അവളെ തുടരാന്‍ സമ്മതിച്ചില്ല അവന്‍.

“നിര്‍ത്ത്… നിര്‍ത്ത്… ഒരിക്കലും തുറക്കപ്പെടേണ്ടാത്ത താളുകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. നിന്റെ ജീവിതത്തിലും, എന്റെ ജീവിതത്തിലും അങ്ങിനെ ചില താളുകളുണ്ട്. അതവിടെ ഇരുന്നോട്ടെ.. അതെല്ലാം മനസ്സിന്റെ മച്ചില്‍, മറവിയുടെ പൊടിപുരണ്ട്‍ നുരുമ്പിച്ച് പോകണം.. അപ്പോഴേ ജീവിക്കാനാവൂ.. എല്ലാം എല്ലാവരോടും പറയേണ്ടതല്ല… അറിഞ്ഞതൊക്കെ അറിഞ്ഞെന്നു ഭവിക്കേണ്ടതുമല്ല. ജീവിതം ഒരു വലിയ സ്റ്റേജാണ്. അവിടെ… ചിലപ്പോഴൊക്കെ അഭിനയിക്കേണ്ടിവരും. അപ്പോഴേ നമുക്ക് ചുറ്റുമുള്ളവരെ ജീവിപ്പിക്കാനാവൂ. അപ്പോഴേ… നമുക്കും ജീവിക്കാനാവൂ. എല്ലാം നമ്മളറിഞ്ഞാല്‍…. ആ അറിവ് താങ്ങാനുള്ള കഴിവൊന്നും… മനുഷ്യന്റെ ഹൃദയത്തിനില്ല.. നോക്കൂ… ആര്‍ക്കും കട്ടെടുക്കാനാവാത്ത ഒരു മനസ്സില്ലേ നിന്റെ കൈയ്യില്‍? അശുദ്ധമാക്കാനാവാത്ത ഒരു ഹൃദയമില്ലേ നിനക്ക്? എനിക്കത് മതിയെടോ? അത് മാത്രം മതി. ഞാന്‍ കാത്തിരിക്കാം… മരണം വരെ… ഒരു പരാതിയുമില്ലാതെ…”

ആര്‍ദ്രമായ ഒരു നോട്ടമായിരുന്നു അവളുടെ മറുപടി. അവരങ്ങനെ പരസ്പരം മിഴികളില്‍ നോക്കി നില്‍ക്കെയാണ് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്. പെട്ടന്നവള്‍ കൈകള്‍ വേര്‍പ്പെടുത്തി. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും നഴ്സ് അകത്തേക്ക് കടന്നിരുന്നു. രണ്ട്പേരുടെയും മട്ടും മാതിരിയുമൊക്കെ കണ്ടപ്പോള്‍ അവര്‍ക്ക് ആകെ ഒരു അമ്പരപ്പ്. അത് പിന്നെ കുസൃതി നിറഞ്ഞ ഒരു പുഞ്ചിരിയിലേക്ക് വഴിമാറി. വിനോദിന് മരുന്ന് കൊടുത്ത് പോകുമ്പോള്‍ നഴ്സ് അവരെ രണ്ടു പേരെയും ഒന്നുകൂടി നോക്കി. അപ്പോഴും അവരുടെ ചുണ്ടില്‍ ആ കുസൃതിച്ചിരി പൂത്തിരി പോലെ കത്തി നില്‍ക്കുന്നുണ്ടായിരുന്നു.

അവളുടെ ഹൃദയത്തില്‍ സുന്ദര സുസ്മിതങ്ങള്‍ പൂക്കളായ് വിടര്‍ന്നു. ആ മിഴിക്കോണുകളില്‍ നാണം രോമഹര്‍ഷം ചൂടി നിന്നു. മനസ്സിലെ തെളിനീര്‍ തടാകത്തിലേക്ക് വെളുത്ത ചിറകുകള്‍ വീശി വരുന്നൊരു ഹംസത്തിനെ, അവള്‍ ഉള്ളാലെ വിളിച്ചത് പ്രണയമെന്നാണ്. നാലുമിഴികള്‍ പരസ്പരം കഥ പറയുന്ന പ്രണയം. മനസ്സില്‍ നിന്നും മനസ്സിലേക്ക് അറിയാതെയൊഴുകുന്ന ശീതസാഗരത്തിന്റെ പവിഴതീരങ്ങളില്‍ അവര്‍ അവരറിയാതെ പറന്നിറങ്ങുകയായിരുന്നു.

തുടരുംLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top