പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പു കടിയേട് മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പന്തികേടു തോന്നിയത് പോലീസിനു മാത്രമല്ല, ജനങ്ങള്‍ക്കും സംശയമുണ്ടായതായും ആ സംശയമാണ് ഇപ്പോള്‍ ദുരീകരിച്ചതെന്ന് അഞ്ചല്‍ ഏറ്റം വെള്ളശ്ശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത് കൊലപാതകമാണെന്ന പോലീസിന്റെ വെളിപ്പെടുത്തലോടെയാണ്.
ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെയും രണ്ട് സഹായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹായികളിലൊരാള്‍ പാമ്പുപിടുത്തക്കാരനാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. പാമ്പുപിടുത്തക്കാരില്‍ നിന്ന് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്ക് വാങ്ങിയതാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍വെച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഉത്ര സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ വെച്ച് മാര്‍ച്ച് ഏഴിന് ഉത്രയ്ക്ക് വീണ്ടും പാമ്പു കടിയേറ്റു. രണ്ട് തവണയും പാമ്പുകടിയേല്‍ക്കുമ്പോള്‍ സൂരജ് ഉത്രയോടൊപ്പം മുറിയിലുണ്ടായിരുന്നു.
ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സൂരജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുക.
തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നായിരുന്നു സൂരജിന്റെ ആദ്യ വാദം. എന്നാല്‍ സൂരജ് ചില പാമ്പുപിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. വിഷ പാമ്പുകളെക്കുറിച്ച് സൂരജ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിനും തെളിവുണ്ട്.
സൂരജിന്റെ വാദം ശരിയാണോയെന്ന് ശാസ്ത്രീയമായി പൊലീസ് പരിശോധിച്ചു. തറ നിരപ്പില്‍ നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതായിരുന്നു പൊലീസ് ആദ്യം പരിശോധിച്ചത്. ഇതിനായി ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പുപിടുത്തക്കാരുടെയും സഹായം തേടി. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. ഉറക്കത്തില്‍ യുവതിയ്ക്ക് പാമ്പ് കടിയേല്‍ക്കുമ്പോള്‍ തുടക്കത്തില്‍ വേദന അറിഞ്ഞില്ലെങ്കില്‍ പോലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് പിന്നീട് അനുഭവപ്പെടുന്ന വേദന അറിയേണ്ടതാണ്. എന്നാല്‍ മയങ്ങാനുള്ള മരുന്നോ മറ്റോ നല്കിയിട്ടുണ്ടെങ്കില് വേദന അറിയാനുള്ള സാധ്യത കുറവാണ്. വിഷബാധ ഏല്ക്കുമ്പോള് സാധാരണ കടിച്ച ഭാഗത്തെ വേദനയ്ക്ക് പുറമേ വയറു വേദന, ഛര്‍ദ്ദി തുടങ്ങിയവയും അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ സഹായിക്കുന്ന പേശികള്‍ തളര്‍ന്നു ശ്വാസം മുട്ടിയാണ് മൂര്‍ഖന്‍ കടിച്ചാല്‍ മരണം സംഭവിക്കുന്നത്. ശ്വാസംമുട്ടുന്ന ഒരാള്‍ ഉറക്കം ഉണരാതെ മരിക്കുകയെന്നത് ഒരിക്കലും സംഭവിക്കില്ല. അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകള്‍ കടിച്ചാല്‍ ആ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് ഉത്രയുടെ മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നത്.
സൂരജിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുണ്ടെന്ന ആരോപണമുണ്ട്. ഉത്രയുടെ ബന്ധുക്കള്‍ നല്കിയ മൊഴി ഇതിന് തെളിവ് നല്‍കുന്നതാണ്.
ഉറക്കത്തിലായിരുന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചതിനു ശേഷം അതിനെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ആദ്യം കൊത്തിയ ശേഷം വീണ്ടും ആഞ്ഞ് ഒന്നുകൂടി ഉത്രയെ കൊത്തി. തുടര്‍ന്ന് പാമ്പിനെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു സൂരജിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പാമ്പ് സൂരജിനു നേരെ തിരിയുകയായിരുന്നു.
ഇതോടെ ഭീതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലില്‍ തന്നെ നേരം കഴിച്ചുകൂട്ടുകയായിരുന്നു. സംഭവ ദിവസം ആറു മണിയോടെ സൂരജ് മുറിയ്ക്കു പുറത്തു വന്ന് ഉത്രയെ പാമ്പ് കടിച്ച വിവരം അറിയിക്കുകയും മുറിയില്‍ നിന്ന് മൂര്‍ഖനെ തല്ലിക്കൊല്ലുകയും ചെയ്തു.
രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പുമുറിയുടെ ജനാലകള്‍ തുറന്നിട്ടിരുന്നു. ടൈല്‍ പാകിയതും എസി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകള്‍ ഉത്രയുടെ അമ്മ രാത്രിയില്‍ അടച്ചിരുന്നു. രാത്രി വളരെ വൈകി സൂരജാണ് ജനാലകള്‍ തുറന്നത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭര്‍ത്താവാണ്. വീട്ടില്‍ ഇതുവരെ പാമ്പ് ശല്യമുണ്ടായിട്ടില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നു.
നിലവില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. അഞ്ചല്‍ എസ്ഐയാണ് കേസ് അന്വേഷിക്കുന്നത്.
എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അറിയും, അസഹനീയമായ വേദനയുണ്ടാകും: വാവ സുരേഷ്
കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാവ സുരേഷ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വാവ സുരേഷിന്റെ പ്രതികരണം.
എത്ര ഉറക്കത്തിലാണെങ്കിലും പാമ്പുകടിയേറ്റാല്‍ അസഹനീയമായ വേദനയുണ്ടാകുമെന്നും ഉറക്കത്തിലുള്ള ആള് ഉണരും വാവ സുരേഷ് പറയുന്നു. ഗുളിക കഴിക്കുന്ന ആളാണെങ്കില്‍ പാമ്പ് കടിയേറ്റാലും അറിയണമെന്നില്ല. അല്ലാത്ത പക്ഷം എത്ര ഉറത്തിലുള്ളവരും അത് അറിയും.
ഉത്ര കിടന്നത് മുകളിലത്തെ നിലയിലാണ്. ജനല്‍ വഴി പാമ്പ് കയറാനുള്ള സാധ്യത കുറനാണ്. എസി മുറിയിലും പാമ്പ് കയറാന്‍ സാധ്യത കുറവാണ്. പ്രാധാനമായും പാമ്പുകള്‍ എത്തുന്നത് വൃത്തികേടായി കിടക്കുന്ന ഇടങ്ങളിലോ എലിയുടെ സഞ്ചാരപാതയിലൂടെ ഭക്ഷണം തേടിയോ ഒക്കെയാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകള്‍ എത്തിയേക്കാമെന്നും വാവ സുരേഷ് പറഞ്ഞു.
മുന്‍പ് യുവതിയെ കടിച്ചത് അണലി ആയിരിക്കണമെന്നില്ല. അണലിയാണ് കടിക്കുന്നതെങ്കില്‍ വയറിന് വേദന, മൂത്ര തടസം ഉള്‍പ്പെടെ അനുഭവപ്പെടാം. യുവതിക്ക് ചികിത്സ വൈകിയെന്ന ആരോപണമുണ്ട്. അണലിയാണ് കടിക്കുന്നതെങ്കില്‍ ചികിത്സ വൈകുന്നത് അനുസരിച്ച് മരണ സാധ്യത കൂടുതലാണെന്നും വാവ സുരേഷ് വ്യക്തമാക്കി.
പാമ്പിനെ യുവതിയുടെ ഭര്‍ത്താവ് ബാഗില്‍ കൊണ്ടുവന്നുവെന്ന ആരോപണത്തോടും വാവ സുരേഷ് പ്രതികരിച്ചു. പാമ്പിനെ കൈകൊണ്ട് എടുക്കണമെങ്കില്‍ അയാള്‍ പാമ്പ് പിടിക്കുന്ന ആളായിരിക്കണം. അല്ലെങ്കില്‍ അയാള്‍ക്ക് പാമ്പ് പിടിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. ഈ സാധ്യതകളും പരിശോധിക്കേണ്ടതാണെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply