Flash News

മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം

May 25, 2020

_112435440_p08f2zy6സമരങ്ങളും പ്രതിഷേധങ്ങളും ഇന്ന് ലോകവ്യാപകമാണ്. അട്ടഹസിച്ചും തല്ലിത്തകര്‍ത്തും സമരങ്ങള്‍ നടത്തുമ്പോള്‍ ഇവിടെ വ്യത്യസ്ഥ രീതിയില്‍ സമരം നടത്തുകയാണ് ദക്ഷിണ കൊറിയയിലൊരു 61 കാരന്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയ്യാള്‍ ഒരു ടവറിന്റെ മുകളില്‍ താമസം തുടങ്ങിയിട്ടു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ നഗരത്തിന്റെ ഒത്ത നടുക്കായി സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ടവറിന്റെ മുകളില്‍ ഈ മനുഷ്യന്‍ താമസം ഉറപ്പിച്ചിട്ടു ഒരു വര്‍ഷമാകുന്നു. ഏകദേശം 150 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമേ ടവറിന്റെ മുകള്‍ പരപ്പിന് ഉള്ളൂ. ടവറിന് 180 സെന്റിമീറ്റര്‍ ഉയരമുണ്ട്. എല്ലാ ദിവസവും ഈ മനുഷ്യന്‍ ടവറിനു മുകളില്‍ വലിഞ്ഞു കയറി കൂനിക്കൂടിയിരിക്കും.

കിം യോംഗ്-ഹീ എന്ന ഈ 61കാരന്‍ വീടില്ലാത്തതു കൊണ്ടല്ല ഈ സാഹസത്തിന് മുതിര്‍ന്നത്. ഇത് അദ്ദേഹത്തിന്റെ പ്രതിഷേധം ആണ്, പോരാട്ടമാണ്. ദക്ഷിണ കൊറിയയിലെ ടെക് ഭീമനായ സാംസങ് മൊബൈല്‍ കമ്പനിയിലെ ഒരു ജീവനക്കാരനായിരുന്നു കിം യോങ് ഷീ. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിമ്മിനെ കമ്പനി പിരിച്ചു വിട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ചതിനാണ് കിമ്മിന് ജോലി നഷ്ടമായത്. അന്ന് 32 വയസ്സ് മാത്രമുണ്ടായിരുന്ന കിമ്മിന് തന്റെ രണ്ട് മക്കളെയും വളര്‍ത്താന്‍ തുടര്‍ന്ന് നന്നേ കഷ്ടപ്പെടേണ്ടി വന്നു.

“എനിക്കിപ്പോള്‍ ചിന്താശേഷി നന്നേ കുറഞ്ഞിരിക്കുന്നു. നിരാഹാര സമരം എന്റെ ബുദ്ധിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഞാന്‍ എപ്പോഴും വളരെ ബുദ്ധികൂര്‍മ്മതയുള്ള വ്യക്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആകെ തളര്‍ന്നിരിക്കുന്നു.” കിം പറയുന്നു.

“ഞങ്ങള്‍ ആരംഭിച്ച ട്രേഡ് യൂണിയന്റെ ആദ്യത്തെ സമ്മേളനം നടന്ന കെട്ടിടത്തിലേക്ക് പൊലീസ് പാഞ്ഞുകയറുകയായിരുന്നു. എന്നെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഒരാഴ്ചയോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് മുതല്‍ തുടങ്ങിയ സമരമാണ്. ഞാന്‍ തോല്‍ക്കുമായിരിക്കും എന്നാലും ഈ സമരം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.” കിമ്മിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം.

കിമ്മിനെ പിന്തുണച്ചുകൊണ്ട് സാംസങ്ങിന്റെ മുന്‍ ജീവനക്കാരടക്കമുള്ളവര്‍ ഈ ടവറിന്റെ താഴെ വന്ന് പ്രസംഗിക്കാറുണ്ട്. “കൂട്ടിലടയ്ക്കപ്പെട്ട മൃഗത്തേക്കാള്‍ കഷ്ടമാണ് ഈ മനുഷ്യന്റെ അവസ്ഥ. നമുക്ക് ഒരുമിച്ച് നിന്ന് ഈ മനുഷ്യന് വേണ്ടി പോരാടാം.” അവര്‍ വിളിച്ച് പറയും.

മറ്റൊരു ജീവനക്കാരനായിരുന്ന വൈ യോങ് യില്ലിനും കമ്പനിയില്‍ നിന്നുണ്ടായത് സമാനമായ അനുഭവമാണ്. അദ്ദേഹം പറയുന്നു…”ദക്ഷിണ കൊറിയയിലെ ഓരോ പൗരനും ട്രേഡ് യൂണിയന്‍ ആരംഭിക്കാനുള്ള അവകാശമുണ്ട്. സാംസങ്ങുമായുള്ള കേസില്‍ കമ്പനി സമര്‍പ്പിച്ച രേഖകളില്‍ വാദത്തിനായി പറഞ്ഞിരിക്കുന്നത്, ഞാന്‍ കമ്പനിയില്‍ ചാരപ്പണി ചെയ്യുകയായിരുന്നെന്നും അതിനാല്‍ ഏറെ നാളായി കമ്പനി എന്നെ നിരീക്ഷിച്ചുവരികയാണെന്നുമാണ്. ഇത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.”

കഴിഞ്ഞ വര്‍ഷം തന്നെ നിരവധി ജീവനക്കാരെയാണ് തൊഴില്‍ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചതിന് കമ്പനി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്. സംഭവം വിവാദമായതോടെ സാംസങ് വൈസ് ചെയര്‍മാന്‍ ലീ ജെയ് യോങ് പരസ്യമായി ക്ഷമാപണം നടത്തുകയുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കി.

കിമ്മിന്റെ പ്രതിഷേധത്തെക്കുറിച്ച് കമ്പനി പ്രതികരിച്ചത് ഇങ്ങിനെ… “കിമ്മിന്റെ സുരക്ഷ ഞങ്ങള്‍ ഏറ്റവും വിലമതിക്കുന്ന കാര്യമാണ്. ഞങ്ങള്‍ നിരവധി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഉന്നയിക്കുന്നത് പോലെയല്ല, കമ്പനിയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് കിമ്മിനെ പിരിച്ചുവിട്ടത്. ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.”

എന്നാല്‍ ഈ ക്ഷമാപണവും ഉറപ്പും പൊള്ളയാണെന്ന് കിം യോങ് ഷീ പറയുന്നു. “ക്ഷമാപണം ഹൃദയത്തില്‍ നിന്നും വരേണ്ടതാണ്. കഴിഞ്ഞ 80 വര്‍ഷമായി സാംസങ് കമ്പനിയ്ക്ക് യൂണിയന്‍ നയമില്ല. അതിനെതിരെയുള്ള പോരാട്ടങ്ങള്‍ ഇപ്പോഴും നടക്കുന്നു. ആ പോരാട്ടങ്ങളുടെ ചിഹ്നമാണ് ഞാന്‍.” കിം പറയുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top