അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത മലയാളികളുടെയും അവരെ സന്ദര്‍ശിച്ചവരുടെയും അനുഭവങ്ങളുടെ ഒരു സമാഹാരം ‘എല്ലിസ് ഐലന്‍ഡില്‍ നിന്ന്’ തയ്യാറായിക്കഴിഞ്ഞു. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ, പ്രവീണ്‍ വര്‍ഗ്ഗീസിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു. ഏറെ വിസ്തൃതമായ ഈ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന ഏതാനും സമാനഹൃദയരെ ഒന്നിപ്പിച്ച് അവരുടെ ആത്മഭാഷണം ഒരു കുടക്കീഴിലാക്കി സഹൃദയ സമക്ഷം സമര്‍പ്പിക്കണം എന്ന ഒരാഗ്രഹത്തില്‍ നിന്നും രൂപം കൊണ്ടതാണ് ഈ സമാഹാരം.
ആമി ലക്ഷ്മിയും ബിന്ദു ടിജി യും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ സി രാധാകൃഷ്ണന്, ഡോ. എം വി പിള്ള, പി ടി പൗലോസ്, ലൗലി വര്‍ഗ്ഗീസ്, കെ വി പ്രവീണ്‍, അനിലാല്‍ ശ്രീനിവാസന്, കെ രാധാകൃഷ്ണന്, സംഗമേശ്വരന് മാണിക്യം, ലാസര്‍ മണലൂര്‍, സന്തോഷ് പാല, ഷാജന് ആനിത്തോട്ടം, രവി രാജ, കുഞ്ഞുസ്, ആമി ലക്ഷ്മി, ബിന്ദു ടിജി എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു.
പ്രതിജനഭിന്നമായ ജീവിത സമ്മര്‍ദ്ദങ്ങളുടെ ശക്തിവിശേഷത്താലോ സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥയാലോ ജീവിത സൗകര്യങ്ങളുടെ മാസ്മരികതയാലോ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുവാന്‍ ഇടവന്നവരാണ് ഞങ്ങള്‍. അതിജീവനത്തിന്റെ പാതയില്‍ ഞങ്ങള്‍ നേരിട്ട തീക്ഷ്ണമായതും അല്ലാത്തതുമായ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഇതിലെ പതിനഞ്ച് അനുഭവക്കുറിപ്പുകള്‍. ആശങ്കയും, ആനന്ദവും, ആശ്ചര്യവും, പ്രതീക്ഷയും, പ്രതിഷേധവും തുടങ്ങി വൈവിധ്യമാര്‍ന്ന വികാരങ്ങളെ രൂപശില്‍പ്പമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. തൃശ്ശൂര്‍ പുലിസ്റ്റര്‍ ബുക്ക്സ് ആണ് പ്രസാധകര്.
പ്രവീണ്‍ വര്‍ഗ്ഗീസിന്റെ അമ്മ ലൗലി വര്‍ഗീസും കുടുംബവും കടന്നുപോയ തീക്ഷ്ണമായ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശകര്‍ എന്ന നിലയില്‍ രണ്ടു പേരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് സി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ അമേരിക്കന്‍ കാഴ്ചകള്‍ ഈ പുസ്തകത്തിലേക്ക് നല്‍കിയതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷിക്കുന്നു.
തന്റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും, പെരുകുന്ന കുറ്റകൃത്യങ്ങളും നിത്യേന കാണുവാനും വായിച്ചറിയുവാനും കഴിഞ്ഞതിന്റെ ഭാഗമായി ലാസര്‍ മണലൂര്‍ എഴുതിയ ഒരനുഭവകഥയ്ക്കും നന്ദി.
അമേരിക്കന്‍ അനുഭവകഥകളുടെ ഈ സമാഹാരം തയ്യാറാക്കാന്‍ കൂടെ നിന്ന ഓരോരുത്തരും, അവരുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നു മാറി നിന്ന് എഴുതാന്‍ സമയം കണ്ടെത്തിയതിനും, ജീവിതത്തില്‍ പറയാന്‍ മടിച്ച അനുഭവങ്ങള്‍ ലോകത്തിനു പങ്കു വച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.
മികച്ച എഴുത്തുകാരെന്ന് അവകാശപ്പെടുന്നവരല്ല ഞങ്ങള്‍. അതുകൊണ്ടുതന്നെ ഈ അനുഭവക്കുറിപ്പുകള്‍, സാഹിത്യത്തിന്റെ മറവില്‍ രചിക്കപ്പെട്ടതല്ലെന്നതിലുപരി, നിര്‍വ്യാജവും നിഷ്കളങ്കവുമായ തൂലികകൊണ്ട് എഴുതിയതാണ് എന്നോര്‍മപ്പെടുത്തട്ടെ. വായനക്കാര്‍ ഈ വികാരം ഉള്‍ക്കൊണ്ട് ഞങ്ങളുടെ വാങ്മയത്തില്‍ ലയിക്കുമെങ്കില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.