Flash News

നീയും ഞാനും (കവിത): അബൂതി

May 25, 2020

neeyumnjanum bannerനീ…!
നീയുത്കൃഷ്ടയായൊരു
നക്ഷത്രജ്യോതിയാണ്!
നിന്റെ സഞ്ചാരം,
പ്രപഞ്ചത്തിന്റെ, എല്ലാ
അതിരുകളും തേടി.
നീ ഖഗോളത്തെ
തിളക്കമുള്ളതാക്കി.
നിദ്രയില്ലാത്തവര്‍,
നിന്നെ നോക്കി; സായൂജ്യമായി.
മണ്ണില്‍ വസന്തചുംബനത്താലു-
ണര്‍ന്ന പൂക്കള്‍,
നിന്നെ കൊതിച്ചു.
നിന്റെ കാന്തിയും ചാരുതയും
അവരില്‍ അസൂയയുണ്ടാക്കി!
ഞാനോ…?
ഞാനൊരു മഞ്ഞുതുള്ളി മാത്രം.
പ്രപഞ്ചം എന്നില്‍
കണ്ണാടി നോക്കുന്നെന്ന്,
വൃഥാ ധരിച്ച ഹിമമണി മാത്രം.
ഒരു ചെറുകാറ്റിന്റെ,
ചുംബനം പോലും താങ്ങുവാന്‍,
കെല്‍പ്പില്ലാതെ വീണുപോയത്.
പൂവിതളുകളില്‍ ജനിക്കുമ്പോള്‍,
ഞാന്‍ കൊതിച്ചതതിന്നുള്ളിലെ,
മധുബിന്ദുവാകുവാനായിരുന്നു.
എന്നാലെനിക്കായിയിതളുകള്‍
കൂമ്പിയടയുന്നൊരു പൂവിനെ
ഞാന്‍ കണ്ടതേയില്ല!
പകരമെന്റെ ഭാരം
താങ്ങുവാനാവാതെയെത്രയോ,
പൂവിതളുകളീ മണ്ണില്‍
വെറുതെ വീണുപോയി!
നീ….!
നിലാവിനെ മാറോട് ചേര്‍ത്തു.
കുളിരിനെ പുല്‍കി നിന്നു.
പുഷ്പഗന്ധങ്ങള്‍ വാരിച്ചൂടി.
ഋതുകന്യകയുടെ മുഗ്ദമാറിടം
നിന്റെ മുന്‍പില്‍
പെയ്യാന്‍ തുളുമ്പി നിന്നു.
നീയൊന്ന് തൊട്ടപ്പോളീ മണ്ണില്‍,
നൂറു നൂറു പൂക്കള്‍ വിരിഞ്ഞു.
അങ്ങിനെ നീ ഭൂവാസികള്‍ക്ക്
ജീവന്റെ അടയാളമായി!
പ്രണയത്തിന്റെ ചാലകമായി!
ഞാനോ…?
ഞാനൊരുണങ്ങിയ
ഉതിര്‍ദളത്തിന്റെ മാറിലേക്ക്,
ഇടറി വീണൊരു
നേര്‍ത്ത നനവ് മാത്രമായി.
ഉയിര്‍ നല്‍കാനായില്ലെന്നാല്‍,
അതിന്റെ ജീര്‍ണ്ണതയെ,
ഞാനെത്രയോ ത്വരിതമാക്കി.
വാടിയ പൂവിതളുകളെ,
അങ്ങിനെയാണ് ഞാന്‍,
മണ്ണിന്റെ മറവിയിലേക്ക്,
വലിച്ചുകൊണ്ടു പോകുന്നത്!
അപ്പോഴൊക്കെ,യിന്നലെകളില്‍,
എന്നെയലങ്കാരമാക്കിയ,
പൂക്കള്‍ പറയുന്നുണ്ടായിരുന്നു.
ഞാനൊരെടുക്കാത്ത
നാണയം മാത്രമാണെന്ന്!
ഇന്നലെ അവരെന്നില്‍ കണ്ട,
പുലരിയുടെ പുഞ്ചിരി, വെറും
പ്രതിബിംബം മാത്രമത്രെ!
എങ്കിലും…..!?
ഒരിക്കല്‍ നിന്റെ സ്വപ്നപാത,
എന്റെ ജീവരേഖ മുറിച്ച്
കടന്നു പോകും.
അന്ന് നിനക്ക് ദാഹമുണ്ടാകും.
വീണുപോയൊരെന്റെ
സ്വപ്നദളത്തിലപ്പോഴും,
ഒരു കുഞ്ഞു തുള്ളിയായി,
ഞാന്‍ ബാക്കിയുണ്ടാവും!
നിന്റെ നാവില്‍ വീഴാന്‍!
നിന്നിലേക്കലിഞ്ഞു ചേരാന്‍!
അന്നു നമ്മളൊന്നായിമാറും.
അതില്‍ പിന്നെയീ മണ്ണില്‍,
എന്നും വസന്തമായിരിക്കും!
അന്നീ ചാരുപുഷ്പങ്ങള്‍,
നമ്മളോടു പറയുമായിരിക്കും.
നീയില്ലെങ്കില്‍ ഞാനും,
ഞാനില്ലെങ്കില്‍ നീയും,
ഒരിക്കലുമുണ്ടാകില്ലായിരുന്നെന്ന്!
നമ്മളില്ലായിരുന്നെങ്കില്‍,
ഇവിടെ വസന്തവും
ഉണ്ടാകുമായിരുന്നില്ലെന്ന്!
അന്നോളം….
ഞാനീ സ്വപ്നത്തിന്റെ
കരിയിലകള്‍ വീണ,
വഴിയിലൊരേകാന്ത മുത്തായി,
നിന്റെ പ്രകാശത്തെ
പ്രതിഫലിപ്പിക്കാം!




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top