വിഷപ്പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനെ പോലീസ് ഇടപെട്ട് ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. സൂരജിന്റെ കുടുംബം കുട്ടിയെ ആദ്യം ഒളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പൊലീസും ശിശുക്ഷേമ സമിതിയും ഇടപെട്ടതോടെയാണ് സംരക്ഷണാവകാശ തര്‍ക്കത്തിന് താല്‍ക്കാലികമായി വിരാമമായത്.
ഇന്നലെ രാത്രിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ കൊണ്ടുപോകാന്‍ സിഡബ്ല്യൂസിയുടെ ഉത്തരവുമായി പൊലീസും ഉത്രയുടെ ബന്ധുക്കളും അടൂര്‍ പാറക്കോട്ടെ വീട്ടില്‍ എത്തിയെങ്കിലും സൂരജിന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുട്ടിയെ സൂരജിന്റെ അമ്മയ്ക്കൊപ്പം അവര്‍ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. എറണാകുളത്തേയ്ക്ക് പോയെന്നായിരുന്നു അവരുടെ മറുപടി.
പിറ്റേന്നും പൊലീസെത്തി സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് കുട്ടിയെ കൈമാറാന്‍ വീട്ടുകാര്‍ തയ്യാറായത്. കുട്ടി സമീപത്തെ ബന്ധുവീട്ടില്‍ ഉണ്ടെന്നും കൈമാറാന്‍ തയ്യാറാണെന്നും അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ സൂരജിന്റെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവന്നു.
കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ അച്ഛന് വിജയസേനനും അമ്മ മണിമേഖലയും ശിശുക്ഷേമ സമിതി മുമ്പാകെ നല്കിയ പരാതി പരിഗണിച്ച ചെയര്മാന് കെ.പി. സജിനാഥ് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചെെല്‍ഡ് പ്രാെട്ടക്ഷന്‍ യൂണിറ്റിനോടും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിവരങ്ങളും തേടി. ഇരുവരും നല്കിയ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പത്രവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് കുഞ്ഞിനെ വിട്ടുനല്കാല് സമിതി നിര്‍ദേശം നൽകിയത്. ഉത്രയുടെ മരണശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതിയുടെ അനുമതിയോടെ സൂരജ് ഏറ്റെടുത്തിരുന്നു.
എന്നാല്‍, കുട്ടി സൂരജിന്റെ വീട്ടില്‍ സുരക്ഷിതമല്ലെന്നും കുട്ടിയെ അഞ്ചലിലെ വീട്ടില്‍ എത്തിക്കണമെന്നും ഉത്രയുടെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചല്‍ പൊലീസെത്തി കുട്ടിയെ സൂരജിന്റെ വീട്ടില്‍ നിന്ന് ഏറ്റുവാങ്ങി. സൂരജിന്റെ പിതാവ് സുരേന്ദ്രനോടൊപ്പമാണ് കുട്ടിയെ അഞ്ചലിലേക്ക് പൊലീസ് കൊണ്ടുപോയത്. അഞ്ചലിലെത്തിച്ച ശേഷം കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. കുട്ടിയെ ഒളിപ്പിച്ചുവെച്ചതിലുള്പ്പെടെ നിയമനടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply