Flash News

പൂമരക്കൊമ്പില്‍ (ചിത്രീകരണം)

May 26, 2020 , ജോണ്‍ ഇളമത

Poomarakombil bannerപൂമരക്കൊമ്പില്‍ പക്ഷികള്‍ ചിലച്ചു. എല്ലാത്തരം പക്ഷികളും. വസന്തകാലത്തെ ഗായകരും, വേനല്‍ക്കാലത്തെ പോപ്പ് മ്യൂസിക്കുകാരും ഒത്തുകൂടി തകര്‍പ്പന്‍ ഗാനമേള. തുത്തുകുലുക്കന്‍ പക്ഷികള്‍ ഡ്രം അടിച്ചു. കുരുവികള്‍ ചൂളം വിളിച്ചു. വാനമ്പാടികള്‍ ഓടല്‍ക്കുഴല്‍ നാദമൊഴുക്കി. വേനല്‍ക്കാല വരവേല്‍പ്പിന്റെ ആഘോഷം മുഴങ്ങി. അപ്പോള്‍ എങ്ങുനിന്നോ കുറെ കാര്‍ഡിനല്‍ പക്ഷികള്‍ പറന്നുവന്നു യൂണിഫോം ധരിച്ച ഗായകരെ കണക്കെ. ബാക്ക്‌യാര്‍ഡിലെ ആ വലിയ തണല്‍മരത്തിന്റെ ചില്ലകള്‍ പൂത്തുലഞ്ഞു നന്നിരുന്നു. ചുറ്റിലും കാഴ്ച്ചക്കാരായ ധാരാളം സന്ദര്‍ശകരെത്തി. മൂളിപ്പറക്കുന്ന വണ്ടുകള്‍, തേനീച്ചകള്‍, പൂമ്പാറ്റകള്‍.

അപ്പോഴാണ് ഞാന്‍ പതിവുപോലെ പച്ചക്കറി കൃഷിക്ക് ഒരുക്കങ്ങള്‍ തകൃതിയില്‍ നടത്തിയത്. പാകിയ വിത്തുകളെല്ലാം പൊട്ടിമുളച്ചു. പടവലം, പാവല്‍, വെണ്ട, വഴുതന, തക്കാളി മുതലായവ. എല്ലാം നട്ടുനനച്ച് കൃഷിയുടെ മൂഡില്‍ അകലം പാലിക്കലും, മാസ്ക് ധരിക്കലിന്റെയുമൊക്കെ പിരിമുറക്കത്തില്‍ നിന്ന് മോചനം നേടിവരവെയാണ് ആ അക്രമണം!

സംഭവത്തിനു പിന്നില്‍ ഒരണ്ണാനാണ്, ചിക്ക് മങ്ക്! തനി കനേഡിയന്‍ ഗോത്രവര്‍ഗ്ഗക്കാരി, ആദിവാസി! ശ്രീരാമന്‍ മുതുകില്‍ തഴുകി മുതുകത്ത് മൂന്നു കറുത്ത വരകളുള്ള അണ്ണാനല്ല, അവ ശാന്തര്‍. അവരിന്ത്യാക്കാരാണ്. എന്നാലിവള്‍ക്ക് വരയൊന്നുമില്ല. ഇതൊരു പെണ്ണണ്ണാനാണന്ന് ഞനെങ്ങനെ മനസ്സിലാക്കിയെന്നല്ലേ! കാനഡായിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കും, പിന്നീടു കുടിയേറിയ വെള്ളക്കാര്‍ക്കും, പുരുഷമേധാവിത്വം ഇല്ലാത്തതുകൊണ്ടുതന്നെ. അതുകൊണ്ട് ഇവിടത്തെ നാരികള്‍ക്ക് നാക്കുകൊണ്ട് പോക്കറ്റടിക്കാന്‍ അസാമാന്യ കഴിവത്രെ. പക്ഷേ, ഒള്ളതുപറയാമല്ലോ വായാടി എങ്കിലും ഈ അണ്ണാന്‍ സുന്ദരി ആരെയും ആകര്‍ഷിക്കും.

ചാര ചാമര വിശറിപോലെയുള്ള വാല്. പട്ട്‌ രോമക്കമ്പിളിക്കുപ്പായമണിഞ്ഞ ഉടല്‍. മഞ്ഞുകാലത്ത് രോമക്കുപ്പായവും, തലപ്പാവുമണിഞ്ഞ നടക്കുന്ന ഒരു സുന്ദരിയുടെ കെട്ടും മട്ടും. കൊറോണയും, കോവിഡു പത്തൊമ്പതുമൊന്നും ഈ യുവ സുന്ദരിയെ തൊട്ടുതീണ്ടിയില്ല. അങ്ങനെ ഒരു സംഭവം ഭൂമിയില്‍ നടക്കുന്നതിന്റെ ഒരു ഗൗരവവും ഈ സുന്ദരിക്കുണ്ടെന്നു തോന്നുന്നില്ല.

ഇതുപറഞ്ഞപ്പഴാണ് മറ്റൊരു സംഭവം ഓര്‍ത്ത് ഞാന്‍ ചിരിച്ചു പോയത്. വിത്തും, വളവും, ചെടികളും, വാങ്ങാന്‍ നഴ്സറീല്‍ പോയപ്പം അവിടെ ഒരു സുന്ദരിയെ കണ്ടു. പൂച്ചെടികള്‍ വാങ്ങാന്‍ വന്ന ഒരു സുന്ദരി. ആദിവാസിയൊന്നുമല്ല. കുടിയേറിയ തലമുറയിലുള്ള ഒരു വെളുമ്പി. യൗവനം തുടുത്തു നില്‍ക്കുന്ന മേനിയില്‍ പേരിനു മാത്രം അല്പ വസ്ത്രം. പക്ഷേ മാസ്ക്കുണ്ട്, കൊറോണാ പ്രൊട്ടക്ഷന്. പരിഷ്കൃത മാസ്ക്, ചിരിക്കുന്ന മുഖം പ്രിന്‍റ് ചെയ്ത മാസ്ക്! ഞാന്‍ ഒന്നാലോചിച്ചു നിന്നു, എന്നിട്ടോര്‍ത്തു”- കൊറോണാ, ഈ പെണ്ണിനെ കണ്ട് ഒന്നുമ്മ വെച്ച്, വല്യ ശല്യമൊന്നും കൊടുക്കാതെ സന്തോഷിച്ച്
കടന്നു പോയിക്കാണും!

അതൊക്കെ പോട്ടെ, പറഞ്ഞു വന്നത് കനേഡിയന്‍ ഗോത്രസുന്ദരി, “ചിക്മങ്കിന്റെ” കഥയാണല്ലോ! എന്തു സംഭവിച്ചു എന്നു ചോദിച്ചാ, ഞാന്‍ പാകി കളിപ്പിച്ച, പാവല്‍, പടവലം, എന്തിനു പയറു വിത്തു വരെ ഈ ദുഷ്ടന്‍, അതിനെ ചുറ്റും നിന്ന് ഇളം പരിപ്പുകള്‍ തിന്നതു പോരാഞ്ഞ് അരിശം തീര്‍ക്കാന്‍ അതിന്റെ മൂടു തുരന്ന് വേര് സഹിതം വെട്ടി സായൂജ്യമടഞ്ഞ്, എന്നെ കണ്ട് എഴുന്നേറ്റു നില്‍ക്കയാണ്. തന്തക്കു പിറക്കാത്തവള്‍! എന്ന് മനസില്‍ പ്‌രാകി. അപ്പോള്‍ കയ്യി കിട്ടിയ ഒരു കൊഴികൊണ്ട് ഞാനവളെ എറിഞ്ഞു തുരത്തി. അവള് പെട്ടന്ന് ബാക്ക്‌യാര്‍ഡിലെ കൂറ്റന്‍ മരച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞു.

എന്നാല്‍ അതുകൊണ്ടു തീര്‍ന്നില്ല. ഇനിയാണ് യഥാര്‍ത്ഥ കഥ! പോയ അവള്‍ അല്പം കഴിഞ്ഞ്, ശൗര്യത്തോടെ ഫെന്‍സിനു മുകളിലൂടെ ശീഘ്രം തിരിച്ചുവന്നു, എന്റെ മുമ്പിലേക്ക്. എങ്ങനെയെന്നോ! ചാര ചാമര വാല്‍ വിശറിപോലെ വിടര്‍ത്തി, കൈകാലുകളിലെ കൂര്‍ത്തു മൂര്‍ത്ത നഖങ്ങള്‍ പുറത്തെടുത്ത് ഒരു പൂതനയേപ്പോലെ ചീറ്റിക്കൊണ്ട്. പിന്നെ ഒരു ശകാരം! ശകാരമൊന്നുമല്ല, പച്ചതെറി, “ധൂ…ധൂൂ…ഫു….ഫൂൂ..”….ഫ്. “..! അവടെ ആദിവാസി ഭാഷ എനിക്കു തിരിഞ്ഞു. ബ്രിട്ടീഷ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മുന്തിയ തെറി. ന്യൂയോര്‍ക്കിലെ ഹാര്‍ലമിലുക്കെ സദാ കേള്‍ക്കുന്ന ചുട്ട തെറി, ഫ………..ഫ്!!

ഇത് ഇവിടുത്തെ ശരാശരി ആവറേജ് തെറിയാണ്. എന്നാല്‍ ഇന്ത്യക്കാരനായ എന്നെ സംബന്ധിച്ച് പുളിച്ച തെറി! എങ്കിലും എന്റെ മനസില്‍ ഒരു ന്യായ വിസ്താരം നടന്നു. ശരിയല്ലേ?, അവള്‍ ആ “ചിക്മങ്ക് അണ്ണാച്ചി”യുടെ വാദം! “ഇത് എന്റെ ജന്മഭൂമി, ഈ ഭൂമിയുടെ അവകാശി, ഞാന്‍! നീയൊക്കെ വരത്തന്‍! എങ്ങാണ്ടൂന്നൊക്കെ വലിഞ്ഞുകയറി വന്ന പ്രവാസി. കുടിയേറ്റക്കാരന്‍, കുതികാല്‍വെട്ടി! ശരി, നീ എന്റെ ഭൂമി കയ്യേറിക്കോ. കുറേക്കാലം മുമ്പ് മലബാറിലെ ജന്മിമാരടെ ഭൂമി തിരുവിതാംകൂറിലെ ചട്ടമ്മാര് സൂത്രത്തി കൈക്കലാക്കീതുപോലെ. എങ്കിലും അവര്‍ അദ്ധ്വാനികളായിരുന്നു, അലസ്സമ്മാരല്ലാരുന്നു.

പിന്നെ മര്യാദക്കാരുമായിരുന്നു. പാട്ടം കൊടുത്ത് ജന്മിമാരെ സംതൃപ്തിപ്പെടുത്തീരുന്നു. അതുപോലെയെങ്കിലും നീയൊക്കെ ഞങ്ങക്കൂടെ കണ്ട് കൃഷി ചെയ്ത് ഞങ്ങളെ കൂടെ ഹാപ്പിയാക്ക്, അല്ലങ്കി നിന്നെയൊക്കെ, ഞാന്‍ വീണ്ടുമീ പരതെറി വിളിച്ചോണ്ടിരിക്കും, ധു…ധൂൂ….ഫ……ഫ!!……ക്കേ……!!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top