കോവിഡ്-19 പ്രതിരോധ രംഗത്തെ വൊളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമെന്ന് മുഖ്യമന്ത്രി

28-5-20m64കൊറോണ വൈറസ് പടരാതിരിക്കാന്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരേയും സഹായിക്കാന്‍ സംസ്ഥാനത്ത് രൂപം കൊടുത്ത സാമൂഹിക സദ്ധസേനയിലെ വൊളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍പ്പണ ബോധത്തോടെയുള്ള അവരുടെ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും, അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയുമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക തലത്തില്‍ പൊലീസിനൊപ്പം പട്രോളിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സന്നദ്ധസേന ഇപ്പോള്‍ പങ്കാളികളാണ്. ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചു വരികയാണ്.

വൃദ്ധരേയും ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരേയും സഹായിക്കാന്‍ രൂപം കൊടുത്ത ‘വയോമിത്രം’ പദ്ധതിയുമായി ബന്ധപ്പെട്ടും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത പ്രതികരണത്തില്‍ യുവജനശക്തിയെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ആദ്യം സാമൂഹിക സന്നദ്ധസേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേര്‍ക്ക് ഒരു വൊളണ്ടിയര്‍ എന്ന നിലയില്‍ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. ഇതിനകം 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധസേനയുടെ സാന്നിധ്യമുണ്ട്. കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികളുമായി വളണ്ടിയര്‍മാര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം.

ആരോഗ്യപരിപാലന രംഗത്തു മാത്രമല്ല, മറ്റു പല മേഖലകളിലും ഈ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ദുരന്ത പ്രതിരോധ രംഗത്ത് ഫയര്‍ ആന്‍റ് റസ്ക്യൂ സേനയോടും പൊലീസിനോടുമൊപ്പം അവര്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ അവര്‍ക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും.

ഈ സന്നദ്ധസേവാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും ആദ്യഘട്ടത്തില്‍. ജൂണ്‍ 15നു മുമ്പ് 20,000 പേര്‍ക്ക് പരിശീലനം നല്‍കും. ജൂലൈ മാസം 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.

മഴക്കാലത്ത് വരാവുന്ന കെടുതികള്‍ നേരിടുതിനും വളണ്ടിയര്‍ സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കുമ്പോള്‍ മറ്റു വിഭാഗങ്ങളോടൊപ്പം സദ്ധസേന വളണ്ടിയര്‍മാരും രംഗത്തുണ്ടാകും. കോവിഡ് 19 രോഗത്തില്‍ നിന്ന് പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കുതിലും സേനക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയും.

2018ലെ മഹാപ്രളയത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്‍റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സദ്ധസേന എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കിയത്. സാമൂഹിക സന്നദ്ധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്‍റെ മാതൃകയായിരിക്കും ഈ സേനയെും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19ന്റെ വ്യാപനം മന്ദഗതിയിലായെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ എത്തിത്തുടങ്ങിയതോടെ വൈറസിന്റെ വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും വര്‍ദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Print Friendly, PDF & Email

Leave a Comment