തിരുവനന്തപുരം: മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബെവ് ക്യൂ ആപ്പ് മദ്യപാനികളെ ആപ്പിലാക്കി. ഈ ആപ്പിലൂടെയാണ് ടോക്കണ്‍ വാങ്ങേണ്ടത്. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം ദിവസവും തകരാറിലായതോടെ ആപ്പ് ഒഴിവാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആപ്പ് സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ഉന്നതതല യോഗം വിളിച്ചിരുന്നു. അതേസമയം ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ ബാറുകള്‍ മദ്യം വിതരണം ചെയ്തു.
ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ന് മുതല്‍ കൃത്യമായി പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡിന്റെ ഇന്നലെത്തെ വിശദീകരണം. പക്ഷേ, ഇപ്പോള്‍ ആപ്പ് ആര്‍ക്കും ലഭ്യമാകുന്നില്ല. ബുക്കിങ്ങും തകരാറിലായി. ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്ത് ഫെയര്‍കോഡ് അധികൃതര്‍ ഒരു വിശദീകരണവും നല്‍കാതെ മുങ്ങി.
ആപ്പിന്റെ പ്രവര്‍ത്തനം നിലച്ച് മദ്യവില്‍പ്പന അനിശ്ചിതത്വത്തിലായതോടെയാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത്. ആപ്പും എസ്എംഎസ് നല്‍കേണ്ട മൊബൈല്‍ സേവന ദാതാക്കളും തമ്മിലെ ലിങ്കില്‍ പ്രശ്നമുണ്ടെന്നാണ് ഫെയര്‍കോഡ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്നം തീര്‍ക്കാന്‍ കമ്പനിയ്ക്ക് ഇനിയും സമയം നല്‍കണമോയെന്നതാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആപ്പ് ഒഴിവാക്കി നേരിട്ടുള്ള വില്‍പ്പനയെന്ന രീതിയെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് 300 ബെവ്കോ-കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പനശാലകള്‍ കൂടാതെ 700 ഓളം ബാറുകളും വൈന്‍ പാര്‍ലറുകളും മദ്യവിതരണത്തിന് തയ്യാറായ സ്ഥിതിയ്ക്ക് മദ്യം വാങ്ങാന്‍ എവിടെയും തിരക്കുണ്ടാവില്ലെന്നും അതിനാല്‍ ആപ്പ് ഒഴിവാക്കണമെന്നുമാണ് ബാറുടമകളുടെ ആവശ്യം.
സിപിഎം സഹയാത്രികന് രതീഷ് രാമചന്ദ്രനാണ് ഫെയര്‍കോഡ് കമ്പനിയുടെ മേധാവി, ഈ കരാര്‍ വഴി കോടികളാണ് കമ്പനി തട്ടിയെടുക്കുന്നത്. കരാര്‍ നല്‍കിയത് വഴിവിട്ട് എന്ന തന്റെ ആരോപണം ശരിയായിരിക്കുകയാണ് ആപ്പ് പണിമുടക്കിയതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ശരിയായ പ്രവര്‍ത്തി പരിചയമോ മുന്‍ പരിചയമോ ഇല്ലാത്ത ഫെയര്‍ കോഡിന് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ പരിചയമില്ല എന്ന തന്റെ വാദം തെളിയിച്ചു. ഫെയര്‍ കോഡിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയതിനെതിരെ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജലന്‍സിന് പരാതി നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വര്‍ഷം ആറു കോടിരൂപയാണ് വെറുതെ കമ്പനിക്ക് കിട്ടുന്നത്. ഇത് സിപിഎമ്മിന്റെ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉപഭോക്താക്കള്‍ക്കുള്ള ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പലര്‍ക്കും ഒ.ടി.പി മണിക്കൂറുകള്‍ കഴിഞ്ഞാണ് വരുന്നത്. ചിലര്‍ക്ക് രജിസ്ട്രേഷന് നടപടികളിലേക്ക് കടക്കാന്‍ സാധിക്കുന്നില്ല. ഹാങിങ് പ്രശ്നവുമുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തില്‍ സെര്‍ച്ചില്‍ ലഭ്യമല്ല. നിര്‍മാതാക്കള്‍ നല്കിയ ലിങ്ക് വഴിയാണ് ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്.
ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് വഴിയും ടോക്കണ്‍ എടുക്കാന്‍ അറിയാത്ത പ്രായമായ ആളുകളും മിക്ക മദ്യവില്പന ശാലകള്‍ക്ക് മുന്നിലും കാണാമായിരുന്നു. കടുത്ത നിയന്ത്രണവും മദ്യശാലകള്‍ക്ക് മുന്നില്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിപണനം.
2.35 ലക്ഷം ആളുകള്‍ ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് അറിയിച്ചു. ആദ്യ ദിനം 182,000 ത്തോളം പേര് രജിസ്റ്റര്‍ ചെയ്തെന്നും ഫെയര്‍കോഡ് പറയുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news