പാലക്കാട്: കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ആതുരാശ്രമം എന്ന പേരിലുള്ള വനിതാ ഹോസ്റ്റലിന്റെ സുരക്ഷാ ജീവനക്കാരനെ കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ഹോസ്റ്റലിന്റെ പുറക് വശത്തുള്ള മതില് ചാടിക്കടന്നാണ് പ്രതി അകത്ത് കയറിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാരന് പിഎം ജോണ്‍ പ്രതിയെ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഒരു വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് ജോണിന്റെ കയ്യിലുള്ള ഇരുമ്പ് വടി പ്രതി തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ആ വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഈ സമയത്ത് ഹോസ്റ്റലില്‍ 13 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവര്‍ നോക്കിയപ്പോള്‍ രക്തം വാര്‍ന്ന് കിടക്കുന്ന ജോണിനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പ്രതി എന്തിനാണ് ഹോസ്റ്റലില്‍ എത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ജോണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഹോസ്റ്റലിന്റെ സമീപത്ത് താമസിക്കുന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതുകൊണ്ട് ഹോസ്റ്റലിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെയൊക്കെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹോസ്റ്റല്‍ അന്തേവാസികളെയും ചോദ്യം ചെയ്തു. പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news