‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ അന്വേഷിക്കുന്നു. അമേരിക്കന്‍ ടെക് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഇന്ത്യയിലുള്ള ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയാണ് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം നടത്തുന്നത്. ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റേറില്‍ ‘ഗൂഗിള്‍ പേ’ ആപ്പ് പ്രാധാന്യത്തോടെ നല്‍കിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റ് പേമെന്റ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സിസിഐ നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതി ലഭിച്ചത്. പരാതി സിസിഐ പരിശോധിച്ച് വരികയാണ്. ഗൂഗിളിന്റെ നിര്‍ദേശം കൂടി ലഭിച്ച ശേഷമേ നടപടികള്‍ സ്വീകരിക്കൂ. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ വിശദമായ അന്വേഷണം നടത്തും. പരാതി നല്‍കിയതാരെന്ന് വ്യക്തമായിട്ടില്ല. വിഷയത്തില്‍ ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
ഇത്തരത്തില്‍ ഗൂഗിളിനെതിരെ വരുന്ന മൂന്നാമത്തെ പരാതിയാണ് ഇത്. 2018ലാണ് ആദ്യ പരാതി. വാണിജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സേര്‍ച്ച് എഞ്ചിനില്‍ വിവരങ്ങള്‍ ലിസ്റ്റ് ചെയ്യുന്നുവെന്ന പരാതിയില്‍ ഗൂഗിളിന് 2.1 കോടി ഡോളര്‍ (ഏകദേശം 135.86 കോടി രൂപ) പിഴയിട്ടിരുന്നു. 2019ലും ഗൂഗിളിനെതിരെ പരാതി വന്നു. തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തിരഞ്ഞെടുക്കാന്‍ മൊബൈല്‍ കമ്പനികളെ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പരാതി.
2017ലാണ് ഗൂഗിള്‍, പെയ്മെന്റ് ആപ്പായ ‘ഗൂഗിള്‍ പേ’ പുറത്തിറക്കിയത്. ഈ ആപ്പിലൂടെ മാസംതോറും ആറ് കോടിയിലധികം ഉപഭോക്താക്കളാണ് ഇടപാടുകള്‍ നടത്തുന്നത്. നിലവില്‍ ‘ഗൂഗിള്‍ പേ’യുടെ എതിരാളികള്‍ പേടിഎം, ഫോണ്‍ പോ എന്നീ ആപ്പുകളാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news