മലപ്പുറം: കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്നും ക്വാറൻ്റൈൻ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനം അവരോട് കാണിക്കുന്ന വഞ്ചനയും നന്ദികേടുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
ഗള്‍ഫ് മലയാളികള്‍ മാത്രം കേരളത്തിലെ ബാങ്കുകളിലെത്തിക്കുന്ന വരുമാനം ഒരുലക്ഷം കോടി രൂപയോളമാണ്. സംസ്ഥാന ജിഡിപിയുടെ 31.2 ശതമാനവും ഗള്‍ഫില്‍നിന്നുള്ള വരുമാനമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യുപകാരം പ്രതീക്ഷിക്കാതെ നാടിനായി എല്ലാവിധ സഹായങ്ങളും ചെയ്തവരാണ് പ്രവാസി മലയാളികള്‍.
ക്വാറന്റൈന് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്നും കേരളം കൂടെയുണ്ടെന്നും മോഹിപ്പിച്ച് ഭരണകൂടം അവരെ വഞ്ചിക്കുകയാണ് ചെയ്തത്. ക്വാറന്റൈന് സൗകര്യത്തിനു വേണ്ടി നിരവധി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്കാന് കേരളത്തില്‍ സന്മനസ്സുള്ളവര് തയ്യാറാവുകയും ചെയ്തു.
എന്നാല്‍, സര്‍ക്കാര്‍ അതെല്ലാം മറക്കുകയാണ്. വാടക ഈടാക്കി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താമസം, എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ജീവരക്ഷാര്‍ത്ഥം നാട്ടിലേക്ക് മടങ്ങുന്ന പാവങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news