എറണാകുളം: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പുതിയ വഴിത്തിരിവ്. എറണാകുളം ജില്ലാ കളക്ടറേറ്റിലെ 11 ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തന്നെയുമല്ല പണാപഹരണം നടത്തിയെന്നാരോപിച്ച് ജില്ലാ ഭരണകൂടം തൃക്കാക്കര പോലീസില്‍ പരാതിയും നല്കി.
സിപിഎം പ്രവര്‍ത്തകരായ ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥന്മാരാണ് ദുരിതാശ്വാസ ഫണ്ടില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ദുരിതാശ്വാസ വിഭാഗത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ നേരിട്ടു പണം അപഹരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാഭരണക്കൂടം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കരുതുന്നത്.
ഇതു സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘമായിരിക്കും കൈകാര്യം ചെയ്യുന്നത്. അതനുസരിച്ച് ഇന്നലെ കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കളക്ടറേറ്റ് ജീവനക്കാരന് വിഷ്ണു പ്രസാദും സംഘവും ചേര്‍ന്ന് തട്ടിയെടുത്തത് 1,00,86,600 രൂപയാണെന്ന് വ്യക്തമായി. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട് തുകയുടെ കൃത്യമായ കണക്ക് പുറത്ത് വരുന്നത് ഇതാദ്യമാണ്. നഷ്ടപ്പെട്ട തുകയില്‍ 73.86 ലക്ഷവും കലക്ടറേറ്റിലെ സെക്ഷനില്‍ നിന്നും നേരിട്ട് പണമായി അപഹരിക്കുകയായിരുന്നു. 27 ലക്ഷം രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാണ് കൈവശപ്പെടുത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിലെ പല പ്രമുഖര്‍ക്കും ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.
തൃക്കാക്കരയിലെ സിപിഎം നേതാവായ നിധിനെയും ഭാര്യയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് നിധിന്. ആദ്യ കേസിന് സമാനമായി നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ചതിന് ശേഷം പിന്നീട് പിന്‍വലിക്കുകയായിരുന്നു. നിധിന്റെ ഭാര്യയുടെ ദേനാ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപയാണ് പ്രളയ ദുരിതാശ്വാസമായി അയച്ചത്. ഈ തുക തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര്‍ ദേനാ ബാങ്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേരള ഫിനാന്‍ഷ്യല്‍ കോഡിലെയും(കെഎഫ്സി) കേരള ട്രഷറി കോഡിലെയും(കെടിസി) വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് കലക്ടറേറ്റില്‍ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതെന്നാണ് കണ്ടെത്തല്‍.
മാസ്റ്റര്‍ ഡാറ്റാ റജിസ്റ്റര്‍, അലോട്ട്മെന്റ് രജിസ്റ്റര്‍, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റര്‍, ചെക്ക് ഇഷ്യൂ രജിസ്റ്റര്‍, കാഷ് രജിസ്റ്റര്‍, സെക്യൂരിറ്റി രജിസ്റ്റര്‍ ഇവയൊന്നും കലക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ കണ്ടെത്താനായില്ല. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം, ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ആഭരണങ്ങള്‍, ഇവയെക്കുറിച്ചുള്ള ഫയലുകളും കാണാനില്ല. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് പണം സ്വീകരിച്ചത്. അത് ട്രഷറിയിലേക്ക് അടച്ചതുമില്ല.
ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ധനസഹായം ലഭിച്ച ദുരിതബാധിതരില്‍ ചിലര്‍ സാങ്കേതിക പിഴവിന്റെ പേരില്‍ പണം തിരിച്ചടയ്ക്കേണ്ടി വന്നു. ഇങ്ങനെ കളക്ടറേറ്റില്‍ തിരികെ ലഭിച്ച തുകയുടെ വലിയൊരു ഭാഗം അപഹരിക്കപ്പെടുകായായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ 11 ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവരില്‍ ചിലരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് അനുമാനം. ഇവരില്‍ ആരെങ്കിലും പ്രതികളാകുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ഇവരെ അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news