രാജ്യസഭാംഗവും സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ‘വീരാസ്തമനം’ എന്ന അണുകവിത. ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്‍ റോയ് ആണ് തന്റെ നാലുവരിക്കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
വിരേന്ദ്ര കുമാര്‍ എന്ന നാമത്തെ എല്ലാ രീതിയിലും അന്വര്‍ത്ഥമാക്കിയ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഓര്‍മിപ്പിക്കുന്ന വരികളിലാണ് കവിത ആരംഭിക്കുന്നത്. രാഷ്ട്രീയം, സാഹിത്യം, പ്രഭാഷണം, പത്രപ്രവര്‍ത്തനം തുടങ്ങി കേരളീയ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ മേഖലകളിലും തന്റേതായ ‘വീരഗാഥകള്‍’ രചിച്ചു മുന്നേറിയ അദ്ദേഹത്തിന്റെ ജീവിതത്തെ നാലു വരികളിലൂടെ കവി സ്മരിക്കുന്നു.
“വീരനാമധാരിയായ വീരനെ പോലുയര്‍ന്നു
വീരഗാഥ തീര്‍ത്തു രാഷ്ട്രസേവ ചെയ്യുമാ
വീഥിയില്‍ ചലിച്ചു മാതൃഭൂമി കണ്ട നീ
വീറുമൂത്തെഴുതിയ യാത്രരേഖയേകമായ്”
മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു വിരേന്ദ്രകുമാര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇരുപത്തിയെട്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഓടക്കുഴല്‍ അവാർഡും, സി അച്യുതമേനോന് സാഹിത്യ പുരസ്കാരവും അടക്കം ഒട്ടനവധി സാഹിത്യ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
ഇതിനകംതന്നെ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കഴിഞ്ഞ ഈ കവിതയ്ക്ക് ഈണം നല്കി ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന് ബി ആര് ബിജുറാം ആണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply