Flash News

അമേരിക്കയില്‍ മലയാളത്തിന് അഭിമാനമായി ആറ് യുടി‌എ വിദ്യാര്‍ത്ഥികള്‍

May 31, 2020 , എബി ആനന്ദ്

Newsimg1_4716026യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനില്‍ ഫെല്ലോഷിപ്പും അവാര്‍ഡുകളുമായി 2019-20 അധ്യയന വര്‍ഷത്തെ മലയാളം വിഭാഗത്തിന്റെ അഭിമാനമായി ആറ് വിദ്യാര്‍ത്ഥികള്‍. അമേരിക്കയിൽ മലയാള ഭാഷയും സാഹിത്യവും ബിരുദതലം മുതല്‍ ഗവേഷണതലം വരെ ഒരു വിഷയമായി പഠിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരേയൊരു കലാലയമാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിന്‍.

ഈ അധ്യയന വര്‍ഷത്തെ ഔട്ട്സ്റ്റാന്‍ഡിംഗ് മലയാളം ലാംഗ്വേജ് സ്റ്റുഡന്റ് അവാര്‍ഡ് അഞ്ജിത നായര്‍, സിദ്ധേഷ് കൃഷ്ണന്‍ എന്നിവര്‍ക്ക് ലഭിച്ചു.

കംപ്യുട്ടര്‍ സയന്‍സ് പ്രധാന വിഷയമായി ബിരുദ വിദ്യാര്‍ത്ഥിയായ അഞ്ജിത നായര്‍ പബ്ലിക്ക് പോളിസിയും പഠിക്കുന്നു. മലയാള ഭാഷയിലും സാഹിത്യത്തിലും അതീവ താല്പര്യമുള്ള അഞ്ജിതയുടെ കുട്ടിക്കാലം മുതലുള്ള ഇഷ്ട വിനോദങ്ങള്‍ മലയാള സിനിമകളും വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ചുള്ള വായനകളുമാണ്. അതു തന്നെയാണ് അമേരിക്കയില്‍ കുടിയേറിയിട്ടും മലയാളഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ അഞ്ജിതക്ക് അടിസ്ഥാനമായതും.

സിദ്ധേഷ് കൃഷ്ണനും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി മാത്രമല്ല, UT Inventors, UTCS Ambassadors, Texas Lambda Alpha Nu എന്നീ ഓര്‍ഗനൈസേഷനുകളില്‍ സജീവ പ്രവര്‍ത്തകനുമാണ്. മലയാള ഭാഷയും തന്റെ നാടിന്റെ സംസ്കാരത്തെ അറിയാനുമുള്ള താല്പര്യമാണ് സിദ്ധേഷ് മലയാളം തന്റെ പഠനവിഷയങ്ങളില്‍ ഒന്നാക്കാന്‍ തീരുമാനിച്ചത്. ഡിപ്പാര്‍ട്മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസ് ആണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ മലയാള ഭാഷയും സംസ്കാരവും പഠിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫെല്ലോഷിപ്പാണ് ഫോറിന്‍ ലാംഗ്വേജ് ആന്റ് ഏരിയ സ്റ്റഡീസ് (FLAS) ഫെല്ലോഷിപ്പ്. യു.ടി. ഓസ്റ്റിനില്‍ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് അര്‍ഹരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ഇത് കരസ്ഥമാക്കിയത് ഒന്നാം വര്‍ഷ മലയാള വിഭാഗത്തിലെ നാല് വിദ്യാര്‍ത്ഥികളാണ് – അഞ്‌ജലി നായര്‍, ഷെറീന മാത്യു, ആകാശ് നായര്‍, ശാരിക മേനോന്‍.

അഞ്‌ജലി നായര്‍ സൈക്കോളജി ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാര്‍ത്ഥിയാണ്. കൂടാതെ മറ്റൊരു വിഷയമായി ബിസിനസും പഠിക്കുന്നു. കലകളോട് അങ്ങേയറ്റം താല്പര്യമുള്ള അഞ്ജലി കഴിഞ്ഞ പതിനാറു വര്‍ഷമായി മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ അഭ്യസിക്കുന്നുണ്ട്. മാത്രമല്ല, ‘The many art forms of Kerala-discussed Mohiniyattom, Ottamthullal, Kadhakali etc’ എന്ന വിഷയത്തെ കുറിച്ച് യു.ടി. ഓസ്റ്റിനിലെ മലയാള വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

യു.ടി. ഓസ്റ്റിനില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഷെറീന മാത്യുവിന്റെ ഐശ്ചിക വിഷയം Journalism ആണ്. കൂടാതെ, കം‌പ്യൂട്ടര്‍ സയന്‍സ് ആന്റ് വേള്‍ഡ് ലിറ്ററേച്ചര്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയും പഠിക്കുന്നുണ്ട്. അമേരിക്കയില്‍ കുടിയേറിയെങ്കിലും തന്റെ മാതൃഭാഷ കൈമോശം വരാതെ ശ്രദ്ധിച്ചിട്ടുള്ള ഷെറീന, മലയാള സാഹിത്യ കൃതികള്‍ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റിയില്‍ മലയാളം ഒരു വിഷയമായി തിരഞ്ഞെടുത്തത്. വായിക്കുക മാത്രമല്ല തന്റെ എഴുത്തുകള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കണമെന്നതാണ് ഷെറീനയുടെ ആഗ്രഹം. ചെറുകഥാ വായനയും പെയിന്റിംഗും ആണ് ഇഷ്ടവിനോദം.

ചലച്ചിത്ര നിര്‍മ്മാണം പ്രധാന വിഷയമായ ബിരുദ വിദ്യാര്‍ഥിയാണ് ആകാശ് നായര്‍. ഫോട്ടോഗ്രാഫിയെ ഏറെ ഇഷ്ടപ്പെടുന്ന ആകാശിന്‌ തന്റെ മാതൃഭാഷാ സംസ്കാരത്തോടുള്ള ഇഷ്ടമാണ് മലയാളം ക്ലാസ്സില്‍ എത്തിച്ചത്. അമേരിക്കയില്‍ കുടിയേറിപ്പാർത്തുവെങ്കിലും പഠനശേഷം സ്വന്തം നാട്ടില്‍ പോകണമെന്നും അവിടെ താമസിച്ചുതന്നെ മലയാള മണ്ണിന്റെ സംസ്കാരമറിഞ്ഞുള്ള യാത്രകള്‍ ചെയ്ത് അതൊരു ഡോകുമെന്ററി ആയി പകര്‍ത്തണമെന്നതാണ് ആകാശിന്റെ ആഗ്രഹം. സിനിമയും സ്‌കെയ്‌റ്റ്ബോര്‍ഡിങ്ങും പാചകവും ആണ് ആകാശിന്റെ പ്രധാന വിനോദങ്ങള്‍.

ശാരിക മേനോന്‍ മാര്‍ക്കറ്റിംഗ് ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാര്‍ഥിയാണ്. അതിനു പുറമെ, Plan II Honorns ചെയ്യുന്നുണ്ട്. വളരെയേറെ കൗതുകമുളവാക്കുന്ന വളരെയേറെ മൂല്യങ്ങളുള്ളതാണ് നമ്മുടെ മലയാള ഭാഷയും ഭാരതസംസ്കാരവും എന്ന് വിശ്വസിക്കുന്നു ശാരിക. തുടര്‍ന്നുള്ള തന്റെ മലയാള സാഹിത്യ പഠനത്തിനു കിട്ടിയ FLAS ഫെല്ലോഷിപ്പിന്റെ ത്രില്ലിലാണ് ശാരിക മേനോന്‍.

കഴിഞ്ഞ നാല്പത് വര്‍ഷത്തിലേറെയായി മലയാള ഭാഷയും സാഹിത്യവും ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട് യു.ടി. ഓസ്റ്റിനില്‍. അമേരിക്കൻ മലയാളി സമൂഹത്തിന് എന്നും അഭിമാനമായ ഡോ. റോഡ്നി മോഗ് ആണ് മലയാള വിഭാഗത്തിന്റെ സ്ഥാപകന്‍. അദ്ദേഹം വിരമിച്ച ശേഷം ഡോ. മാധവന്‍ ഉണ്ണിത്താന്‍ ആണ് മലയാള വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ഡോ. ദര്‍ശന മനയത്ത് ശശിയാണ് ഇവിടെ മലയാളം പ്രൊഫസര്‍.

തന്റെ വിദ്യാര്‍ഥികളുടെ നേട്ടങ്ങളില്‍ അങ്ങേയറ്റം സന്തോഷത്തിലാണ് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപിക. 2017 ലും 2019 ലും ടെക്സസ് ഫോറിന്‍ ലാംഗ്വേജ് ടീച്ചിംഗ് എക്സലന്‍സ് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട് ഡോ. ദര്‍ശന ശശി.

യു.ടി.യുടെ ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റും സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടും മലയാളത്തിന് എല്ലാ പ്രോത്സാഹനങ്ങളും നല്‍കാറുണ്ടെന്നതാണ് ഏറ്റവും അനുഗ്രഹം എന്ന് ഡോ. ദര്‍ശന ശശി പറയുന്നു. മലയാളികള്‍ക്ക് ഏറെ അഭിമാനിക്കുന്ന നേട്ടങ്ങളാണ് ഈ ആറ് വിദ്യാര്‍ഥികള്‍ കാഴ്ച വെച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top