Flash News

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെങ്കില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

May 31, 2020

sudheeran-anതിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും അടിയന്തരമായി അടച്ചുപൂട്ടണമെന്ന് സര്‍ക്കാരിനോട് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. മദ്യലഹരിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്ത് ഉണ്ടായി. മദ്യലഭ്യതയ്ക്ക് കളമൊരുക്കിയ സര്‍ക്കാര്‍ തന്നെയാണ് കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.

മദ്യശാലകള്‍ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹിക അന്തരീക്ഷം തകര്‍ത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേയ്ക്ക് എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധം ശക്തവും ഫലപ്രദവുമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും കേരളത്തില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും അടിയന്തരമായി സര്‍വ്വ മദ്യശാലകളും സര്‍ക്കാര്‍ അടച്ചുപൂട്ടണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വൈകുന്തോറുമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാനത്ത് വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

48 മണിക്കൂറിനുള്ളില്‍ത്തന്നെ മദ്യലഹരിയില്‍ 4 കൊലപാതകങ്ങള്‍ ഉണ്ടായിരിക്കുന്നു. ചങ്ങനാശ്ശേരിയില്‍ മദ്യലഹരിയില്‍ അമ്മയെ കഴുത്തറുത്ത് മകന്‍ കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തിരൂരില്‍ മദ്യലഹരിയിലായ മകന്റെ ക്രൂരമായ ഉപദ്രവമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റംമൂലമാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകങ്ങള്‍ ഉണ്ടായത്. ഈ 4 സംഭവങ്ങളിലും മദ്യപാനം തന്നെയാണ് കൊലപാതകത്തിനിടയാക്കിയത്.

മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാര്‍തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദി. ഇതിനുപുറമെ മദ്യലഹരിയില്‍പ്പെട്ട് ഒട്ടനവധി അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

മഹാവിപത്തായ കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലെത്തിനില്‍ക്കുകയും രോഗികളുടെ എണ്ണം ആശങ്കാജനകമായി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനതാല്‍പര്യത്തിനും നാടിന്റെ നന്മയ്ക്കും വിരുദ്ധമായി മദ്യവില്പന നടത്തുന്നത്.

ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും റെഡ്സോണിലും കണ്ടെയ്മെന്റ് മേഖലയിലും ക്വോറെന്റെയിന്‍ കേന്ദ്രങ്ങളിലും 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിലും മദ്യവില്പന നടത്തിക്കൊണ്ടിരിക്കുന്നതും സാമൂഹ്യഅകലം പാലിക്കാതെ തോന്നുംപടി മദ്യവിതരണം നടത്തി കേരളത്തെ അപകടാവസ്ഥയിലേയ്ക്ക് എത്തിക്കുന്നതിന് കളമൊരുക്കിയതും സര്‍ക്കാര്‍തന്നെയാണ്.

മദ്യശാലകള്‍ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹികഅന്തരീക്ഷം തകര്‍ത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേയ്ക്ക് എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ്തിരുത്തണം.

കോവിഡ് പ്രതിരോധം ശക്തവും ഫലപ്രദവുമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും കേരളത്തില്‍ സമാധാനഅന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും അടിയന്തിരമായി സര്‍വ്വ മദ്യശാലകളും സര്‍ക്കാര്‍ അടച്ചുപൂട്ടണം.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വൈകുന്തോറുമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top