Flash News

‘ഞാന്‍’ ആരെന്നറിയാമോ? (കവിത)

May 31, 2020 , തൊടുപുഴ കെ ശങ്കര്‍ മുംബൈ

njaan aranennariyamo bannerശണ്ഠ കൂടുമ്പോള്‍ രണ്ടു വ്യക്‌തികള്‍ പരസ്പരം
ശുണ്ഠിയില്‍ കൈമാറുന്ന വീമ്പടി യനേകങ്ങള്‍!
‘ഞാന്‍’ ആരെന്നറിയാമോ? നിനക്കതറിയില്ല
‘ഞാന്‍’ ആരെന്നറിയാന്‍ നീ ശ്രമിച്ചതുണ്ടോ ചൊല്ലൂ’?

‘എവിടുന്നു വന്നു ‘ഞാന്‍’? ‘എന്തിനായിവന്നു ‘ഞാന്‍’
‘എന്നെയയച്ചതാര്’?‘എന്തിനാണയച്ചതും’?
അറിയില്ലൊരുത്തര്‍ക്കും, എനിയ്ക്കുമറിയില്ല
അറിയാമൊന്നു മാത്രം, ഉണ്ടൊരുമഹദ്ലക്ഷ്യം!

ആരാണു ‘ഞാന്‍’? എന്ന, തന്വേഷിച്ചറിയുവാന്‍
ആരുമേയൊരിക്കലും ശ്രമിക്കാത്തൊരു കാര്യം!
‘ഞാന്‍’ ആരെന്നറിയാതെ, യേവരും കുഴങ്ങുന്നു
‘ഞാന്‍’ എന്ന ശബ്ദം മാത്രം, മുഴങ്ങികേള്‍ക്കുന്നെങ്ങും!

അന്തര്യാമിയായുള്ളില്‍ വിളങ്ങും തേജസ്സല്ലോ
ആര്‍ക്കുമേകാണാനാവാത്തീശ്വര ചൈതന്യമേ!
അതു താന്‍ യഥാര്‍ത്ഥത്തില്‍ ‘ഞാന്‍’ എന്ന പദത്തിന്റെ
ആന്തരീകാര്‍ത്ഥ മതു കാണുവാനാവില്ലാര്‍ക്കും!

അതല്ലോ ശരീരത്തില്‍ ശിവമായ് വര്‍ത്തിപ്പതും
അതില്ലേല്‍ ശരീരമോ? കേവലം ശവം മാത്രം!
തലനാരിഴയുടെ നൂറിലൊരംശം മാത്രം
വലിപ്പമതല്ലയോ നമ്മളെ താങ്ങുന്നതും!

‘ഞാന്‍’ എന്നൊരഹങ്കാരം നമ്മുടെ നിലനില്‍പ്പിന്‍
കാതലാം സ്വരൂപമെന്നെത്ര പേരറിയുന്നു?
ശരീരമെന്നാലതു കേവലം കവചം താന്‍
ശരിക്കും ഞങ്ങള്‍ രണ്ടും വ്യത്യസ്ത വ്യക്തിത്വങ്ങള്‍!

ശരീരമുണ്ടേലതു ‘ഞാനു’ ണ്ടെന്നതു മൂലം
അറിയൂ, ‘ഞാന്‍’ ഇല്ലെങ്കില്‍, ഇല്ലല്ലോ ശരീരവും!
ബാഹ്യമായ് കാണുന്നതു കേവലം ജഡം മാത്രം
ബാദ്ധ്യസ്ഥമതു സർവ്വ നാശത്തിനനു മാത്ര!

നാമമെന്നതു വെറും ദേഹത്തിനാണെനിയ്ക്കു
നാമമില്ലതു പോലെ മൃത്യുവുമൊരിക്കലും!
ദേഹത്തിനുള്ളില്‍ സദാ, രമിയ്ക്കുന്നു ഞാന്‍, എന്നെ
‘ദേഹി’യെന്നല്ലോ ചൊല്‍വൂ, അനാദി കാലംതൊട്ടേ!

വരുന്നൂ പോകുന്നൂ ഞാന്‍ ജീവാത്മ സ്വരൂപമായ്‌
ഓരോരോ ദേഹത്തിലും, വസിക്കും വിട വാങ്ങും!
മാറുന്നു ശരീരം ‘ഞാന്‍’, എത്രയോ ജന്മങ്ങളില്‍
മാതാവായ്, പിതാവായി സോദരനായും പാര്‍ത്തു!

‘എനി’ യ്‌ക്കു ദേഹത്തോടു കടപ്പാടില്ല തെല്ലും
‘എനി’യ്‌ക്കു ബന്ധുക്കളോ, സ്വന്തമോ ഇല്ലേയില്ല!
വരുന്നൂ പോകുന്നൂ ‘ഞാന്‍’ മുന്‍കൂട്ടിപ്പറയാതെ
പറയാതൊരു ദിനം, വിട്ടു പോകയും ചെയ്യും!

‘ഞാന്‍’ ആരെന്നറിഞ്ഞല്ലോ, ജീവാത്മ സ്വരൂപം ‘ഞാന്‍’
ജനന മരണങ്ങ, ളേശാതെ വര്‍ത്തിക്കുന്നു!
ശരീര ത്യാഗം മൂലം, പിരിയും നേരം ക്ഷണം
പരമാത്മാവില്‍ പരി, പൂര്‍ണ്ണമായ് ലയിക്കുന്നു!

‘ഞാന്‍’ എന്നതൂന്നി ചൊന്നാല്‍, അഹങ്കാരവും, അതു
വിനയ സ്വരത്തിലേല്‍, അന്തരാത്മാവുമല്ലോ!
അന്തരാത്മാവും ബഹിര്‍ ഭാവവും തമ്മിലോലും
അന്തരമറിഞ്ഞാലേ, ജീവിത ലക്ഷ്യം നേടൂ!

‘ഈശ്വരനില്ലാ’ യെന്നു വീറോടെ വാദിപ്പോരേ,
ഇല്ലെന്നു ചൊല്ലാനാമോ, ‘ഞാന്‍’ എന്ന സ്വരൂപത്തെ?
‘ഞാനാ’ രാണപ്പോള്‍? ഉള്ളില്‍ വിളങ്ങുമാത്മാവല്ലോ
‘ഞാനെ’ ന്ന ജീവാത്മാവായ് ചലിപ്പിച്ചിടും ശക്തി!

‘ഞാന’പ്പോള്‍ പരമാത്മ ഭാഗമെന്നതു സത്യം
ജ്ഞാനദൃഷ്ടിയില്‍ കണ്ടാല്‍, പരമാത്മന്‍ ജഗദീശന്‍!
‘ഞാനു ണ്ടെന്നതു സ്വയംബോധ്യമായെന്നാല്‍, പിന്നെ
ജ്ഞാനിയാം ഈശ്വരനു, മുണ്ടെന്നും ബോദ്ധ്യമാകും!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “‘ഞാന്‍’ ആരെന്നറിയാമോ? (കവിത)”

  1. ശ്രീ ശങ്കര്‍ ജി യുടെ ഞാന്‍ ആരെന്ന കവിത വായിച്ചു. ഞാന്‍ ഞാനെന്ന അഹങ്കാര ധ്വനി നാം എപ്പോഴും കേള്‍ക്കുന്നു. ശങ്കര്‍ ജി പറഞ്ഞതു പോലെ ഈ ഞാന്‍ എന്ന പദത്തിന് നിമിഷത്തിന്റെ ആയുസ്സേ ഉള്ളൂ. തത്വത്തിനേറെയും നീതിയുടേയും ലംഘനമാണ് ഞാന്‍. അത് മനസിലാക്കിയവന്‍ ഞാനെന്ന് ഒരിക്കലും സംബോധന ചെയ്യുകയില്ല. ശങ്കര്‍ജിക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട് – ദിവാകരന്‍ ചെഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top