ഗാന്ധിയുടെയും നമ്മുടെയും റേസിസം

gandhiyude racism bannerBlacks are “savage.” They are “raw” and living a life of “indolence and nakedness.” “We believe that the white race in South Africa should be the predominating race.” ഈ വരികള്‍ വായിച്ച് ധാര്‍മ്മിക രോഷം കൊള്ളുന്നവര്‍ അത്ഭുതപ്പെടുന്നത്, ഇങ്ങനെ പറയുന്ന ഒരാള്‍ എത്ര മാത്രം വലിയൊരു racist ആയിരിക്കുമെന്നാവും. ഇങ്ങനെ പറഞ്ഞതും എഴുതിയതും ആരാണെന്ന് അറിയാമോ? മറ്റാരുമല്ല, നമ്മുടെ ഗാന്ധിയാണ്. മഹാത്മാ ഗാന്ധി. ജോഹന്നാസ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരായ അശ്വിന്‍ ദേശായിയും, ഗുലാം വഹീദും ചേര്‍ന്നെഴുതിയ “The South African Gandhi: Stretcher-Bearer of Empire” എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഗാന്ധിയുടെ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  ഗാന്ധി വെറുമൊരു racist മാത്രമായിരുന്നില്ല. Gandhi was not only a Racist but also Sexist, Misogynist, Casteist, Supremacist and a Patriarch എന്നുമാണ് ഗാന്ധി നടത്തിയിട്ടുള്ള പ്രഭാഷണങ്ങളുടെയും എഴുതിയിട്ടുള്ള നിരവധി ലേഖനങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്.

1893 മുതല്‍ 1914 വരെ 21 വര്‍ഷം നീണ്ട ഗാന്ധിയുടെ സൗത്ത് ആഫ്രിക്കയിലെ ജീവിതത്തില്‍ ഗാന്ധി ഇങ്ങനെ എഴുതാനും പ്രവര്‍ത്തിക്കാനുമുണ്ടായ നിരവധി സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വിവരിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എങ്കിലും ഇത്രയും പറയാന്‍ കാര്യം, ചില സവിശേഷമായ കഴിവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ നമ്മള്‍ മഹാത്മാക്കളായി കരുതുന്നവരുടെ ഉള്ളില്‍ പോലും എത്രമാത്രം racism ഉണ്ടെന്ന് പറയാനാണ്. വംശവെറി ഓരോ ഇന്ത്യക്കാരന്റെയും ജന്മവാസനയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും, ചില ജാതിക്കാര്‍ തമ്മില്‍ കാണുന്നത് പോലും അയിത്തമായി കരുതപ്പെട്ടിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയുടെയും പാരമ്പര്യത്തിന്റെയും ബാക്കി പത്രം.

വെള്ളക്കാരന് കറുത്തവനോട് വെറുപ്പുള്ളത് നിറമെന്ന കാരണം കൊണ്ടാണെങ്കില്‍ നിറവും മതവും ജാതിയും ഭാഷയുമെല്ലാം ഇന്ത്യാക്കാരന് അപരനോടുള്ള വെറുപ്പിനുള്ള കാരണങ്ങളാണ്. അത് കൊണ്ടാണ് നമ്മള്‍ മലയാളികള്‍ക്ക് തമിഴനെ ഇഷ്ടമല്ലാത്തതും, അണ്ണാച്ചിയെന്ന് പരിഹസിക്കുന്നതും ബംഗാളിയെ പുച്ഛത്തോടെ കാണുന്നതും. അതേ കാരണം കൊണ്ട് തന്നെയാണ് ഉത്തരേന്ത്യയില്‍ ചെല്ലുമ്പോള്‍ നമ്മളും അവര്‍ക്ക് വെറും മദ്രാസികള്‍ ആയി മാറുന്നത്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കുറെ കാലം ജീവിക്കാന്‍ ഇടയായിട്ടുണ്ട്. ആ നാളുകളില്‍ ഗുജറാത്തില്‍ ഉണ്ടായിരുന്ന കാലത്ത്, ക്രിസ്ത്യന്‍ നാമധാരിയായിരുന്നത് കൊണ്ട് ഒരു വീട് വാടകക്ക് കിട്ടാന്‍ ബുദ്ധിമുട്ടിയത് ഓര്‍ക്കുന്നു. അതും അഹമ്മദാബാദ് നഗരത്തില്‍. അവസാനം ഒരു ഹിന്ദു പേര് പറഞ്ഞു ഒരു പട്ടേലിന്റെ വീടിന്റെ മുകളിലെ ഒറ്റ മുറിയില്‍ താമസിച്ച നാളുകള്‍. ഇടക്ക് ഇടക്ക് പട്ടേലിന് room inspection ന് വരുന്ന ഒരു സ്വഭാവം ഉണ്ട്. സംശയത്തിന് ഇട കൊടുക്കണ്ടെന്ന് കരുതി ചുവരില്‍ കൃഷ്ണന്റെ ഒരു പടം തൂക്കാനും മറന്നില്ല. ഒരു സ്വതന്ത്ര ചിന്തകന് ചുവരില്‍ ഏത് ദൈവം തൂങ്ങി കിടന്നാലെന്ത്? ഒരിക്കല്‍ inspection ന് വന്നപ്പോള്‍ ഉണ്ടാക്കി വെച്ചിരുന്ന സോയാബീന്‍ കറി കണ്ടിട്ട് ബീഫ് ആണോയെന്ന് പട്ടേലിന് സംശയം. കേരളത്തിലെ വൃത്തികെട്ട ക്രിസ്ത്യാനികളും കാക്കാമാരും ബീഫ് കഴിക്കുമെന്ന് കരുതി നമ്മള്‍ ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ പട്ടേലെ എന്ന് ഗത്ഗദകണ്ഠനായി തിരികെ ചോദിച്ചു. ബീഫിനെ കുറിച്ച് പറയുമ്പോള്‍ നല്ല തേങ്ങാ പൂളൊക്കെ ഇട്ട് അമ്മ ഉണ്ടാക്കുമായിരുന്ന ബീഫ് വരട്ടിയത് ഓര്‍മ്മ വന്നതുകൊണ്ടാവാം, വായില്‍ നിറഞ്ഞ വെള്ളം ഇറക്കികൊണ്ടാണ് അത്രയും പറഞ്ഞൊപ്പിച്ചത്. ഏതായാലും അതില്‍ പട്ടേല്‍ വീണു. മറ്റൊരു ജോലികിട്ടി മാറുന്നത് വരെ പിന്നെ പട്ടേല്‍ ഒരു പ്രശ്‌നമായിരുന്നില്ല. എങ്കിലും എന്റെ ജാതിയും മതവും മാത്രമല്ല, ഭാഷയും എന്റെ ഭക്ഷണം പോലും അപരന് എന്നോടുള്ള വെറുപ്പിന് നിദാനമാകുമെന്ന് അന്നാണ് ഞാന്‍ പഠിച്ചത്. വംശ വെറി നമ്മുടെ രക്തത്തിലുണ്ട്. നമ്മുടെ ആത്മാവിലുണ്ട്. നമ്മുടെ ഭൗതിക ജീവിതത്തിലുണ്ട്. നമ്മുടെ ആത്മീയ ജീവിതത്തിലുണ്ട്. സവര്‍ണ്ണനും അവര്‍ണ്ണനുമെന്ന വിഭജനം മാത്രമല്ല, അവര്‍ണ്ണരെന്നു വിളിക്കപ്പെടുന്നവരുടെ ജാതി ശ്രേണിയിലുമുണ്ട് തനിക്ക് താഴെയുള്ള തട്ടിലുള്ളവരോടുള്ള ഈ വിവേചനം. ബ്രാഹ്‌മണന് ഈഴവനോടുള്ള മനോഭാവം തന്നെയാണ് ഈഴവന് പുലയനോടും, പുലയന് പറയനോടും ഉള്ളത്.

വെളുത്തവന് കറുത്തവനോടുള്ള വിവേചനം പോലെ കറുത്തവനും ഉണ്ട് വിവേചനം. അധികാരം നേടിയ നാളുമുതല്‍ സൗത്ത് ആഫ്രിക്കയില്‍ കറുത്തവന്‍ വെളുത്തവനോട് കാണിക്കുന്ന ആ വിവേചനത്തിന്റെ പേരാണ് “റിവേഴ്‌സ് അപ്പാര്‍തീഡ്.”

ജോർജ് ഫ്ലോയിഡിന്റെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ച ഒരു പോലീസ് കാരന്റെ നിഷ്ടൂരമായ പ്രവര്‍ത്തിയാണല്ലോ, നമ്മള്‍ വെള്ളക്കാരന്റെ വംശവെറിയായി കാണുന്നതും പ്രധിഷേധിക്കുന്നതും. വെള്ളക്കാരന്റെ ഉള്ളില്‍ racism ഉണ്ടെന്നുള്ള യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴും, ഒരു പോലീസുകാരന്‍ ഒരാളെ കൊല്ലാന്‍, അതും പരസ്യമായി അങ്ങനെ ചെയ്യുമെന്ന് കരുതാന്‍ വയ്യ. കൈ പിറകില്‍ കെട്ടി കമഴ്ത്തി കിടത്തിയാല്‍ തന്നെ, നെഞ്ചില്‍ അനുഭവപ്പെടുന്ന ശരീരഭാരം കൊണ്ട് ബ്രീത്തിങ്ന് ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. പണ്ട് ഫിസിക്കല്‍ തെറാപ്പി ക്‌ളാസില്‍ Diaphragmatic breathing നെ കുറിച്ച് പഠിക്കുമ്പോള്‍ Positional Asphyxiation നെ കുറിച്ച് പഠിച്ച പരിമിതമായ അറിവ് മാത്രമാണ് ഈ വിഷയത്തില്‍ ഉള്ളത്. അങ്ങനെ കമഴ്ത്തി കിടത്തിയിരിക്കുന്ന ഒരാളുടെ കഴുത്തില്‍ കാല്‍മുട്ട് കൂടി അമര്‍ത്തുക എന്ന് പറയുന്നത്, ഇനി മനഃപൂർവ്വം അല്ലെങ്കിലും അജ്ഞതകൊണ്ടാണെങ്കിലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അയാള്‍ ശിക്ഷിക്കപ്പെടണം. ഇനിയുമത് ആവര്‍ത്തിക്കപ്പെടരുത്. അതിനെങ്കിലും ഈ സംഭവം ഇടയാകുമെന്ന് കരുതാം.

എങ്കിലും വെള്ളക്കാരന്റെ വംശവെറിയെ ആഘോഷമാക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ഒരു കുസൃതി ചോദ്യമായി കണ്ടാല്‍ മതി. നമ്മള്‍ മലയാളികളില്‍ അധികവും Arranged Marriage ചെയ്തവരായിരിക്കുമല്ലോ. ഡെയ്റ്റ് ചെയ്യുന്നതും എതിര്‍ ലിംഗത്തില്‍പെട്ടവരോട് അടുത്ത് ഇഴപഴകുന്നത് പോലും ഇന്നും സദാചാര വിരുദ്ധമായി കാണുന്ന നമ്മുടെ സമൂഹത്തില്‍ അതിന് വലിയ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടുണ്ടെന്ന് കരുതുന്നില്ല. നമ്മള്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ചെറുക്കന്‍ എത്ര നല്ല ജോലിയും സാമ്പത്തികവും ഉള്ള ആളാണെങ്കിലും, എത്ര അരോഗദൃഢഗാത്രനാണെങ്കിലും നിറം കറുപ്പാണെങ്കില്‍ അയാളെ വേണ്ടെന്ന് വെച്ചിട്ടുണ്ട് ? നമ്മള്‍ കാണാന്‍ ചെല്ലുന്ന പെണ്ണ്, എത്ര നല്ല വിദ്യാഭ്യാസവും വിവേകവും ഉള്ളവളാണെങ്കിലും നിറം നല്ല കറുപ്പാണെങ്കില്‍ ചായയും കുടിച്ച്, തലയും ചൊറിഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ട്?

ഗാന്ധിയിലുണ്ടായിരുന്ന റേസിസം ഓരോ ഇന്ത്യക്കാരന്റേയും ഉള്ളിലുള്ള റേസിസം തന്നെയാണ്. എങ്കിലും നമ്മള്‍, വര്‍ണ്ണ വെറി പൂണ്ട വെള്ളക്കാരനെതിരെ പ്രധിഷേധിക്കാതിരിക്കരുത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment