കെ.സി.ആര്‍.എം നോര്‍ത്ത് അമേരിക്ക മെയ് 29 ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

Logo 2019_InPixioകെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ടെലികോണ്‍ഫറന്‍സ് പ്രസിഡന്റ് ചാക്കോ കളരിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ മെയ് 29 വൈകീട്ട് 9:00 മണിക്ക് (EST) നടന്നു. സംഘടനയുടെ ഭാരവാഹികളും അനുഭാവികളുമായ അനേകം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മൗനപ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

അദ്ധ്യക്ഷന്റെ ആമുഖ പ്രസംഗത്തിനുശേഷം സെക്രട്ടറി ജയിംസ് കുരീക്കാട്ടില്‍ സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. സഭാനവീകരണം ദുഷ്കരമായ ഒരു പ്രവര്‍ത്തനമാണെന്നും ഉള്ള പരിമിതിയില്‍ നിന്നുകൊണ്ട് ചുരുങ്ങിയകാലയിളവില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സംഘടനയ്ക്ക് സാധിച്ചു എന്നും അദ്ദേഹം എടുത്തുപറഞ്ഞു. സ്വയ നവീകരണത്തിലൂടെ മറ്റുള്ളവരെയും സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കണമെന്ന് എല്ലാവരെയും ഓര്‍മപ്പെടുത്തി. കൂടുതല്‍ സജീവമായി സംഘടന മുന്‍പോട്ടു പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സംഘടനയുടെ വൈസ്പ്രസിഡണ്ട് ശ്രീ ജോസ് കല്ലിടുക്കില്‍ ഓഗസ്റ്റ് 10, 2019ല്‍ ഷിക്കാഗോയില്‍ കൂടിയ ദേശീയ സമ്മേളനത്തെ സംബന്ധിച്ചും അവിടെ നടന്ന സജീവ ചര്‍ച്ചകളെപ്പറ്റിയും സോവനീറിന്‍റെ പ്രകാശനത്തെപ്പറ്റിയും പ്രത്യേകം എടുത്തുപറയുകയുണ്ടായി. ന്യൂയോര്‍ക്കില്‍നിന്നും എത്തി ആ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് പങ്കെടുക്കുകയും ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കോവിഡ് ബാധിച്ച് അകാലത്തില്‍ മരണപ്പെടുകയും ചെയ്ത ശ്രീ ജോസഫ് പടന്നമാക്കലിനെ അനുസ്മരിച്ചു. കൗശലവും കാപട്യവും കൈമുതലായ സഭാനേതൃത്വം സ്വന്തം കാര്യസാധ്യത്തിനായി ഇടതുവലതു വ്യത്യാസമില്ലാതെ സര്‍ക്കാരുകളെ സ്വാധീനിക്കുന്നുണ്ട്. കന്യാസ്ത്രീകളെയും മറ്റ് സ്ത്രീകളെയും വൈദികര്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മാധ്യമങ്ങളിലെ ദൈനംദിന വാര്‍ത്തയാണത്. ഈ അവസരത്തില്‍ വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യത്തില്‍ ഇളവുവരുത്തി വിവാഹിത ജീവിതമോ അവിവാഹിത ജീവിതമോ തെരഞ്ഞെടുക്കാനുള്ള തീരുമാനം പട്ടം സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഈ നിലപാട് സഭാധികൃതരെ അറിയിയ്ക്കുന്നത് നല്ലതാണ്. കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പ്രവര്‍ത്തകര്‍ക്ക് സഭാ നേതൃത്വത്തില്‍നിന്നും വിശ്വാസി സമൂഹത്തില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നുപോലും ഏറെ വെല്ലുവിളികള്‍ നേരിരേണ്ടിവരുന്നുണ്ട്. എങ്കിലും സാമൂഹിക പ്രതിബദ്ധതയും മനുഷ്യ സ്‌നേഹവുമുള്ള എല്ലാ വ്യക്തികളും ഇത്തരം കൂട്ടായ്മകളില്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംഘടനയുടെ ട്രഷറര്‍ ശ്രീ ജോര്‍ജ് നെടുവേലില്‍ പ്രതിമാസ ടെലികോണ്‍ഫെറെന്‍സിലെ പ്രഗത്ഭരായ വിഷയാവതാരകരെ പ്രശംസിച്ചുകൊണ്ടും ആ കോണ്‍ഫെറെന്‍സുകളില്‍നിന്നും ഗ്രഹിക്കാന്‍ സാധിച്ച വിജ്ഞാനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുമാണ് സംസാരിച്ചു തുടങ്ങിയത്. ശ്രീ ജോസഫ് പടന്നമാക്കലിനെ വീണ്ടും അദ്ദേഹം അനുസ്മരിച്ചു. സംഘടനയ്ക്ക് സാമ്പത്തികം ആവശ്യമെങ്കിലും അതിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും സംഘടനയ്ക്ക് എപ്പോഴെല്ലാം സാമ്പത്തികസഹായങ്ങള്‍ വേണ്ടിവന്നിട്ടുണ്ടോ അപ്പോഴെല്ലാം സഹായം ലഭിച്ചിട്ടുണ്ടെന്നും ട്രഷറര്‍ എന്ന നിലയ്ക്ക് അദ്ദേഹം സന്തുഷ്ടനാണെന്നും പറയുകയുണ്ടായി. സംഘടനയ്ക്ക് ഏപ്രില്‍ 30, 2020ന് $3475.15 ബാങ്ക് ബാലന്‍സ് ഉണ്ടെന്നും അറിച്ചു.

യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രധാനപ്പെട്ട പോയിന്‍റുകള്‍ ചുരുക്കമായി ചുവടെ ചേര്‍ക്കുന്നു:

ക്‌നാനായ സമുദായ അംഗങ്ങള്‍ സമുദായം മാറി വിവാഹം ചെയ്താല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ക്‌നാനായ പള്ളികളില്‍ അംഗത്വവും സഭാപരമായ ശുശ്രൂഷകളും നല്‍കുന്നില്ല. ആ നിലപാട് അെ്രെകസ്തവമാണെന്നും അവര്‍ക്കും പള്ളിയംഗത്വം നല്‍കണമെന്ന് റോമില്‍നിന്നും സീറോ മലബാര്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന് വ്യക്തമായ നിര്‍ദേശം നല്കിയിട്ടും അദ്ദേഹം അത് നടപ്പിലാക്കുന്നില്ല. ഇതുസംബന്ധിച്ച് സംഘടന കൂടുതല്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് നിര്‍ദേശമുണ്ടായി. അടുത്തുവരുന്ന രണ്ടുമാസങ്ങളിലെയും ടെലികോണ്‍ഫെറെന്‍സ് ഇതിനോടകം ഷെഡ്യൂള്‍ ചെയ്തുകഴിഞ്ഞതുകൊണ്ട് ഓഗസ്റ്റ് മാസത്തിലെ ടെലികോണ്‍ഫെറെന്‍സ് ക്‌നാനായ സ്വവംശവിവാഹ വിഷയത്തെ സംബന്ധിച്ചായിരിക്കും.

കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സംഘടന സഭാ വിരുദ്ധമല്ല; മറിച്ച്, സഭയിലെ പൗരോഹിത്യ മേധാവിത്വത്തിന്‍റെ അെ്രെകസ്തവ നിലപാടുകള്‍ക്ക് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയാണു ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗിച്ച് സംഘടന മുന്നേറണം. അമേരിക്കയിലുള്ള പ്രതിഭാശാലികള്‍ക്ക് സംഘടനയുടെ പ്രതിമാസ ടെലികോണ്‍ഫെറെന്‍സില്‍ വിഷയാവതരണത്തിന് അവസരം നല്‍കേണ്ടതാണ്.

സഭയുടെ പാരമ്പര്യമനുസരിച്ച് പുരോഹിതരില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല കൂദാശകള്‍ പാരികര്‍മം ചെയ്യലാണ്. അല്മായര്‍ക്കും അതാകാം എന്ന സ്ഥിതിവന്നാല്‍ പുരോഹിതരുടെ ആവശ്യമില്ല. പള്ളിസ്വത്തുഭരണത്തിന് ചര്‍ച്ച് ട്രസ്റ്റ് ബില്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുക. സംഘടനയുടെ പ്രസ്താവിത ലക്ഷ്യം ഘട്ടംഘട്ടമായി നടപ്പിലാക്കാന്‍ പരിശ്രമിക്കുക.

യേശുസന്ദേശം കൂടുതല്‍ പ്രചരിപ്പിക്കാനും മറിയത്തെ റോള്‍ മോഡല്‍ ആക്കാനും പരിശ്രമിക്കേണ്ടതാണ്.

കോവിഡ് ബാധകാരണം സത്യജ്വാല്ല മാസിക തല്കാലത്തേയ്ക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ പോയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അല്മായശബ്ദം ബ്ലോഗ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കേണ്ടതാണ്.

പഴയ കാലങ്ങളില്‍ കേരള സഭയില്‍ മെത്രാന്മാരും വൈദികരും ദൈവജനത്തിനുവേണ്ടി ശുശ്രൂഷ, വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്നവര്‍ സുഖലോലുപത, അധികാരം, സമ്പത്ത്, ലൈംഗീകത തുടങ്ങിയ കാര്യങ്ങളില്‍ മുഴുകുന്നു. അമേരിക്കയില്‍ പോലും ഒരേ റീത്തില്‍ ക്‌നാനായ പള്ളികള്‍ സ്ഥാപിച്ച് ജാതീയ വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നു. സംഘടനയുടെ ധനകാര്യം മെച്ചപ്പെടുത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കണം.

വൈദിക ബ്രഹ്മചര്യം ഓപ്ഷണല്‍ ആക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം കെസിബിസിയ്ക്ക് അയക്കാനുള്ള പ്രമേയം പാസാക്കി.

ചാക്കോ കളരിക്കല്‍ (KCRMNA പ്രസിഡന്റ്)


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News