സഭാ നവോത്ഥാന മാനങ്ങള്‍: ചാക്കോ കളരിക്കല്‍

KCRMN-LTRHD(കെസിആര്‍എം നോര്‍ത്ത് അമേരിക്ക മെയ് 29 ന് സംഘടിപ്പിച്ച ടെലിമീറ്റിംഗിന്‍റെ പ്രാരംഭത്തില്‍ സംഘടനയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കല്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണരൂപം)

കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സംഘടനയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ഈ അടുത്തകാലത്ത് ‘സത്യദീപം’ സംഘടിപ്പിച്ച ഒരു സിമ്പോസിയത്തില്‍ മനോരമ ന്യൂസ് ഡയറക്ടര്‍ ശ്രീ ജോണി ലൂക്കോസ് സീറോ മലബാര്‍ സഭയെപ്പറ്റി വിമര്‍ശനാത്മകമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. വളരെ കാര്യമാത്രപ്രസക്തമായ ആ പ്രബന്ധത്തെ ആധാരശിലയാക്കി ചില സഭാ നവീകരണ ആശയങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതിനുശേഷം സംഘടനയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം.

യേശുവിനെ കൂടുതല്‍ ഫലപ്രദമായി ലോകത്തിന് എങ്ങനെ നല്‍കാം എന്ന സന്ദേശത്തിലെ അടയാളങ്ങളും തുറവിയുമാണ്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയകാല പ്രോബോധനങ്ങള്‍. അത് നമുക്ക്, പ്രത്യേകിച്ച് സഭാമേലധികാരികള്‍ക്ക്, ഉള്‍കൊള്ളാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

Chacko Kalarikalഅടിസ്ഥാന പ്രമാണങ്ങളെയും നിലപാടുകളെയും മുറുകെ പിടിച്ച് മുമ്പോട്ടു നീങ്ങുകയല്ലാതെ കത്തോലിക്ക സഭയ്ക്ക് മറ്റെന്തുവഴി എന്ന് ആലോചിക്കുമ്പോള്‍, വഴിമുട്ടി നില്‍ക്കുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. കമ്പോള മൂല്യമനുസരിച്ച് അടിസ്ഥാന പ്രമാണങ്ങളെ മാറ്റാവുന്ന ഒരു കോര്‍പറേറ്റ് സ്ഥാപനമല്ലല്ലോ കത്തോലിക്ക സഭ.

മാര്‍പാപ്പയുടെ നിലപാടുകള്‍, ഉദാഹരണത്തിന് സ്വവര്‍ഗവിവാഹം, അത് അനുവദിക്കും എന്നദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷെ, അവരെപ്പറ്റി, ക്രിസ്തു പഠനങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കി, വളരെ ആര്‍ദ്രമായ രീതിയിലെ അദ്ദേഹം സംസാരിച്ചിട്ടൊള്ളു. സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷെ, സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. വത്തിക്കാനിലെ സമുന്നത പദവികളില്‍ സ്ത്രീകളെ നിയമിച്ചുകൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. കത്തോലിക്ക ദൈവത്തെ കുറിച്ച് അറിയില്ല എന്ന് മാര്‍പാപ്പ പറയുമ്പോള്‍ ദൈവം ഒന്നേ ഉള്ളൂ എന്ന അര്‍ത്ഥം എടുത്താല്‍ മതി. സത്യദൈവത്തെ അറിഞ്ഞിട്ടും നിഷേധിക്കുന്ന ഒരുവനേക്കാള്‍ നിരീശ്വരവാദമാണ് ശരിയെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ധാര്‍മികമായി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ മരിച്ചാല്‍ നശിക്കുകയില്ല എന്ന നിലപാടാണ് മാര്‍പാപ്പയുടേത്. വൈദികര്‍ കൂദാശാ പാരികര്‍മങ്ങള്‍ക്ക് പ്രതിഫലം വാങ്ങാന്‍ പാടില്ലായെന്ന് പറയുമ്പോള്‍ പൗരോഹിത്യത്തിലെ ശുശ്രൂഷാ സേവനത്തെയാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. മേല്പറഞ്ഞതൊന്നും നാം നിരാകരിക്കണ്ടതല്ല. എന്തുകൊണ്ടെന്നാല്‍, ദൈവം ഒരു മഹാ കാരുണികനാണെന്നും, അങ്ങനെകണ്ട് നാം ജീവിക്കണമെന്നുമാണ് അതിന്‍റെയെല്ലാം പൊരുള്‍. ചുരുക്കത്തില്‍ വലിയ ശക്തിയും പ്രതാപവും അധികാരവും ആധിപത്യവും അസഹിഷ്ണതയും ഉണ്ടായിരുന്ന സഭയുടെ പഴയ കാലഘട്ടത്തിലേക്ക് നാം പോകരുത് എന്നാണ് മാര്‍പാപ്പ നമ്മെ പഠിപ്പിക്കുന്നത്.

വത്തിക്കാനിലെ കൊട്ടാര സദൃശ്യമായ ഭവനം മാര്‍പാപ്പ ഉപേക്ഷിച്ചതുകൊണ്ട് അതുവരെ കൊട്ടാരങ്ങളില്‍ താമസിച്ച മാര്‍പാപ്പാമാര്‍ ചെയ്തത് ശരിയല്ല എന്നു സ്ഥാപിച്ച് നാം വ്യാഖ്യാനിക്കരുത്. ആ പ്രവര്‍ത്തിയില്‍ അന്തര്‍ലീനമായ സന്ദേശത്തെ നാം ഉള്‍കൊള്ളുകയാണ് വേണ്ടത്. അവിടെ ബഹുമാന്യത കുറയുകയല്ലാ, കൂടുകയാണ് ചെയ്യുന്നത്. നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ഇമ്പാലാ കാറില്‍ പള്ളിമുറ്റത്തിറങ്ങുന്ന മെത്രാന്മാരെ നമ്മള്‍ ഓര്‍മിക്കുന്നുണ്ട്. അന്ന് മെത്രാനെക്കാള്‍ എനിക്കിഷ്ടം ആ ഇമ്പാലാ കാറിനോടും, ബഹുമാനം അത് ഓടിച്ചിരുന്ന മഹാമനുഷ്യനായി എന്‍റെ കൊച്ചുമനസ്സ് കണ്ടിരുന്ന മാണിചേട്ടന്‍ എന്ന ഡ്രൈവറോടുമായിരുന്നു. അക്കാലത്ത് മെത്രാന്മാരുടെ ഇടവക സന്ദര്‍ശനം ഔപചാരികമായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് പാപ്പയുടെ അനൗപചാരികത സഭയുടെ രൂപാന്തരീകരണത്തിന് ഉപകരിക്കും. അത് ഇന്നിന്‍റെ ആവശ്യവുമാണ്.

കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെയും ഉള്‍ച്ചേര്‍ക്കാതെയും സഭയ്ക്ക് മുമ്പോട്ടുപോകാന്‍ ആവില്ല. അതിന് അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും സ്വരം, വേഷം, സംവിധാനം എല്ലാം മാറ്റിവെയ്ക്കണമെങ്കില്‍, അത് ചെയ്യണം. അതിന് സഹിഷ്ണതകാട്ടാന്‍ സന്നദ്ധരാകണം. മാര്‍പാപ്പ ഉദ്ദേശിക്കുന്ന പരിണാമം, രൂപാന്തരീകരണം, നവോദ്ധാനം മറ്റൊന്നുമല്ല. മാറ്റം എന്ന് കേള്‍ക്കുമ്പോഴെ സഭയില്‍ ചിലര്‍ക്ക് പേടിയാണ്. സഭയിലെ വിള്ളല്‍ തകര്‍ച്ചയാണ് എന്ന് ചിന്തിക്കുന്ന മെത്രാന്മാരും വൈദികരുമാണ് അധികവും. മാറ്റം സംഭവിച്ചാല്‍ സഭ നിലനില്‍ക്കില്ല എന്ന ആശങ്ക അവരെ അലട്ടുന്നു. അര്‍ത്ഥമില്ലാത്ത അനുഷ്ഠാനങ്ങള്‍ കൊണ്ടോ ആരാധന ക്രമങ്ങള്‍ കൊണ്ടോ കൂദാശകള്‍ കൊണ്ടോ മാറ്റേണ്ട മാറ്റങ്ങളെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് നമുക്ക് കരുതാന്‍ സാധിക്കയില്ല. ഇന്നത്തെ കാലത്ത് പാരമ്പര്യവും പൈതൃകവും ന്യായീകരണ തുറുപ്പുചീട്ടുകളായി ഇറക്കിയാലും അടിയൊഴുക്കിനെ തടയാന്‍ കഴിയില്ല.

സഭ ഇന്ന് ഒരു സൂപ്പര്‍ കോര്‍പ്പറേറ്റ് ഘടനയായി വളര്‍ന്നിരിക്കുന്നു. ആ സൂപ്പര്‍ ഘടനയെ താങ്ങി നിര്‍ത്താനുള്ള ഉത്തരവാദിത്വ ബോധവുമായാണ് ഓരോ പുരോഹിതനും സഭയിലേക്ക് കടന്നുവരുന്നത്. ഫ്രാഞ്ചൈസ് വാങ്ങിയ ഒരു കൊച്ചുമുതലാളിയുടെ മാനിസികാവസ്ഥയാണ് അദ്ദേഹത്തിനുള്ളത്. അപ്പോള്‍, തന്നെ ഏല്പിക്കുന്ന ഇടവകയെ എങ്ങനെ ലാഭത്തില്‍ മുമ്പോട്ടു കൊണ്ടുപോകാം എന്ന ചിന്തയിലാണ് വൈദികര്‍. അതാണ് രൂപതയ്ക്കുള്ള അവരുടെ സംഭാവന. ഇവിടെ ഇടവകയിലെ ദൈവജനത്തിന്‍റെ ആത്മീയ ഗുണവര്‍ദ്ധനവിനെപ്പറ്റി അദ്ദേഹത്തിന് ചിന്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണല്ലോ പള്ളികളില്‍ എല്ലാവിധ കച്ചവടങ്ങളും നടക്കുന്നത്. സഭയുടെ അടിസ്ഥാന ശിലയാണ് വൈദികസമൂഹം. ആരാണ് നല്ല വൈദികന്‍? തിളങ്ങുന്ന ലോഹ ധരിക്കുന്ന അച്ചനാണോ? വചനം പ്രസംഗിച്ച് ബഹളം വയ്ക്കുന്ന അച്ചനാണോ? വലിയ പള്ളിപണിയുന്ന അച്ചനാണോ? യഥാര്‍ത്ഥത്തില്‍ അവരാരുമല്ല. പദവികള്‍ ആഗ്രഹിക്കാത്ത, മനുഷ്യകുലത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിനെപ്പോലെ ആക്കപ്പെടാന്‍ ദൈവജനത്തില്‍നിന്നും വലിച്ചെടുക്കപ്പെട്ട ശുശ്രൂഷകനായിരിക്കണം, ഒരു പുരോഹിതന്‍. ഒരു വൈദികന് ഭൗതികമായി ഒന്നും അവശേഷിക്കാന്‍ പാടില്ല എന്ന സങ്കല്പം വൈദിക ബ്രഹ്മചര്യത്തിലുണ്ട്, എന്നുനാം തിരിച്ചറിയണം. നല്ല ഇടവകയെ വിലയിരുത്തി വൈദികന് സമ്മാനം നല്‍കുന്നത് ശരിയോയെന്ന് ചിന്തിക്കണം. ടെക്‌നോളജി മെച്ചമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് മേല്‍കൈ കിട്ടുന്ന കാലമാണിത്. പാസ്റ്ററല്‍ മാനേജ്‌മെന്‍റ്റില്‍ ആത്മീയതയുടെ ആവശ്യമില്ല; നേതൃത്വഗുണം മതി. അതുകൊണ്ട്, പുതുതലമുറ വൈദികരെപ്പറ്റി ദൈവജനത്തിന് ആശങ്കയെ ഉള്ളൂ. വൈദികരെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും പുരോഹിതര്‍ക്ക് യാതൊന്നും സംഭവിക്കാതെ സംരക്ഷിക്കുന്ന അധികാര ഘടനയെ നാം ഭയപ്പെടണം. ക്രിമിനലുകളായ പാതിരിമാര്‍ സഭയില്‍ എല്ലാക്കാലത്തും ഉണ്ടാകും. പക്ഷെ അവരെ വാഴ്ത്തുന്ന പ്രവണത ആശങ്കപ്പെടുത്തേണ്ടതാണ്. റോബിന്‍ വടക്കുംഞ്ചേരി ഒറ്റദിവസംകൊണ്ട് കത്തോലിക്ക സഭയില്‍ മുളച്ച് പൊങ്ങിയതല്ല. ഒരുപറ്റം വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും മെത്രാന്മാര്‍ക്കും അയാളുടെ ചെയ്തികളെപ്പറ്റി നേരത്തെ അറിയാമായിരുന്നു. സഭാസമൂഹംതന്നെയാണ് ഇത്തരക്കാരെ വളര്‍ത്തികൊണ്ടുവരുന്നത്. ഇത്തരം കാര്യങ്ങളില്‍ സഭാധികാരികളുടെ അശ്രദ്ധ അപലപനീയമാണ്. ഈ സാഹചര്യത്തില്‍ ഒരു നല്ല െ്രെകസ്തവന് സഭയോട് ചേര്‍ന്നു നില്‍ക്കാനോ ചിന്തിക്കാനോ ആകുമോ? വഴിതെറ്റിയ കുഞ്ഞാടിനെ നേര്‍വഴിക്ക് കൊണ്ടുവരുന്ന വൈദികനെക്കാള്‍ പുകഴ്ത്തപ്പെടുന്നത് കര്‍ശനക്കാരനെയാണ്. മനുഷ്യരെക്കുറിച്ച് ചിന്തിക്കാന്‍ പള്ളിയ്ക്ക് സമയമില്ല. അതുകൊണ്ട് നാളെ കേരളസഭ ഇല്ലാതാകുമെന്നോ ചുരിങ്ങിപ്പോകുമെന്നോ ഞാന്‍ കരുതുന്നില്ല.

ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്‌തോ എന്നതാണ് ചോദ്യം. അടുത്ത കാലത്ത് മൂന്നാറില്‍ ഒരു കുരിശ് പൊളിച്ചുമാറ്റി. പ്രഥമദൃഷ്ട്യാ കൈയ്യേറ്റമാണെന്നും ന്യായീകരിക്കാന്‍ അസാധ്യമായ സംഭവമാണെന്നും മനസ്സിലായാല്‍ അങ്ങനെ പറയാന്‍ എന്താണ് സഭാനേതൃത്വത്തിന് തടസ്സം? കുരിശ് ക്രിസ്ത്യാനികളുടെ പ്രതീകമാണ്. കുരിശേല്‍ തൊട്ടുകളിച്ചാല്‍, അത് തകര്‍ത്താല്‍ ക്രിസ്ത്യാനികളുടെ വികാരം പൊട്ടിയൊഴുകും. എന്നാല്‍ കുരിശ് അനധികൃതമായി സ്ഥാപിച്ചതാണെങ്കില്‍ ഞങ്ങള്‍ അത് അനുവദിക്കുന്നില്ല എന്ന് അര്‍ദ്ധശങ്കയില്ലാതെ ശക്തമായ ഭാഷയില്‍ എന്തുകൊണ്ട് സഭാനേതൃത്വം പറയുന്നില്ല? കുരിശിലെ പലകകളോ കോണ്‍ക്രീറ്റോ അല്ലാ പ്രാധാന്യം അര്‍ഹിക്കുന്നത്. മറിച്ച്, യേശുവിന്‍റെ ത്യാഗത്തിന്‍റെ സന്ദേശമാണ്. അനധികൃതമായി കൈയ്യേറി കുരിശുകൃഷി നടത്തി െ്രെകസ്തവസഭ വളരേണ്ട കാര്യമില്ല. അത് സഭ തിരിച്ചറിയണം. സഭാനിയമത്തെയും രാഷ്ട്രനിയമത്തെയും ഒരേസമയം ലംഘിച്ച് ഒരു പെണ്‍കുട്ടിയെ റോബിന്‍ വടക്കുംഞ്ചേരി ഗര്‍ഭിണിയാക്കിയെങ്കില്‍, റോബിന്‍ ഒരു വൈദികനായതുകൊണ്ട് അയാളെ ന്യായീകരിക്കണ്ട ആവശ്യം സഭയ്ക്കില്ല. ഭൂമി കള്ളക്കച്ചവടം നടത്തിയ ആലഞ്ചേരി മെത്രാപ്പോലീത്ത സഭാതലവനായതുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട കാര്യം സഭയ്ക്കില്ല. അവര്‍ നിയമനടപടികള്‍ നേരിടട്ടെ എന്നാണ് സഭ ചിന്തിക്കേണ്ടത്. അധ്യാപക നിയമനങ്ങളിലെ അഴിമതി അധാര്‍മികവും യേശുവിരുദ്ധവുമാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ തെരെഞ്ഞെടുപ്പുകളിലും പരിസ്ഥിതിപ്രശ്‌നനങ്ങളിലും മെത്രാന്മാരുടെ ഇടപെടലുകള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടാണെന്നും ജനം തിരിച്ചറിയുന്നുണ്ട്. നിര്‍മാണ മേഖലയില്‍നിന്നും സഭ പിന്മാറേണ്ട കാലം കഴിഞ്ഞു.

പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതില്‍ സഭ മുന്‍കൈ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ക്രിസ്തീയ വിശ്വാസികളെ വളര്‍ത്തിയെടുക്കുന്ന സഭയുടെ ഇന്നത്തെ പോക്ക് ശരിയല്ല. ക്രൂശിതനായ ക്രിസ്തുവിനു പകരം സിംഹാസനാരൂഢനായ ക്രിസ്തുവിനെ പ്രതീകമാക്കുന്ന സഭയെ നാം ഭയപ്പെടണം. ധാര്‍മികശക്തി അനുദിനം ഒലിച്ചു പൊയ്‌ക്കൊണ്ടിരുന്ന സഭ, നമുക്ക് നാണക്കേടാണ്.

ഞാന്‍ ഇത്രയും പറഞ്ഞത്, നമ്മുടെ സംഘടനയുടെ പ്രശക്തിയെപ്പറ്റി ഓര്‍മപ്പെടുത്താനാണ്. സഭയില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകണമെങ്കില്‍, നവോദ്ധാനം സംഭവിക്കണമെങ്കില്‍ സഭയെ വിമര്‍ശിച്ചേ തീരു. രാമായണം എഴുതിയത് രാമനെ വിമര്‍ശിക്കാനാണ്. ദൈവങ്ങളെപ്പോലും മനുഷ്യര്‍ ഇന്ന് വിമര്‍ശിക്കുന്നുണ്ട്. പൗരോഹിത്യ കുറ്റകൃത്യങ്ങളെ നാം വിമര്‍ശിക്കണം. എല്ലാ വിമര്‍ശനങ്ങളുടെയും അടിസ്ഥാനം മത വിമര്‍ശനമായിരിക്കണം. ക്രിസ്തു യഹൂദ മത വിമര്‍ശകനായിരുന്നു. യഹൂദ മതത്തോട് വിയോജിക്കാനുള്ള ആര്‍ജവം യേശുവിനുണ്ടായിരുന്നു. എന്തെല്ലാം കണ്ടാലും കൊണ്ടാലും പരാതികളില്ലാത്ത ഒരു വര്‍ഗമായി നാം മാറാന്‍ പാടില്ല. സ്വന്തം മകളുടെ ഗര്‍ഭം ഏറ്റെടുക്കാന്‍മാത്രം നാം അധഃപതിക്കാന്‍ പാടില്ല. ആലഞ്ചേരിയും പീലിയാനിക്കലും ജോസഫ് പാംപ്ലാനിയും സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചുയെന്ന് പറയാനുള്ള ബൗദ്ധിക സ്വാതന്ത്ര്യം നമുക്കുണ്ടാകണം. ആദിത്യനെ ക്രൂരമായി മര്‍ദിച്ച് ചോദ്യം ചെയ്തതിന്‍റെ പിന്നില്‍ ഹൃദയമില്ലാത്ത ഒരു തൊപ്പിക്കാരനാണെന്ന് നാം മനസ്സിലാക്കണം. ലൂസി കളപ്പുര, ലിസി വടക്കേല്‍, കുറവിലങ്ങാട്ടെ സഹോദരികളെയെല്ലാം അവരുടെ സഭാ മേധാവികളാണ് പീഡിപ്പിക്കുന്നത്. അവരുടെ മനുഷാവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഏതുതരത്തിലുള്ള ഒരു സഭയിലാണ് നമ്മള്‍ ജീവിക്കുന്നത്? സന്യാസിനി സഹോദരികള്‍ക്കും വീട്ടമ്മമാര്‍ക്കും സുരക്ഷിതത്വമില്ലാത്ത ഒരു സഭയിലോ? നസ്രാണികളുടെ പൈതൃകം കല്ദായമാണെന്നും നസ്രാണികളുടെ കുരിശ് മാനിക്കേയന്‍ കുരിശാണെന്നു സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുന്ന ഒരു സഭയിലോ? പൗരസ്ത്യ കാനോന്‍ നിയമത്തിന്‍റെ മറവില്‍ പള്ളികളും പള്ളിസ്വത്തുക്കളും അല്മായര്‍ക്ക് നഷ്ടപ്പെട്ട ഒരു സഭയിലോ? സ്‌നേഹിതരെ നിങ്ങള്‍ ചിന്തിക്കുവിന്‍!

നിങ്ങള്‍ നിങ്ങളുടെ സഭയെ സ്‌നേഹിക്കുന്നുണ്ടോ എന്നതാണ് പ്രഥമവും പ്രധാനവുമായ ചോദ്യം. ഉണ്ട് എങ്കില്‍, സഭയില്‍ തിരുത്തലിനുവേണ്ടി നിങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കും. അതാണ് എന്‍റെയും നിങ്ങളുടെയും ദൗത്യം. സഭാനവീകരണത്തിനുള്ള ഒരു വഴിയാണ് കെസിആര്‍എം നോര്‍ത് അമേരിക്ക എന്ന സംഘടനയും അതിന്‍റെ പ്രവര്‍ത്തനങ്ങളുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ വിലയേറിയ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍റെ വാക്കുകളെ ഞാന്‍ ഉപസംഹരിക്കുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News