Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 28)

June 1, 2020 , അബൂതി

adhyayam 28 bannerകടപ്പുറത്ത് ഒരുപാട് ആളുകളുണ്ടായിരുന്നു. വേണുവും സിദ്ധുവും തിരക്കില്ലാത്ത ഒരിടത്തിരിക്കുകയാണ്. കടലില്‍ നിന്നും വീശുന്ന കാറ്റില്‍ സിദ്ധുവിന്റെ കോലന്‍ മുടി പറന്ന് കളിക്കുന്നു. അവനതൊന്നും ശ്രദ്ധിക്കാതെ കയ്യിലെ കടലമണികള്‍ ഓരോന്നായി വായിലേക്കെറിഞ്ഞ് രസിക്കുകയാണ്. അതൊരു കളിയാണ്. ചിലത് കൃത്യം വായിലേക്കെത്തുമ്പോള്‍, വേറെ ചിലത് ലക്ഷ്യം തെറ്റി പറന്നു പോകും. അവര്‍ക്ക് മുന്‍പിലൂടെ പോയ ഒരു കൂട്ടം പെണ്‍കുട്ടികളില്‍ നിന്ന്, ഒരു കുട്ടി അവനെ ശ്രദ്ധയോടെ നോക്കി. പരിചയ ഭാവത്തില്‍ കൈ ഉയര്‍ത്തിക്കാണിച്ചു. സിദ്ധു അത് ശ്രദ്ധിച്ചപ്പോള്‍ അവള്‍ വിശാലമായൊന്ന് ചിരിച്ചു. സിദ്ധു കൈ ഉയര്‍ത്തി നിശബ്ദമായി ഒരു ഹായ് കൊടുത്തു. അകന്നു പോകുന്ന ആ ചെറു പെണ്‍കിടാങ്ങളുടെ സംഘത്തില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നു. സിദ്ധു പിന്നെയും കടലമണികള്‍ വായിലേക്കെറിഞ്ഞു കൊണ്ടിരുന്നു.

വേണു ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്‍ തന്റെ കണ്ണട എടുത്തു തുടച്ചു. പിന്നെയും മുഖത്തേക്ക് വയ്ക്കുന്നതിനിടയില്‍ ചോദിച്ചു..

“അതാരാ?”

അവന്‍ വേണുവിനെ നോക്കി. വീണ്ടും കടലിലേക്ക് നോക്കിക്കൊണ്ട് നിസാരമായി പറഞ്ഞു.

“ഷീ? ജൂനിയറാണ്… സ്‌കൂളിലൊക്കെ കണ്ടിട്ടുണ്ട്…”

“ഓ.. ജൂനിയര്‍.. ഉം… ഓക്കെ.. ഷീ ഈസ് ക്യൂട്ട്.. യു നോ…?”

“അആ… അങ്കിള്‍… ഇറ്റ് ഈസ് നോട്ടിനെസ്സ്…. യു നോ…?”

“ഓഹോ… ഓക്കേ.. ദെന്‍… ലീവ് ഇറ്റ്. അങ്കിള്‍ മോനോട് വേറെ ഒരു കാര്യം ചോദിച്ചോട്ടെ?”

സിദ്ധു കൗതുകത്തോടെ വേണുവിനെ നോക്കി.

“ഉം… എന്താ…?”

“വിനോദങ്കിളിനെ കുറിച്ച് മോന്റെ അഭിപ്രായമെന്താ? മോനങ്കിളിനെ ഇഷ്ടമാണോ?”

“ആ.. ഇഷ്ടാണ്.. നല്ല അങ്കിളല്ലേ? പാവം അങ്കിള്‍. അങ്കിളിന്റെ കാലിൽ കമ്പിയൊക്കെ തുളച്ചിട്ടിരിക്കുവല്ലേ… അങ്കിളിന് എന്തോരം വേദനയാവും..”

“പിന്നെ.. വേദനിക്കാതിരിക്ക്വോ? നല്ല വേദനയാവും. അന്ന് ആക്സിഡന്റായി അങ്കിളിന്റെ കാലൊക്കെ ഫ്രാക്ച്ചറായില്ലേ. അതൊക്കെ മാറേണ്ടെ. അപ്പൊ, മോനങ്കിളിനെ ഇഷ്ടമാണ്?”

“ഉം.. ഇഷ്ടാണ്.. എന്തെ…?”

“അങ്കിളിന്റെ മോളെയോ…”

“അയ്യോ.. അവളൊരു പഞ്ചാര മിഠായി പോലത്തെ മോളല്ലേ. എപ്പോഴും ചിരിച്ചോണ്ടിരിക്കും.. സോ സ്വീറ്റ്…”

“ഉം… എങ്കിലൊരു കാര്യം പറഞ്ഞാല്‍, മോനിഷ്ടായില്ലെങ്കില്‍ മോനതാരോടും പറയരുത്.”

“എന്താ….” അവന്റെ മുഖത്ത് ആകാംക്ഷ.

കുറച്ച് നേരം വേണു മൗനമായി, കടലിലേക്ക് നോക്കിയിരുന്നു. പിന്നെ ജിജ്ഞാസയോടെ തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി.

“സിദ്ധു… നമുക്ക് തന്റെ മമ്മയേയും വിനോദങ്കിളിനെയും പിടിച്ചങ്ങ് കെട്ടിച്ചാലോ? ഐ മീന്‍… കല്ല്യാണം കഴിപ്പിച്ചാലോ?”

ചോദ്യം സിദ്ധുവിന് വിഷമമാവും എന്നാണ് വേണു കരുതിയത്. എന്നാല്‍ അതുണ്ടായില്ല. പക്ഷെ അവനാകെ ആശയകുഴപ്പത്തിലായ പോലെ തോന്നി. കുറെ നേരം കടലിലേക്ക് നോക്കി ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു. കയ്യിലെ കടല മണികളുടെ തൊലി ഞെരടിക്കൊണ്ടിരുന്നു. വേണും ഒന്നും മിണ്ടിയില്ല. അവന്‍ ആലോചിക്കട്ടെ. ആവശ്യമുള്ളത്രയും ആലോചിക്കട്ടെ. തന്റെ മൗനത്തിലേക്ക് വേണു പതുങ്ങിയിരുന്നു. അപ്പോഴും അവന്റെ കണ്ണുകള്‍ സിദ്ധുവിന്റെ മുഖത്ത് തന്നെ ആയിരുന്നു.

കുറെ നേരം അവരാ ഇരുത്തം ഇരുന്നു. അവസാനം സിദ്ധു വേണുവിനോട് ചോദിച്ചു.

“അപ്പൊ, അമ്മ എന്നെ വിട്ട് പോക്വോ?” അതില്‍ വിഷാദത്തിന്റെ നേര്‍ത്ത നനവുണ്ടായിരുന്നു.

“ഛെ.. എന്തൊരു ചോദ്യമാടാ ഇത്…” വേണു അവന്റെ മുടികളില്‍ വിരലോടിച്ചു.

“നിന്റെ അമ്മയങ്ങിനെ പോകുമോ? അതൊന്നുമില്ലെടാ… അവരിനി അല്ലെങ്കിലും പുതിയ വീട്ടിലല്ലേ താമസിക്കാന്‍ പോകുന്നത്. നമ്മള്‍ രണ്ടു പേരും മാത്രമല്ലെ ഇവിടെ ഉണ്ടാകൂ. മോനിഷ്ടക്കേടൊന്നുമില്ലെങ്കില്‍.. അങ്കിള്‍ ഈ കാര്യം മറ്റുള്ളവരോടൊക്കെ സംസാരിക്കാം. എനിക്ക് മോന്റെ സമ്മതമാണ് ആദ്യം അറിയേണ്ടത്… നോക്ക്.. മോനൊരു അനിയത്തിയെ കിട്ടും. ചിലപ്പോള്‍ ഇനിയും അനിയന്മാരെയോ അനിയത്തിമാരെയോ ഒക്കെ കിട്ടും. എന്ത് പറയുന്നു?”

അവനൊരല്‍പ്പ നേരം ആലോചിച്ച് നോക്കി. ആ മുഖം പ്രസന്നമായിരുന്നു. പെട്ടെന്ന് അവന്‍ ചോദിച്ചു.

“അപ്പൊ അമ്മ സമ്മതിക്ക്വോ? അങ്കിളിന് അമ്മയെ ഇഷ്ടാവ്വ്വോ?”

വേണു അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കരുതിയ പോലെ അല്ല. ചെക്കന് കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ നല്ല പക്ക്വതയുണ്ട്. അവനെന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു..

“നോക്കണം… നമുക്ക് നോക്കാം… മോന്‍ എന്റെ കൂടെ നിക്ക്വോ?”

അവന്‍ ഉവ്വെന്ന് തലയാട്ടി. വേണുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി തെളിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി അവന്‍ ഈ വിഷയം ആലോചിക്കുന്നുണ്ട്. വിനോദിനെ ചേച്ചിക്കും, ചേച്ചിയെ വിനോദിനും വലിയ കാര്യമാണെന്ന് ഇതിനകം തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള ഹൃദയബന്ധമൊന്നും അവന് അറിയുകയും ഇല്ല. അത് കൊണ്ട് തന്നെ ഈ ആലോചന എത്ര കണ്ട് വിജയിക്കും എന്ന് നല്ല സംശയുമുണ്ട്. ആദ്യത്തെ കടമ്പ സിദ്ധു തന്നെ ആയിരുന്നു. സിദ്ധുവിന് നേരിയ അനിഷ്ടമെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഈ ആലോചന മുന്നോട്ട് വെക്കുന്നത് ഉചിതമല്ലല്ലോ? അതിനാലാണ് ആദ്യം സിദ്ധുവിന്റെ മനസ്സറിയാമെന്ന് തീരുമാനിച്ചത്.

വൈകുന്നേരം വേണു അമ്മയോടും ശാരദക്കുട്ടിയോടും വിഷയം അവതരിപ്പിച്ചു. രണ്ടു പേര്‍ക്കും സമതക്കുറവില്ല എന്ന് മാത്രമല്ല, പെരുത്ത് സന്തോഷവുമായി. പക്ഷെ അപ്പോഴും എല്ലാവര്‍ക്കും സംശയം വിനോദിനോ അവള്‍ക്കോ ഈ വിവാഹത്തിന് എതിര്‍പ്പുണ്ടാകുമോ എന്നാണ്. അവസാനം അവര്‍ ചില പദ്ധതികള്‍ തീരുമാനിച്ചുറച്ചു. അത് പരിപൂര്‍ണമായ ഒരു പദ്ധതിയായി അവര്‍ കാണുകയും ചെയ്തു.

ആഴ്ചകള്‍ കടന്നു പോയി. അതൊരു ശനിയാഴ്ചയായിരുന്നു. വിനോദിന്റെ മോളെയും കൊണ്ടാണ്, അന്ന് അമ്മ ആശുപത്രിയില്‍ നിന്നും വന്നത്. നല്ല സുഖമില്ലാത്തതിനാല്‍, കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയില്‍ പോവാതെ വീട്ടില്‍ തന്നെയായിരുന്നു അവള്‍. അവളുടെ അടുത്ത് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്ന സിദ്ധു, മോളെ കണ്ടപ്പോള്‍ വലിയ ഉത്സാഹത്തോടെ അവളെ എതിരേറ്റു.

ശരീരമാസകലം പനിയുടെ നഖങ്ങള്‍ വേദന പോറിയിടുമ്പോഴും അവളുടെ ചുണ്ടില്‍ ആ കാഴ്ച്ച ഒരു ചെറു പുഞ്ചിരിയുണ്ടാക്കി. വിനോദിന് ഇപ്പോള്‍ വേദനയ്‌ക്കൊക്കെ നല്ല കുറവുണ്ട്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോകാവുന്നതേ ഉള്ളൂ. പക്ഷെ അവിടെ ആരാണ് പരിചരിക്കാനുള്ളത്? സഹായത്തിന് ആളില്ലാതെ ഒന്നിനുമാവില്ല അവന്. ഇങ്ങോട്ട് കൊണ്ട് വന്നാല്‍ പിന്നെ നാട്ടുകാര്‍ വീണ്ടും കഥപറഞ്ഞു കൂട്ടും എന്നൊരു പേടി, അമ്മയ്ക്ക്. ഇപ്പോള്‍ തന്നെ നാട്ടില്‍ തന്നെയും വിനോദിനെയും ചുറ്റിപ്പറ്റി ചില കഥകളൊക്കെ പരന്നു തുടങ്ങിയിട്ടുണ്ടത്രെ. വിനോദിന് രാത്രി കൂട്ടുനില്‍ക്കാന്‍ വരുന്നവര്‍ പറഞ്ഞു. നാട്ടില്‍ അങ്ങിനെയൊരു കമ്പിയില്ലാ കമ്പി പരക്കുന്നുണ്ടെന്ന്. അത് സരമാക്കണ്ട എന്നും അവര്‍ പറഞ്ഞു. ചില ആളുകള്‍ അന്നും ഇന്നും ഒരേ പോലെ തന്നെ. എന്തായാലും എന്റെ പനിയെന്നു മാറട്ടെ. ഡിസ്ചാര്‍ജ് ചെയ്യിച്ച് ഇങ്ങോട്ടു തന്നെ കൊണ്ടുവരണം. അത് കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ആകാശമൊക്കെ അങ്ങിടിഞ്ഞു പൊളിഞ്ഞു വീഴട്ടെ. അല്ല പിന്നെ.

രാത്രിയില്‍ ഉറക്കം തൂങ്ങുന്ന മോളെയും കൊണ്ട് സിദ്ധു മുറിയിലേക്കു വന്നു. മോളെ അമ്മയുടെ കൂടെ കിടത്തിക്കൊള്ളാന്‍ പറഞ്ഞു അവള്‍. സിദ്ധു അവളെയും കൊണ്ട് പോയി. അല്‍പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും തിരികെ വന്നു. കട്ടിലിലില്‍ അവളുടെ ചാരെയിരുന്നു. അവനെന്തോ ചോദിക്കാനുണ്ട് എന്നാ മുഖം വിളിച്ചു പറഞ്ഞു. പക്ഷെ എന്തോ, കഴിയാത്ത പോലെ. അവളവന്റെ കൈ പിടിച്ചു. പിന്നെ പതുക്കെ ചോദിച്ചു.

“എന്താടാ…? എന്താ ഒരു സങ്കടം?”

ഒന്നുമില്ലെന്നവന്‍ തല വെട്ടിച്ചു. അല്ല എന്തോ ഉണ്ട്, എന്നവളുടെ മനസ്സ് പറഞ്ഞു. “നീ അമ്മയോട് പറ.”

“അമ്മേ.. കുഞ്ഞോളെ നമ്മള്‍ക്ക് വളര്‍ത്താൻ കിട്ട്വോ?”

അവള്‍ അമ്പരപ്പോടെ അവനെ നോക്കി. അവളുടെ ചുണ്ടിലെ ചെറു പുഞ്ചിരി മാഞ്ഞു. വിനോദിന്റെ മോളെ കുഞ്ഞോള്‍ എന്നാണ് അവന്‍ വിളിക്കുന്നത്. അവന്‍ അങ്ങിനെ വിളിച്ചു വിളിച്ച്, ഇപ്പോള്‍ അവരെല്ലാം അങ്ങിനെയാണ് വിളിക്കുന്നത്. ഒരല്പ നേരം ഒന്നും മിണ്ടാതെ സിദ്ധുവിന്റെ മുഖത്തേക്ക് തന്നെ നോക്കി. കിടക്കയില്‍ എഴുന്നേറ്റിരുന്നു. അവന്റെ ശിരസ്സില്‍ തലോടിക്കൊണ്ട് മൃദുവായി ചോദിച്ചു.

“അവള്‍ക്കൊരച്ഛനില്ലേ മോനെ..? മക്കളെയൊന്നും ആരും അങ്ങിനെ ആര്‍ക്കും കൊടുക്കൂല. നിന്നെ ആരെങ്കിലും ചോദിച്ചാല്‍ അമ്മ കൊടുക്ക്വോ? ആരെങ്കിലും വിളിച്ചാല്‍ നീ പോക്വോ?”

അവളെന്തോ ആലോചനയിലേക്ക് വീണുപോയി. സിദ്ധു തല കുലുക്കി. ശരിയാണ് എന്നര്‍ത്ഥത്തില്‍. എന്നിട്ടും ഒരല്പ നേരം കഴിഞ്ഞപ്പോള്‍ പതുക്കെപ്പതുക്കെ അവനൊരു ചോദ്യമെറിഞ്ഞു.

“ദെന്‍,, യു ഷുഡ് ഹാവ് മാരീഡ് ഹെര്‍ ഫാദര്‍.. ഡൂ യൂ..?”

അവളവനെ തുറിച്ച് നോക്കി. നെറ്റി ചുളിഞ്ഞു. സ്വല്പം പരിഭവം ഉണ്ടായിരുന്നു അവളുടെ വാക്കുകളില്‍..

“ഇതെന്തൂട്ടാ… എനിക്കീ ഇംഗ്ലീഷൊന്നും അറീലാന്ന് മോനറീലെ? മോനെ.. ഒരാളോട് വര്‍ത്താനം പറയുമ്പോള്‍… അവര്‍ക്ക് മനസ്സിലാവുന്ന രീതിയില് വേണ്ടേ നമ്മള് പറയാന്‍… അല്ലെങ്കില്‍ മോശമല്ലേ…”

സിദ്ധു ഒരു ഇളിഭ്യ ചിരി ചിരിച്ചു.. പിന്നെ വെട്ടിത്തുറന്ന് ഒരൊറ്റ ചോദ്യമായിരുന്നു.

“അമ്മയ്‌ക്കെന്താ കുഞ്ഞോളെ അച്ഛനെ കല്ല്യാണം കഴിച്ചാല്‍? അപ്പോള്‍ കുഞ്ഞോളെപ്പോഴും നമ്മുടെ കൂടെയുണ്ടാവൂലെ?”

വിനോദിനെ കല്ല്യാണം കഴിച്ചൂടെ എന്ന്. ദൈവമേ.. ഞാനെന്താണീ കേള്‍ക്കുന്നത്? ആരാണിത് ചോദിക്കുന്നത്? മകന്‍. തന്റെ മകന്‍. അവനെത്ര പ്രസന്നമായ മുഖത്തോടെ, ലാഘവത്തോടെയാണ് അത് ചോദിക്കുന്നത്? അവനെങ്ങിനെ ഇത്ര ലാഘവത്തോടെ അത് ചോദിക്കാനായി??

അമ്പരപ്പിന്റെ ഒരു മഹാസമുദ്രം അവളുടെ ഉള്ളില്‍ അലയടിച്ചു. പകപ്പിന്റെ പുകമൂടിയ കണ്ണുകള്‍ സിദ്ധുവിന്റെ മുഖത്ത് തറച്ചു നിന്നു. പിന്നെ പിന്നെ അവളുടെ ഉള്ളില്‍ നിന്നും അവാച്യമായ ഒരു കോരിത്തരിപ്പ് പൊട്ടിപ്പുറപ്പെട്ടു. അതവളുടെ ഉടലിലൂടെ പനിച്ചൂടിന്റെ കൂടെ ഓടിനടന്നു. അറിയാതെ മിഴികളിലേക്ക് ഒരു കടലിരമ്പി വന്നു. ചുണ്ടുകള്‍ വിറകൊണ്ടു. മെല്ലെ സിദ്ധുവിന്റെ മുഖം തന്റെ മുഖത്തോട് ബലമായി ചേര്‍ത്തു. അവളുടെ കണ്ണുനീര്‍ അവന്റെ മുഖത്ത് പൊള്ളലുണ്ടാക്കിയപ്പോള്‍ ആ പിടിയില്‍ നിന്നും മാറാന്‍ അവന്‍ ചെറുതായൊന്ന് കുതറി നോക്കി. അവള്‍ വിട്ടില്ല. അവനെ തന്റെ നെഞ്ചിലേക്ക് അണച്ച് കൂട്ടിപ്പിടിച്ച് അവള്‍ ചോദിച്ചു..

“നീ പറഞ്ഞതെന്താണെന്ന് നിനക്കറിയ്വോ?”

ഉം… അവനൊന്ന് മൂളി…

“നിനക്ക്,,, നിനക്കൊരു വെഷമവും ല്ലേ…?”

അവന്‍ സ്വല്പം ബലം പ്രയോഗിച്ച് അവളില്‍ നിന്നും അടര്‍ന്നു മാറി. അവളുടെ മുഖത്തെ കണ്ണീര്‍ ചാലുകള്‍ കണ്ട് അവനമ്പരന്നു. വിഷമത്തോടെ അവന്‍ പറഞ്ഞു..

“അമ്മയ്ക്ക്, ഇഷ്ടല്ലെങ്കി വേണ്ടാട്ടോ… ഞാന്‍… ഞാന്‍ വെറുതെ ഒരിഷ്ടം പറഞ്ഞതാ…”

അവളൊരു വിളറിയ ചിരി ചിരിച്ചു. അവന്റെ മുടിയില്‍ തന്റെ വിരലുകളൊന്ന് കുടഞ്ഞു. ഇത്തിരി കുസൃതി കലര്‍ത്തി പറഞ്ഞു..

“ഒന്ന് പോ ചെക്കാ അവിടന്ന്… വെറുതെ…. പോ.. പോയി കെടന്നൊറങ്ങിക്കോ… എന്നെയൊട്ടി നിന്ന് പനിക്കണ്ട.”

സിദ്ധു നഖം കടിച്ചു കൊണ്ടവിടന്ന് എഴുന്നേറ്റു പോയി. അമ്മ സമ്മതിച്ചില്ലല്ലോ എന്നൊരു ശങ്ക അപ്പോഴും അവന്റെ മനസ്സിലുണ്ടായിരുന്നു. മുറിക്ക് പുറത്തേക്ക് വരുമ്പോള്‍ കണ്ടു. വാതിലിന്നടുത്ത്, മുത്തശ്ശിയെ.

അവര്‍ അവനോട് ചൂണ്ടുവിരല്‍ ചുണ്ടോട് ചേര്‍ത്ത് ഒച്ചയുണ്ടാക്കരുത് എന്നാംഗ്യം കാണിച്ചു. അവന്റെ മുഖത്ത് പകുതി കൗതുകവും പകുതി നിരാശയും ഇടകലര്‍ന്നിരുന്നു. പക്ഷെ ആ അമ്മയുടെ മുഖത്ത് നല്ല പ്രകാശമായിരുന്നു. അവള്‍ വിസമ്മതം പറഞ്ഞില്ലല്ലോ. അതിന്റെ അർത്ഥം അവള്‍ക്ക് വിരോധമില്ല എന്നല്ലേ? അവരുടെയുള്ളില്‍ പുതിയൊരു പ്രതീക്ഷയുടെ നെയ്ത്തിരി നാളം തെളിഞ്ഞു.

അവളുടെ ചുണ്ടിലൊരു സുന്ദരമായ പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

ഈശ്വരാ… സിദ്ധു.. ന്റെ മകൻ.. അവനെന്നോട് ചോദിച്ചിരിക്കുന്നു.. വിനോദിനെ കല്ല്യാണം കഴിച്ചൂടെ എന്ന്. അവനിഷ്ടമാവില്ലെന്നാണല്ലോ ഞാന്‍ കരുതിയത്. എന്നാലിപ്പോള്‍ അവനായിട്ട് ഇങ്ങോട്ട് വന്നു ചോദിക്കുന്നു. വിനോദിനെ കല്ല്യാണം കഴിച്ചൂടെ എന്ന്..

എന്റെ മകന്‍.. എന്റെ സിദ്ധു… ഈശ്വരാ… എന്റെ മകൻ.. എന്റെ സിദ്ധു…

ഒരൊറ്റ ഓട്ടത്തിന് ആശുപത്രിയിലെത്തണം. എന്നിട്ട് വിനോദിനെ ഇറുക്കെ കെട്ടിപിടിക്കണം. എന്നിട്ട് അവനോടൊരു താലി വാങ്ങാന്‍ പറയണം.. അവളാഗ്രഹിച്ചു.. ഓര്‍ക്കവേ ആ ചുണ്ടിലെ പുഞ്ചിരിക്ക് പിന്നെയും പിന്നെയും പ്രകാശം കൂടി വന്നു.

പെട്ടെന്ന് അവളെന്തോ ഓര്‍ത്തു.. ആ മുഖഭാവം മാറി. അവള്‍ സ്വയം പറഞ്ഞു.

വേണ്ട… വിനോദ് ഒന്നും ഇപ്പോഴറിയണ്ട. സമയമാവട്ടെ. ഇനിയും സമയമുണ്ടതിന്.

തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. നിലാവില്ലാത്ത ആ രാത്രിയുടെ വിളറിയ നാട്ടു വെളിച്ചത്തില്‍ ജാലകത്തിന്റെ നേരെയുള്ള കൊച്ചു മാവൊരു ഇരുട്ടിന്റെ കൂടാരം പോലെ നിന്നു. ദൂരെയുള്ള ഇണപ്പക്ഷിയെ തേടുന്ന ഒരു പേരറിയാ കിളിയുടെ പാട്ട് കേള്‍ക്കാം… രാത്രിയിലെ നഗരത്തില്‍ അമര്‍ത്തിയ ശബ്ദകോലാഹങ്ങള്‍ക്കിടയിലും….

മനസ്സിലൊരു ഘോഷയാത്രയുണ്ട്… പുതിയ സ്വപ്നങ്ങളുടെ ഘോഷയാത്ര!

തുടരും….Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top