Flash News

മാളുകളും ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

June 4, 2020

mallന്യൂഡല്‍ഹി: ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, മാളുകള്‍, ഓഫീസുകള്‍ എന്നിവ തുറക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ലോക്ക്ഡൗണ്‍ കഴിഞ്ഞതിനുശേഷം ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, മാളുകള്‍ തുറക്കുകയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍, കൊറോണ അണുബാധ തടയുന്നതിന് ആരോഗ്യ മന്ത്രാലയമാണ് ഇവയ്ക്കെല്ലാം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ അഭിപ്രായത്തില്‍ പൊതുവെ എല്ലായിടത്തും ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതേസമയം, മാളിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, മാളില്‍ സാമൂഹിക അകലം പാലിക്കാന്‍ 6 അടി ദൂരം ആവശ്യമാണ്. കൂടാതെ, മാളിലെ എല്ലാവര്‍ക്കും മാസ്കുകള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. തുപ്പുന്നത് പൂര്‍ണ്ണമായും നിരോധിക്കും. ഇതുകൂടാതെ, എല്ലാ മാളുകളും മറ്റ് പ്രധാനപ്പെട്ട എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.

മാള്‍ ഗേറ്റിലും സാനിറ്റൈസര്‍ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനൊപ്പം, പ്രവേശന സമയത്ത് തന്നെ തെര്‍മല്‍ സ്ക്രീനിംഗും ക്രമീകരിക്കേണ്ടതുണ്ട്. രോഗ ലക്ഷണമില്ലാത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ മാളിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ മാസ്ക് ധരിച്ച് വരുന്നവര്‍ക്ക് മാത്രമേ മാളില്‍ പ്രവേശനം ലഭിക്കൂ.

സാമൂഹിക അകലം പാലിക്കുന്നതിന്, മാളില്‍ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കുന്നത് നിര്‍ബന്ധമാക്കി. മാളിനകത്തും പുറത്തും ഉള്ള കടകളിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. കടയ്ക്കുള്ളില്‍, ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ കടകളില്‍ ഇരിപ്പിട ക്രമീകരണം ഉണ്ടെങ്കില്‍, സാമൂഹിക അകലം പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്.

മാത്രമല്ല, സാമൂഹിക അകലം ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട സം‌വിധാനമൊരുക്കണം. മാളിനുള്ളില്‍ വലിയ തോതില്‍ ഉപഭോക്താക്കള്‍ ഒത്തുകൂടുന്നില്ലെന്ന് മാള്‍ മാനേജുമെന്‍റ് ഉറപ്പാക്കണം. ഇതുകൂടാതെ, എല്ലാ ജീവനക്കാരുടെയും മൊബൈലില്‍ ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണം.

ഷോപ്പിങ്ങ് മാളുകള്‍

മാളുകളില്‍ തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം.
ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും കേന്ദ്രനിര്‍ദേശമുണ്ട്.
സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്
കൊവിഡ് ഉള്ളവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തില്‍ താപ പരിശോധന നിര്‍ബ്ബന്ധം
ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌കുകള്‍ ധരിക്കണം.
ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം
പേപ്പര്‍ നാപ്കിന്‍ ആകണം ഉപയോഗിക്കേണ്ടത്.
എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം
ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്
ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.
ആള്‍ക്കാര്‍ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആള്‍ക്ക് അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.

temple

ആരാധനാലയങ്ങള്‍

ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.
ആരാധനാലയത്തിനുള്ളില്‍ പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല.
ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം.
ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.
ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം.
വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

ഗായക സംഘങ്ങളെ അനുവദിക്കരുത്. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്.
സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല.
കൊവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
താപനില പരിശോധിക്കാന്‍ പ്രവേശന കവാടത്തില്‍ സംവിധാനം ഉണ്ടാകണം.
മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.
ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.
ആരാധനാലയത്തില്‍ വച്ച് ആരെങ്കിലും അസുഖ ബാധിതരായാല്‍ ഉടന്‍ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
65 വയസിന് മുകളിലുള്ളവര്‍, 10 വയസിന് താഴെ ഉള്ളവര്‍, ഗര്‍ഭിണികള്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീടിനുള്ളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ഇവര്‍ വീട് വിട്ടു പുറത്തിറങ്ങരുത്.
പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top