ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് യാത്ര ചെയ്യാനാവാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും പതിനഞ്ചു ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സ്വന്തം നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികളെയും 15 ദിവസത്തിനകം അവിടെ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാനങ്ങൾക്കു സുപ്രീംകോടതി നല്കിയ നിർദേശം.
കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ തിരിച്ചെത്തിക്കാനായി 15 ദിവസം മതിയായ സമയമെന്നു ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എസ.കെ കൗൾ,ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഇതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലക്ഷകണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ അടിയന്തര നടപടികൾ എടുക്കേണ്ടി വരും.
മഹാരാഷ്ട്ര, കർണ്ണാടകം, ഗുജറാത്ത് ഡൽഹി പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും വരും ദിനങ്ങളിൽ ഇക്കാര്യത്തിൽ കഠിനശ്രമങ്ങൾ തന്നെ നടത്തേണ്ടി വരും. തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് ജോലി നല്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ സംസ്ഥാനങ്ങൾ കാണിക്കുന്ന ഉദാസീനതയാണ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.
കേസിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്രം ഇതു വരെ 42000 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി അറിയിച്ചു.ഒരു കോടി പേരാണ് നാട്ടിൽ എത്തിയത്.കേസിൽ ഹാജരായ ബീഹാറിന്റെ അഭിഭാഷകൻ ഇതു വരെ 28 ലക്ഷത്തോളം പേര് സംസ്ഥാനത്തു തിരിച്ചെത്തിയെന്നു അറിയിച്ചു. ഇവർക്ക് സംസ്ഥാനത്തു തന്നെ തൊഴിൽ നല്കാൻ നടപടി സ്വീകരിക്കുമെന്ന് ബീഹാർ അറിയിച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply