Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 29): അബൂതി

June 10, 2020

പുലരിയുടെ രജത കിരണങ്ങളെക്കാള്‍ പ്രശോഭിതമായിരുന്നു, അമ്മയുടെ മുഖം. നേരം പുലരും മുന്‍പേ അവര്‍ വേണുവിനേയും, ശാരദയയേയും, ബാബുവിനേയും ഒക്കെ വിളിച്ചു. സിദ്ധു അവളോട് കാര്യം അവതരിപ്പിച്ചിരിക്കുന്നു. അവള്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല, എന്ന് പറയാന്‍. അവരുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല.

എഴുന്നേറ്റപ്പോള്‍ തന്നെ അമ്മ അവളുടെ മുറിയില്‍ ചെന്നു നോക്കിയതാണ്. ഒരു കൊച്ചു കുഞ്ഞ് ഉറങ്ങുന്ന പോലെ വളഞ്ഞു കുത്തിയുറങ്ങുന്ന അവളെയും നോക്കി അവരിത്തിരി നേരം അവിടെ നിന്നു.

നോക്കി നില്‍ക്കെ മാതൃവാത്സല്ല്യം അവരുടെ മാറിടം ചുരത്തി. അവര്‍ അവളുടെ നെറ്റിയില്‍ പുറങ്കൈ വച്ച് പനിയെങ്ങിനെയുണ്ടെന്ന് നോക്കി. അവളൊന്ന് അനങ്ങി. അവര്‍ വേഗം കൈ പിന്‍വലിച്ചു. ആ ഉറക്കത്തിന് ഭംഗമുണ്ടാക്കാന്‍ അവരാഗ്രഹിച്ചില്ല. അവരുടെ മനോമുകുരത്തില്‍ ഒരു ചിത്രമുണ്ടായിരുന്നു. ഒരു പിഞ്ചു പൈതലിന്റെ ചിത്രം. പതുക്കെ പതുക്കെ ആ സ്ഥാനത്ത്, താലിയണിഞ്ഞ് നില്‍ക്കുന്ന, സീമന്ത രേഖയില്‍ സിന്ദൂരമണിഞ്ഞു നില്‍ക്കുന്ന അവളുടെ ചിത്രം തെളിഞ്ഞു. ആ സുഖദമായ ചിത്രം അമ്മയുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുടെ കര്‍പ്പൂര ദീപം കത്തിച്ചു വച്ചു.

അവളെഴുന്നേറ്റപ്പോഴേക്കും വേണുവും ശാരദയും വന്നിരുന്നു. സിദ്ധുവും കുഞ്ഞോളും ടിവിയില്‍ കുട്ടികള്‍ക്കുള്ള ഏതോ ആനിമേഷന്‍ സിനിമ കാണുന്നു. സിദ്ധുവിന്റെ മടിയിലിരുന്ന് TV സ്ക്രീനിലേക്ക് തുറിച്ചുനോക്കുന്ന കൊച്ചുകുഞ്ഞിനെ, ഇടയ്ക്കിടയ്ക്ക് കൗതുകത്തോടെ നോക്കുന്ന കുഞ്ഞോളെ കണ്ടപ്പോള്‍ അവള്‍ക്കൊരു പുഞ്ചിരിയുണ്ടായി. അവള്‍ പല്ലു തേച്ചു കൊണ്ടിരിക്കെയാണ് ബാബു വന്നത്. ഇതെന്താ ഇന്നിവിടെ ഒരു പ്രത്യേകത എന്നവള്‍ ആലോചിക്കുകയും ചെയ്തു. പ്രാതല്‍ കഴിക്കാനിരുന്നപ്പോള്‍ വേണുവാണ് തുടക്കം കുറിച്ചത്?

“ചേച്ചീ, ഒരു കാര്യമുണ്ടായിരുന്നു…”

എന്താണ് എന്നര്‍ത്ഥത്തില്‍ അവള്‍ അവനെ നോക്കി. ചെറു പുഞ്ചിരിയുടെ മേമ്പൊടി ചാര്‍ത്തി വേണു ചോദിച്ചു.

“ഇന്നലെ സിദ്ധു ചേച്ചിയോടൊരു കാര്യം പറഞ്ഞിരുന്നില്ലേ? നമുക്കതൊന്ന് സീരിയസായി ചിന്തിച്ചാലോ?”

അവളുടെ ഉള്ളിന്റെ ഉള്ളില്‍ ലജ്ജയില്‍ കുതിര്‍ന്നൊരു പുഞ്ചിരി വിടര്‍ന്നെങ്കിലും പുറത്തു കാണിച്ചില്ല. അപ്പോള്‍ അതാണ് കാര്യം. എല്ലാവരും രാവിലെ തന്നെ ഓടിക്കൂടിയത് പിടിച്ചപിടിയാലേ തന്റെ കെട്ട് നടത്താനാണ്. അവള്‍ ഓരോരുത്തരെയായി മാറിമാറി നോക്കി. അമ്മയുടെ മുഖത്ത് തളം കെട്ടി നില്‍ക്കുന്നു വാത്സല്യം നിറഞ്ഞൊരു അപേക്ഷ. നീ സമ്മതിക്കെടീ എന്ന്.

പാവങ്ങള്‍. അവര്‍ക്കറിയില്ലല്ലോ എന്റെ ഉള്ള്. ഇന്നലെ രാത്രി മുതല്‍ എന്നില്‍ വസന്തം വിരുന്നെത്തിയെന്ന്. ദൈവമേ, എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ നിറങ്ങള്‍ മാറുന്നത്? സ്വപ്നങ്ങളുടെ നിറങ്ങള്‍ മാറുന്നത്? ഓര്‍മ്മയുടെ തീച്ചൂളയില്‍, ചൂരോ ചൂടോ ഇല്ലാത്തൊരു ഇരുണ്ട നിഴല്‍ മാത്രമായിരുന്നു വിനോദ്. ഓടിക്കിതച്ചെത്തി ഒരു ദുരന്തത്തിന്റെ വിളംബരത്തിനു ശേഷം ഇരുട്ടിലേക്ക് തന്നെ ഓടിയകന്നൊരു വെറും നിഴല്‍. ഗ്രാമത്തിന്റെ ഇടവഴികളില്‍, പാടവരമ്പുകളില്‍, കാണുമ്പോഴെല്ലാം സുന്ദരമായ പുഞ്ചിരികള്‍ തന്ന്, ഒതുങ്ങി നില്‍ക്കാറുണ്ടായിരുന്ന, വെറുമൊരു നിഴല്‍. ഇന്നാ നിഴലൊരു മേഘമായി ജീവനില്‍ വര്‍ഷിക്കാന്‍ ഒരുങ്ങി നില്‍ക്കാറായിരിക്കുന്നു. ജീവിതമേ, നിന്നോളം വലിയ ജാലവിദ്യക്കാരില്ല.

“ചേച്ചി എന്താ ആലോചിക്കുന്നത്?” വേണുവിന്റെ ചോദ്യം അവളെ ചിന്തകളില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു. അവള്‍ ആരുടെയും മുഖത്ത് നോക്കാതെ, മുന്നിലെ പാത്രത്തിലേക്ക് നോക്കി വെറുതെ പറഞ്ഞു.

“അതൊന്നും ശരിയാവില്ല. സിദ്ധു ഓന്റെ പൊട്ട ബുദ്ധിക്ക് എന്തോ പറഞ്ഞൂന്ന് വച്ച്..”

അങ്ങിനെ പറയുമ്പോള്‍ ചുണ്ടിന്റെ കോണുകളില്‍ തുള്ളിത്തുളുമ്പാന്‍ വെമ്പുന്ന പുഞ്ചിരിയെ അവരില്‍ നിന്നും മറച്ചുവെക്കാന്‍ അവള്‍ നന്നേ പാടുപെട്ടു. അവള്‍ക്ക് അത് അങ്ങേയറ്റം രസകരമായ ഒരു വിനോദമായി തോന്നി.

“അതിലൊരു ശരികേടും ഇല്ല. ഇനി ഞങ്ങളാരും കാണാത്ത ആ ശരികേട്… അത് കണ്ടില്ലാന്നങ്ങോട്ട് വെക്കണം. ഇന്നാള് ഞാന്‍ കൊണ്ടുവന്ന ആലോചന… സിദ്ധുവിന്റെ പേരും പറഞ്ഞ് ചേച്ചി തട്ടി. ഇതിപ്പോ അത് പറ്റില്ല. ഞാനിത് വിനോദേട്ടനോട് ചോദിക്കാന്‍ പോകുവാ. അല്ല. പുള്ളിക്ക് സമ്മതക്കുറവൊന്നും ഉണ്ടാവൂല. മൂപ്പര്‍ക്കാണെങ്കില്‍ ഇപ്പോഴാണ് ശരിക്കും ഒരു തുണയുടെ ആവശ്യം…”

വേണുവങ്ങിനെ ഒറ്റയടിക്ക് പറഞ്ഞപ്പോള്‍ അവള്‍ക്ക് അന്ധാളിപ്പായി. വിനോദിനോട് അത് പറയേണ്ട ആള്‍ താനല്ലേ? ആ കണ്ണില്‍ നോക്കി, ആ ഹൃദയത്തിന്റെ മുകളില്‍ കൈ വച്ച് ഞാനല്ലേ അത് പറയേണ്ടത്? അത് എന്റെ അവകാശവുമല്ലേ? ആഹ.. അങ്ങിനെയിപ്പോള്‍ അത് വേറെ ആരും പറയണ്ട…

“വേണ്ട… വിനോദിനോടാരും ഇപ്പൊ ഒന്നും ചോദിക്കണ്ട….. സമയമാകട്ടെ… ”

അമ്മയാണ് ഇടയ്ക്ക് കയറി ചോദിച്ചത്

“സമയമാകട്ടെന്നോ..? എപ്പോ? മൂക്കീ പല്ല് വന്നിട്ടോ?”

അവളമ്മയെ നോക്കിയൊന്നു പുഞ്ചിരിച്ചു. കഴിച്ചു കഴിഞ്ഞ പാത്രവുമെടുത്ത് വാഷ്ബേസിനടുത്തേക്ക് പോകവേ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു…

“പിന്നേ… ഇനിയീ വയസ്സാം കാലത്തല്ലേ മൂക്കീ പല്ലു വരുന്നത്…”

അവള്‍ പത്രം കഴുകി, കയ്യും വായയും കഴുകി തിരിഞ്ഞ് അമ്മയോട് പറഞ്ഞു…

“എനിക്ക് കൊറച്ച് സമയം കൊണ്ടമ്മാ… ഞാനൊന്ന് ആലോചിക്കട്ടെ… നിങ്ങളൊക്കെ ഇതെന്തറിഞ്ഞിട്ടാ… വിനോദിനെ ഇങ്ങോട്ട് കൊണ്ട് വരാനല്ലേ നമ്മള് നിക്കുന്നത്. ഇപ്പൊ പോയി ഈ കാര്യം പറഞ്ഞാ… ചെലപ്പോ വിനോദിങ്ങോട്ട് വന്നില്ലാന്ന് വരും. അതൊന്ന് രണ്ടു കാലില്‍ എണീറ്റ് നിന്നോട്ടെ… എന്നിട്ട് മതി ഈ ജാതി കൂത്തും കൂടിയാട്ടവും.. ഒരു കല്ല്യാണക്കാര് വന്നിരിക്കുന്നു.. തലേം വാലുമില്ലാത്ത ചെക്കനെന്തോ ചോദിച്ചീന്….”

മറ്റുള്ളവരുടെ മറുപടിക്കായി കാത്തുനില്‍ക്കാതെ സ്വന്തം മുറിയിലേക്ക് നടക്കവേ, അവളുടെ ഉള്ളില്‍ ഗൂഢമായൊരു സുഖമുണ്ടായിരുന്നു. അവളുടെ മനസ്സൊരു പരല്‍ മീനാവുകയായിരുന്നു. പിടിക്കാന്‍ കൈനീട്ടുന്നവരുടെ വിരലുകള്‍ക്കിടയിലൂടെ അതിവേഗം തെന്നിമാറി രക്ഷപ്പെടുന്ന ഒരു പരല്‍ മീന്‍. ചുണ്ടുകളില്‍ വിടര്‍ന്ന പുഞ്ചിരി മറ്റുള്ളവരില്‍ നിന്നൊളിപ്പിച്ച്, അവള്‍ നേരെ തന്റെ മുറിയിലേക്ക് വന്നു. തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു.

വിനോദിനെ കണ്ടിട്ട് മൂന്ന് ദിവസമാകുന്നു. മൂന്ന് കൊല്ലങ്ങള്‍ നീളമുള്ള മൂന്ന് ദിവസങ്ങള്‍. ഒരു പനികൊണ്ട് മനുഷ്യരിത്രയും ദുര്‍ബലരാവുമോ? ഒന്ന് പോയി നോക്കിയാലോ? ഒന്ന് കാണാന്‍ കൊതിയാവുന്നു. ഒരു കുളിര്‍ക്കാറ്റായി അവനെ പുണരണം. ഇതളുകളില്‍ ഉഷ്ണമുള്ള ഒരായിരം ചുംബനപ്പൂക്കളവനു നല്‍കണം. ഇന്നോളം മറ്റാര്‍ക്കും നല്‍കാത്തത്…

അവളുടെ മുഖം മങ്ങി.. ഇന്നോളം മറ്റാര്‍ക്കും നല്‍കാത്തത്…. എന്തുണ്ട് തന്റെ കൈയ്യിൽ… വിഷാദത്തിന്റെ മേഘഭാരങ്ങള്‍ നിശബ്ദമായി ആ മിഴികളില്‍ പെയ്തിറങ്ങി. കവിളിലൂടെ ചാലിട്ടൊഴുകി താടിയിലൊന്നുചേരുന്ന രണ്ടരുവികള്‍. അവളുടെ ഉള്ളില്‍ ആ ചോദ്യം അഷ്ടദിക്കുകളും ഭേദിക്കുമാറുച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഇന്നോളം മറ്റാര്‍ക്കും നൽകാത്തത്, എന്തുണ്ട് കൈയ്യിൽ?

പിന്നിലൊരു മുരടനക്കം കേട്ടാണ് മുഖം തുടച്ചു തിരിഞ്ഞു നോക്കിയത്. ബാബുവായിരുന്നു. പ്രസന്നമായിരുന്ന അവന്റെ മുഖം അവളുടെ മുഖഭാവം കണ്ടപ്പോള്‍ മാറി. അവനെ നോക്കി പുഞ്ചിരിയോടെ അവള്‍ ചോദിച്ചു..

“എന്താ ബാബു…?”

അവനൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. വിജയിച്ചില്ല.

“ചേച്ചി വെറുതെ ആവശ്യമില്ലാത്തതൊന്നും ആലോചിക്കണ്ട. വിനോദേട്ടന് ചേച്ചിയെ ഇഷ്ടമാണ്. അതെനിക്കറിയാം. ചേച്ചിക്കും ഇഷ്ടാണെന്ന് എനിക്കറിയാം. കൊറേ കാലായില്ലേ ഞാന്‍ ചേച്ചിയെ കാണുന്നു. ചേച്ചിയങ്ങ് സമ്മതിച്ചേക്ക്.. ആര്‍ക്കും പ്രശ്നാവാത്ത വിധം വിനോദേട്ടനോട് ഞാന്‍ ചോദിച്ചോളാം….”

അവന് മനസ്സിലായിരുന്നു ആ കണ്ണുനീരിന്റെ ഉറവ അവളുടെ മനസ്സിന്റെ ഏതു കോണിലാണെന്ന്. അല്ലെങ്കിലും അവനു മാത്രമല്ലേ അത് മനസ്സിലാവൂ.. അവളൊന്നും പറയാതെ നില്‍ക്കെ കുറച്ചു നേരം അവന്‍ വെറുതെ അവളുടെ മുന്‍പില്‍ നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ. പിന്നെ, “ഞാന്‍ പോട്ടെ” എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കവേ അവള്‍ അവനെ വിളിച്ചു. തിരിഞ്ഞു നോക്കിയ അവനോടവള്‍ ചോദിച്ചു..

“ബാബു നിനക്കോര്‍മയുണ്ടോ അയാളെ..?”

ബാബു അമ്പരന്നു.. “ആരെ?”

അവളൊന്നും പറഞ്ഞില്ല. വേഗം മുറിയുടെ വാതില്‍ക്കല്‍ വന്നു നോക്കി. ഇല്ല. അടുത്തെങ്ങും ആരുമില്ല. അടുക്കളയുടെ ഭാഗത്ത് നിന്നും ശാരദയുടെയും അമ്മയുടെയും ശബ്ദം കേള്‍ക്കാം. മുന്‍ഭാഗത്ത് ടിവിയുടെ ശബ്ദം. മക്കള്‍ അവിടെയാണ്. വേണു എവിടെയാണാവോ?

അവള്‍ വേഗം പകച്ച് നില്‍ക്കുന്ന ബാബുവിന്റെ അരികിലെത്തി.. സ്വകാര്യം പോലെ അവനോട് ചോദിച്ചു…

“അയാളെ… വെളുക്കുവോളം എന്റെ കഥ കേട്ടിരുന്നില്ലേ…..? അയാളെ….”

ബാബുവിന് ആളെ മനസ്സിലായെങ്കിലും പകപ്പ് മാറിയിട്ടില്ലായിരുന്നു. അവന്‍ അന്തം വിട്ടു നോക്കി നില്‍ക്കെ അവള്‍ വീണ്ടും ശബ്ദം താഴ്ത്തി പറഞ്ഞു…

“എടാ… എനിക്കയാളെ ഒരിക്കല്‍ കൂടി ഒന്ന് കാണണം.. ഒരു വട്ടം മാത്രം…. കാണാതെ വയ്യ..”

തുടരും…


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top