Flash News

സീറോ-മലബാര്‍/സീറോ-മലങ്കര എന്നീ സഭകളിലെ മാത്രാന്മാര്‍ക്ക് കെസിആര്‍എം നോര്‍ത്ത് അമേരിക്ക സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം

June 7, 2020 , ചാക്കോ കളരിക്കല്‍

getNewsImagesകേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മെന്റ് നോര്‍ത്ത് അമേരിക്ക [Kerala Catholic Church Reformation Movement North America (KCRMNA)] എന്ന സംഘടനയുടെ ഒരു പൊതുസമ്മേളനം ഇക്കഴിഞ്ഞ മെയ് 29, 2020-ല്‍ നടക്കുകയുണ്ടായി. ആ സമ്മേളനത്തില്‍ വെച്ച് സീറോ-മലബാര്‍/സീറോ-മലങ്കര എന്നീ സഭകളില്‍ പട്ടമേല്‍ക്കുന്ന വ്യക്തികള്‍ക്ക് പുരോഹിത വിവാഹം ഓപ്ഷണല്‍ ആക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് സഭാധികാരികളായ നിങ്ങള്‍ക്ക് ഒരു നിവേദനം നല്‍കാന്‍ ആ സംഘടനയുടെ പ്രസിഡണ്ടായ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. അതിന്‍പ്രകാരമാണ് ഞാന്‍ ഈ മെമോറാണ്ടം നിങ്ങളുടെ അടിയതിര പരിഗണയ്ക്കായി സമര്‍പ്പിക്കുന്നത്.

അമേരിക്കന്‍ സർക്കാരിന്റെ ആഭ്യന്തര റവന്യൂ വകുപ്പില്‍ നിന്നും നോണ്‍-പ്രോഫിറ്റ് കോര്‍പറേഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സംഘടനയാണ് കെസിആര്‍എം നോര്‍ത്ത് അമേരിക്ക. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ സ്വതന്ത്ര അല്‍മായ കത്തോലിക്ക സംഘടനയുടെ പ്രധാന സ്ഥാപിത ഉദ്ദേശം സുവിശേഷവല്‍ക്കരണത്തിലൂടെ ലോകത്ത് സത്യം, സ്നേഹം, നീതി തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണ്. അതിനായി കത്തോലിക്ക സഭയിലെ അന്താരാഷ്‌ട്ര അല്‍മായ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കത്തോലിക്ക സഭയിലെ പ്രത്യേകിച്ച് കേരളത്തിലെ സഭകളിലെ സഭാധികാരികളില്‍ നിന്നും, ദൈവജനത്തിന് ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരില്‍ നിന്നും നഗ്നമായ ലൈംഗികാക്രമണങ്ങളും അനീതികളും ദൈവത്തിന്റെ മക്കളായ അല്‍മായർ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. പുരോഹിത ലൈംഗിക അതിക്രമങ്ങള്‍ ഇന്ന് നിത്യവാര്‍ത്തയായി മാറിയിരിക്കുകയാണ്.

വിവാഹിത പൗരോഹിത്യത്തെ സഭ ആദ്യ നൂറ്റാണ്ടുകളില്‍ അനുകൂലിച്ചിരുന്നു. വൈദികരും മെത്രാന്മാരും മാര്‍പാപ്പമാരും വിവാഹിതരായിരുന്നല്ലോ. ശിഷ്യപ്രമുഖനായ പത്രോസ് വിവാഹിതനായിരുന്നു. കാലം മുന്‍പോട്ടു പോയതോടെ, 1139-ല്‍ ഇന്നസെന്റെ രണ്ടാമന്‍ മാര്‍പാപ്പയാണ് നിര്‍ബന്ധിത വൈദിക ബ്രഹ്മചര്യം സഭയിലെ ശിക്ഷണ സംബന്ധമായ ഒരു നിയമമാക്കിയതെന്ന് നമുക്കറിയാം. “ബ്രഹ്മചര്യം കര്‍ശനമാക്കിയാല്‍ പുരോഹിതര്‍ വ്യഭിചാരത്തെക്കാള്‍ വലിയ പാപം ചെയ്യും” എന്ന് ഇറ്റലിക്കാരനായ ഇമോളയിലെ ഉള്‍റിച്ച് മെത്രാന്‍ (Ulrich of Imola, 1053-1063) അഭിപ്രായപ്പെട്ടത് എത്രയോ സത്യം. അന്നുമുതല്‍ ഇന്നുവരെ വൈദികര്‍ ചെയ്തുകൂട്ടിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് കണക്കില്ല.

ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് കേരളത്തിലെ പട്ടക്കാര്‍ വിവാഹിതരായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗൺസില്‍ എല്ലാ പൗരസ്ത്യ സഭകളോടും നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “….കാലത്തിന്റെയോ വ്യക്തിയുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്ക് ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാന്‍ അവര്‍ ശ്രമിക്കേണ്ടതാണ്” (രണ്ടാം വത്തിക്കാന്‍ കൗൺസില്‍ പ്രമാണരേഖകള്‍, ധര്‍മ്മാരാം പബ്ലിക്കേഷന്‍സ്, ബാംഗ്ലൂര്‍, 2004, pp 190-191).

കല്‍ദായ ആരാധനക്രമം വീണ്ടെടുക്കണമെന്നും പറഞ്ഞ് മുറവിളികൂട്ടുന്ന സഭാധികാരികള്‍ എന്തുകൊണ്ട് ഏറെ ബഹുമാനം അര്‍ഹിക്കുന്നതും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യ പൈതൃകവുമായ വിവാഹിത പൗരോഹിത്യം പുനഃസ്ഥാപിക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.

ബ്രഹ്മചര്യം എന്ന ദുര്‍വഹമായ ചുമട് ഒരു വൈദികനില്‍ നിര്‍ബന്ധമായി കെട്ടിവെയ്ക്കുന്നത് അനീതിയാണ്. നിര്‍ബന്ധിത വൈദിക ബ്രഹ്മചര്യം സഭയിലെ ശിക്ഷണ സംബന്ധമായ ഒരു നിയമമാണ്. അത് മനുഷ്യനിര്‍മിതമാണ്. റോമന്‍ കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണങ്ങളുടെ ഭാഗമല്ല. ഇന്ന് പല പൗരസ്ത്യ സഭകളിലും കൂടാതെ ലത്തീന്‍ സഭയിലും വിവാഹിതരായ പുരോഹിതര്‍ സേവനം ചെയ്യുന്നുണ്ട്.

ആഗോള കത്തോലിക്കാ സഭയില്‍ വൈദിക ക്ഷാമം രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിവാഹിതരായ പുരോഹിതര്‍ സഭയ്ക്ക് മുതല്‍ക്കൂട്ടാണ്. പരിശുദ്ധ കുര്‍ബാന ദൈവാരാധനയുടെ പാരമ്യമാണ്. വൈദിക ബ്രഹ്മചര്യ നിയമം കാരണം ദൈവജനത്തിന് ദിവ്യബലി എന്ന കൂദാശ ലഭിക്കാതെ വരുന്നത് അക്ഷന്തവ്യമായ തെറ്റാണ്.

കേരളത്തിലെ ക്രൈസ്തവ സഭകളില്‍ വൈദികരില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാര്‍തോമ ക്രിസ്ത്യാനികളുടെ പൗരാണിക പാരമ്പര്യമായ വിവാഹിത പൗരോഹിത്യത്തിലേയ്ക്ക് തിരിച്ചു പോകന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മെന്റ് നോര്‍ത്ത് അമേരിക്ക സീറോ-മലബാര്‍/സീറോ-മലങ്കര സഭകളിലെ എല്ലാ മെത്രാന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കല്‍
പ്രസിഡണ്ട്, കെസിആര്‍എം നോര്‍ത്ത് അമേരിക്ക
ജൂണ്‍ 06, 2020


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സീറോ-മലബാര്‍/സീറോ-മലങ്കര എന്നീ സഭകളിലെ മാത്രാന്മാര്‍ക്ക് കെസിആര്‍എം നോര്‍ത്ത് അമേരിക്ക സമര്‍പ്പിക്കുന്ന മെമ്മോറാണ്ടം”

  1. Sebastian Kakkanad says:

    വളരെ കാലോചിതമായ പരിഷ്‌കാരം ആണിത്. വാസ്തവത്തില്‍ പരിഷ്‌ക്കാരം അല്ലല്ലോ, പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കല്ലേ, സഭാധികാരികള്‍ യുക്തിസഹമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേണമെങ്കില്‍, വിശ്വാസികളുടെ ഇടയില്‍ ഒരു സര്‍വ്വേ നടത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top