Flash News

പാടി പാടി ജോസ് ചെറിയാനും പുത്തനാം യെരുശലേമിലേക്ക് (അനുസ്മരണം)

June 9, 2020 , കെ സി ജോണ്‍സന്‍

ഡാളസ്: അനുഗ്രഹീത മലയാള ക്രെെസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാന്‍ സാറിന്‍റെ ഇളയമകന്‍ ജോസ് ചെറിയാന്‍ (61) ഡാളസില്‍ ജൂണ്‍ 8 നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു .

ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഒരു വാര്‍ത്തയും ആയിട്ടാണ് ജൂണ്‍ ഒമ്പതിന് പ്രഭാതം പൊട്ടി വിടര്‍ന്നത്. പ്രിയപ്പെട്ട ജോസ് ചെറിയാന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന വാര്‍ത്തയുമായി ഡാളസ്സില്‍ നിന്നും ബെന്‍സനും ഫാമിലിയും എന്നെ വിളിച്ചു. അത് ഉള്‍ക്കൊള്ളുവാന്‍ ആ നിമിഷങ്ങളില്‍ കഴിഞ്ഞില്ല. പിന്നീട് അമേരിക്കയിലുള്ള പലരും ആയി ബന്ധപ്പെട്ട് വാര്‍ത്ത സ്ഥിരീകരിച്ചപ്പോഴേക്കും എന്തെന്നില്ലാത്ത ഒരു വേദനയും ദുഃഖവും ഹൃദയത്തെ ഭരിച്ചു.

ഒരുപാട് മധുരിക്കുന്ന ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് പ്രിയപ്പെട്ട ജോസ് യാത്രയായത്.1973ല്‍ ചരല്‍കുന്നില്‍ നടന്ന എസ് ബി എസ് ക്യാമ്പില്‍ വച്ചാണ് ആദ്യമായി ജോസിനെ പരിചയപ്പെടുന്നത്. തന്‍റെ പിതാവ് എം ഇ ചെറിയാന്‍ സാര്‍ മധുരയില്‍ നിന്നും വരുമ്പോള്‍ മക്കളെയും കൂട്ടി ആണ് ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നത്.

സമപ്രായക്കാര്‍ ആയിരുന്നതിനാല്‍ ജോസുമായി കൂടുതല്‍ അടുത്ത് ഇടപെട്ടു. അല്പം കുസൃതിയും തമിഴ് ഭാഷ കലര്‍ന്ന മലയാളവും എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. അന്നു തുടങ്ങിയ ബന്ധം ഇന്നലെ വരെയും തുടരുവാന്‍ കഴിഞ്ഞു.

ജോസ് തെരഞ്ഞെടുത്തതിനേക്കാള്‍ ഉപരിയായി ദൈവം തന്നെ അമേരിക്കയിലേക്ക് അയച്ചതാണ് എന്നുള്ളതിനു യാതൊരു സംശയവുമില്ല. FIBA പോലെയുള്ള വിവിധ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ ദൈവം തന്നെ ഉപയോഗിച്ചു.

അമേരിക്കന്‍ കോണ്‍ഫ്രന്‍സ്കളിലും ഇന്ത്യയിലും എം ഇ സിയുടെ ഗാനങ്ങള്‍ പാടി കേള്‍ക്കുവാനും കൂടെ പാടുവാനും നമുക്ക് അവസരമൊരുക്കിയത് ജോസിന്‍റെ ടീമാണ്.

ജോസും ടീമും അമേരിക്കന്‍ കോണ്‍ഫറന്‍സുകളില്‍ സംഗീതത്തിന്‍റെ അലയാഴികളില്‍ കൂടി ഒരു സ്വര്‍ഗ്ഗീയ അനുഭൂതി ഉളവാക്കി എന്നുള്ളതിനു സംശയമില്ല. സമാപനഗാനം ആയി പാടാറുള്ള ‘പുത്തനാം യരുശലേമില്‍ എത്തും കാലം ഓര്‍ക്കുമ്പോള്‍’എന്ന ഗാനം എത്ര ആവേശത്തോടെ കൂടിയാണ് പാടി അവസാനിപ്പിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ കൂടി ആ ഗാനങ്ങള്‍ ഇന്ന് വീണ്ടും കേട്ടപ്പോള്‍ ആ പാട്ടുകള്‍ക്ക് ജീവന്‍ ഉള്ളതുപോലെ തോന്നി. പാട്ടിന് മുഖവുര പറഞ്ഞ് വീണ്ടും വീണ്ടും ആ ഗാനം പാടാന്‍ പറയുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ എത്തുന്ന ഒരു അനുഭൂതിയാണ് നമ്മുടെ ഹൃദയങ്ങളില്‍ ഉളവാക്കിയത്.

തന്‍റെ പിതാവ് ചെറിയാന്‍ സാര്‍ എഴുതിയ ‘പുത്തനാം യെരുശലേമില്‍’ എന്ന ഗാനം കൈയടിച്ചു പാടണം എന്ന് പറഞ്ഞപ്പോള്‍ അത് എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അതൊരു സംഗീതസദസ് ആയി മാറുകയും ചെയ്തിട്ടുണ്ട്. ശോകം രോഗം യുദ്ധം.. ഇവ ഇല്ലാത്ത നാട്ടിലേക്ക്…

ഉല്ലാസഘോഷമായി… ജോസ് ഇത്രവേഗം നമ്മെ വിട്ടുപിരിഞ്ഞു പോകുമെന്ന് നാം കരുതിയിരുന്നില്ല.

എന്‍റെ യുഎസ് സന്ദര്‍ശനവേളകളില്‍ ജോസിനോടും ഞങ്ങളുടെ കുമ്പനാട്ടുകാരിയായ തന്‍റെ ഭാര്യ ജോമോള്‍, മകള്‍ Joana എന്നിവരോടൊപ്പം ചെലവഴിച്ച മണിക്കൂറുകള്‍ ഒരിക്കലും ഹൃദയത്തില്‍ നിന്നും മാഞ്ഞു പോകുന്നില്ല.

ജോസിനോടൊപ്പം രാത്രികാലങ്ങളില്‍ പാടി സമയം ചെലവഴിച്ച പലരും ഇന്ന് വിളിച്ച് നല്ല ഓര്‍മ്മകള്‍ പങ്കുവെക്കുകയുണ്ടായി.

ആരുടെയും എന്തൊരു ആവശ്യത്തിനും ഓടിച്ചെന്ന് സഹായഹസ്തം നീട്ടാന്‍ മനസ്സുള്ള ഒരു വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ജോസ്.

ആര്‍ക്കുവേണ്ടിയും എത്ര മൈലുകള്‍ വേണമെങ്കിലും വണ്ടി ഓടിച്ചു സഹായിക്കുവാന്‍ താന്‍ എപ്പോഴും മുമ്പിലായിരുന്നു.

ഈ വാര്‍ത്ത അറിഞ്ഞു ജോസിന്‍റെ സഹോദരന്മാരായ ജെയിംസ്, ജോണ്‍സ്, ടൈറ്റസ്, സഹോദരപുത്രന്മാര്‍ എന്നിവരോടൊക്കെ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെയാണ് ‘ജോസ് യാത്രയ്ക്ക് വേണ്ടി ഒരുങ്ങുകയായിരുന്നു… ചില ആഴ്ചകള്‍ക്ക് മുമ്പ് ജോസ് മുന്‍കൈയെടുത്ത് MEC ഫാമിലിയുടെ ഒരു ZOOM Get together സംഘടിപ്പിച്ചു. അന്ന് എല്ലാവരോടും സൗഹൃദം പങ്കുവെച്ചു. അതൊരു അവസാന മീറ്റിംഗ് ആകും എന്ന് ആരും കരുതിയിരുന്നില്ല.

മരിക്കുതിന് ചില മണിക്കൂറുകള്‍ മുമ്പ് വരെയും താന്‍ കര്‍മ്മനിരതന്‍ ആയിരുന്നു. ഒരു ഫാമിലി ഡയറക്ടറി പ്രസിദ്ധീകരിക്കുന്ന കാര്യത്തെക്കുറിച്ച് ടൈറ്റസിനോടും ജോണ്‍സിന്‍റെ മകന്‍ സാമിനോടും വളരെ ദീര്‍ഘമായി സംസാരിച്ചു. ഡയറക്ടറി പൂര്‍ത്തീകരിക്കുതിന് മുമ്പ് MEC പാടിയതുപോലെ ജോസ് കൂടുവിട്ട് പോയി…

ഇത്രയധികം മിഷനറിമാരെ സംഭാവന ചെയ്ത മറ്റൊരു കുടുംബം നമ്മുടെ സമൂഹത്തില്‍ ഉണ്ടോ എന്ന് സംശയിക്കുന്നു. കുമ്പനാട് N M ഹൈസ്കൂളില്‍ നിന്നും അധ്യാപകവൃത്തി രാജിവെച്ച് ആദ്യമായി കേരളത്തിനു പുറത്തേക്ക് പോയ മിഷനറി ആണ് MEC. പിന്നീട് എത്രയോ പേര്‍ ആ പാത പിന്തുടര്‍ന്നു.

MEC യുടെ ഏഴ് മക്കളും അവരുടെ കുടുംബങ്ങളും… ഏഴ് കൊച്ചുമക്കളും അവരുടെ കുടുംബങ്ങളും… ഇന്ന് പൂര്‍ണസമയ സുവിശേഷവേലയില്‍ ഉള്ളവരാണ്. അങ്ങനെ 14 കുടുംബങ്ങള്‍.. എത്രയോ അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബം. അവരെ ഓര്‍ത്തു നമുക്ക് ദൈവത്തെ സ്തുതിക്കാം. അവരുടെ നിലനില്‍പ്പിനായി പ്രാര്‍ത്ഥിക്കാം.

വ്യക്തിപരമായി പറഞ്ഞാല്‍ MEC എന്നെ ഒരു മകനെപ്പോലെ സ്നേഹിക്കുകയും ശുശ്രൂഷാ രംഗത്ത് പ്രോത്സാഹനം നല്‍കുകയും ചെയ്തിട്ടുണ്ട്. തിരക്കുകളുടെ മധ്യത്തിലും ഓടിവന്ന് ഞങ്ങളുടെ വിവാഹം നടത്തി തന്നതും MEC ആണ്. സാറിന്‍റെ കുടുംബവുമായി അത്രമാത്രം അടുത്തിടപെടുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ജോസിനോടും വളരെ ഹൃദ്യമായ ബന്ധം നിലനിര്‍ത്തുവാന്‍ ഇതുവരെയും കഴിഞ്ഞിരുന്നു.

ജോസിന്‍റെ വേര്‍പാട് നമുക്ക് വേദന ഉളവാക്കുന്നതാണ് പ്രത്യേകിച്ച് ജോമോള്‍ക്കും ജോവാനക്കും.

നമുക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യകരമായ പ്രത്യാശക്കായി ദൈവത്തിനു സ്തോത്രം.

ജോസ് ….. നമുക്കിനിയും പുത്തനാം യെരുശലേമില്‍ കണ്ടുമുട്ടാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top