Flash News

കേരളം ദുഃഖ ദുരന്തങ്ങളിലേക്കോ?

June 10, 2020 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

2018-ല്‍ ഉണ്ടായ മഹാപ്രളയത്തിന്റെ കഷ്ടനഷ്ടങ്ങളില്‍ നിന്നും കേരളം മുക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ലോകം മുഴുവന്‍ ഭയവും പരിഭ്രാന്തിയും മരണവും വിതച്ചുകൊണ്ട് കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധി പ്രതിവിധിയില്ലാത്ത വിധത്തിലുള്ള സം‌ഹാര താണ്ഡവം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ കൈക്കൊണ്ട ശുചിത്വ ആരോഗ്യ പരിപാലനങ്ങളും കരുതലുകളും കൊണ്ടും ഈ പകര്‍ച്ചവ്യാധി അപകടകരമായി പടര്‍ന്നു വ്യാപിക്കാതെ പ്രതിരോധിക്കാന്‍ ഇതുവരെയായി കേരളത്തിന് കഴിഞ്ഞിരുന്നു.

എന്നാല്‍, ദൗര്‍ഭാഗ്യമെന്നു പറയട്ടേ ജോലികള്‍ നഷ്ടപ്പെട്ടും കോറോണ ബാധിച്ചും ഗള്‍ഫു നാടുകളില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെയായി ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിലെ അവരുടെ ഭവനങ്ങളിലേക്കും സ്വന്തക്കാരുടേയും ബന്ധുക്കാരുടേയുമൊക്കെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനോടകം രണ്ടു ലക്ഷത്തോളം പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി വന്നുകഴിഞ്ഞു. മലയാളികളുടെ ഈ പാലായനം തുടരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗള്‍ഫു നാടുകളില്‍ കഴിയുന്ന അനേകം മലയാളികള്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ അവരുടെ ജോലികള്‍ നഷടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജോലി നഷ്ടപ്പെട്ടും കൊറോണ ബാധിച്ചും ആഹാരത്തിനുപോലും നിവൃത്തിയില്ലാതെ അനേകം മലയാളികള്‍ സൗദി അറേബ്യയില്‍ കഷ്ടപ്പെടുന്നതായും വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു.

25 ലക്ഷത്തിലധികം മറുനാടന്‍ (കൂടുതലും ബംഗാളികള്‍) ബീഹാര്‍, അസം തൊഴിലാളികളെക്കൊണ്ടും കേരളം നിറഞ്ഞുകഴിഞ്ഞു. വരുമാനത്തില്‍ കേരളം അവരുടെ ‘ഗള്‍ഫ്’ ആണ്. മഹാനായ മലയാളി സ്വന്തം നാട്ടില്‍ താണ ജോലിയൊന്നും ചെയ്യാത്തതാണ് അതിന് കാരണം. കേരളം വിട്ട് എവിടെ പോയാലും മലയാളി ഏത് താണ ജോലിയും ചെയ്തോളും. ഗള്‍ഫ് നാടുകളിലും അമേരിക്കയുമൊക്കെ നിരീക്ഷിച്ചാല്‍ ഈ സത്യം ആര്‍ക്കും മനസ്സിലാക്കാം. മൗഢ്യവും നിരര്‍ത്ഥകവുമായ ദുരഭിമാനവും പൊങ്ങച്ചവും ഉന്നത ഭാവവും ഗര്‍‌വ്വുമാണ് മലയാളിയെ എക്കാലവും താഴോട്ട് തള്ളിക്കൊണ്ടിരിക്കുന്നത്. സംശയം വേണ്ട. ‘വീഴ്ചയ്ക്ക് മുമ്പേ ഉന്നത ഭാവം.’

എത്ര നീചവും ക്രൂരവുമായ ദുഷ്‌പ്രവൃത്തിയും കാപട്യവും ചതിയും കൊലയും ചെയ്യാന്‍ മലയാളികള്‍ക്ക് ഇന്ന് യാതൊരു മടിയുമില്ല. കേരളത്തില്‍ ഇന്ന് ആയിരത്തിന് അഞ്ച് വെച്ചുപോലും മനഃസ്സാക്ഷിയും മനുഷ്യത്വവും സത്യവും നീതിയും ധര്‍മ്മബോധവുമുള്ള മലയാളികളെ കണ്ടെത്താന്‍ പ്രയാസമാണ്. ആരെയും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അരുംകൊലകളാണ് അനുദിനമെന്നോണം കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ജഢസുഖത്തിനു വേണ്ടി ഭാര്യയേയോ ഭര്‍ത്താവിനേയോ കുഞ്ഞുങ്ങളേയോ കൊല്ലുവാന്‍ മലയാളിക്ക് യാതൊരു മനഃസ്സാക്ഷിക്കുത്തുമില്ല.

കേരളത്തിലെ ജനങ്ങള്‍ ധാര്‍മ്മികമൂല്യങ്ങളേയും മാനവികതയേയും സകല മര്യാദകളേയും അവഗണിച്ചുകൊണ്ട് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന അധര്‍മ്മങ്ങള്‍ക്ക് ആകാശത്തോളം ഇന്ന് ഉയര്‍ന്നിരിക്കുന്നു. എത്ര ക്രൂരമായ സ്ത്രീ പീഡനങ്ങള്‍, ബലാല്‍ക്കാരങ്ങള്‍, വര്‍ഗീയ വിദ്വേഷങ്ങള്‍, അക്രമങ്ങള്‍, പൈശാചികത്വങ്ങള്‍…..!

മലയാളിയുടെ ദുഷ്ടതയ്ക്ക് ഒരിക്കലും മാറ്റങ്ങള്‍ ഉണ്ടാകുകയില്ല. 1937-ല്‍ ചങ്ങമ്പുഴ പാടിയതാണ് മലയാളിയെ സംബന്ധിച്ച സത്യം ഇന്നും:

“ഓമല്‍സ്സഹജര്‍ തന്നസ്ഥികൂടങ്ങളാല്‍
പൂമണിമേടകള്‍ തീര്‍ത്തു സുഖിച്ചു നാം!
ഒന്നിനൊന്നായ് സമസൃഷ്ടികളെത്തന്നെ
കൊന്നു തിന്നും വെറും കാട്ടുമൃഗങ്ങള്‍ നാം !

ക്ഷമിക്കാവുന്നതിനും സഹിക്കാവുന്നതിനും അപ്പുറമായി ഭൂമിയില്‍ അധര്‍മ്മം പെരുകിയപ്പോള്‍ പണ്ട് സോദോം ഗോമോറ നിവാസികളുടെ മേല്‍ ദൈവം ആകാശത്തുനിന്ന് അഗ്നിയും ഗന്ധകവും വര്‍ഷിപ്പിച്ചതുപോലെയുള്ള ദൈവത്തിന്റെ ഒരു ക്രോധ ശിക്ഷാവിധി മഹാദുരന്തമായി കേരളീയരുടെ മേല്‍ അടുത്തുണ്ടായാല്‍ അതില്‍ ആരും ഞെട്ടേണ്ടതില്ല. അതിന്റെ സാധ്യത ആര്‍ക്കും തള്ളിക്കളയാവുന്നതല്ല താനും. അങ്ങനെയുള്ള ദുരന്തങ്ങള്‍ കേരളത്തിന് ഉണ്ടാകാതിരിക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം…


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top