Flash News

കോവിഡ്-19: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ചു, ലോക്ക്ഡൗണ്‍ ഇളവുകള്‍ തിരിച്ചടിക്കുന്നു

June 11, 2020

കോവിഡ്-19നെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ലോക്ക്ഡൗണുകളില്‍ ഇളവു നല്‍കിയതോടെ ഈ വൈറസിന്റെ രണ്ടാം തരംഗം ഉടനെ ഉണ്ടാകുമെന്ന് സൂചന. കൊവിഡ്-19നെ ചെറുക്കാനായി ലോകരാജ്യങ്ങളെല്ലാം ലോക്ക്ഡൗണിലായിരുന്ന മാസങ്ങളില്‍ രോഗവ്യാപനം നന്നേ കുറവായിരുന്നു. രണ്ട് മാസം മുമ്പ് 10 ലക്ഷം രോഗികള്‍ മാത്രം ഉണ്ടായിരുന്നത്. എന്നാല്‍ ജൂണ്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോഴേയ്ക്കും ആകെ 73 ലക്ഷം പേര്‍ രോഗബാധിതരാവുകയും നാല് ലക്ഷത്തോളം പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. കൊവിഡ് രോഗവ്യാപനം ഇത്രയും രൂക്ഷമായിരിക്കുന്ന സ്ഥിതിയിലാണ് ലോക്ക്ഡൗണില്‍ ഇളവുകള്‍ കൊടുക്കുന്നത്.

രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ താറുമാറാകാന്‍ തുടങ്ങിയപ്പോഴാണ് ലോക്ക്ഡൗണില്‍ ഇനി ഇളവുകള്‍ ആകാമെന്ന് ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി പറഞ്ഞത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഒരു രാജ്യവും മുന്നോട്ടുപോകേണ്ട സമയമല്ല ഇതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകത്താകമാനം എത്രയോ മനുഷ്യരില്‍ വൈറസ് പ്രവേശിച്ചിട്ടുണ്ടാകും. പലരും രോഗലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ലാത്തത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. കൊവിഡ് രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ മരുന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പരസ്പരം അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി.

എന്നാല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ ഈ പ്രതിരോധ സംവിധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. മനുഷ്യര്‍ പുറത്തിറങ്ങി സഞ്ചരിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ ആളുകളിലേക്ക് കൊറോണ വൈറസുകളും സഞ്ചരിച്ചുതുടങ്ങി. ഇപ്പോള്‍ ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കൊവിഡ് മഹാമാരി കുറേക്കാലം കൂടി നമ്മളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ വീണ്ടും അടച്ചിടല്‍ അനിവാര്യമാണെന്ന് തന്നെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. ആദ്യഘട്ട നിയന്ത്രണങ്ങളേക്കാള്‍ കടുപ്പമേറിയ നടപടികളും അപ്പോള്‍ വേണ്ടി വരും. അല്ലെങ്കില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനായിരിക്കും ഇനി ലോകം സാക്ഷിയാകേണ്ടി വരിക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top